അറിയുമോ ആവാരം പൂവിനെ?

തമിഴ്, കന്നഡ ജനതയുടെ ജീവിതത്തിലെ ഒഴിച്ചു കൂടാനാകാത്ത ഘടകമാണ് ആവാരം ചെടിയും അതിന്‍റെ സമസ്തവും.
avaram flower
ആവാരം പൂക്കൾ
Updated on

റീന വർഗീസ് കണ്ണിമല

തമിഴ്നാട്ടിലൂടെ യാത്ര ചെയ്തിട്ടുണ്ടോ നിങ്ങൾ? അല്ലെങ്കിൽ കർണാടകത്തിലൂടെ? എങ്കിൽ നിങ്ങളെ അവൾ നിറചിരിയുമായി സ്വീകരിച്ചിട്ടുണ്ടാവും...ആവാരം പൂവ്. മല‍യാളികൾക്ക് അത്ര പരിചിതമല്ലാത്ത തകര വർഗത്തിൽ പെട്ട മഞ്ഞ സുന്ദരി. തമിഴ്,കന്നഡ ജനതയുടെ ജീവിതത്തിലെ ഒഴിച്ചു കൂടാനാകാത്ത ഘടകമാണ് ആവാരം ചെടിയും അതിന്‍റെ സമസ്തവും. വേരും ഇലയും പൂവും കായും തണ്ടുമെല്ലാം ഔഷധ ഗുണം നിറഞ്ഞതാണ്. മഞ്ഞ നിറത്തിൽ കണിക്കൊന്ന പൂവിനോടു സാദൃശ്യമുള്ളതാണ് ഇതിന്‍റെ പൂക്കൾ.

രോഗനിവാരിണി

പ്രമേഹ രോഗത്തിന്‍റെ അന്തകയാണ് ഈ പൂവ്. ആവാരം പൂവ് ഉണങ്ങിയത് ഇട്ട് വെള്ളം തിളപ്പിച്ചു കുടിക്കുകയേ വേണ്ടൂ. പ്രമേഹം നിയന്ത്രണത്തിലാകും. സിദ്ധവൈദ്യത്തിൽ കൈകണ്ട ഔഷധമാണ് ആവാരം പൂവ്. ഏതു തരിശു പ്രദേശത്തും നിറഞ്ഞു കുലച്ച് മഞ്ഞവസന്തം വിരിയിച്ച് അവളങ്ങനെ നിൽക്കും.

രക്ത സമ്മർദ്ദത്തിനും അനീമിയയ്ക്കും മൂത്രാശയ രോഗങ്ങൾക്കും ആവാരം പഞ്ചാംഗം പശുവിൻ വെണ്ണയിൽ കഴിക്കുന്നത് ഫലം ചെയ്യും. രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ഇത് ഉപകരിക്കുന്നു. സ്ത്രീകളുടെ ആർത്തവ തടസങ്ങൾക്ക് ഫലപ്രദമായ പ്രതിരോധ മാർഗമാണിത്.

ആവാരം പൂവ് കാപ്പി

അങ്ങനെയുമുണ്ട് ഒരു കാപ്പി...ആവാരം പൂവ് കാപ്പി! ഉണങ്ങിയ ആവാരം പൂവും കരിപ്പെട്ടിയും കുരുമുളകും ചേർത്ത് തിളപ്പിച്ചെടുത്താൽ ആവാരം പൂവ് കാപ്പിയായി. രക്തസമ്മർദ്ദം, പ്രമേഹം, മറ്റു ജീവിത ശൈലീ രോഗങ്ങൾ എന്നിവ ഉള്ളവർക്ക് രോഗനിയന്ത്രണത്തിന് ഇത്രയും അനുയോജ്യമായ ഒരു മാർഗം വേറെയില്ല.

സൗന്ദര്യ വർധകം

സുന്ദരിയായ ആവാരം പൂവ് സ്ത്രീ സൗന്ദര്യ വർധനവിനും അത്യുത്തമം. ഉണങ്ങിപ്പൊടിച്ച ആവാരം പൂവ് തേൻ ചേർത്ത് കഴിക്കുന്നത് ശരീരത്തിന് നിറം വയ്ക്കാനും രക്ത ശുദ്ധിയ്ക്കും ദീർഘ യൗവനത്തിനും ഉപകരിക്കുന്നു. കുഞ്ഞുങ്ങളെ കുളിപ്പിക്കാനുള്ള സ്നാന ചൂർണത്തിൽ ആവാരം പൂ പ്രധാന ചേരുവയാണ്. ത്വക് രോഗങ്ങൾ, അലർജി എന്നിവയ്ക്കും മുഖത്ത് നിറം വർധിപ്പിക്കുന്നതിനുള്ള ഫേഷ്യൽ പാക് ആയും ഈ പൂവിന്‍റെ പൊടി ഉപയോഗിക്കാം.

Trending

No stories found.

Latest News

No stories found.