ഓറിയോ എന്ന അപകടകാരി

ഓറിയോ ബിസ്കറ്റ് മയക്കു മരുന്നിനെക്കാൾ അപകടകാരിയെന്നു പഠനം
Joseph Schroeder, associate professor of psychology and director of the behavioral neuroscience program, and Lauren Cameron ’14. (Connecticut College Web site)
ഓറിയോ എന്ന അപകടകാരി
Updated on

ഓറിയോ ബിസ്കറ്റുകൾ ഇഷ്ടമല്ലാത്ത കുട്ടികളുണ്ടോ? പോട്ടെ, മുതിർന്നവർക്കു പോലും ഏറെ പ്രിയങ്കരമാണ് ഓറിയോ ബിസ്കറ്റ്. ഓറിയോ ബിസ്കറ്റ് കൊണ്ടുള്ള പ്രത്യേക ഈസി കേക്കുകളും കുക്കീസും ഉണ്ടാക്കുന്ന പാചകക്കുറിപ്പുകൾ വരെ പ്രചുര പ്രചാരം നേടിയിരിക്കുന്നു ഇന്ന്.

എന്നാൽ, ഒരു കാരണവശാലും വാങ്ങാനോ കഴിക്കാനോ പാടില്ലാത്ത ഒന്നാണ് ഓറിയോ ബിസ്കറ്റ് എന്ന് എത്ര പേർക്കറിയാം? മോർഫിനും കൊക്കെയ്നുമൊക്കെ അമിതമായി ഉപയോഗിച്ച് ആനന്ദലഹരിയിൽ ആറാടി നടക്കുന്ന യുവത്വത്തെ കുറിച്ചു നമ്മൾ എത്ര മാത്രം ആകുലരാകുന്നോ അത്ര തന്നെ ആകുലത വേണം ഓറിയോ അഡിക്ഷൻ ഉള്ള കുട്ടികളിലും കുടുംബാംഗങ്ങളിലും. ഇതു പറയുന്നത് കണക്റ്റിക്കട്ട് കോളെജ് പ്രൊഫസർ ജോസഫ് ഷ്രോഡർ ആണ്.

ഷ്രോഡറുടെ നേതൃത്വത്തിൽ നടത്തിയ ഗവേഷണ പഠനത്തിലാണ് ഓറിയോ ബിസ്കറ്റിലെ ക്രീമിന് കൊക്കെയ്നെയും മോർഫിനെയും കാൾ കൂടുതൽ ആസക്തിയുണ്ടാക്കാൻ ശേഷിയുണ്ടെന്നു കണ്ടെത്തിയത്. ഇതിനായി എലികളിലാണ് അവർ പരീക്ഷണം നടത്തിയത്. ഒരു വശത്ത് ഓറിയോ ബിസ്കറ്റ് നൽകിയ എലികൾ, മറു വശത്ത് പ്ലെയ്ൻ റൈസ് കേക്ക് നൽകിയ എലികൾ. ഓറിയോ കഴിച്ച എലികൾ അതു വീണ്ടും വീണ്ടും കഴിക്കാൻ ഉത്സാഹിച്ചു കൊണ്ടിരുന്നു. റൈസ് കേക്ക് കഴിച്ച എലികളാകട്ടെ വയറു നിറയുമ്പോൾ മാറിപ്പോയി. ഓറിയോ കഴിച്ച് വളർന്ന ഈ എലികളെ, അവയ്ക്കു നൽകിയ ഓറിയോകളെക്കാൾ കൂടുതൽ മോർഫിനും കൊക്കെയ്നും നൽകിയ എലികളുമായി താരതമ്യം ചെയ്തു.

ഓറിയോ ബിസ്കറ്റ് കഴിച്ച എലികളുടെ തലച്ചോറിൽ സി-ഫോസ് എന്ന പ്രോട്ടീൻ തലച്ചോറിലെ ന്യൂക്ലിയസ് അക്യുമ്പെൻസ് എന്ന ഭാഗത്ത് വർധിച്ചതായിട്ടുള്ള ന്യൂറോളജിക്കൽ ഫലങ്ങൾ അവർക്കു ലഭിച്ചു. ആനന്ദത്തെയും ആസക്തികളെയും ഉദ്ദീപിപ്പിക്കുന്ന പ്രോട്ടീനാണ് സി-ഫോസ്. തലച്ചോറിലെ ന്യൂക്ലിയസ് അക്യുമ്പെൻസ് എന്ന ഭാഗമാണ് ആനന്ദത്തിനും ആസക്തികൾക്കും കാരണമാകുന്ന പ്രോട്ടീനുകളെ കൂടുതൽ ഉത്പാദിപ്പിക്കുന്നത്.

ഓറിയോയിലെ ക്രീമിൽ അടങ്ങിയ പഞ്ചസാരയുടെയും കൊഴുപ്പിന്‍റെയും അനാരോഗ്യകരമായ സംയോജനം മൂലം ഓറിയോ മയക്കുമരുന്നിനെക്കാൾ കൂടുതലായി തലച്ചോറിനെ സ്വാധീനിക്കുന്നു. തെറ്റായ ഈ ഭക്ഷണ ശീലം മയക്കുമരുന്ന് ഉപയോഗശീലം പോലെ അപകടകരമാണ് എന്ന് ഷ്രോഡർ പറയുന്നു. തനിക്കു ദോഷകരമാണ് എന്നറിയാമെങ്കിലും ചെറുക്കാൻ കഴിയാത്തതിനു കാരണം മയക്കുമരുന്നിനോടുള്ള അടിമത്തം ആണ് എന്നതു പോലെയാണ് ഓറിയോ ബിസ്കറ്റിനോടുള്ളതും ഷ്രോഡർ.

കൊക്കെയ്ൻ, മോർഫിൻ തുടങ്ങിയ മരുന്നുകൾ കഴിക്കുന്നത് ആരോഗ്യത്തിന് കാര്യമായ അപകടങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിലും, ഉയർന്ന കൊഴുപ്പ്/പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങൾ അവയുടെ പ്രവേശനക്ഷമതയും താങ്ങാനാവുന്ന വിലയും കാരണം കൊക്കെയ്ൻ, മോർഫിൻ എന്നിവയെക്കാൾ കൂടുതൽ അപകടമുണ്ടാക്കുമെന്നു നിരീക്ഷിച്ചത് ആ ഗവേഷക സംഘത്തിലെ മറ്റൊരു അംഗമായ ജാമി ഹോനോഹൻ ആണ്.

അമെരിക്കയുടെ പ്രിയപ്പെട്ട കുക്കിയായതിനാലും ഉയർന്ന അളവിലുള്ള കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഉൽപ്പന്നങ്ങൾ താഴ്ന്ന സാമൂഹിക സാമ്പത്തിക നിലയുള്ള സമൂഹങ്ങളിൽ വൻതോതിൽ വിപണനം ചെയ്യുന്നതിനാലുമാണ് തങ്ങൾ ഓറിയോ കുക്കി ഈ പരീക്ഷണത്തിനു തെരഞ്ഞെടുത്തത് എന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്.

ഫുഡ് ആൻഡ് സേഫ്റ്റി അതോറിറ്റി വളരെ ശക്തമായ ഇടപെടൽ നടത്തുന്ന അമെരിക്കയുടെ സ്വന്തം ഓറിയോയിലാണ് ഈ ഞെട്ടിക്കുന്ന ഗവേഷണ ഫലങ്ങൾ പുറത്തു വന്നത്. അങ്ങനെയെങ്കിൽ യാതൊരു അന്വേഷണവും നടത്താത്ത, ആവശ്യത്തിനു ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ പോലുമില്ലാത്ത ഇന്ത്യയിലെ ഓറിയോ ബിസ്കറ്റിന്‍റെ മാത്രമല്ല, ലാഭകരമായി കിട്ടുന്ന ക്രീം കേക്കുകളിലും ബിസ്കറ്റുകളിലും മറ്റും എത്രയധികം അപകടങ്ങൾ പതിയിരിക്കുന്നുണ്ടാവും...!!!

Trending

No stories found.

Latest News

No stories found.