പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിന് നൂതന ഡിജിറ്റൽ പിന്തുണ

കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ, വളം- രാസവസ്തു മന്ത്രി ജഗത് പ്രകാശ് നഡ്ഡ എഴുതുന്നു
union minister writes on vaccine
പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിന് നൂതന ഡിജിറ്റൽ പിന്തുണ
Updated on

ഭീഷണമായ വസൂരി രോഗത്തിനെതിരേ ആദ്യ കുത്തിവയ്പ്പു നടന്ന 1796 മുതൽ രോഗങ്ങൾ തടയുന്നതിൽ വാക്സിനുകൾ (പ്രതിരോധ കുത്തിവയ്പ്പ്) വഹിക്കുന്ന പങ്ക് സുവിദിതമാണ്. കഴിഞ്ഞ 50 വർഷത്തിനിടെ മാത്രം ആഗോളതലത്തിൽ 15 കോടിയിലധികം ജീവനുകളാണ് പ്രതിരോധ കുത്തിവയ്പ്പുകൾ (വാക്സിനുകൾ) മുഖാന്തിരം രക്ഷിക്കാനായത്. പ്രതിവർഷം ഓരോ മിനിറ്റിലും 6 ജീവനുകൾ എന്ന നിരക്കിൽ ജീവനുകൾ രക്ഷിക്കാനാകുന്നു എന്നാണ് കണക്ക്.

ജീവൻ രക്ഷ എന്നത് ഇന്ത്യയുടെ സാർവത്രിക പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിന്‍റെ (യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാമിന്‍റെ- യുഐപി) മുഖമുദ്രയാണ്. പ്രതിരോധിക്കാൻ കഴിയുന്ന 12 രോഗങ്ങൾക്കെതിരേ ഓരോ വർഷവും 2.6 കോടിയിലധികം നവജാതശിശുക്കൾക്ക് യുഐപിയുടെ കീഴിൽ, അഞ്ചാംപനി, ഡിഫ്തീരിയ, പോളിയോ തുടങ്ങിയവയ്ക്കുള്ള വാക്സിനുകൾ നൽകുന്നു. കുട്ടികളുടെ ജീവന് ഭീഷണിയാകാൻ സാധ്യതയുള്ളതോ, ആരോഗ്യത്തെയും ക്ഷേമത്തെയും സാരമായി ബാധിക്കുന്നതോ ആയ രോഗങ്ങളാണിവയെല്ലാം.

1985ലാണ് ആരംഭിച്ചതെങ്കിലും കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പദ്ധതി അതിവേഗം വിപുലീകരിക്കപ്പെട്ടു. "മിഷൻ ഇന്ദ്രധനുഷ് ' പോലെയുള്ള പ്രചണ്ഡമായ പ്രചാരണ പരിപാടികൾ വാക്‌സിനേഷൻ കവറേജ് 90 ശതമാനത്തിലേറെയായി വർധിപ്പിച്ചു. പക്ഷെ 100% കവറേജ് നേടുന്നതിന് ഇപ്പോഴും ചില വെല്ലുവിളികളുണ്ട്. ചില പ്രദേശങ്ങളിലും ചില സാമൂഹിക വിഭാഗങ്ങളിലും കാണപ്പെടുന്ന വാക്‌സിനെ കുറിച്ചുള്ള ആശങ്ക, കുടിയേറ്റം മൂലമുള്ള കൊഴിഞ്ഞുപോക്ക്, ഭാഗികമായി വാക്‌സിനേഷൻ എടുത്ത ചില കുട്ടികൾ പിന്നീട് അത് പൂർണമാക്കാത്തത് തുടങ്ങിയവ വെല്ലുവിളികളാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൻ കീഴിൽ, ഭാരത സർക്കാർ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തിനും പോഷകാഹാര ലഭ്യതയ്ക്കും മുൻതൂക്കം നൽകുകയും ഒരു കുട്ടിയും ഗർഭിണിയും പോലും പ്രതിരോധ കുത്തിവയ്‌പ്പിൽ നിന്ന് ഒഴിവാക്കപ്പെടാതിരിക്കാനുമുള്ള ദൗത്യത്തിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്നു. ഇത് യാഥാർഥ്യമാക്കുന്നതിന്, വാക്സിൻ കവറേജ് പരമാവധി വർധിപ്പിക്കുന്നതിനുള്ള സാങ്കേതിക പരിഹാരമായ യു-വിൻ (Universal Immunisation Programme- WIN) കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അവതരിപ്പിച്ചു. ഇന്ത്യയിലുടനീളമുള്ള ഗർഭിണികളുടെയും കുട്ടികളുടെയും വാക്സിനേഷൻ സ്ഥിതിഗതികൾ ഇലക്‌ട്രോണിക് ആയി രജിസ്റ്റർ ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് യു-വിൻ.

അടിസ്ഥാനപരമായി, "എവിടെ നിന്നും പ്രവേശനം, എപ്പോൾ വേണമെങ്കിലും വാക്സിനേഷൻ' എന്ന ആശയം സുഗമമാക്കുന്ന നാമാധിഷ്ഠിത രജിസ്ട്രിയാണ് യു-വിൻ. ജന കേന്ദ്രീകൃത സമീപനത്തോടെ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ പ്ലാറ്റ്‌ഫോം വാക്‌സിനേഷൻ പ്രക്രിയ ലളിതമാക്കുന്നതിന് ഒട്ടേറെ സൗകര്യങ്ങൾ മുന്നോട്ടു വയ്ക്കുന്നു. ഗർഭിണികൾക്ക് യു-വിൻ ആപ്പ് അല്ലെങ്കിൽ പോർട്ടൽ വഴി സ്വയം രജിസ്റ്റർ ചെയ്യാം. അടുത്തുള്ള വാക്‌സിനേഷൻ കേന്ദ്രത്തിലെത്തിയും രജിസ്റ്റർ ചെയ്യാവുന്നതാണ്.

രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, ഗർഭിണികൾക്കുള്ള പ്രധാന പ്രതിരോധ കുത്തിവയ്പുകൾ ആരോഗ്യ പ്രവർത്തകർക്ക് നിരീക്ഷിക്കാനും വിതരണ ഫലങ്ങൾ രേഖപ്പെടുത്താനും കഴിയും. നവജാത ശിശുക്കളെ രജിസ്റ്റർ ചെയ്യാനും അവരുടെ വാക്സിനേഷൻ പ്രക്രിയ ആരംഭിക്കാനും സാധിക്കും. കുട്ടിക്ക് 16 വയസ് തികയുന്നത് വരെ പ്രോഗ്രാം മാനെജർമാർക്ക് തുടർനടപടികൾ നിരീക്ഷിക്കാൻ സൗകര്യമുണ്ട്.

യു-വിൻ മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും ഒട്ടേറെ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. രാജ്യത്തെവിടെയും വാക്സിനേഷൻ സ്വീകരിക്കാനും ഒരു ബട്ടണിൽ ക്ലിക്ക് ചെയ്ത് സ്വന്തം മക്കളെ രോഗങ്ങളിൽ നിന്ന് സുരക്ഷിതരാക്കാനും ഇത് സഹായിക്കുന്നു. ഒരു അപ്പോയിന്‍റ്മെന്‍റ് ബുക്കിങ് സൗകര്യവും പ്ലാറ്റ്‌ഫോം നൽകുന്നു. ഇത് കുടിയേറ്റ തൊഴിലാളികൾക്ക് ഉപയോഗപ്രദമാണ്.

യു-വിൻ 11 ഭാഷകളിൽ ലഭ്യമാണ്. ഇത് പ്ലാറ്റ്‌ഫോമിന്‍റെ പ്രവേശനക്ഷമത വർധിപ്പിക്കുന്നു. രേഖകളുടെ ഡിജിറ്റലൈസേഷനാണ് മറ്റൊരു പ്രധാന സവിശേഷത. പരിശോധിച്ചുറപ്പിച്ച ഗുണഭോക്താവിന് ഓരോ തവണയും വാക്സിൻ ലഭിക്കുമ്പോൾ, ഒരു തത്സമയ ഡിജിറ്റൽ വാക്സിനേഷൻ റെക്കോർഡ് സൃഷ്ടിക്കപ്പെടുന്നു. ഗുണഭോക്താക്കൾക്ക് ഡിജിറ്റൽ രേഖയും ക്യുആർ അധിഷ്‌ഠിത സർട്ടിഫിക്കറ്റും ലഭിക്കുന്നു. അത് എവിടെ നിന്ന് വേണമെങ്കിലും മൊബൈലിൽ ഡൗൺലോഡ് ചെയ്‌ത് സൂക്ഷിക്കാനാകും. സ്‌കൂൾ പ്രവേശനത്തിനും, യാത്രകൾക്കും ഇത് ഏറെ ഉപയോഗപ്രദമാണ്.

കൂടാതെ, ഭാവിയിലെടുക്കേണ്ട വാക്‌സിൻ ഡോസുകൾക്കായി എസ്എംഎസ് അറിയിപ്പുകളും ഓർമ്മപ്പെടുത്തലുകളും പ്ലാറ്റ്‌ഫോം മുഖേന ലഭിക്കുന്നു. ഡോസുകൾക്കിടയിലുള്ള നിശ്ചിത മിനിമം ഇടവേള മാതാപിതാക്കളും ആരോഗ്യ പ്രവർത്തകരും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു.

യു-വിൻ ഒരു സംയോജക സംവിധാനമായി പ്രവർത്തിക്കുന്നു. മാതാപിതാക്കൾ/ രക്ഷകർത്താക്കൾ, ഡോക്റ്റർമാർ, ആരോഗ്യ പ്രവർത്തകർ, വിശാലമായ ആരോഗ്യ സംരക്ഷണ സംവിധാനം എന്നിവയെ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ഒരുമിച്ച് കൊണ്ടുവരുന്നു. കവറേജിന്‍റെ വ്യാപ്തി ഉൾപ്പെടെ രാജ്യത്തുടനീളമുള്ള പ്രതിരോധ കുത്തിവയ്പ്പ് പുരോഗതി ഫലപ്രദമായി നിരീക്ഷിക്കാൻ ഇത് സൗകര്യമൊരുക്കുന്നു. വ്യക്തിയുടെ സമ്മതത്തോടെ ആരോഗ്യ രേഖകൾ മെഡിക്കൽ പ്രൊഫഷണലുകളുമായും സേവന ദാതാക്കളുമായും പങ്കിടാൻ സഹായിക്കുന്ന ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ടും (എബിഎച്ച്എ) ചൈൽഡ് എബിഎച്ച്എ ഐഡികളും സൃഷ്ടിക്കാനും ഇത് ഗുണഭോക്താക്കളെ പ്രാപ്തരാക്കുന്നു. ഒരു വ്യക്തിയുടെ ആരോഗ്യ ചരിത്രം ഒറ്റനോട്ടത്തിൽ തന്നെ മനസിലാക്കാൻ മെഡിക്കൽ പ്രൊഫഷണലുകളെ അനുവദിക്കുന്നതിലൂടെ ഇത് രോഗിയുടെ ചികിത്സാ ഫലങ്ങൾ മെച്ചപ്പെടുത്തുന്നു.

വാക്‌സിനേഷൻ അർഹതാ പട്ടിക തയാറാക്കുന്നതിലും ഗുണഭോക്താക്കൾക്ക് കൃത്യസമയത്ത് വാക്‌സിനേഷൻ ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്‌ക്കുന്നതിനും ANMs ആശ പ്രവർത്തകരെ യു-വിൻ സഹായിക്കുന്നു.

കഴിഞ്ഞ 10 വർഷമായി, ആരോഗ്യ സംരക്ഷണത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആരോഗ്യ സംവിധാനങ്ങളെ തന്നെയാണ് ആശ്രയിച്ചു പോരുന്നത്. 2014ൽ അവതരിപ്പിച്ച ഇലക്‌ട്രോണിക് വാക്‌സിൻ ഇന്‍റലിജൻസ് നെറ്റ്‌വർക്ക് (eVIN), വാക്‌സിനുകൾ എങ്ങനെ സ്വീകരിക്കുന്നു, സംഭരിക്കുന്നു, അവസാന വ്യക്തിയിലേക്കും എങ്ങനെ വിതരണം ചെയ്യുന്നു എന്നീ കാര്യങ്ങളിൽ വിപ്ലവം സൃഷ്ടിച്ചു. 18 മാസത്തിനുള്ളിൽ 220 കോടി കൊവിഡ്-19 വാക്‌സിൻ ഡോസുകൾ നൽകാൻ സഹായിച്ച ഇന്ത്യയുടെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിന്‍റെ സാങ്കേതിക നട്ടെല്ലായ കോ-വിന്നിന്‍റെ വിജയത്തിനും ലോകം സാക്ഷ്യം വഹിച്ചു. ഇപ്പോൾ വാക്സിനേഷൻ കവറേജ് ഗണ്യമായി മെച്ചപ്പെടുത്തിക്കൊണ്ട് യു-വിൻ രാജ്യത്തെ രോഗപ്രതിരോധ സേവനങ്ങളുടെ ഭൂമികയെ മാറ്റിമറിക്കുകയാണ്.

ഒരു സ്വതന്ത്ര രാജ്യമെന്ന നിലയിൽ ഇന്ത്യ ശതാബ്ദിയിലേക്ക് കുതിക്കുമ്പോൾ, സമഗ്രമായ വാക്സിനേഷൻ പരിപാടികൾ ഒരു ആരോഗ്യ സംരംഭം മാത്രമല്ല, ഭാവിയിലേക്കുള്ള അടിസ്ഥാന നിക്ഷേപം കൂടിയാണ്. നൂതന ഡിജിറ്റൽ അടിസ്ഥാനസൗകര്യം, സമഗ്രമായ പൊതുജനാരോഗ്യ തന്ത്രങ്ങൾ എന്നിവയിലൂടെ ഏറ്റവും ഇളമുറക്കാരായ പൗരന്മാരുടെ പ്രതിരോധ കുത്തിവയ്പ്പിന് മുൻഗണന നൽകുന്നതിലൂടെ, രോഗങ്ങളെ പ്രതിരോധിക്കുക മാത്രമല്ല, ആരോഗ്യമുള്ളതും സാമ്പത്തികമായി ശാക്തീകരിക്കപ്പെട്ടതുമായ ഒരു ജനതയെ സൃഷ്ടിക്കുകയും ചെയ്യുന്നു.

ജമ്മു കശ്മീരിലെ മഞ്ഞുവീഴ്ചയുള്ള ഭൂപ്രദേശങ്ങളിലോ, കച്ചിലെ മരുഭൂമികളിലോ, അരുണാചൽ പ്രദേശ് അതിർത്തികളിലോ, ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ സമുദ്രത്താൽ ചുറ്റപ്പെട്ട ഗ്രാമങ്ങളിലോ, ജീവൻ രക്ഷാ വാക്‌സിനുകൾ ലഭിക്കാത്ത ഒരു കുട്ടിയും അവശേഷിക്കാത്ത ഭാവി കെട്ടിപ്പടുക്കാനുള്ള ഉറച്ച തീരുമാനമാണ് ഈ ശ്രമങ്ങളിലെല്ലാം പ്രതിഫലിക്കുന്നത്.

Trending

No stories found.

Latest News

No stories found.