പ്ലം കേക്ക്
പ്ലം കേക്ക്

ഇന്ത്യൻ കേക്കിന് 140ാം പിറന്നാൾ

1883 ഡിസംബര്‍ 23. അന്നാണ് ഇന്ത്യയിലെ തന്നെ ആദ്യത്തെ കേക്കിന്‍റെ ജനനം.
Published on
ക്രിസ്മസ് പ്രമാണിച്ച് നല്ലൊരു കേക്കു വേണം.സായിപ്പ് തന്‍റെ ആവശ്യമറിയിച്ചു. കൂട്ട് എന്തെന്ന് അറിയില്ല. ആരും ഉണ്ടാക്കി കണ്ടിട്ടില്ല. ഇത് എങ്ങനെ ഈ പരുവത്തിൽ വേവിച്ചെടുക്കുമെന്നും ബാപ്പുട്ടിക്ക് നോ ഐഡിയ.

റീന വർഗീസ് കണ്ണിമല

ഏറ്റെടുക്കുന്ന മേഖലയിലെല്ലാം തന്‍റേതായ വ്യക്തിമുദ്ര, അതു മലയാളിയുടെ തനതു മുഖമുദ്ര. ഈ ക്രിസ്തുമസ്-ന്യൂഇയർ കാലത്തും മാമ്പള്ളി ബാപ്പൂട്ടി എന്ന കേക്ക് രാജാവ് മനസിലേക്ക് ഓടിയെത്തുന്നതിനു കാരണവും മറ്റൊന്നല്ല.1883 ഡിസംബര്‍ 23. അന്നാണ് ഇന്ത്യയിലെ തന്നെ ആദ്യത്തെ കേക്കിന്‍റെ ജനനം. നമ്മുടെ സ്വന്തം തലശേരിയിൽ മാമ്പള്ളി ബാപ്പു എന്ന ബാപ്പുട്ടിക്കയുടെ കൈപുണ്യത്തിൽ. ബർമയിലെ തന്‍റെ പ്രവാസ കാലജീവിതത്തിൽ ബിസ്കറ്റും ബ്രഡും ഒക്കെ ഉണ്ടാക്കാൻ പഠിച്ച പരിചയവുമായിട്ടാണ് ബാപ്പു സ്വദേശമായ തലശേരിയിൽ തിരിച്ചെത്തിയതും റോയൽ ബിസ്കറ്റ് ഫാക്റ്ററി തുടങ്ങിയതും. മദ്രാസിന്‍റെ ഭാഗമായിരുന്നു അന്നു തലശേരി.നിരവധി ബ്രിട്ടീഷുകാരായ നിയമജ്ഞരും ഉദ്യോഗസ്ഥരും പ്ലാന്‍റർമാരുമൊക്കെയാണ് അന്നു തലശേരിയിൽ നിറയെ ഉണ്ടായിരുന്നത്.ബാപ്പുവിന്‍റെ റോയൽ ബിസ്കറ്റ് ഫാക്റ്ററിയാകട്ടെ നാൽപതോളം വൈവിധ്യമാർന്ന ബിസ്കറ്റുകളും ബ്രഡുകളും മറ്റും നിർമിച്ചിരുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ ബേക്കറി.രുചി വൈവിധ്യങ്ങളിൽ അതിപ്രശസ്തവും.

വൈവിധ്യമാർന്ന ബേക്കറി പലഹാരങ്ങൾക്ക് റോയൽ ബിസ്കറ്റ് ഫാക്റ്ററിയെ കടത്തി വെട്ടാൻ വേറെ ആരുണ്ടാവാൻ? ബാപ്പുവിന്‍റെ കൈപുണ്യം കേട്ടറിഞ്ഞ സായിപ്പന്മാരിലൊരാൾ അങ്ങനെ റോയൽ ബിസ്കറ്റ് ഫാക്റ്ററിയിലെത്തി, ഇംഗ്ലണ്ടിൽ നിന്നും പ്രത്യേകം വരുത്തിച്ച കേക്കുമായി-അഞ്ചരക്കണ്ടിയിലെ കറപ്പു തോട്ടത്തിന്‍റെ ഉടമസ്ഥനായ ഫ്രാൻസിസ് കർണാക് ബ്രൗൺ. ക്രിസ്മസ് പ്രമാണിച്ച് നല്ലൊരു കേക്കു വേണം.സായിപ്പ് തന്‍റെ ആവശ്യമറിയിച്ചു. കൂട്ട് എന്തെന്ന് അറിയില്ല. ആരും ഉണ്ടാക്കി കണ്ടിട്ടില്ല. ഇത് എങ്ങനെ ഈ പരുവത്തിൽ വേവിച്ചെടുക്കുമെന്നും ബാപ്പുട്ടിക്ക് നോ ഐഡിയ.

അന്നോളം പരിചിതമല്ലാതിരുന്ന ആ മധുരവിഭവത്തിനു മുന്നിൽ തോൽക്കാൻ ബാപ്പുട്ടി തയാറായില്ല. കേക്ക് നിർമാണ ചേരുവകളും രീതിയും ബ്രൗൺ സായിപ്പ് പറഞ്ഞു കൊടുത്തു. അതിന്‍റെ സവിശേഷ ചേരുവകളായ കുറച്ചു സാധനങ്ങളും നൽകി. കൊക്കോ, ഉണക്ക മുന്തിരി, ഈന്തപ്പഴം തുടങ്ങിയ ഡ്രൈഫ്രൂട്ട്സ് ആയിരുന്നു അവ. അവയോടൊപ്പം മുന്തിയ ഇനം ബ്രാൻഡി കൂടി ഉപയോഗിക്കണമെന്നു കൂടി സായിപ്പ് നിർദേശം നൽകി.

പ്ലം കേക്ക്
പ്ലം കേക്ക്
ക്രിസ്മസ് കേക്കിനായി ബ്രൗൺ സായിപ്പ് എത്തിയപ്പോൾ ബാപ്പൂട്ടി താൻ ചെയ്തു വിജയിച്ച കേക്ക് അദ്ദേഹത്തിന് നൽകി. ചെറിയൊരു മാറ്റം, സായിപ്പ് ആവശ്യപ്പെട്ട ഫ്രഞ്ച് ബ്രാൻഡിക്കു പകരം മലബാർ മേഖലയിൽ പ്രശസ്തമായ കശുമാങ്ങയും വാഴപ്പഴവും ചേർത്തുണ്ടാക്കുന്ന തദ്ദേശീയ മദ്യം ചേർത്തു.

ആശയങ്ങളിൽ അനുഗൃഹീതനായിരുന്ന ബാപ്പൂട്ടി കേക്ക് രുചിച്ചു നോക്കി അതിന്‍റെ ചേരുവകളും അളവുകളും ഗണിച്ചെടുത്ത് തന്‍റേതായ അനുപാതത്തിൽ മനസിൽ കണക്കു കൂട്ടി. ധർമടത്തെ ഒരു കൊല്ലനെ വിളിച്ചു വരുത്തി കേക്ക് നിർമിക്കാനായി ഒരു അച്ച് പണിയിച്ചു. പത്തുദിവസങ്ങൾ-പിന്നീടങ്ങോട്ട് ഭഗീരഥ പ്രയത്നം തന്നെയായിരുന്നു. തന്‍റേതായ ശൈലിയിൽ പല ചേരുവകളും മാറി മാറി പരീക്ഷിച്ച് അളവുകളിൽ പലകുറി വ്യത്യാസങ്ങൾ വരുത്തി ഒടുവിൽ 1883 ഡിസംബർ 23 ന് , ക്രിസ്മസ് കേക്കിനായി ബ്രൗൺ സായിപ്പ് എത്തിയപ്പോൾ ബാപ്പൂട്ടി താൻ ചെയ്തു വിജയിച്ച കേക്ക് അദ്ദേഹത്തിന് നൽകി. ചെറിയൊരു മാറ്റം, സായിപ്പ് ആവശ്യപ്പെട്ട ഫ്രഞ്ച് ബ്രാൻഡിക്കു പകരം മലബാർ മേഖലയിൽ പ്രശസ്തമായ കശുമാങ്ങയും വാഴപ്പഴവും ചേർത്തുണ്ടാക്കുന്ന തദ്ദേശീയ മദ്യം ചേർത്തു.

കേക്ക് രുചിച്ച സായിപ്പ് ആനന്ദഭരിതനായി പറഞ്ഞത് എക്സലന്‍റ് എന്ന്. അതോടെ ഇന്ത്യയിലെ ആദ്യത്തെ കേക്ക് -തനി ഇന്ത്യൻ പ്ലം കേക്ക് നമ്മുടെ കൊച്ചു തലശേരിക്ക് സ്വന്തമായി. മാമ്പള്ളി ബാപ്പുട്ടി എന്ന തലശേരിക്കാരൻ പാൻ ഇന്ത്യൻ പദവിയിലേക്കുമുയർന്നു.

പ്ലം കേക്ക്
പ്ലം കേക്ക്
പോണ്ടിച്ചേരിക്കുമുണ്ട് കേക്കിലൊരു ഇന്ത്യൻ വൈവിധ്യം. മൈദയില്ലാത്ത കേക്ക്. സെമോലിനയും നെയ്യും മാത്രം ചേർത്തുണ്ടാക്കുന്ന വിവികം കേക്ക്.

കർശന സസ്യാഹാരികൾക്ക് പ്രാമുഖ്യമുള്ള ഇന്ത്യയിൽ കേക്ക് നിർമാണത്തിൽ വിജയം കൊയ്യുക അത്ര എളുപ്പമായിരുന്നില്ല. അതുകൊണ്ടു തന്നെ മുട്ട ചേർക്കാത്ത, തികഞ്ഞ സസ്യഭുക്കുകൾക്കും കഴിക്കാൻ പറ്റുന്ന കേക്കുകളും കണ്ടെത്തേണ്ടി വന്നു.

സസ്യാഹാരികളുടെ ഇഷ്ട വിഭവമാണ് ഇന്ത്യയിലെമ്പാടും ഇപ്പോൾ വിജയകരമായി വിൽക്കപ്പെടുന്ന ഗീ കേക്ക് . നാവിലിട്ടാൽ അലിയുന്ന രുചി. പകരം വയ്ക്കാനില്ലാത്ത കേക്ക് മാധുര്യം. അതു കൊണ്ടു തന്നെ ഈ മുട്ടയില്ലാ കേക്ക് സസ്യാഹാരികൾക്കും മാംസാഹാരികൾക്കുമെല്ലാം ഒരുപോലെ പ്രിയതരം.

പോണ്ടിച്ചേരിക്കുമുണ്ട് കേക്കിലൊരു ഇന്ത്യൻ വൈവിധ്യം. മൈദയില്ലാത്ത കേക്ക്. സെമോലിനയും നെയ്യും മാത്രം ചേർത്തുണ്ടാക്കുന്ന വിവികം കേക്ക്. റമ്മിൽ ഇട്ടു കുതിർത്ത അണ്ടിപ്പരിപ്പും പഞ്ചസാരയിൽ വിളയിച്ച മറ്റു വിവിധതരം ഫ്രൂട്ട്സും ചിലപ്പോഴൊക്കെ ഓറഞ്ച് തൊലി പൊടിച്ചതുമൊക്കെ ചേർത്താണ് പോണ്ടിച്ചേരി വിവികം കേക്കുകൾ പിറവിയെടുക്കുന്നത്.

പ്ലം കേക്ക് മിക്സിങ്
പ്ലം കേക്ക് മിക്സിങ്
കേക്കിനു ഭാവമാറ്റം വരുത്താൻ ആശിച്ച ഗോവയുടെ ബാത്ത് കേക്ക് ആണ് ഏറെ പ്രശസ്തമായ ഇന്ത്യൻ വെറൈറ്റികളിൽ മറ്റൊന്ന്.

1900ത്തിനു മുമ്പേ ഇറങ്ങിയ പല ഇന്ത്യൻ പാചകഗ്രന്ഥങ്ങളിലും യൂറോപ്പിന്‍റെ സ്വന്തം കേക്കിനെ തങ്ങളുടെ ഇഷ്ടപ്രകാരം മാറ്റുന്ന ഇന്ത്യൻ കൈപുണ്യങ്ങളെ കാണാം. മുട്ടയുടെ വെള്ള,തേങ്ങ, സെമോലിന, ബദാം തുടങ്ങിയവ ചേർത്ത് ഉണ്ടാക്കുന്ന കേക്കുകളെ കുറിച്ചുള്ള കുറിപ്പുകളാണവ.

കേക്കിനു ഭാവമാറ്റം വരുത്താൻ ആശിച്ച ഗോവയുടെ ബാത്ത് കേക്ക് ആണ് ഏറെ പ്രശസ്തമായ ഇന്ത്യൻ വെറൈറ്റികളിൽ മറ്റൊന്ന്.

മൈദ, പാൽ, ബട്ടർ എന്നിവയ്ക്കു പകരം തേങ്ങപ്പാലിൽ അരിപ്പൊടിയും ചിരണ്ടിയ തേങ്ങയും നെയ്യും സെമോലിനയും ചേർത്ത് വിസ്താരമുള്ള പാത്രത്തിൽ വച്ച് അടച്ച് ഒരു മണ്ണടുപ്പിൽ വച്ച് പാത്രത്തിനു താഴെയും അടപ്പിനു മുകളിലും കനലിട്ട് ബേക്ക് ചെയ്തെടുക്കുന്നതായിരുന്നു അത്. ഓവനുകൾ പ്രചുര പ്രചാരം നേടുന്നതിനു മുമ്പ് ഇന്ത്യയിൽ നിലവിലിരുന്ന ഒരു പരമ്പരാഗത ബേക്കിങ് ശൈലിയായിരുന്നു അത്. ഇന്നാകട്ടെ ഇന്ത്യ കേക്ക് വൈവിധ്യങ്ങളുടെ നാടായി മാറിയിരിക്കുന്നു.അല്ലെങ്കിൽ തന്നെ കേക്കില്ലാത്ത എന്തു പരിപാടിയാണ് നമുക്കിപ്പോൾ ഉള്ളത് ...അല്ലേ?