ജീവിതശൈലീ രോഗപ്രതിരോധത്തിന് ആയുഷ് യോഗ ക്ലബ്ബുകൾ

ആയുഷ് യോഗ ക്ലബ് ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു
ജീവിതശൈലീ രോഗപ്രതിരോധത്തിന് ആയുഷ് യോഗ ക്ലബ്ബുകൾ
Updated on

തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധത്തിന് ആയുഷ് യോഗ ക്ലബ്ബുകൾ സഹായിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അന്താരാഷ്ട്ര യോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനവും ആയുഷ് യോഗ ക്ലബ്ബിന്‍റെ ഉദ്ഘാടനവും സെൻട്രൽ സ്റ്റേഡിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യ സംരക്ഷണം പിന്നീടാകാമെന്ന് മാറ്റിവയ്ക്കുന്നവരാണ് പലരും. രോഗത്തിന്‍റെ പിടിയിൽ അകപ്പെട്ടു കഴിഞ്ഞ ശേഷമായിരിക്കും പലരും ഇതിനെപ്പറ്റി ചിന്തിക്കുന്നത്.കേരളത്തിൽ യോഗയുടെ പ്രചാരം വർദ്ധിപ്പിക്കുന്നതിന് ഓരോ വ്യക്തിയിലേക്കും ഓരോ കുടുംബത്തിലേക്കും യോഗ അഭ്യാസത്തിന്റെ പ്രാധാന്യം എത്തിക്കുന്നതിന് വേണ്ടി വിവിധങ്ങളായ പരിപാടികളാണ് സംസ്ഥാന ആരോഗ്യ വകുപ്പും ആയുഷ് വകുപ്പും ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്.

യോഗ എല്ലായിടത്തും പ്രചരിപ്പിക്കുക എന്ന നിലയിലാണ് കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിൽ 1000 യോഗ ക്ലബ്ബുകൾ ആരംഭിച്ചത്. ചുരുങ്ങിയത് 20 പേർക്കെങ്കിലും യോഗ പരിശീലിക്കാനുള്ള വേദി ഉറപ്പാക്കുകയും അതുവഴി ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാനും സാധിക്കുന്നു. ഇതു കൂടാതെ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 590 വനിതാ യോഗ ക്ലബ്ബുകൾ കൂടി ആരംഭിക്കുന്നതായി മന്ത്രി അറിയിച്ചു.

ബ്ലോക്ക് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ആയുർവേദ ജീവിതശൈലീ പ്രചരണത്തിനായി ആയുഷ് ഗ്രാമം പദ്ധതിയും ആരംഭിക്കും. തിരുവനന്തപുരം ജില്ലയിലെ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തും, കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ ബ്ലോക്ക് പഞ്ചായത്തുമാണ് സമ്പൂർണ യോഗ ഗ്രാമം പദ്ധതിക്ക് തുടക്കം കുറിക്കുന്നതിന് തെരഞ്ഞെടുത്തിട്ടുള്ളത്.

ഐഎസ്എം ഡയറക്റ്റർ ഡോ. കെ.എസ്. പ്രിയ, ഹോമിയോപ്പതി ഡയറക്റ്റർ വിജയാംബിക, ആയൂർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്റ്റർ ഡോ. ടി.ഡി. ശ്രീകുമാർ, ഹോമിയോപ്പതി മെഡിക്കൽ വിദ്യാഭ്യാസ പിസിഒ ഡോ. ഷീല, നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാരായ ഡോ. ജയനാരായണൻ, ഡോ. സജി എന്നിവർ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.