പ്രമേഹത്തെ ചെറുക്കാന്‍ ബഹുമുഖ ചികിത്സാരീതികള്‍ അവലംബിക്കണം

ഇന്ത്യയില്‍ കണ്ടുവരുന്ന വളരെ ഉയര്‍ന്ന ഗ്ലൂക്കോസ്‌നില (ഹൈപ്പര്‍ഗ്ലൈസീമിയ) നമ്മുടെ ഭക്ഷണശീലങ്ങള്‍ കൊണ്ടും ജനിതകകാരണങ്ങള്‍ കൊണ്ടും സംഭവിക്കുന്നത്
Multifaceted treatment for Diabetes
ത്രിദിന ആഗോള പ്രമേഹരോഗ കണ്‍വെന്‍ഷനിൽ ഡോ. ജ്യോതിദേവ് പ്രസംഗിക്കുന്നു.
Updated on

തിരുവനന്തപുരം: പ്രമേഹത്തെ ചെറുക്കാനുള്ള മികച്ച മാര്‍ഗം ഇന്‍സുലിന്‍ കുത്തിവയ്പ്പുകള്‍, ഔഷധങ്ങളുടെ ഉപയോഗം തുടങ്ങിയ ബഹുമുഖ ചികിത്സാരീതകളുടെ ശ്രദ്ധാപൂര്‍വമുള്ള ചേരുവയാണെന്ന് വിദഗ്ധര്‍. മൂന്നുദിവസമായി കോവളത്ത് നടന്ന ത്രിദിന ആഗോള ഡയബറ്റീസ് കണ്‍വെന്‍ഷനായ ജ്യോതിദേവ്സ് പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ ഫോറം ഡയബറ്റീസ് അപ്ഡേറ്റ് 2024ന്‍റെ (ജെപിഇഎഫ്) ഈ പന്ത്രണ്ടാം പതിപ്പിലെ സമാപനദിവസമാണ് ഈ അഭിപ്രായം ഉരുത്തിരിഞ്ഞത്.

ഇന്ത്യയില്‍ കണ്ടുവരുന്ന വളരെ ഉയര്‍ന്ന ഗ്ലൂക്കോസ്‌നില (ഹൈപ്പര്‍ഗ്ലൈസീമിയ) നമ്മുടെ ഭക്ഷണശീലങ്ങള്‍ കൊണ്ടും ജനിതകകാരണങ്ങള്‍ കൊണ്ടും സംഭവിക്കുന്നതാണെന്ന ഡയബറ്റോളജിസ്റ്റും ഗവേഷകനുമായ ഡോ. ശശാങ്ക് ആര്‍. ജോഷി പറഞ്ഞു. എല്ലാ ചികിത്സകളും എല്ലാവര്‍ക്കും യോജിച്ചതാകില്ലെന്ന് സമാപനദിനത്തില്‍ സംസാരിച്ച കണ്‍വെന്‍ഷന്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. ജ്യോതിദേവ് കേശവദേവ്.

പ്രമേഹത്തിന്‍റെ സ്‌ഫോടനാത്മകമായ പെരുപ്പം തടയാന്‍ ഡോക്ടര്‍മാരുടെ അറിവുകള്‍ അപ്പപ്പോള്‍ പുതുക്കേണ്ടത് അനിവാര്യമാണ്. മരുന്ന് കുറിക്കുന്നതില്‍ പിശകു സംഭവിക്കുന്നത് വലിയ വെല്ലുവിളിയാണ്. ഇത് കണക്കിലെടുത്താണ് ഇത്തവണത്തെ കണ്‍വെന്‍ഷനിലെ വിഷയങ്ങള്‍ രൂപകല്‍പ്പന ചെയ്തത്. 20 വര്‍ഷം മുമ്പത്തെ അപേക്ഷിച്ച് പ്രമേഹത്തിലെ സങ്കീര്‍ണതകള്‍ കുറച്ചുകൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. ജീവിതശൈലിയിലെ തിരുത്തലുകള്‍, ഭക്ഷണ പരിഷ്‌കരണം തുടങ്ങിയവ ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. അംഗീകാരമുള്ള പരിശീലന പരിപാടികളില്‍ പങ്കെടുത്ത് ഡോക്ടര്‍മാര്‍ക്ക് പ്രമേഹ ചികിത്സ ഓരോ വ്യക്തിക്കും എങ്ങനെ പരമാവധി അനുയോജ്യമാക്കാന്‍ കഴിയും എന്നും മനസ്സിലാക്കാമെന്നും അദ്ദേഹം.‌

സാഹിത്യ, സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പി. കേശവദേവ് ട്രസ്റ്റായിരുന്നു ജെപിഇഎഫ് 2024ന്‍റെ സംഘാടകര്‍. ജ്യോതിദേവ് കേശവദേവ് ഡയബറ്റീസ് റിസര്‍ച്ച് സെന്‍ററുകളുമായി സഹകരിച്ചാണ് ട്രസ്റ്റിന്‍റെ പ്രവര്‍ത്തനങ്ങള്‍. കണ്‍വെന്‍ഷന്‍റെ അടുത്ത പതിപ്പ് 2025 ജൂലൈ 11 മുതൽ 13 വരെ നടക്കുമെന്ന് ജെപിഇഎഫ് 2024ന്‍റെ ചീഫ് ഓര്‍ഗനൈസർ ഗോപിക കൃഷ്ണന്‍ പറഞ്ഞു.

Trending

No stories found.

Latest News

No stories found.