കീമോതെറാപ്പിക്കു പകരം വൈറോതെറാപ്പി; ക്യാൻസർ വിമുക്തി നേടി വൈറോളജിസ്റ്റ്

scientist treated her own cancer using lab-grown viruses
മീസിൽസ് പോലുള്ള വൈറസുകൾ ക്യാൻസർ കോശങ്ങളെ ആക്രമിക്കാൻ ഉപയോഗിക്കാം. (photo captured)
Updated on

സാഗ്രെബ് (ക്രൊയേഷ്യ): വൈറസുകളെ ഉപയോഗിച്ചു നടത്തിയ 'സ്വയം ചികിത്സ' യിൽ ക്രൊയേഷൻ വൈറോളജിസ്റ്റിന് ക്യാൻസർ വിമുക്തി. സാഗ്രെബ് യൂണിവേഴ്സിറ്റിയിലെ വൈറോളജിസ്റ്റ് ബിയാത്ത ഹലസിയാണു ഓങ്കോലൈറ്റിക് വൈറോതെറാപ്പി (ഒവൈടി)യിലൂടെ മൂന്നാംതവണ ശരീരത്തെ ആക്രമിച്ച സ്തനാർബുദത്തെ കീഴടക്കിയത്. മീസിൽസ്, വെസിക്കുലാർ സ്റ്റോമറ്റൈറ്റിസ് വൈറസുകളെ ഉപയോഗിച്ചായിരുന്നു ബിയാത്തയുടെ ചികിത്സ. ക്യാൻസർ ചികിത്സാ രംഗത്ത് ഇതാദ്യമാണ് ഇത്തരമൊരു നേട്ടം.

2016ലാണു ബിയാത്തയെ ആദ്യ തവണ സ്തനാർബുദം ആക്രമിച്ചത്. അന്ന് ഇടതുസ്തനം ശസ്ത്രക്രിയയിലൂടെ നീക്കിയെങ്കിലും 2018ലും 2020ലും വീണ്ടും രോഗം ആക്രമിച്ചു. ഇതോടെയാണ് പരീക്ഷണത്തിനു മുതിർന്നത്. ആദ്യ ചികിത്സയിൽ കീമോതെറാപ്പിയുണ്ടാക്കിയ ശാരീരിക പ്രശ്നങ്ങളായിരുന്നു അമ്പതുകാരിക്ക് ഇത്തവണ ഒവൈടിയിലേക്കു തിരിയാൻ പ്രേരണ. ഒരേ സമയം ക്യാൻസർ കോശങ്ങളെ ആക്രമിക്കുകയും ശരീരത്തിന്‍റെ പ്രതിരോധ വ്യവസ്ഥയെ ഉണർത്തുകയും ചെയ്യുന്ന വൈറസുകളെ ഉപയോഗിച്ചു നടത്തുന്ന ചികിത്സയാണ് ഒവൈടി. വൈദ്യശാസ്ത്ര ലോകത്ത് പരീക്ഷണത്തിന്‍റെ പ്രാഥമികഘട്ടത്തിലാണ് ഈ ചികിത്സാരീതി. സ്റ്റേജ്1ലുള്ള ചില രോഗികളെ ചികിത്സിക്കാൻ യുഎസ് അനുമതി നൽകിയിട്ടുള്ളതൊഴിച്ചാൽ ലോകത്ത് ഇപ്പോഴും അംഗീകാരമുള്ള സമ്പ്രദായമല്ല ഇത്.

സ്റ്റേജ് 3ൽ എത്തിയ ക്യാൻസറിനെ നേരിടാൻ ശേഷിയുള്ള വൈറസുകളെ കണ്ടെത്തുന്നതായിരുന്നു ആദ്യ നീക്കം. ഒവൈടിയിൽ താൻ വിദഗ്ധയല്ലെങ്കിലും ലബോറട്ടറിയിൽ വൈറസുകളെ വളർത്തുന്നതിലും ശുദ്ധീകരിക്കുന്നതിലുമുള്ള പ്രാഗത്ഭ്യമാണു തനിക്ക് ആത്മബലം നൽകിയതെന്നു ബിയാത്ത. ഈ പരിചയ സമ്പത്താണ് മീസിൽസ്, വെസിക്കുലാർ സ്റ്റോമറ്റൈറ്റിസ് (വിഎസ്‌വി) വൈറസുകളെ തെരഞ്ഞെടുക്കാൻ കാരണം. മീസിൽ‌സ് വൈറസ് നാലാം സ്റ്റേജിലുള്ള സ്തനാർബുദ രോഗികളിൽ പരീക്ഷിച്ചിട്ടുണ്ടെന്നതായിരുന്നു ഇതിലേക്കു തിരിയാനുള്ള കാരണം. കുട്ടികൾക്കുള്ള വാക്സിനുകളിലും ഈ വൈറസ് ഉപയോഗിക്കാറുണ്ട്. നേരിയ തോതിൽ ഇൻഫ്ലുവൻസ ഉണ്ടായേക്കാമെന്നതു മാത്രമാണ് വിഎസ്‌വി ഉണ്ടാക്കാവുന്ന പാർശ്വഫലം.

ബിയാത്ത ഹലസി
ബിയാത്ത ഹലസി

യൂണിവേഴ്സിറ്റിയിലെ സഹ വൈറോളജിസ്റ്റിനെക്കൊണ്ട് രണ്ടു മാസക്കാലയളവിൽ ഇരു വൈറസുകളും ട്യൂമറുകളിൽ നേരിട്ടു കുത്തിവച്ചു. ഓങ്കോളജിസ്റ്റിന്‍റെ മേൽനോട്ടത്തിലായിരുന്നു സ്വയം ചികിത്സ. കാര്യമായ പാർശ്വഫലങ്ങളുണ്ടായില്ലെന്നു മാത്രമല്ല, നിശ്ചിത സമയപരിധിക്കു ശേഷം നടത്തിയ പരിശോധനയിൽ ട്യൂമറുകൾ ചുരുങ്ങുകയും മൃദുവാകുയും ചെയ്തെന്നു കണ്ടെത്തി. മാത്രമല്ല, നെഞ്ചിലെ പേശികളിലും ത്വക്കിലും നിന്നു വേർപെടുത്തുന്നത് എളുപ്പമാകുകയും ചെയ്തു. ശസ്ത്രക്രിയയിലൂടെ ഇവ നീക്കുന്നതായിരുന്നു അടുത്ത ഘട്ടം.

ലിംഫോസൈറ്റുകളെന്ന പ്രതിരോധ കോശങ്ങൾ ക്യാൻസർ കോശങ്ങളിൽ അതിശക്തമായി പ്രവർത്തിച്ചെന്നു ട്യൂമറിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. ബിയാത്തയുടെ ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയെ ഒവൈടിയിലൂടെ ഉണർത്താനായി എന്നതാണ് അന്തിമ വിലയിരുത്തൽ. ശസ്ത്രക്രിയയ്ക്കുശേഷം ക്യാൻസർ പ്രതിരോധ മരുന്ന് ഒരു വർഷത്തോളം കഴിച്ചു ബിയാത്ത.

ട്യൂമറുകൾ ചുരുങ്ങാൻ വൈറൽ ഇൻജക്‌ഷൻ സഹായിക്കുമെന്നാണ് ഈ സംഭവം തെളിയിക്കുന്നതെന്നു മിനസോട്ടയിലെ വൈരിയാഡ് ബയോടെക് കമ്പനിയുടെ ഒവൈടി സ്പെഷ്യലിസ്റ്റ് സ്റ്റീഫൻ റസൽ പറഞ്ഞു. എന്നാൽ, സ്വയം ചികിത്സ നടത്തുകയും ഇതിന്‍റെ ഫലം വാക്സിൻസ് എന്ന പ്രസിദ്ധീകരണത്തിലൂടെ പുറത്തുവിടുകയും ചെയ്ത ബിയാത്തയുടെ നടപടി വൈദ്യശാസ്ത്ര ധാർമികതയ്ക്കു നിരക്കുന്നതല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. വൈദ്യശാസ്ത്രം അംഗീകരിച്ച ക്യാൻസർ ചികിത്സയോടു മുഖം തിരിച്ചു പരീക്ഷണങ്ങൾക്കു പിന്നാലെ പോകാൻ ഇത് ആളുകളെ പ്രേരിപ്പിക്കുമെന്നാണു വിമർശകരുടെ വാദം.

Trending

No stories found.

Latest News

No stories found.