ഡാ മോനെ വാ..., വൃക്കകൾ തകരാറിലായ യുവാവിന് ഒരു ഗ്രാമത്തിന്‍റെ കൈത്താങ്ങ്

കോട്ടയം ബേക്കർ ജങ്ഷനിലെ ഓട്ടോ സ്റ്റാൻഡിൽ എല്ലാ കാര്യങ്ങൾക്കും മുന്നിട്ട് അവൻ എന്നും ഉണ്ടായിരുന്നു. പക്ഷേ, ഇന്ന് ആഴ്ചയിൽ മൂന്നു ഡയാലിസിസുമായി ജീവൻ നിലനിർത്താൻ കഷ്ടപ്പെടുന്നു
Sheemon KG
ഷീമോൻ കെ.ജി.
Updated on

സ്വന്തം ലേഖകൻ

കോട്ടയം: ഇരു വൃക്കകളും തകരാറിലായി ആഴ്ചയിൽ മൂന്നു തവണ ഡയാലിസിസ് ചെയ്യേണ്ട അവസ്ഥയിൽ ഒരു യുവാവ്. വാടകവീട്ടിൽ ഒപ്പം അമ്മയും ഭാര്യയും രണ്ട് പെൺകുഞ്ഞുങ്ങളും. ഇന്നത്തെ സാഹചര്യത്തിൽ ഊഹിക്കാമല്ലോ ചികിത്സാ ചെലവുകൾ! ഈ അവസ്ഥയിൽ നാട്ടുകാരും കൂട്ടുകാരും ആ കുടുംബത്തിന് കൈത്താങ്ങായി കൂടെ നിൽക്കുകയാണ്. പറഞ്ഞുവന്നത് കോട്ടയം മള്ളൂശേരി എന്ന ഗ്രാമത്തെക്കുറിച്ചാണ്. 'ഷീമോനൊരു കൈത്താങ്ങ്' എന്ന സ്നേഹക്കൂട്ടായ്മ ഇവിടെ തുടങ്ങുന്നു.

വളരെ ഊർജസ്വലനായി കോട്ടയം ബേക്കർ ജങ്ഷനിലെ ഓട്ടോ സ്റ്റാൻഡിൽ എല്ലാ കാര്യങ്ങൾക്കും മുന്നിട്ട് അവൻ എന്നും ഉണ്ടായിരുന്നു- ഷീമോൻ. പക്ഷേ, ജീവിത സാഹചര്യങ്ങളിൽ ആ ഓട്ടോ റിക്ഷയും വിറ്റ് ഒരു വാടകവീട്ടിൽ താമസിച്ച് സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത് ജീവൻ നിലനിർത്തുകയാണിപ്പോൾ. നാല് മാസം മുമ്പ് കഠിനമായ ക്ഷീണവും അസ്വാഭാവികതയും ശരീരത്തിനുണ്ടായപ്പോൾ അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി. നിലം തൊടാൻ പറ്റാത്ത അവസ്ഥ. തിരിച്ചറിഞ്ഞത് ഞെട്ടിക്കുന്ന കാര്യം. രണ്ട് വൃക്കകളും പ്രവർത്തനരഹിതം. പിന്നീടുള്ള രോഗനിർണയത്തിൽ എത്രയും വേഗം വൃക്ക മാറ്റിവയ്ക്കണം എന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 20 ലക്ഷം രൂപയാണ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക്. അതുവരെ ജീവൻ നിലനിർത്താൻ ഡയാലിസിസ് തുടരണം.

ഭാര്യ അന്നപൂർണേശ്വരി ഒപ്പമുണ്ട്. ജീവനിൽ പാതിയായ അന്നയുടെ വൃക്ക ഷീമോന് നൽകും. പക്ഷേ, സർജറിക്ക് 20 ലക്ഷം രൂപയാകും! ഇതോടെയാണ് മണ്ണൂശേരി എന്ന നാട് ഷീമോനായി ഒന്നിച്ചത്. അവർ എല്ലാം മാറ്റിവച്ച് നാട്ടിലും വെളിയിലും ഒക്കെ ഇത് സംബന്ധിച്ച പ്ലക്കാർഡും ബക്കറ്റുമേന്തി പിരിവിനിറങ്ങി. കൂട്ടുകാരും സാമൂഹിക സന്നദ്ധതയുള്ളവരും രക്തദാനസേനയുടെ ഭാരവാഹികളും സർക്കാർ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കോട്ടയം നഗരസഭയിലെ വാർഡ് അംഗങ്ങളും അടക്കം പല രീതിയിൽ പരിശ്രമം തുടർന്നു. ഒരു പരിധിവരെ അതുകൊണ്ട് കുറച്ചു തുക ഉണ്ടാക്കാനായി. സർജറിക്കും പിന്നീടുള്ള അവസ്ഥയ്ക്കുമായി കാൽഭാഗം മാത്രം തുക ഇത് വരെ ലഭിച്ചു. അവർ ഒന്നിച്ച് ഒറ്റക്കെട്ടായി മുന്നോട്ടാണ്.

'ഷീമോനൊരു കൈത്താങ്ങ്' എന്ന് സമൂഹമാധ്യമങ്ങളിൽ ഒരു ഗ്രൂപ്പുണ്ടാക്കി അതിലൂടെ നാട്ടിലെ സുഹൃത്തുക്കളിലൂടെ കുറച്ച് പണം കൂടി സ്വരൂപിച്ചു. ഒപ്പം ഓട്ടോറിക്ഷയിൽ അനൗൺസ്മെന്‍റ് നടത്തിയും. ഒരുപാട് നല്ല ആളുകൾ അതിന് പ്രതികരിക്കുകയും ചെയ്തു. അപ്പോഴും ചികിത്സയ്ക്കായുള്ള തുകയുടെ പാതിയേ ഇപ്പോഴും സ്വരുക്കൂട്ടാനായിട്ടുള്ളൂ.

ഇപ്പോഴത്തെ ആരോഗ്യ അവസ്ഥയിൽ എത്രയും പെട്ടന്ന് സർജറി ചെയ്യേണ്ടത് അത്യാവശ്യമാണെന്നാണ് ഡോക്റ്റർമാർ പറയുന്നത്. സന്മനസുള്ള കൂടുതലാളുകളുടെ സഹകരണത്തിലൂടെ മാത്രമേ അതു സാധ്യമാകൂ. അതിനായി കോട്ടയം ഫെഡറൽ ബാങ്കിൽ അക്കൗണ്ടും തുറന്നിട്ടുണ്ട്. സഹായിക്കാൻ സന്നദ്ധതയുള്ളവർക്കായി അക്കൗണ്ട് വിവരങ്ങൾ ഇതോടൊപ്പം ചേർക്കുന്നു.

Trending

No stories found.

Latest News

No stories found.