ഇരിങ്ങാലക്കുട: നാലമ്പല ദർശനത്തിന് സ്പെഷ്യൽ ക്യൂ അല്ലെന്നും ദൂരദേശങ്ങളിൽ നിന്ന് വരുന്നവർക്ക് പ്രത്യേകം പ്രാർഥനാ സൗകര്യം ഒരുക്കുക മാത്രമാണ് ലക്ഷ്യമെന്നും കൂടൽമാണിക്യം ദേവസ്വം ഭരണസമിതി അംഗങ്ങൾ. കർക്കടക - രാമായണ മാസാചരണത്തോടനുബന്ധിച്ച് ജൂലൈ 16ന് നാലമ്പല തീർഥാടനം ആരംഭിക്കാനിരിക്കെ, ക്ഷേത്രത്തിൽ 1000 രൂപ നൽകി നെയ്സമർപ്പണം വഴിപാട് നടത്തുന്നവർക്ക് സ്പെഷ്യൽ ക്യൂ വഴി ദർശനം നടത്താമെന്ന തീരുമാനം വിവാദമായിരുന്നു.
പ്രായമായവർക്കും ഭിന്നശേഷിക്കാർക്കുമായി പ്രത്യേകം തയാറാക്കുന്ന വരിയിലൂടെയായിരിക്കും നെയ് സമർപ്പണ വഴിപാട് നടത്തുന്നവരെയും കടത്തിവിടുക. വിവാദങ്ങൾക്കിടയിലും എല്ലാവിധ സൗകര്യങ്ങളോടെയാണ് നാലമ്പല ദർശനത്തിനായി ക്ഷേത്രം ഒരുങ്ങുന്നതെന്നും ഭരണസമിതി അംഗങ്ങൾ പറഞ്ഞു.
ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തജനങ്ങൾക്ക് മഴ കൊള്ളാതെ വരി നിൽക്കുന്നതിനായി കിഴക്കേ ഗോപുരത്തിന് മുൻഭാഗം കുട്ടംകുളം വരെ പന്തൽ നിർമിച്ചിട്ടുണ്ട്. ക്ഷേത്രമതിൽക്കെട്ടിനകത്ത് ക്യൂ നിൽക്കുന്ന ഭാഗങ്ങളിൽ 5000 പേർക്ക് ഇരിപ്പിട സൗകര്യം ഒരുക്കും. ഭക്തജനങ്ങൾക്ക് ആവശ്യാനുസരണം കുടിവെള്ളം, ഭക്ഷണം എന്നിവ നൽകുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്.
പുലർച്ചെ 4 മുതൽ 8 വരെ ദേവസ്വത്തിന്‍റെ ആഭിമുഖ്യത്തിൽ ചുക്ക് കാപ്പി വിതരണം ചെയ്യും. തീർഥാടകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ദേവസ്വം കൊട്ടിലാക്കൽ മൈതാനവും മണിമാളിക സ്ഥിതി ചെയ്തിരുന്ന സ്ഥലവും കെഎസ്ആർടിസി ബസ് സ്റ്റാൻഡും ഉപയോഗിക്കാം.