ഐടി മേഖലയിലെ സ്ത്രീ പങ്കാളിത്തം: കേരളത്തെ പ്രകീര്‍ത്തിച്ച് ഇറ്റാലിയന്‍ സംഘം

സുസ്ഥിരതയാര്‍ന്ന ഐടി ആവാസവ്യവസ്ഥ എങ്ങനെ വളര്‍ത്തിയെടുക്കാമെന്നതിന് കേരളം മികച്ച മാതൃക
Representative graphics for a Kerala woman IT professional.
Representative graphics for a Kerala woman IT professional.Image by Freepik
Updated on

തിരുവനന്തപുരം: സുസ്ഥിരതയാര്‍ന്ന ഐടി ആവാസവ്യവസ്ഥ എങ്ങനെ വളര്‍ത്തിയെടുക്കാമെന്നതിന് കേരളം മികച്ച മാതൃകയാണെന്ന് ഇറ്റലി ആസ്ഥാനമായ സോഫ്റ്റ് ക്ലബ്ബ് പ്രതിനിധി സംഘം ടെക്നോപാര്‍ക്ക് സന്ദര്‍ശനത്തിനിടെ പറഞ്ഞു. പ്രസിഡന്‍റ് ഫ്രാന്‍സിസ്കോ റുട്ടെല്ലിയുടെ നേതൃത്വത്തില്‍ അന്താരാഷ്‌ട്ര സാംസ്കാരിക സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കാനുളള പ്രമുഖ ആഗോള സംഘടനയായ സോഫ്റ്റ് പവര്‍ ക്ലബ്ബിന്‍റെ രണ്ട് ദിവസത്തെ വാര്‍ഷിക സമ്മേളത്തോടനുബന്ധിച്ചാണ് സംഘം ഇവിടെയെത്തിയത്.

ഇരുപതോളം അംഗങ്ങളാണ് സംഘത്തിലുള്ളത്. ഉദ്ഘാടനത്തിന് ശേഷം അംഗങ്ങള്‍ ടെക്നോപാര്‍ക്ക് ക്യാമ്പസിലെ നിള, ഗംഗ, യമുന എന്നീ കെട്ടിടങ്ങളും ഫേസ് 3 ലെ നയാഗ്രയിലുള്ള എംബസി ടോറസും പ്രമുഖ ഐടി കമ്പനികളായ ഐബിഎസ് സോഫ്റ്റ് വെയര്‍, ടൂണ്‍സ് മീഡിയ എന്നിവയും സന്ദര്‍ശിച്ചു.

ഇലക്‌ട്രോണിക്സ് ആന്‍ഡ് ഐടി സെക്രട്ടറി ഡോ. രത്തന്‍ യു ഖേല്‍ക്കര്‍, ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട), എന്നിവര്‍ സംഘത്തെ നയിക്കുകയും ഇന്ത്യയിലെ പ്രമുഖ ഐടി കേന്ദ്രമായി അടയാളപ്പെടുത്തിയ ടെക്നോപാര്‍ക്കിലെ അത്യാധുനിക സംവിധാനങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്തു. ജി 20 ഷെര്‍പ്പ അമിതാഭ് കാന്തും സംഘത്തിനൊപ്പമുണ്ടായിരുന്നു.

സോഫ്റ്റ് പവര്‍ ക്ലബ്ബ് അംഗവും ജനീവയിലെ യുനെസ്കോ ലെയ്സണ്‍ ഓഫീസ് ഡയറക്റ്ററുമായ അന്ന ലൂയിസ മാസോട്ട് തോംസണ്‍ ഫ്ലോറസ് ജീവനക്കാരെ നിയമിക്കുന്നതിന്‍റെ മാനദണ്ഡമെന്തെന്നും ലിംഗസമത്വം പാലിക്കുന്നുണ്ടോ എന്നിവയും ചോദിച്ചറിഞ്ഞു. ഇന്ത്യയിലെ ആദ്യ ഐടി പാര്‍ക്കില്‍ പ്രതിഭാധനരായ ധാരാളം വനിതാ ജീവനക്കാരുണ്ടെന്നതും കഴിവും യോഗ്യതയുമാണ് നിയമനത്തിനുള്ള മാനദണ്ഡവുമെന്ന വസ്തുത തന്നെ അത്യധികം ആകര്‍ഷിച്ചതായി അവര്‍ പറഞ്ഞു. കേരളത്തിലെ ഐടി കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് (ജി-ടെക്) പ്രതിനിധികളുമായി സംഘം ആശയവിനിമയം നടത്തി.

ഐബിഎസ് സോഫ്റ്റവെയര്‍ എക്സിക്യുട്ടീവ് ചെയര്‍മാനും ജി-ടെക് ചെയര്‍മാനുമായ വി.കെ. മാത്യൂസും ടെക്നോപാര്‍ക്കിലെ മറ്റ് വ്യവസായ പ്രമുഖരും ജി-ടെക് അംഗങ്ങളും സംവാദത്തില്‍ പങ്കെടുത്തു. ഇറ്റലിയുടെ ഇന്ത്യയിലെ അംബാസഡര്‍ വിന്‍സെന്‍സോ ഡി ലൂക്കാ, ഇറ്റാലിയന്‍ പാര്‍ലമെന്‍റംഗങ്ങളായ മൗറോ ബെറൂട്ടോ, ജിയോവന്ന മിയേല്‍, ഇന്‍റര്‍നാഷണല്‍ മാര്‍ക്കറ്റ്സ് സീനിയര്‍ ഡയറക്റ്റര്‍ മൗറിസിയോ ടാഫോണ്‍, അല്‍മവിവ പ്രസിഡന്‍റ് ആല്‍ബര്‍ട്ടോ ട്രിപ്പി, ബിക്യൂ എന്‍റര്‍ടെയ്ന്‍മെന്‍റ് സിഇഒ ക്രിസ്റ്റ്യന്‍ ജെസ്ഡിക് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. കല, സംസ്കാരം, പൈതൃകം, സാമ്പത്തിക സ്വാധീനം എന്നിവയിലൂടെ മനുഷ്യവികസനം സാധ്യമാക്കാനാണ് സോഫ്റ്റ് പവര്‍ ക്ലബ്ബ് ലക്ഷ്യമിടുന്നത്.

Trending

No stories found.

Latest News

No stories found.