കൊച്ചി: സമീപ വര്‍ഷങ്ങളില്‍ വരുമാന അസമത്വം കുറഞ്ഞുവെന്നും, വരുമാനം വർധിച്ചതും ഇന്ത്യന്‍ മധ്യവര്‍ഗത്തിന്‍റെ സ്ഥിതി മെച്ചപ്പട്ടതും ഉയർന്ന വരുമാന ശ്രേണിയിലേക്കുള്ള മുന്നേറ്റത്തിന് സഹായകമായെന്നും എസ്ബിഐ റിസര്‍ച്ചിന്‍റെ പുതിയ പഠന റിപ്പോര്‍ട്ട്. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്‍റെ (സിബിഡിടി) കണക്കുകളെ ഉദ്ധരിച്ചുള്ളതാണ് റിപ്പോര്‍ട്ട്.
ആദായ നികുതി അടിത്തറ വര്‍ഷം തോറും വിപുലപ്പെടുകയും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരുടെ എണ്ണം 2021-22ല്‍ ഏഴ് കോടിയായിരുന്നത് 2022-23 മൂല്യനിര്‍ണയ വര്‍ഷത്തില്‍ 7.4 കോടി വർധിക്കുകയും ചെയ്തു. 2023-24 മൂല്യനിര്‍ണയ വര്‍ഷത്തില്‍ ഡിസംബര്‍ 31 വരെ 82 ലക്ഷം റിട്ടേണുകള്‍ സമര്‍പ്പിച്ചു. അഞ്ചു ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ വരുമാനമുള്ള വ്യക്തിഗത നികുതിദായകര്‍ സമര്‍പ്പിച്ച ഐടിആറുകള്‍ 2013-14, 2021-22 മൂല്യനിര്‍ണയ വര്‍ഷങ്ങളില്‍ 295% വർധിച്ചു. 10 ലക്ഷത്തിനും 25 ലക്ഷത്തിനും ഇടയില്‍ വരുമാനമുള്ള ആളുകള്‍ സമര്‍പ്പിച്ച ഐടിആറുകളുടെ എണ്ണവും ഇതേ കാലയളവില്‍ ഏകദേശം മൂന്നു മടങ്ങ് (291%) വർധിച്ചു.
വരുമാന അസമത്വത്തിന്‍റെ അളവുകോലുകളില്‍ ഒന്നാണ് ജിനി കോഎഫിഷ്യന്‍റ്. ജിനി കോഎഫിഷ്യന്‍റ് സ്‌കോര്‍ 0-1നും മധ്യേയാണ്, ജിനി കോഎഫിഷ്യന്‍റ് പൂജ്യം ആണെങ്കില്‍ സമ്പൂര്‍ണ സമത്വവും ഒന്ന് ആണെങ്കില്‍ സമ്പൂര്‍ണ അസമത്വവും സൂചിപ്പിക്കുന്നു. ഈ അളവുകോല്‍ അനുസരിച്ച്, 2014-15ലെ അസസ്മെന്‍റ് വര്‍ഷത്തില്‍ ജിനി കോഎഫിഷ്യന്‍റ് 0.472ല്‍ നിന്ന് 2022-23ലെ 0.402 ആയി കുറഞ്ഞതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, 10 കോടി രൂപയില്‍ കൂടുതല്‍ വരുമാനമുള്ള 2.5% നികുതിദായകരുടെ വിഹിതം 2013-14ലെ 2.81 ശതമാനത്തിൽ നിന്ന് 2020-21ല്‍ 2.28% ആയി കുറഞ്ഞു. 100 കോടി രൂപയില്‍ കൂടുതല്‍ വരുമാനമുള്ള 1% നികുതിദായകരുടെ വിഹിതം സമാനമായ കാലയളവില്‍ 1.64 ശതമാനത്തില്‍ നിന്ന് 0.77% ആയി കുറഞ്ഞു.