thazhuthama
തഴുതാമ

പുത്തനുണർവേകും പുനർനവ

കല്പവല്ലി തഴുതാമ
Published on

പുനർനവാദി കഷായം എന്ന് കേട്ടിട്ടില്ലാത്തവർ ചുരുക്കം. എന്നാൽ എന്താണ് പുനർനവ? നമ്മുടെ വീട്ടു മുറ്റത്തും പാതയോരങ്ങളിലും മഴക്കാലത്ത് സമൃദ്ധമായി വളർന്നു പന്തലിക്കുന്ന തഴുതാമയാണ് ഈ താരം. വേരും ഇലയും പൂവുംതണ്ടും എല്ലാം അമൂല്യനിധികൾ. സമൂലം ഔഷധഗുണമുണ്ടെന്നു മാത്രമല്ല, ഒട്ടു മിക്ക അസുഖങ്ങൾക്കും കൈ കണ്ട ഒറ്റമൂലി കൂടിയാണിത്. ഇളം തലപ്പുകളും മൂത്ത ഇലകളും കറി വെയ്ക്കാൻ ഉത്തമം.തോരനു മാത്രമല്ല, സാമ്പാർ , അവിയൽ, പരിപ്പുകറി തുടങ്ങിയ വിഭവങ്ങൾക്കും മോരു കാച്ചുമ്പോഴും ചട്നി ഉണ്ടാക്കുമ്പോഴും ഒക്കെ തഴുതാമ ഇല ചേർക്കാം. മോരിനും ചട്നിക്കും ഇളം തഴുതാമയില അരച്ചു ചേർക്കുന്നതാണ് നല്ലത്.

വൃക്കയുടെ സംരക്ഷകനാണ് തഴുതാമ. വൃക്കയിലെ നീർക്കെട്ടിനും അതിന്‍റെ ശരിയായ പ്രവർത്തനത്തിനും വൃക്കയിലെ കല്ല്, അണുബാധ തുടങ്ങിയവയ്ക്കും തഴുതാമ പരിഹാരമാണ്. തഴുതാമ ഇല പറിച്ചെടുത്ത് നന്നായി കഴുകി അരച്ചു ചേർത്ത് കാച്ചിയ മോര് വലിയ ആശ്വാസമാണ് വൃക്ക രോഗികൾക്ക് നൽകുന്നത്. വൃക്കയിൽ കല്ലു മൂലം വിഷമിക്കുന്നവർക്ക് തഴുതാമ കൈകണ്ട ഔഷധമാണ്. പതിനഞ്ചോളം തഴുതാമയിലയും അതിനോടൊപ്പം മുപ്പത് ചെറൂള ഇലയും കഴുകിയെടുക്കുക. ഇവ രണ്ടും നാടൻ കുമ്പളങ്ങാ നീരിൽ അരച്ച് രണ്ടു നേരം സേവിക്കുക. മൂത്രാശയക്കല്ല് അലിഞ്ഞ് പോകും.വൃക്കയുടെ പ്രവർത്തനം സുഗമമാകും. വൃക്ക രോഗങ്ങൾക്ക് തഴുതാമ സമൂലം അരച്ചു പിഴിഞ്ഞരിച്ച നീര് 15 മില്ലി വീതം രാവിലെയും വൈകിട്ടും ഉപയോഗിക്കുന്നത് ഫലം ചെയ്യും. വൃക്കയിലെ കല്ലിന് തഴുതാമയും വയൽ ചുള്ളിയും കഷായം വച്ചു കുടിക്കുന്നത് ഫലം ചെയ്യും.

ഹൃദയം, ധമനികൾ, ഇവയുടെ പ്രവർത്തനത്തിന് തഴുതാമയുടെ ഉപയോഗം ഗുണം ചെയ്യും. വാതരോഗങ്ങൾക്കും, നേത്രരോഗങ്ങൾക്കും ഉദരരോഗങ്ങൾക്കും ഫലപ്രദമാണ് തഴുതാമ. തഴുതാമയുടെ സ്ഥിരമായുള്ള ഉപയോഗം പ്രമേഹത്തെ ഇല്ലാതാക്കുന്നതുൾപ്പടെ നിരവധി രോഗങ്ങളിൽ നിന്ന് ആശ്വാസം നൽകും. തഴുതാമ സമൂലം രണ്ടു നേരം കഴിച്ചാൽ വിഷം വലിയും. നീര് ശമിക്കും.

തഴുതാമ ഇലകളും തണ്ടും ചേര്ത്ത് സ്വാദിഷ്ടമായ തോരന് തയ്യാറാക്കാം. തഴുതാമയില കൊണ്ട് തയ്യാറാക്കുന്ന സൂപ്പ് ആരോഗ്യദായകമാണ്. തഴുതാമ ഇല രക്തക്കുറവ് പരിഹരിക്കുന്നതിനും ശരീരത്തിലെ നീർക്കെട്ടും വേദനയും ഇല്ലാതാക്കുന്നതിനും നല്ലതാണ്. രോഗപ്രതിരോധ ശക്തി ലഭിക്കും. മഞ്ഞപ്പിത്തവും വൃക്കരോഗങ്ങളും വരാതിരിക്കുന്നതിനും തഴുതാമയുടെ ഉപയോഗം ഗുണം ചെയ്യുന്നു. തഴുതാമയിട്ട് തിളപ്പിച്ച വെളളം ദാഹശമനിയായി ഉപയോഗിക്കാവുന്നതാണ്. ഇത് മൂത്ര തടസം മാറുന്നതിനും വൃക്കയുടെ ആരോഗ്യത്തിനും അത്യുത്തമമാണ്. നല്ല വിശപ്പും ഉന്മേഷവും പ്രദാനം ചെയ്യുന്നതിനും ഇത് സഹായിക്കുന്നു. ശരീരത്തിലടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യാനും ഉദരസംബന്ധമായ അസുഖങ്ങൾ ഇല്ലാതാക്കാനും തഴുതാമക്ക് കഴിയും. നല്ല മലശോധനയുമുണ്ടാകും. തഴുതാമ ഉപയോഗിച്ചാൽ രോഗപ്രതിരോധ ശക്തി ലഭിക്കുന്നു. തടി കുറക്കാനും ശരീരത്തിൽ കെട്ടികിടക്കാനിടയുള്ള അനാവശ്യദ്രാവകങ്ങളുടെ നിർമാർജനത്തിനും സഹായിക്കും. ആരോഗ്യവും ഓജസും വർധിപ്പിക്കാനും ഉപകരിക്കും. പ്രതിരോധശക്തി വർധിപ്പിക്കുന്നതിനും ടെൻഷൻ കുറക്കാനും സഹായിക്കും. ഹൃദ്രോഗ നിവാരണത്തിന് നന്ന്. അഗ്നിദീപ്തിയെ ഉണ്ടാക്കുന്നതും നല്ലവിശപ്പും ഉന്മേഷവും പ്രദാനം ചെയ്യുന്നതിനും തഴുതാമ സഹായിക്കുന്നു.

തഴുതാമ വേരും വയമ്പും തേനും കഫം മൂർച്ഛിച്ച് ഉണ്ടാകുന്ന ചുമയ്ക്ക് പരിഹാരമാണ്.കണ്ണിനും പ്രിയങ്കരിയാണ് തഴുതാമ. വെള്ള തഴുതാമ സമൂലം ഇടിച്ചു പിഴിഞ്ഞ് അരിച്ച് മുലപ്പാൽ ചേർത്ത് കണ്ണിൽ ഒഴിച്ചാൽ കണ്ണിലെ ചൊറിച്ചിലിനും നീര് തേനിൽ ചാലിച്ചിട്ടാൽ കണ്ണിലെ വെള്ളമൊലിപ്പിനും പരിഹാരം.

വിഷഹാരിയാണ് തഴുതാമ. പേപ്പട്ടി വിഷത്തിനും ഉഗ്രപ്രതിവിധിയാണിവൾ. തഴുതാമ സമൂലമെടുത്ത് നീല ഉമ്മത്തിന്റെി പൂവ്,ഇല,വേര് ഇവ എല്ലാം കൂടി സമമെടുത്ത് അരച്ചുണക്കി രണ്ടു ഗ്രാം തൂക്കം വലിപ്പമുള്ള ഗുളികകളുണ്ടാക്കി രാവിലെയും ഉച്ചയ്ക്കും വൈകിട്ടും മൂന്നു ഗുളിക വീതം കഴിക്കുകയും തഴുതാമയും കൃഷ്ണതുളസിയിലയും പൂവും മഞ്ഞളും സമമരച്ച് കടിയേറ്റ ഭാഗത്ത് പുരട്ടുകയും ചെയ്താൽ പേപ്പട്ടി വിഷം പൂർണമായും മാറുമെന്ന് സിദ്ധവൈദ്യം. ഏഴു ദിവസമാണ് ഇങ്ങനെ കഴിക്കേണ്ടത്.

തഴുതാമ ഇലയിട്ടു വെള്ളം തിളപ്പിച്ചു കുടിക്കുന്നത് മൂത്ര തടസം,വായ്പുണ്ണ്,അർശസ് എന്നിവയ്ക്ക് ശമനം നൽകും. രക്തക്കുറവിനും തഴുതാമ പരിഹാരമാണ്. ഇലക്കറികൾ പൊതുവെ അന്നന്നു പറിച്ച് അന്നന്നുപയോഗിക്കുന്നതാണ് അവയുടെ ഔഷധഗുണങ്ങൾ ലഭിക്കാൻ ഉത്തമം.