ഹണി വി.ജി.
ഇന്ത്യയുടെ ഏതു ഭാഗത്തും മധുര പലഹാരങ്ങളിൽ മുൻപന്തിയിലാണ് ഹൽവ. ഒരുപാടിനം ഹൽവകൾ ഇന്ന് മാർക്കറ്റിൽ ലഭ്യവുമാണ്. എന്നാൽ, അതിൽ നിന്നെല്ലാം വ്യത്യസ്തമായ, ഏറെ സ്വാദിഷ്ടമായ ഒരു ഹൽവയാണ് അക്രോട് ഹൽവ. ഏത് പ്രായക്കാർക്കും, പ്രത്യേകിച്ചും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുള്ളവർക്ക് പ്രിയപ്പെട്ട വിഭവമാണിത്.
സ്വന്തമായി ബിസിനസ് തുടങ്ങാൻ മിക്കവര്‍ക്കും ആഗ്രഹമുണ്ടെങ്കിലും മൂലധനമാണ് പ്രധാന തടസം. ബിസിനസുകൾക്കായി മുതൽ മുടക്കാൻ ലക്ഷങ്ങളൊന്നും കൈയിലില്ലെന്നു പറയുന്നവരും ധാരാളം. എന്നാൽ, ഇച്ഛാശക്തിയുണ്ടെങ്കിൽ വമ്പൻ മുതൽമുടക്കൊന്നും കൂടാതെ തന്നെ ബിസിനസ് തുടങ്ങി വിജയിപ്പിക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് മുംബൈയിൽ ഫോർ ബംഗ്ലാവിൽ താമസിക്കുന്ന നഥാഷ അനീത.
ഒരിക്കൽ കോവിഡ് കാലത്ത് വീട്ടിലിരുന്ന് മധുര പലഹാരങ്ങൾ ഉണ്ടാക്കിത്തുടങ്ങിയതാണ് നഥാഷ. അന്ന് പരീക്ഷണാർഥം ഉണ്ടാക്കിയ അക്രോട് ഹൽവ, ബർഫി, ലഡ്ഡു ഒക്കെ പലർക്കും കൊടുക്കുകയും വളരെ നല്ല പ്രതികരണം കിട്ടുകയും ചെയ്തപ്പോൾ സ്വയം ഇത് ബിസിനസ് ആക്കി മാറ്റാമെന്ന് തിരിച്ചറിയുകയായിരുന്നു.
''2020ലാണ് ഇത് തുടങ്ങുന്നതും ജനങ്ങളിലേക്ക് എത്തുന്നതും. അന്നു മുതൽ ഇന്നുവരെ ഡിമാൻഡ് കൂടി വന്നിട്ടേയുള്ളൂ, പ്രത്യകിച്ച് അക്രോട് ഹൽവയ്ക്ക്'', നഥാഷ പറയുന്നു.
വിജയിക്കാൻ ഏറ്റവും കൂടുതൽ സാധ്യതകൾ ഉള്ളതും എല്ലാവരും കൈവയ്ക്കുന്നതുമായ ഒരു മേഖലയാണ് ഫുഡ് ബിസിനസ്. ഇക്കാര്യത്തിൽ നഥാഷയ്ക്ക് പിഴച്ചില്ല. കൊവിഡ് കാലത്ത് വീട്ടിലിരുന്ന് ഉണ്ടാക്കിയ അക്രോട് ഹൽവ ഇന്ന് മികച്ച പ്രതിമാസ വരുമാനം നേടിക്കൊടുക്കുന്നു. ഓൺലൈൻ ഓര്‍ഡര്‍ അനുസരിച്ച് ഉപഭോക്താക്കളിൽ ഉത്പന്നങ്ങൾ എത്തിക്കുന്നതാണ് പതിവ്.
ഉത്സവങ്ങളുടെ കാലമാണ് ഇനിയങ്ങോട്ട്. ഗണേശോത്സവാഘോഷങ്ങൾ അവസാനിച്ചിട്ടില്ല. ദസറയും ദീപാവലിയും, അങ്ങനെ ഉത്സവങ്ങൾ ഇനി നിരവധിയാണ്. അതിനൊക്കെയുള്ള ഒരുക്കത്തിലാണ് നാഥാഷ. ഇനി ഉത്സവ സീസണുകൾ അല്ലെങ്കിൽപ്പോലും നിരവധി ഓർഡറുകളാണ് ഇപ്പോൾ ലഭിക്കുന്നതെന്നും അവർ സാക്ഷ്യപെടുത്തുന്നു.
ഓർഡർ തന്നവർ വീണ്ടും വീണ്ടും ഓർഡർ ചെയ്യുന്നത് ഒരുപാട് സന്തോഷവും ആത്മവിശ്വാസവും പകരുന്നുണ്ടെന്നും അഭിമാനത്തോടെ നഥാഷ പറയുന്നു.
'മീഠാ മുബാരക്' എന്ന പേരിലാണ് എല്ലാ മധുര പലഹാരങ്ങളും നിർമിച്ച് വിൽക്കുന്നത്. ഇന്ത്യയിൽ മാത്രമല്ല, രാജ്യത്തിനു പുറത്ത്, യുകെ, യുഎസ് എന്നിവിടങ്ങളിലും ഡിമാൻഡ് വർധിച്ചതായായി അവർ വിശദീകരിച്ചു.
കുട്ടികളോ മുതിർന്നവരോ എന്നില്ലാതെ ഏതു പ്രായത്തിൽപ്പെട്ടവർക്കും പ്രിയമേകുന്നതാണ് മീഠാ ബുബാരക് നിർമിക്കുന്ന എല്ലാ പലഹാരങ്ങളും. ഇതിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് അക്രോട് ഹൽവയ്ക്കു തന്നെ.
രുചികരമായ ഹൽവ ഒരു മാസം വരെ കേട് കൂടാതെ ഇരിക്കുന്നുവെന്നതാണ് മറ്റൊരു പ്രത്യകത. ഫ്രിഡ്ജിൽ പോലും വയ്ക്കേണ്ട ആവശ്യമില്ല. മികച്ച ഗുണ നിലവാരത്തോടു കൂടിയാണ് എല്ലാം നിർമിക്കുന്നതെന്നും അടിവരയിട്ടു തന്നെ നഥാഷ പറയുന്നു. പല പ്രശസ്ത വ്യക്തികളും ഇതിനകം തന്നെ വാങ്ങി കഴിച്ചവരിൽ ഉൾപ്പെടുന്നു.
പ്രശസ്തിയുടെ പടവുകൾ കയറിക്കൊണ്ടിരിക്കുന്ന മീഠാ മുബാരക് മറ്റൊരു ചുവടുവയ്പ്പിനുള്ള തയാറെടുപ്പിലാണിപ്പോൾ. വൈവിധ്യമാർന്ന ഹൽവ ഇനങ്ങളിൽ വിപണിയിലെത്തിക്കാനാണ് ശ്രമം.
സമൂഹ മാധ്യമങ്ങളിൽ കൂടിയാണ് കൂടുതൽ ഓർഡറുകളും ലഭിക്കുന്നത്. പിന്നീട് ഓർഡർ തന്ന ഭൂരിഭാഗം പേരും മറ്റു പലർക്കും ഈ പ്രൊഡക്ട്സ് പരിചയപ്പെടുത്തുകയും അവർ ഓർഡർ തരുകയും അങ്ങനെ മൗത്ത് പബ്ലിസിറ്റിയിലൂടെ തന്നെ വിപണിയിൽ സജീവമാവുകയായിരുന്നു മീഠാ മുബാരക്.
ഫോൺ: 96191 15343 | ഇമെയിൽ: natasha213p@gmail.com