ലോകത്ത് ഏറ്റവും നല്ല ഭക്ഷണശൈലി ഏതാണ്? സംശയമില്ല-അതു മെഡിറ്ററേനിയൻ ഡയറ്റ് തന്നെ. മെഡിറ്ററേനിയൻ കടലിനോട് ചേർന്നുള്ള രാജ്യങ്ങളിലെ പരമ്പരാഗത പാചകരീതിയാണ് മെഡിറ്ററേനിയൻ ഡയറ്റ്. ആരോഗ്യകരമായ ഈ ഭക്ഷണ ശൈലി ഹൃദയാഘാതം, സ്ട്രോക്ക്, ടൈപ്പ് 2 പ്രമേഹം എന്നിവ തടയാൻ സഹായിക്കുന്നു.
മെഡിറ്ററേനിയൻ കടലിന് ചുറ്റുമുള്ള വിവിധ രാജ്യങ്ങളിൽ വിവിധ രീതികളിലായി കിടക്കുന്ന ഭക്ഷണക്രമം ആയതിനാൽ നിയതമായ ഒരു ശൈലി ഇതിനുണ്ടെന്നു പറയുക വയ്യ. എന്നാൽ സാധാരണയായി മെഡിറ്ററേനിയൻ ഡയറ്റിൽ ആരോഗ്യകരമായ പ്രോട്ടീനുകൾ,കൂടുതലും ഗുണമേന്മയുള്ള സമുദ്രവിഭവങ്ങൾ, കോഴി, മുട്ട, ചീര, കാലെ, ബ്രൊക്കോളി തുടങ്ങിയ ഇലക്കറികൾ, ബദാം, വാൽനട്ട്, ഹാസൽനട്ട്, ഒലിവ് ഓയിൽ തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകൾ തുടങ്ങിയവയാണ് പ്രധാനം. റെഡ് വൈൻ മിതമായ അളവിൽ കഴിക്കാം, മാംസവും പാലുൽപ്പന്നങ്ങളും വളരെ കുറച്ച് മാത്രമേ കഴിക്കാവൂ. കൂടാതെ, ശുദ്ധീകരിച്ച ധാന്യങ്ങൾ, സംസ്കരിച്ച ഭക്ഷണം, ട്രാൻസ് ഫാറ്റ്, സോയാബീൻ ഓയിൽ, സീഡ് ഓയിൽ തുടങ്ങിയ ശുദ്ധീകരിച്ച എണ്ണകൾ എന്നിവ ഒഴിവാക്കണം.
പ്രയോജനങ്ങൾ:
മത്സ്യവും ഒലിവ് ഓയിലുമാണ് മെഡിറ്ററേനിയൻ ഡയറ്റിലെ പ്രധാനഘടകങ്ങൾ. ഒലിവ് ഓയിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പ് നൽകുന്നു. ഇത് മൊത്തം കൊളസ്ട്രോൾ , ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) കൊളസ്ട്രോൾ അളവ് കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട് . ഫാറ്റി ഫിഷിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നു. ശരീരത്തിലെ വീക്കം കുറയ്ക്കാൻ കഴിയുന്ന ഒരു തരം പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പ് ആണ് ഇത് . ഒമേഗ -3 ഫാറ്റി ആസിഡുകൾ ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കാനും രക്തം കട്ടപിടിക്കുന്നത് കുറയ്ക്കാനും സ്ട്രോക്ക് , ഹൃദയസ്തംഭനം എന്നിവ കുറയ്ക്കാനും സഹായിക്കും. ഫ്രഷ് ആയ പച്ചക്കറികളും പഴങ്ങളും, ധാന്യങ്ങൾ, പയർവർഗങ്ങൾ, ഒലീവ് ഓയിൽ, മത്സ്യം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മെഡിറ്ററേനിയൻ ഡയറ്റ് ശരീരഭാരം കുറയ്ക്കാനും ഹൃദ്രോഗം , പ്രമേഹം, ചില ക്യാൻസർ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും . പലതരം രുചിയുള്ള ഭക്ഷണങ്ങൾ അനുവദിക്കുന്നതിനാലും കലോറി എണ്ണേണ്ട ആവശ്യമില്ലാത്തതിനാലും ഇത് പിന്തുടരാൻ എളുപ്പമായ ഡയറ്റാണ്.
ദോഷങ്ങൾ:
മെഡിറ്റേറിയൻ ഡയറ്റിൽ പാലിക്കേണ്ട പ്രത്യേക മാർഗനിർദ്ദേശങ്ങളൊന്നും ഇല്ലാത്തതിനാൽ, ആരംഭിക്കുന്ന ഒരാൾക്ക് ഇത് അൽപ്പം ആശയക്കുഴപ്പമുണ്ടാക്കുകയും പോഷകങ്ങളുടെ അഭാവത്തിലേക്ക് നയിക്കുകയും ചെയ്തേക്കാം. ശരിയായി ചെയ്തില്ലെങ്കിൽ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിപ്പിക്കുന്ന മെഡിറ്ററേനിയൻ ഡയറ്റ് ഗുണത്തേക്കാളേറെ ദോഷം ചെയ്‌തേക്കാം. നിങ്ങളുടെ ജീവിതശൈലിയുമായി പൊരുത്തപ്പെടുന്ന ഒരു ഡയറ്റ് പ്ലാൻ നിർമ്മിക്കുന്നതിന് വിദഗ്ധാഭിപ്രായം തേടുന്നതു തന്നെയാണ് നല്ലത്.