മുത്തല്ലേ മത്തങ്ങ!

വൈറ്റമിൻ എ സമ്പുഷ്ടമാണ് മത്തങ്ങയിൽ
മുത്തല്ലേ മത്തങ്ങ! Health benefits of pumpkin
മുത്തല്ലേ മത്തങ്ങ!
Updated on

റീന വർഗീസ് കണ്ണിമല

നമ്മുടെ നാട്ടിൻ പുറങ്ങളിൽ ധാരാളമായി കണ്ടു വരുന്നതാണ് മത്തങ്ങ. മുറ്റത്തെ മുല്ലയ്ക്കു മണമില്ല എന്നു പറഞ്ഞ പോലെ മത്തങ്ങയോടു മലയാളിക്കുമില്ല വലിയ പ്രതിപത്തിയൊന്നും. എന്നാൽ മത്തങ്ങയുടെ അത്ഭുത ഗുണങ്ങൾ തിരിച്ചറിഞ്ഞവരാണ് കൊറിയൻ, ചൈനീസ് ജനതയൊക്കെ. അവരുടെ ചർമ സൗന്ദര്യത്തിന്‍റെയും നേത്രാരോഗ്യത്തിന്‍റെയും എൺപതു ശതമാനം ക്രെഡിറ്റും മത്തങ്ങയ്ക്കു മാത്രം അവകാശപ്പെട്ടതാണ്. അതെങ്ങനെയെന്നു നമുക്കൊന്നു നോക്കാം.

വൈറ്റമിൻ എ സമ്പുഷ്ടമാണ് മത്തങ്ങയിൽ. ആന്‍റി ഓക്സിഡന്‍റായ ബീറ്റാ കരോട്ടിനിൽ നിന്നാണ് മത്തങ്ങയ്ക്ക് ഓറഞ്ച് നിറം ലഭിക്കുന്നത്. ഓക്സിഡേറ്റീവ് സ്ട്രെസ് എന്നറിയപ്പെടുന്ന ഫ്രീ റാഡിക്കലുകൾ ഉണ്ടാക്കുന്ന സെൽ നാശത്തിൽ നിന്ന് നമ്മെ സംരക്ഷിക്കുന്നത് ആന്‍റി ഓക്സിഡന്‍റുകളാണ്.

ഓക്സിഡേറ്റീവ് സ്ട്രെസ് ഉണ്ടായാൽ ശാരീരിക വീക്കം കൂടും. ഇത് പ്രമേഹം, ഹൃദ്രോഗം, സന്ധിവാതം, അലർജികൾ, ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി) എന്നിവയ്ക്ക് കാരണമാകും.

മത്തങ്ങ സ്ഥിരമായി ഉപയോഗിക്കുന്നവരിൽ ആന്‍റി ഓക്സിഡന്‍റ് ധാരാളമായി ലഭിക്കുമെന്നതിനാൽ ഈ രോഗങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും.

നേത്രാരോഗ്യത്തിനും മത്തങ്ങ അത്യുത്തമമാണ്. മത്തങ്ങയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ എയാണ് ഇതിനു കാരണം. ഇത് കണ്ണിന്‍റെ കോർണിയയെ സംരക്ഷിക്കുകയും വെളിച്ചം കുറവുള്ള സാഹചര്യങ്ങളിൽ കോർണിയയ്ക്ക് സംരക്ഷണം നൽകുകയും ചെയ്യുന്നു. ഇതൊന്നും കൂടാതെ മത്തങ്ങയിൽ വിറ്റാമിൻ സി, ഇ എന്നിവയും അടങ്ങിയിട്ടുണ്ട്.

ഇത് ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുന്നതിലൂടെ നേത്രാരോഗ്യത്തെ നിലനിർത്തുകയും ചെയ്യുന്നു.

രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും മത്തങ്ങ നല്ലതാണ്. ജലദോഷവും പനിയും വരുമ്പോൾ ഭക്ഷണത്തിൽ മത്തങ്ങ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. മത്തങ്ങയിലെ വൈറ്റമിൻ സിയും ആന്‍റി ഓക്സിഡന്‍റുകളാൽ സമ്പന്നമായ വൈറ്റമിൻ ഇയും വൈറസുകളെയും ബാക്ടീരിയകളെയും പ്രതിരോധിക്കാൻ നമ്മുടെ രോഗപ്രതിരോധ സംവിധാനങ്ങളെ സഹായിക്കുന്നു.

ഇത്രയൊക്കെ ആരോഗ്യപ്രദായിനിയായിട്ടും നമ്മളിൽ ഭൂരിഭാഗവും മത്തങ്ങയെ വെറും മണ്ടശിരോമണിയായി കാണുന്നു!

അണുബാധകളുടെ അന്തകനായ ഇരുമ്പിനാൽ സമ്പുഷ്ടമാണ് മത്തങ്ങ. അതു കൊണ്ടു തന്നെ അണുബാധയെ പ്രതിരോധിക്കാൻ നമ്മുടെ ശരീരത്തെ മത്തങ്ങ സഹായിക്കുന്നു.

മലബന്ധത്താൽ‌ ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ? അതിനും മത്തങ്ങ പ്രതിവിധിയാണ്. ദഹനവ്യവസ്ഥയിലെ അപാകതകൾ നീക്കാനും മത്തങ്ങ ഉത്തമം. കാരണം ദഹനവ്യവസ്ഥയെ ഉദ്ദീപിപ്പിക്കുന്ന നാരുകളാൽ മത്തങ്ങ സമ്പുഷ്ടമാണ് എന്നതു തന്നെ. ഒരു കപ്പ് മത്തങ്ങയിൽ നിന്ന് നമ്മുടെ ദൈനം ദിനാവശ്യത്തിന്‍റെ നാലിലൊന്ന് നാരുകൾ ലഭിക്കും.

മത്തങ്ങയുടെ വിത്തുകളാകട്ടെ, നാരുകളുടെ നല്ല ഉറവിടമാണ്. രക്തസമ്മർദം കുറഞ്ഞവർക്ക് മത്തങ്ങ സഹായിയാണ്. ഒരു കപ്പ് മത്തങ്ങ നീരിൽ ഒരു വാഴപ്പഴത്തേക്കാൾ കൂടുതൽ പൊട്ടാസ്യം ഉണ്ട്. ഇതൊക്കെ വ്യക്തമായി അറിഞ്ഞു തന്നെയാണ് നമ്മുടെ പൂർവികർ മത്തങ്ങ എരിശേരിയും മത്തങ്ങ പുളിങ്കറിയും ഒക്കെ ധാരാളമായി ഉണ്ടാക്കി കഴിച്ചു പോന്നത്.

Trending

No stories found.

Latest News

No stories found.