മുംബൈ: ജോലിക്കോ വിദ്യാഭ്യാസത്തിനോ വേണ്ടി സ്വദേശം വിട്ടു താമസിക്കേണ്ടി വരുന്നവർക്ക് ജീവിതച്ചെലവ് ഏറ്റവും കൂടുതലുള്ള ഇന്ത്യൻ നഗരം മുംബൈ ആണെന്ന് കോസ്റ്റോ ഓഫ് ലിവിങ് സിറ്റി റാങ്കിങ്. മെഴ്സറാണ് വിവിധ ലോക നഗരങ്ങളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ റാങ്ക് പട്ടിക തയാറാക്കിയിരിക്കുന്നത്.
പട്ടിക പ്രകാരം പ്രവാസികൾക്ക് ഏറ്റവും ചെലവേറിയ ലോക നഗരങ്ങളിൽ ആദ്യത്തെ രണ്ടെണ്ണവും ഏഷ്യയിലാണ്- ഹോങ്കോങ്ങും സിംഗപ്പുരും. മൂന്നാം സ്ഥാനത്തുള്ള സൂറിച്ചാണ് പാശ്ചാത്യനഗരങ്ങളിൽ മുന്നിൽ. അതേസമയം, ലോക റാങ്കിങ്ങിൽ 136ാം സ്ഥാനം മാത്രമാണ് മുംബൈക്കുള്ളത്. തലസ്ഥാനമായ ന്യൂഡഡല്‍ഹി പട്ടികയില്‍ 167ാം സ്ഥാനത്താണ്, ഇന്ത്യയിൽ രണ്ടാമതും. ചെന്നൈ (189), ബംഗളൂരു (195), ഹൈദരാബാദ് (202) എന്നിവയാണ് പട്ടികയിലുള്ള മറ്റ് ഇന്ത്യൻ നഗരങ്ങൾ.
ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ ലോക നഗരങ്ങളിൽ പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദ്, നൈജീരിയൻ നഗരങ്ങളായ അബുജ, ലാഗോസ് എന്നിവ ഉൾപ്പെടുന്നു. ആകെ 226 നഗരങ്ങളെയാണ് റാങ്കിങ്ങിൽ പരിഗണിച്ചിട്ടുള്ളത്. ന്യൂയോർക്കിലെ ജീവിതച്ചെലവ് അടിസ്ഥാനമാക്കിയാണ് മറ്റു നഗരങ്ങളിലെ താമസം, ഗതാഗതം, വസ്ത്രം തുടങ്ങിയ ഘടകങ്ങളുടെ ചെലവ് കണക്കാക്കിയിരിക്കുന്നത്.