മിൽമ ഇനി പായസവും വിൽക്കും

പ്രവാസികളെയും അതുവഴി കയറ്റുമതിയും ലക്ഷ്യം വച്ചുകൊണ്ടുള്ള റെഡി ടു ഡ്രിങ്ക് പാലട പായസം
Milma palada payasam ilaneer ice cream
മിൽമ ഇനി പായസവും വിൽക്കും
Updated on

തിരുവനന്തപുരം: പാലട പായസവും ഐസ്ക്രീമിലെ പുതിയ തരംഗമായ ഇളനീര്‍ (ടെന്‍ഡര്‍ കോക്കനട്ട്) ഐസ്ക്രീമും പുറത്തിറക്കി മില്‍മ. പ്രവാസികളെയും അതുവഴി കയറ്റുമതിയും ലക്ഷ്യം വച്ചുകൊണ്ടുള്ള റെഡി ടു ഡ്രിങ്ക് പാലട പായസം മലബാര്‍ യൂണിയന്‍റെ സഹകരണത്തോടെ മില്‍മ ഫെഡറേഷനും ഇളനീര്‍ ഐസ്ക്രീം മില്‍മ എറണാകുളം യൂണിയനുമാണ് പുറത്തിറക്കിയത്. രണ്ട് ഉത്പന്നങ്ങളും സംസ്ഥാനത്തെ എല്ലാ ഔട്ട്‌ലെറ്റുകള്‍ വഴിയും ലഭ്യമാകും.

12 മാസം വരെ കേടുകൂടാതിരിക്കുന്ന പാലട പായസമാണ് മില്‍മ വിപണിയിലെത്തിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രിയങ്കരമായ ഈ കേരള വിഭവം വിദേശങ്ങളിലെത്തിക്കാനും മില്‍മയുടെ ഈ സംരംഭത്തിലൂടെ സാധിക്കുമെന്നാണ് മിൽമയുടെ പ്രതീക്ഷ. പുതിയ രുചികളിലേക്ക് മില്‍മയുടെ ഐസ്ക്രീമിനെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇളനീര്‍ ഐസ്ക്രീം പുറത്തിറക്കിയിരിക്കുന്നത്.

മൈക്രോവേവ് അസിസ്റ്റഡ് തെര്‍മല്‍ സ്റ്റെറിലൈസേഷന്‍ (എംഎടിഎസ്) സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അസെപ്റ്റിക് രീതിയിലാണ് പാലട പായസം തയാറാക്കുന്നതും പായ്ക്ക് ചെയ്യുന്നതും. രുചി, മണം, ഗുണമേന്മ എന്നിവ ഒരു ശതമാനം പോലും ചോര്‍ന്നു പോകാതെ സംരക്ഷിക്കാനാവുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. യാതൊരു വിധത്തിലുള്ള രാസപദാര്‍ഥങ്ങളോ പ്രിസര്‍വേറ്റീവോ ചേര്‍ക്കാതെയാണ് ഇത് തയാറാക്കുന്നത്.

ആന്ധ്ര പ്രദേശിലെ ശ്രീ സിറ്റിയിലുള്ള ടാറ്റയുടെ അത്യാധുനിക എംഎടിഎസ് സ്മാര്‍ട്സ് ഫുഡ് പ്ലാന്‍റിലാണ് ഇത് നിർമിക്കുന്നത്. നാല് പേര്‍ക്ക് വിളമ്പാനാകുന്ന 400 ഗ്രാമിന്‍റെ പായ്ക്കറ്റിലായിരിക്കും ഇത് വിപണിയിലെത്തുക. 150 രൂപയാണ് പായ്ക്കറ്റിന്‍റെ വില.

Trending

No stories found.

Latest News

No stories found.