Know and prevent stroke അറിഞ്ഞിരിക്കാം, പ്രതിരോധിക്കാം സ്‌ട്രോക്കിനെ
അറിഞ്ഞിരിക്കാം, പ്രതിരോധിക്കാം സ്‌ട്രോക്കിനെ

അറിഞ്ഞിരിക്കാം, പ്രതിരോധിക്കാം സ്‌ട്രോക്കിനെ

അടിയന്തര വൈദ്യസഹായം വേഗത്തിൽ ലഭിക്കുന്നത് സ്ട്രോക്കിന്‍റെ ആഘാതവും മറ്റ് സങ്കീർണതകളും കുറയ്ക്കാൻ സഹായിക്കും

തലച്ചോറിലേക്കുള്ള രക്ത വിതരണം തടസപ്പെടുമ്പോൾ സംഭവിക്കുന്ന ഒരു മെഡിക്കൽ എമർജൻസിയാണ് സ്ട്രോക്ക് അല്ലെങ്കിൽ പക്ഷാഘാതം. സ്ട്രോക്ക് ഒരു മെഡിക്കൽ എമർജൻസി ആയതിനാൽ തന്നെ അടിയന്തര വൈദ്യസഹായം വേഗത്തിൽ ലഭിക്കുന്നത് മസ്തിഷ്ക ക്ഷതവും മറ്റ് സങ്കീർണതകളും കുറയ്ക്കാനും സഹായിക്കും.

1. സ്ട്രോക്ക് മൂന്നു തരം

പ്രധാനമായും മൂന്ന് തരത്തിലാണ് സ്ട്രോക്കിനെ തരം തിരിക്കാറുള്ളത്.

1. ബ്ലോക്കേജ് (ഇസ്‌കെമിക് സ്‌ട്രോക്ക്): മസ്തിഷ്കത്തിന്‍റെ ഒരു ഭാഗത്തേക്കുള്ള രക്ത വിതരണം തടസപ്പെടുകയോ കുറയുകയോ ചെയ്യുമ്പോൾ സംഭവിക്കുന്നതാണ് ഇസ്കെമിക് സ്ട്രോക്ക്. ഇത് മസ്തിഷ്ക കോശങ്ങൾക്ക് ഓക്സിജനും പോഷകങ്ങളും ലഭിക്കുന്നത് തടയുകയും മസ്തിഷ്ക കോശങ്ങൾ മിനിറ്റുകൾക്കുള്ളിൽ നശിക്കാനും കാരണമാകുന്നു.

2. രക്തസ്രാവം (ഹെമറാജിക് സ്ട്രോക്ക്): മസ്തിഷ്കത്തിലെ രക്തക്കുഴലുകളിൽ നേർത്ത ചോർച്ചയോ പൊട്ടിലോ മൂലം തലച്ചോറിൽ രക്തസ്രാവം ഉണ്ടാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. രക്തം മസ്തിഷ്ക കോശങ്ങളിലെ സമ്മർദ്ദം വർദ്ധിപ്പിക്കുകയും അവയെ നശിപ്പിക്കുകയും ചെയ്യുന്നു.

3. ക്ഷണികമായ ഇസ്കെമിക് അറ്റാക്ക് (TIA അല്ലെങ്കിൽ "മിനി-സ്ട്രോക്ക്"): 24 മണിക്കൂറിനുള്ളിൽ സ്വാഭാവികമായി പരിഹരിക്കപ്പെടുന്ന താത്കാലിക തടസമാണിത്.

2. സ്ട്രോക്കിന് കാരണമാവുന്ന ഘടകങ്ങൾ

  1. ഉയർന്ന രക്തസമ്മർദം

  2. ഉയർന്ന കൊളസ്ട്രോൾ

  3. പ്രമേഹം

  4. പുകവലി

  5. പൊണ്ണത്തടി

  6. ശാരീരിക നിഷ്ക്രിയത്വം

  7. ജീവിത ശൈലി

3. സ്‌ട്രോക്കിന്‍റെ പ്രധാന ലക്ഷണങ്ങൾ

  1. മുഖത്തോ കൈയിലോ കാലിലോ പെട്ടെന്നുള്ള ബലഹീനത അല്ലെങ്കിൽ മരവിപ്പ്

  2. പെട്ടെന്നുള്ള ആശയക്കുഴപ്പം

  3. സംസാരിക്കുന്നതിനോ സംസാരം മനസിലാക്കുന്നതിനോ ബുദ്ധിമുട്ട്

  4. കാണാനുള്ള ബുദ്ധിമുട്ട്

  5. പെട്ടെന്നുള്ള കഠിനമായ തലവേദന

  6. തലകറക്കം

  7. ബാലൻസ് നഷ്ടപ്പെടൽ

ഈ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ അടിയന്തര മെഡിക്കൽ സഹായം ലഭ്യമാക്കണം. ഓർക്കുക, നേരത്തെയുള്ള തിരിച്ചറിയലും ചികിത്സയും സ്ട്രോക്ക് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിലും ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിലും നിർണായകമാണ്. ഇതിനു വേണ്ടി സ്ട്രോക്കിന്‍റെ കോഡ് നമുക്ക് ഓർത്തുവയ്ക്കാം.

ആക്ട് F.A.S.T.

  1. (F - Face) വ്യക്തിയോട് പുഞ്ചിരിക്കാൻ ആവശ്യപ്പെടുക. അവരുടെ മുഖത്തിന്‍റെ ഒരു വശങ്ങളിലുണ്ടാവുന്ന മാറ്റം ശ്രദ്ധിക്കുക

  2. (A -Arms) രണ്ട് കൈകളും ഉയർത്താൻ വ്യക്തിയോട് ആവശ്യപ്പെടുക. ബാലൻസ് നഷ്ടപ്പെട്ട് കൈ താഴേക്ക് നീങ്ങുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.

  3. (S - Speech) ലളിതമായ വാചകം ആവർത്തിക്കാൻ വ്യക്തിയോട് ആവശ്യപ്പെടുക. അവരുടെ സംസാരം മങ്ങിയതാണോ അതോ മനസിലാക്കാൻ പ്രയാസമാണോ എന്ന് അറിയാൻ വേണ്ടിയാണിത്.

  4. (T - Time) മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞാൽ പിന്നെ സമയമാണ് പ്രധാനം. അടിയന്തര മെഡിക്കൽ സേവനങ്ങൾ ഉടൻ ലഭ്യമാക്കണം.

4. ചികിത്സ

എമർജൻസി മെഡിക്കൽ സർവീസുകളെ (EMS) ഉടൻ ബന്ധപ്പെടുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനു വേണ്ടി രോഗ ലക്ഷണം കണ്ടാൽ ഏറ്റവും ചുരുങ്ങിയത് സിടി സ്കാൻ സൗകര്യമെങ്കിലുംമുള്ള ആശുപത്രികളിൽ രോഗിയെ എത്രയും പെട്ടെന്ന് എത്തിക്കുകയാണ് വേണ്ടത്. മരുന്ന്, ശസ്ത്രക്രിയ അല്ലെങ്കിൽ എൻഡോവാസ്കുലർ നടപടിക്രമങ്ങൾ ഉൾപ്പെടെയുള്ള പരിചരണങ്ങളും ശാരീരികവും തൊഴിൽപരവും സ്പീച്ച് തെറാപ്പിയും ഉൾപ്പെടെയുള്ള പുനരധിവാസവും ചികിത്സയിൽ ഉൾപ്പെടുന്നു.

5. പ്രതിരോധ മാർഗങ്ങൾ

  1. രക്തസമ്മർദം, പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയ വിട്ടുമാറാത്ത അവസ്ഥകൾ നിയന്ത്രിക്കുക

  2. പതിവായി വ്യായാമം ചെയ്യുക

  3. ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തുക

  4. പുകവലി ഒഴിവാക്കുക

  5. മദ്യപാനം ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുക

  • തയാറാക്കിയത്

ഡോ. അബ്ദുറഹിമാൻ കെ.പി.

ന്യൂറോളജി വിഭാഗം മേധാവി & സീനിയർ കൺസൾട്ടന്‍റ്

ആസ്റ്റർ മിംസ് ഹോസ്പിറ്റൽ

കോഴിക്കോട്

Trending

No stories found.

Latest News

No stories found.