സ്വന്തം ലേഖിക
ഒഴുകിയെത്തുന്ന ഹിന്ദുസ്ഥാനി സംഗീതത്തിനൊപ്പം ദ്രുതഗതിയിൽ ചലിക്കുന്ന പാദങ്ങൾ...വായുവിൽ അനായാസമായി ഉയർന്ന് താഴുന്ന കൈവിരലുകളിൽ തോരാതെ തെളിയുന്ന മുദ്രകൾ... മനോഹരമായ ചുവടുകൾ കൊണ്ട് കഥകിൽ കവിത രചിക്കുകയാണ് ഇരിങ്ങാലക്കുടക്കാരിയായ ശരണ്യ സഹസ്ര. ആരും കൊതിക്കുന്ന ഖജുരാഹോ നൃത്തോത്സവത്തിൽ ചുവടു വച്ച കേരളത്തിൽ നിന്നുള്ള ആദ്യ നർത്തകി. ശരണ്യ ചിലങ്ക കെട്ടി വേദിയിലെത്തുമ്പോഴെല്ലാം കഥകിനു മാത്രം സാധ്യമാകുന്ന മാസ്മരികമായ അനുഭൂതിയാണ് ആസ്വാദകരുടെ ഹൃദയങ്ങളിലേക്ക് പെയ്തു നിറയാറുള്ളത്. കേരളത്തിൽ ആദ്യമായി കഥക് ദേശീയ ഫെസ്റ്റിവൽ എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ഒരുങ്ങുകയാണ് ശരണ്യ. ഉത്തരേന്ത്യയിൽ നിറഞ്ഞു നിൽക്കുന്ന കഥകിനെ ദക്ഷിണേന്ത്യയ്ക്ക് പരിചിതമാക്കുന്നതിൽ ശരണ്യ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
ശരണ്യയുടെ നേതൃത്വത്തിലുള്ള ശരണ്യാസ് സഹസ്ര കൾച്ചറൽ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ നവംബർ 20 മുതൽ 22 വരെ തൃശൂർ സംഗീത നാടക അക്കാഡമി റീജ്യണൽ തിയറ്ററിലാണ് കേരള കഥക് കലോത്സവ് നടത്തുന്നത്. ഗുരുവായ ഡോ. പുരു ധദീചിന്‍റെ എൺപത്തിയഞ്ചാം പിറന്നാളിനോടനുബന്ധിച്ചാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ തന്നെ പ്രഗത്ഭരായ 35 കഥക് നർത്തകാണ് കഥക് ഫെസ്റ്റിവലിൽ പങ്കെടുക്കുക. ശരണ്യയുടെ ശിഷ്യരായ 40 വിദ്യാർഥികളുടെ നൃത്ത ശിൽപ്പവും അവതരിപ്പിക്കും. കഥകിനെ ജനകീയമാക്കുന്നതിനായുള്ള ശ്രമത്തിലാണ് നർത്തകി.
വർഷങ്ങളോളമായി തുടരുന്ന പരിശീലനം, മനസ് സമർപ്പിച്ച് പൂർത്തിയാക്കിയ നിരവധി നൃത്തങ്ങൾ, പ്രശസ്തമായ അനവധി വേദികളും പുരസ്കാരങ്ങളും... തിളക്കമേറിയതാണ് ശരണ്യയുടെ നൃത്തജീവിതം. ഇരിങ്ങാലക്കുടക്കാരിയായ ശരണ്യ മൂന്നു വയസു മുതലേ നൃത്ത പഠനം ആരംഭിച്ചിരുന്നു. പക്ഷേ 2013ലാണ് കഥകിലേക്ക് കൂടുതൽ അടുക്കുന്നത്. മഹാരാഷ്ട്രയിൽ ഗുരു പാർവതി ദത്ത നടത്തിയ വർക് ഷോപ്പിൽ പങ്കെടുത്തതോടെ കഥകിനോട് താത്പര്യം വർധിച്ചു.
ഗുരു ശാശ്വതി സെന്നിന്‍റെ കീഴിലാണ് ആദ്യമായി കഥക് അഭ്യസിച്ചത്. പിന്നീട് പണ്ഡിറ്റ് ബിർജു മഹാരാജ്, പത്മശ്രീ ഡോ.പുരു ധദീച്, ഡോ. വിഭ ധദീച് എന്നിവരുടെയും കീഴിൽ നൃത്തം അഭ്യസിച്ചു. രാംതേഗ് കവികുലഗുരു കാളിദാസ് സംസ്കൃത യൂണിവേഴ്സിറ്റിയിൽ നിന്ന് കഥകിൽ മാസ്റ്റേഴ്സ് നേടിയ ശരണ്യ ദൂരദർശനിലെ ഗ്രേഡഡ് ആർട്ടിസ്റ്റാണ്. ഖജുരാഹോ നൃത്തോത്സവത്തിൽ നൃത്തമാടുന്ന കേരളത്തിൽ നിന്നുള്ള ആദ്യ നർത്തകിയാണ് ശരണ്യ. ഗുരുവിനൊപ്പം ഋതുവസന്ത് എന്ന നൃത്തമാണ് ഖജുരാഹോയിൽ അവതരിപ്പിച്ചത്.
ഭക്ത മീരയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് കേരള സംഗീത നാടക അക്കാഡമി രാജസ്ഥാനിൽ നടത്തിയ മീരാ മഹോത്സവത്തിൽ പ്രേരംഗ് മീര എന്ന നൃത്തശിൽപം അവതരിപ്പിച്ചിരുന്നു. കേന്ദ്ര സർക്കാരിന്‍റെയും കേന്ദ്ര സംഗീത നാടക അക്കാഡമിയുടെയും ക്ഷണം സ്വീകരിച്ചാണ് നൃത്ത ശിൽപം അവതരിപ്പിച്ചത്. ഭക്ത മീരയുടെ കൃഷ്ണനോടുള്ള അചഞ്ചലമായ സമർപ്പണത്തോടുള്ള ആദരവായാണ് നൃത്തശിൽപ്പം അവതരിപ്പിച്ചത്. മഹോത്സവത്തിലേക്ക് ക്ഷണം ലഭിച്ച കേരളത്തിലെ ഏക സംഘമായിരുന്നു ശരണ്യയുടേത്. ന്യൂഡൽഹിയിലെ ഭരത് മണ്ഡപത്തിന്‍റെ ഉദ്ഘാടന ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുന്നിലും നൃത്തം അവതരിപ്പിച്ചു.
സൂര്യ ഇന്ത്യ പ്രൊഡക്ഷൻസ്, ജി20- ഇന്‍റർനാഷണൽ കോൺഫറൻസ്, കേരള കലാമണ്ഡലത്തിന്‍റെ കേരളീയം 2023 എന്നിയ്ക്കു വേണ്ടിയും ശരണ്യ കോറിയോഗ്രാഫി ചെയ്തിട്ടുണ്ട്. കർമശ്രേഷ്ഠ പുരസ്കാരം 2024, യുവ നാട്യാചാര്യ പുരസ്കാർ 2022, കലാക്ഷേത്ര പുരസ്കാർ, വയലാർ നാട്യകലാ അവാർഡ് 2022, നടന ഭ്രമരി പുരസ്കാർ 2020, നാട്യകല ജ്യോതി പുരസ്കാർ 2019, നൃത്യ പൂർണ പുരസ്കാരം 2019 എന്നിങ്ങനെ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
സഹസ്ര കഥ നൃത്ത അക്കാദമിയിലൂടെ കേരളത്തിൽ കഥകിന്‍റെ മനോഹരമായൊരു പാരമ്പര്യം സൃഷ്ടിക്കാനാണ് ശരണ്യ ശ്രമിക്കുന്നത്. ഇരിങ്ങാലക്കുടയിലെ ശരണ്യാസ് സഹസ്രയിൽ വച്ചും ഞായറാഴ്ചകളിൽ കിഴക്കേ കോട്ടയിലെ ഡൈനാമിക് ഹീറോസ് എന്ന ഡാൻസ് സ്കൂളിലും കഥക് ക്ലാസുകൾ നടത്തുന്നുണ്ട്. ഡോ. വിഭ ധദീച് രൂപകൽപന ചെയ്ത നൃത്യ അങ്കുർ എന്ന ഡിപ്ലോമ കോഴ്സും ഇവിടെ പൂർത്തിയാക്കാൻ സാധിക്കും. ഓൺലൈനായും പഠിക്കാം. ന നിലവിൽ ഇരുന്നൂറിലധികം ശിഷ്യരാണ് ശരണ്യയ്ക്കുള്ളത്. ഇതിൽ പലരും ദുരദർശന്‍റെ ഗ്രേഡഡ് ആർട്ടിസ്റ്റുകളാണ.് അച്ഛൻ ആലുപറമ്പിൽ ശങ്കരനാരായണനും അമ്മ സരസയും ചെറുപ്പം മുതലേ ശരണ്യയുടെ ഇഷ്ടങ്ങൾക്കൊപ്പമായിരുന്നു. മുത്തച്ഛൻ സഹസ്രാക്ഷന്‍റെ പേരിൽ നിന്നാണ് സ്ഥാപനത്തിന് സഹസ്ര എന്നു പേരു നൽകിയത്. ഭർത്താവ് ജസ്‌ലിനും മക്കളായ ആര്യനും കാൽപ്പനികയും ശരണ്യയ്ക്ക് പിന്തുണയുമായി ഒപ്പമുണ്ട്.
കഥക് എന്നത് ഒരു സംസ്കൃത പദമാണ് . "കഥ പറയുക" അല്ലെങ്കില്‍ "കഥ പറയുന്നയാള്‍" എന്നൊക്കെയാണ് പദത്തിന്‍റെ അർഥം. നൃത്തം അവതരിപ്പിക്കുന്നതിനു മുൻപേ അവതരിപ്പിക്കുന്ന കഥയെക്കുറിച്ച് നർത്തകി സംസാരിക്കും. പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ ഭക്തിപ്രസ്ഥാനത്തിന്‍റെ പ്രചാരത്തോടൊപ്പമാണ് കഥക് ഒരു വ്യത്യസ്തമായ നൃത്തരൂപമായി വികാസം പ്രാപിച്ചത്. രാധാകൃഷ്ണ ലീലകൾ അവതരിപ്പിക്കുന്ന രാസലീല എന്ന നാട്യരൂപവും കഥക് കഥാവതാരകരുടെ മുദ്രകൾ ഉൾക്കൊള്ളിച്ച നാടോടിനൃത്തവും സംയോജിപ്പിക്കപ്പെട്ടാണ് ഈ നൃത്തരൂപം രൂപം കൊണ്ടത്. ജയ്‌പൂർ ശൈലി, ലക്നൗ ശൈലി എന്നിങ്ങനെ രണ്ടു ശൈലികൾ അഥവാ ഘരാനകൾ ഇതിൽ ഉടലെടുത്തു. പിന്നീട മുഗൾരാജവംശം അധികാരത്തിലിരുന്നപ്പോൾ കാര്യമായ ചില മാറ്റങ്ങൾ കഥകിനുണ്ടായി. കണങ്കാൽകൊണ്ടുള്ള ചുറ്റലും ചുറ്റിത്തിരിയലും, ചടുലങ്ങളായ അംഗവിക്ഷേപനങ്ങളും കഥകിന്‍റെ പരിഷ്കൃതരീതികളാണ്.
ഗണേശസ്തുതിയോടെയാണ് കഥക് ആരംഭിക്കുന്നത്. സമത്തിൽ നിന്ന് ദ്രുതത്തിലേയ്ക്കും, അതിദ്രുതത്തിലേയ്ക്കുമാണ് നർത്തകർ ചുവടു വയ്ക്കുക. കണങ്കാലിന്‍റെ ഭ്രമണം(ചുറ്റൽ) കഥകിന്‍റെ സവിശേഷതയാണ്.താളവാദ്യങ്ങൾക്ക് ഏറ്റവും കൂടുതൽ സ്ഥാനം കഥകിലുണ്ട്. ചെണ്ട പോലുള്ള വാദ്യോപകരണവും തബലയും കഥകിനു ഉപയോഗിക്കുന്നു. കഥകിൽ സ്ത്രീകളും പുരുഷന്മാരും പങ്കെടുക്കും. ഓരോ കാലിലും നൂറ്റിപ്പത്ത് ചിലങ്കകൾ ഉറപ്പുള്ള ചരടിൽ കോർത്തുകെട്ടിയാണ് നൃത്തമാടുക. ലളിതമായ വസ്ത്രവും ആഭരണങ്ങളും നൃത്തത്തിന്‍റെ മാസ്മരികത വർധിപ്പിക്കും.