പരമ രഹസ്യം കർക്കിടകത്തിലെ മുക്കുടിക്കൂട്ട്

കൂടൽ മാണിക്യ ക്ഷേത്രത്തിലെ മുക്കുടി സേവയെ കുറിച്ച് പ്രചരിക്കുന്ന രസകരമായൊരു കഥയുണ്ട്
തോട്ടുവ ശ്രീ ധന്വന്തരി ക്ഷേത്രത്തിലെ അതിവിശേഷമായ മുക്കുടി നിവേദ്യം.
തോട്ടുവ ശ്രീ ധന്വന്തരി ക്ഷേത്രത്തിലെ അതിവിശേഷമായ മുക്കുടി നിവേദ്യം.
Updated on

റീന വർഗീസ് കണ്ണിമല

കർക്കിടകത്തിലെ മുക്കുടി സേവ പഴമക്കാർക്ക് ഒഴിച്ചു കൂടാനാകാത്തതായിരുന്നു. പലരും ഇതിന്‍റെ കൂട്ട് രഹസ്യമായാണ് സൂക്ഷിച്ചിരുന്നത്. കർക്കിടകത്തിൽ മാത്രമല്ല, കേരളത്തിലെ പൗരാണിക പ്രാധാന്യമുള്ള ക്ഷേത്രങ്ങളിൽ പലതിലും മുക്കുടി സേവ ഒരു സുപ്രധാന നൈവേദ്യമാണ്. ഇതിൽ സുപ്രധാനമായത് ഇരിങ്ങാലക്കുട കൂടൽ മാണിക്യ ക്ഷേത്രവും വൈക്കം മഹാദേവ ക്ഷേത്രവുമാണ്.

കൂടൽ മാണിക്യ ക്ഷേത്രത്തിലെ മുക്കുടി സേവയെ കുറിച്ച് പ്രചരിക്കുന്ന രസകരമായൊരു കഥയുണ്ട്. അതിങ്ങനെ:

ഒരു സായന്തനത്തിൽ വില്വമംഗലം സ്വാമിയാർ കൂടൽമാണിക്യം ക്ഷേത്രത്തിലെത്തി. അത്താഴപൂജ കഴിഞ്ഞ് നടതുറന്നിരിക്കുന്ന സമയം. ഏതു ക്ഷേത്രത്തിലെത്തിയാലും പ്രതിഷ്ഠാ മൂർത്തിയെ നേരിൽ കാണാൻ മാത്രം അതീന്ദ്രിയ ജ്ഞാനിയായിരുന്നു സ്വാമിയാർ. എന്നാലന്ന് കൂടൽ മാണിക്യ ക്ഷേത്രത്തിൽ പ്രവേശിച്ച ഭക്താഗ്രേസരനായ സ്വാമിയാർക്ക് ക്ഷേത്രത്തിലെവിടെയും ഭഗവാനെ കാണാനായില്ല. അതോടെ ക്ഷേത്രത്തിനു പുറത്തിറങ്ങി വില്വമംഗലം സ്വാമിയാർ അന്വേഷണം തുടങ്ങി.

ക്ഷേത്രത്തിന് തെക്ക് ഭാഗത്തുള്ള പാടവരമ്പത്ത് അസാധാരണമായ ജ്യോതിപ്രഭയുള്ള ഒരു ചെറുപ്പക്കാരനെ കണ്ട സ്വാമിയാർ നേരെ അദ്ദേഹത്തിനടുത്തേക്കു ചെന്നു. തുലാമാസമായിരുന്നു അത്. അത്യാവശ്യം വെള്ളം കയറി കിടന്ന പാടത്ത് എന്തിനോ വേണ്ടി തിരയുകയാണ് ആ പ്രഭാപൂരിതനായ യുവാവ്. അദ്ദേഹത്തിന്‍റെ ഒരു കയ്യിൽ ചില സസ്യങ്ങളുണ്ടായിരുന്നു. സ്വാമിയാരെ കണ്ട യുവാവ് അദ്ദേഹത്തോട് എന്താ ഈ വഴി എന്ന് ചോദിച്ചു. താൻ അന്വേഷിച്ചിറങ്ങിയ ഭഗവാൻ തന്നെയാണ് പ്രഭാപൂരിതനായ ഈ യുവാവെന്ന് അതീന്ദ്രിയ ജ്ഞാനിയായ വില്വമംഗലം സ്വാമിയാർ മനസിലാക്കി. ഭക്താഗ്രേസരനായ അദ്ദേഹം വിനയത്തോടെ ഇങ്ങനെ മറുപടി കൊടുത്തു:

"അകത്ത് കാണാത്തതിനാൽ അടിയൻ തിരഞ്ഞ് എത്തിയതാണ്''

പുഞ്ചിരിയായിരുന്നു ഭഗവാന്‍റെ മറുപടി.

ഈ സമയത്ത് ഈ പാടത്ത് എന്താ അന്വേക്ഷിക്കുന്നത് എന്ന് സ്വാമിയാർ ചെറുപ്പകാരനോട് ആരാഞ്ഞു.

ഇന്ന് പുത്തരി ആയതിനാൽ നിറയെ കഴിച്ചു എന്നും, വയർ നിറഞ്ഞത് അറിഞ്ഞില്ല എന്നും ഇപ്പോൾ വയർ അസ്വസ്ഥമാണെന്നും യുവാവ്സ്വാമിയോട് പറയുകയുണ്ടായി, സംഭാഷണത്തിനിടയിൽ യുവാവ് അന്വേഷിച്ചു കൊണ്ടിരുന്ന ഇലചെടി കിട്ടുകയും ചെയ്തു.

ഭഗവാൻ തന്‍റെ കൈവശം ഉണ്ടായിരുന്ന ഇലചെടികൾ സ്വാമിയാരുടെ കൈവശം കൊടുത്തു. ഈ ഇലചെടികൾ കൊണ്ട് ഉണ്ടാക്കുന്ന കൂട്ട് നാളെ ഉച്ച ഭക്ഷണത്തിന് കിട്ടിയാൽ ഇപ്പോൾ ഉള്ള വിഷമതകൾ എല്ലാം ഭേദമാകുമെന്ന് പറഞ്ഞു കൊണ്ട് ഭഗവാൻ അവിടെ നിന്ന് യാത്ര പറയാതെ നടന്നകന്നു....

കാര്യം ഗ്രഹിച്ച സ്വാമിയാർ ക്ഷേത്രം തന്ത്രികളെയും, അധികാരികളെയും വിവരം ധരിപ്പിച്ചു, സ്വാമിയാരെ അറിയാവുന്ന ക്ഷേത്രം അധികാരികൾ ആ ഇലചെടികൾ എല്ലാം കുട്ടഞ്ചേരി മൂസിന്‍റെ അടുത്ത് എത്തിക്കുകയും കാര്യങ്ങൾ പറയുകയും ചെയ്തു, സ്വാമിയാരുടെ നിർദ്ദേശാനുസരണം മൂസ് ഔഷധകൂട്ട് ഉണ്ടാക്കുകയും അടുത്ത ദിവസം ക്ഷേത്രത്തിൽ ഭഗവാന് നിവേദിക്കുകയും ചെയ്തു. അന്ന് നിവേദിച്ച ഔഷധകൂട്ടാണ് ഇന്ന് പ്രശസ്തമായിത്തീർന്ന മുക്കുടി നിവേദ്യം....

മുക്കുടി പല രീതിയിൽ പല നാടുകളിൽ തയാർ ചെയ്യുന്നു. കർക്കിടക കഞ്ഞി കുടിക്കുന്നതിന് നാലോ അഞ്ചോ ദിവസം മുമ്പ് മുക്കുടി ഉണ്ടാക്കി കുടിക്കുന്നതാണ് പതിവ്. എന്നാൽ ദഹന പ്രശ്നങ്ങളുണ്ടാകുമ്പോൾ എപ്പോൾ വേണമെങ്കിലും ഈ വിശിഷ്ടൗഷധം ഉണ്ടാക്കി കഞ്ഞിയുടെ കൂടെയോ അല്ലാതെയോ കഴിക്കുന്നത് അത്യുത്തമമാണ്. ഒരു കാലത്ത് അതീവ രഹസ്യമാക്കി വച്ച ഈ മുക്കുടിക്കൂട്ടുകളിൽ ഒന്ന് താഴെ കൊടുക്കുന്നു.

1. പുളിയാറില -ഒരു പിടി

പനിക്കൂർക്കയില-രണ്ടോ മൂന്നോ തണ്ട്

മുക്കുറ്റി-രണ്ടോ മൂന്നോ എണ്ണം മുഴുവൻ

2.

മഞ്ഞൾപ്പൊടി-ഒരു ടീസ്പൂൺ

കുരുമുളക് -ഒരു ടീസ്പൂൺ

അയമോദകം-അര ടീസ്പൂൺ

നല്ല ജീരകം -അര ടീസ്പൂൺ

ചുക്ക് -ഒരു ചെറിയ കഷണം

ഇന്തുപ്പ് -ഒരു നുള്ള്

3. അധികം പുളിക്കാത്ത മോര്-അര ലിറ്റർ

ഉണ്ടാക്കുന്ന വിധം:

ഒന്നാം ചേരുവകൾ ഓരോന്നായി ഇടിച്ചു പിഴിഞ്ഞ് നീരെടുക്കുക. ആവശ്യത്തിന് വെള്ളം ചേർക്കാം. ഒരു മൺ പാത്രത്തിൽ ഇത് അരിച്ചൊഴിച്ച് അതിലേക്ക് രണ്ടാം ചേരുവകളെല്ലാം ചേർക്കുക. ചുക്ക് പൊടിച്ചു ചേർക്കണം. ഇതിലേക്ക് ഒരു നുള്ള് ഇന്തുപ്പും അധികം പുളിക്കാത്ത മോരും ചേർത്തിളക്കുക. ഇത് ചെറു തീയിൽ വച്ച് ഒരേ രീതിയിൽ പതിയെ ഇളക്കി കൊടുത്ത് ആറേഴു മിനിറ്റു കഴിഞ്ഞ് വാങ്ങി വച്ച് ഉപയോഗിക്കുക. വിശിഷ്ടമായ മുക്കുടി തയാറായിക്കഴിഞ്ഞു.

Trending

No stories found.

Latest News

No stories found.