ആറളം : ആറളം വനമേഖലയിൽ മങ്കി മലേറിയയെ തുടർന്ന് നാലു കുരങ്ങുകൾ ചത്തതായി റിപ്പോർട്ട്. മങ്കി മലേറിയ രോഗം ബാധിച്ച് കുരങ്ങൻമാരുടെ മരണം റിപ്പോർട്ട് ചെയ്ത ആറളം വന്യജീവി സങ്കേതത്തിൽ ജില്ലാ മെഡിക്കൽ ഓഫീസ് സംഘം പരിശോധന നടത്തി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡി എം ഒ ഡോ. പീയുഷ് എം നമ്പൂതിരിപ്പാട് അറിയിച്ചു. ആറളം വന്യജീവി സാങ്കേതത്തിന്‍റെ ഭരണകാര്യ കെട്ടിടത്തിന് സമീപം കഴിഞ്ഞയാഴ്ചയാണ് നാല് കുരങ്ങന്മാരുടെ ജഡം കാണപ്പെട്ടത്. വയനാട് കുപ്പാടിയിലെ വനം വകുപ്പിന്‍റെ ലാബിൽ നടന്ന പരിശോധനയിലാണ് മങ്കി മലേറിയ സ്ഥിരീകരിച്ചത്.
ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. കെ സി സച്ചിന്‍റെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നുള്ള സംഘമാണ് ആറളത്ത് പരിശോധന നടത്തിയത്. ആറളം റേഞ്ച് ഫോറസ്റ്റ് ഓഫീസറും വൈൽഡ് ലൈഫ് അസിസ്റ്റന്‍റ് വാർഡനുമായ രമ്യ രാഘവനിൽനിന്ന് സംഘം വിവരം ശേഖരിച്ചു. തുടർന്ന് ചീങ്കണ്ണി പുഴയുടെ തീരങ്ങളിലും ജീവനക്കാരുടെ താമസ സ്ഥലങ്ങളിലെ വെള്ളക്കെട്ടുകളിലും കൊതുകുകളുടെ ലാർവയെ കണ്ടെത്തുന്നതിനുള്ള പരിശോധന നടത്തി.
മങ്കി മലേറിയ മനുഷ്യരിലേക്ക് പകരുന്നതിനുള്ള സാധ്യത വളരെ കുറവാണെന്ന് സംഘം അറിയിച്ചു. കൊതുക് വഴിയാണ് മങ്കി മലേറിയയും പകരുന്നത്. നിലവിൽ സ്ഥലത്തു ജോലി ചെയ്യുന്ന ആർക്കും തന്നെ പനിയോ മറ്റു ലക്ഷണങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ആറളം വന്യജീവി സങ്കേതത്തിന് സമീപം താമസിക്കുന്നവരിൽ പനി റിപ്പോർട്ട് ചെയ്യുന്നവർക്ക് മലേറിയ പരിശോധന നടത്താൻ തീരുമാനിച്ചു.രോഗ സ്ഥിരീകരണം നടത്തുന്നതിന് വനം വകുപ്പ് സ്വീകരിച്ച ക്രിയാത്മക ഇടപെടലിനെ ഡിഎംഒ അഭിനന്ദിച്ചു. മങ്കി മലേറിയ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട ഉടൻ തന്നെ ഡി എഫ് ഒ യുടെ നേതൃത്വത്തിൽ വനം വകുപ്പ് ജീവനക്കാർക്ക് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചിരുന്നതായി അസിസ്റ്റന്‍റ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു.
ആരോഗ്യ വകുപ്പിന്‍റെ നിർദേശങ്ങൾ:
രാത്രി കാലത്ത് പട്രോളിങ്ങിനായി വനത്തിലേക്ക് പോകുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ കൊതുക് കടി കൊള്ളാത്തവിധത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചു കൊണ്ടും ആവശ്യമായ മറ്റു മുൻകരുതൽ എടുത്തു കൊണ്ടും പോകേണ്ടതാണ്.
ആറളം വന്യജീവി സങ്കേതത്തിലെ ജീവനക്കാർക്കും പരിസര പ്രദേശത്തെ ജനങ്ങൾക്കും മങ്കി മലേറിയ സംബന്ധിച്ച ബോധവത്കരണ പരിപാടി നടത്താൻ തീരുമാനിച്ചു.
വനത്തിലും വന്യജീവികളുടെ ആവാസ വ്യവസ്ഥയിലേക്കും മനുഷ്യർ കടന്നുചെല്ലുന്ന സാഹചര്യവും വന്യജീവികളുമായുള്ള സമ്പർക്കവും ഒഴിവാക്കേണ്ടതാണ്.
വീടും പരിസരവും ശുചിത്വപൂർണമായി നിലനിർത്തുകയും കൊതുക് വളരാൻ സാഹചര്യം ഒരുക്കുന്ന ചെറിയ വെള്ളക്കെട്ടുകൾ പോലും ഒഴിവാക്കുകയും ഉറവിട നശീകരണം ശീലമാക്കുകയും ചെയ്യേണ്ടതാണ്.
വെക്റ്റർ ബോൺ ഡിസീസ് ടീമിന്‍റെ നേതൃത്വത്തിൽ മലേറിയ പരത്തുന്ന കൊതുകിന്‍റെ സാനിധ്യം കണ്ടെത്തുന്നതിനുള്ള പരിശോധന നടപടികൾ തുടരും.
സംഘത്തിൽ കീഴ്പ്പള്ളി ബ്ലോക്ക് മെഡിക്കൽ ഓഫീസർ പ്രിയ സദാനന്ദൻ, ജില്ലാ വെക്റ്റർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ ഡോ. ഷിനി കെ കെ, ബയോളജിസ്റ്റ് രമേശൻ സിപി, ടെക്‌നിക്കൽ അസിസ്റ്റന്‍റ് അബ്ദുൽ ജലീൽ, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ ടി സുധീഷ്, കീഴ്പ്പള്ളി ബ്ലോക്ക് ഹെൽത്ത് ഇൻസ്പെക്റ്റർ സോമസുന്ദരം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്റ്റർ കണ്ണൻ എന്നിവരും ഉണ്ടായിരുന്നു.