നടന്നാൽ വയർ കുറയുമോ? Effective walking technic for weight loss
നടക്കേണ്ടതു പോലെ നടന്നാലേ വയർ കുറയൂ

നടന്നാൽ വയർ കുറയുമോ?

നടക്കേണ്ടതു പോലെ നടന്നാലേ വയർ കുറയൂ. ഇതിനൊപ്പം ആരോഗ്യകരമായ ഭക്ഷണക്രമം കൂടി ഉറപ്പാക്കണം.

വയർ കുറയ്ക്കാൻ നടത്തം ശീലമാക്കിയ പലരും ഫലമില്ലെന്നു പരാതി പറയാറുണ്ട്. എന്നാൽ, നടക്കേണ്ടതു പോലെ നടന്നാലേ വയർ കുറയൂ എന്നതാണ് വസ്തുത. ഇതിനൊപ്പം ആരോഗ്യകരമായ ഭക്ഷണക്രമം കൂടി ഉറപ്പാക്കുകയും വേണം.

1. എങ്ങനെ നടക്കണം?

അലസമായി ഉലാത്തുന്നതൊന്നും വയർ കുറയ്ക്കാനുള്ള നടത്തത്തിന്‍റെ ഭാഗമായി കാണാൻ കഴിയില്ല. വേഗം നടക്കുക എന്നത് പ്രധാനമാണ്. പരമാവധി വേഗത്തിൽ നടക്കുക, അപ്പോൾ കലോറിയും ആനുപാതികമായി കുറയും. മുന്നോട്ടു മാത്രമല്ല, പിന്നോട്ടും നടക്കാം. പിന്നോട്ടു നടക്കുമ്പോൾ വേഗം കുറഞ്ഞാലും പ്രശ്നമല്ല. കാരണം, ശരീരത്തിന്‍റെ സന്തുലനം നിലനിർത്താൻ കൂടുതൽ ഊർജം ചെലവാകും. കാൽമുട്ട് വേദനയുള്ളവർക്കും ഇതു നല്ലതാണ്. കാരണം, പിന്നോട്ടു നടക്കുമ്പോൾ മുട്ടിൽ അനുഭവപ്പെടുന്ന സമ്മർദം താരതമ്യേന കുറവായിരിക്കും.

2. എത്ര നേരം നടക്കണം?

വയർ കുറയ്ക്കാൻ ഒരുപാട് സമയമൊന്നും നടക്കണമെന്നില്ല, അര മണിക്കൂർ മുതൽ മുക്കാൽ മണിക്കൂർ വരെ മതിയാകും. കുറഞ്ഞ സമയം, കൂടുതൽ ദൂരം, അതാണ് ഉത്തമം. നടത്തത്തിനു വേഗം കൂട്ടി, അത് ഓട്ടമാക്കി മാറ്റാൻ സാധിക്കുമെങ്കിൽ കൂടുതൽ ഫലപ്രദമായിരിക്കും. അത്രയ്ക്ക് ആരോഗ്യക്ഷമതയില്ലെങ്കിൽ, നടത്തവും ഓട്ടവും ഇടകലർത്തി വേഗം കൂട്ടുന്നതും പരിഗണിക്കാവുന്നതാണ്.

3. നടക്കാനും ടൂൾസ്

ജോഗേഴ്സും ജോഗിങ് ഷൂസും വോക്കിങ് ഷൂസുമൊക്കെ ഇന്നു വലിയ വില കൊടുക്കാതെ സുലഭമാണ്. എന്നാൽ, അതിനെക്കാളൊക്കെ പ്രധാനപ്പെട്ട ചില ടൂൾസ് ഉണ്ട് ഫലപ്രദമായ നടത്തത്തിന്. ബാക്ക്പാക്ക് പോലെ ചുമലിൽ തൂക്കാവുന്ന ഭാരമുള്ള വസ്തുക്കൾ നടത്തത്തിന്‍റെ ഫലപ്രാപ്തി വർധിപ്പിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ, തോളിൽ അമിത സമ്മർദം വരാതെ ശ്രദ്ധിക്കണം. നടത്തത്തിൽ ഉപയോഗിക്കാവുന്ന മറ്റൊരു പ്രധാനപ്പെട്ട ടൂളാണ് വടി. ഒരു കൈയിലോ രണ്ടു കൈയിലോ വടി ഉപയോഗിക്കാം. ഇങ്ങനെ ചെയ്താൽ കലോറി കൂടുതൽ ബേൺ ചെയ്തു പോകും. കാരണം, വടി കുത്തിയുള്ള നടത്തം കാലിലെ സമ്മർദം ശരീരത്തിന്‍റെ ഇതര ഭാഗങ്ങളിലേക്കു കൂടി വീതിച്ചു നൽകാൻ സഹായിക്കും.

Trending

No stories found.

Latest News

No stories found.