സെക്സ് ടൂറിസം ഹബ്ബുകളുടെ കൂട്ടത്തിലേക്ക് ഒരു പുതിയ ഏഷ്യൻ നഗരം; കാരണം കടവും ദാരിദ്ര്യവും| Video

സാമ്പത്തികപ്രശ്നം പരിഹരിക്കാനാകാതെ കടം കയറിയപ്പോൾ സ്ത്രീകൾ ലൈംഗികത്തൊഴിലിലേക്ക് തിരിയുകയായിരുന്നു.
new Asian city emerging as sex tourism hub, here is the details
സെക്സ് ടൂറിസം ഹബ്ബുകളുടെ കൂട്ടത്തിലേക്ക് ഒരു പുതിയ ഏഷ്യൻ നഗരം; കാരണം കടവും ദാരിദ്ര്യവും| Video
Updated on

സെക്സ് ടൂറിസം ഹബ്ബുകളെന്ന പേരിൽ കുപ്രസിദ്ധമാണ് ബാങ്കോക്കും തായ്‌ലൻഡും. പുതിയൊരു നഗരം കൂടി ഇക്കൂട്ടത്തിൽ‌ ഇടം പിടിക്കുകയാണ്. ഒരുകാലത്ത് പ്രശസ്തമായിരുന്ന ജപ്പാനിലെ ടോക്കിയോയാണ് കടുത്ത സാമ്പത്തിക പ്രശ്നം മൂലം അതിവേഗം സെക്‌സ് ടൂറിസം ഹബ്ബായി മാറിക്കൊണ്ടിരിക്കുന്നത്. കൊവിഡ് -19 മഹാമാരിക്കാലമാണ് ടോക്കിയോയെ തച്ചുടച്ചത്. സാമ്പത്തികപ്രശ്നം പരിഹരിക്കാനാകാതെ കടം കയറിയപ്പോൾ സ്ത്രീകൾ ലൈംഗികത്തൊഴിലിലേക്ക് തിരിയുകയായിരുന്നു. സഞ്ചാരികളെ ടോക്കിയോയിലെ ആകർഷിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. നിത്യേനയെന്നോണം മൂല്യം കുറയുന്ന ജാപ്പനീസ് യെൻ ആണ് അതിലൊരു ഘടകം.

ജപ്പാനിപ്പോൾ ഒരു ദരിദ്ര രാഷ്ട്രമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് സെയ്ബോറൻ ലയ്സൺ കൗൺസിൽ പ്രൊട്ടക്റ്റിങ് യൂത്ത് സെക്രട്ടറി ജനറൽ യോഷിഹിദ ടനാക പറയുന്നതായി ദി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു. തങ്ങളുടെ ഓഫിസിന് അരികിലുള്ള പാർക്കിൽ ലൈംഗിക വൃത്തിയിലൂടെ ഉപജീവനം ചെയ്യുന്ന സ്ത്രീകൾ ധാരാളമായി എത്തുന്നുണ്ട്. കൊവിഡ്-19 നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചതോടെ നിരവധി വിദേശികളാണ് ഇവിടെ എത്തുന്നതെന്നും ടനാക പറയുന്നു. ഏഷ്യൻ, ആഫ്രിക്കൻ, യൂറോപ്യൻ സഞ്ചാരികളെല്ലാം ഇക്കൂട്ടത്തിലുണ്ട്. കൂടുതലും ചൈനാക്കാരാണ്. വിദേശികളുടെ ഈ കുത്തൊഴുക്ക് പ്രദേശത്തെ ടീനേജുകാരെ പോലും ലൈംഗിക വൃത്തിയിലേക്ക് തിരിയാൻ പ്രോത്സാഹിപ്പിക്കുന്നതായും ടനാക പറയുന്നു. വിദേശികൾക്ക് എളുപ്പത്തിൽ ലൈംഗിക സേവനം ലഭിക്കുന്ന നാടായി ജപ്പാൻ മാറിയതായി ജപ്പാനിലെ കോൺസ്റ്റിറ്റ്യൂഷണൽ ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധി കാസുനോറി യമനോയ് ആരോപിക്കുന്നു. രാജ്യത്തെ പ്രധാന പ്രതിപക്ഷമാണ് ഇവർ. ഇതു വലിയ പ്രാദേശിക പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അന്താരാഷ്ട്ര തലത്തിൽ ജാപ്പനീസ് സ്ത്രീകൾ എങ്ങനെ വിലയിരുത്തപ്പെടും എന്നത് ഗൗരവകരമാണെന്നും അദ്ദേഹം പറയുന്നു.

ലൈംഗികത്തൊഴിലിലേക്ക് കൂടുതൽ പേരെ ആകർഷിക്കാൻ ശ്രമിക്കുന്ന സംഘങ്ങളെ പൊലീസ് പിടികൂടുന്നുണ്ട്. സമൂഹമാധ്യമങ്ങൾ വഴി ലൈംഗികതൊഴിലിലേക്ക് വനിതകളെ റിക്രൂട്ട് ചെയ്ത ഒരു സംഘത്തെ അടുത്തിടെ പിടി കൂടിയിരുന്നു. ആഗോളതലത്തിൽ 350 കടകളുമായാണ് ഇവർ കരാറുറപ്പിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.

സ്ത്രീകൾക്കും പുരുഷന്മാർക്കും ഒന്നിച്ചിരുന്ന് സംസാരിക്കാനും ഭക്ഷണം കഴിക്കാനും മദ്യപിക്കാനും സൗകര്യം നൽകുന്ന ഹോസ്റ്റ് ക്ലബുകളാണ് നഗരത്തിലെ സ്ത്രീകളെ വലിയ സാമ്പത്തിക ബാധ്യതയിലേക്ക് നയിച്ചതിൽ ഒന്ന്. കടബാധ്യതകളിൽ കുടുങ്ങിയതോടെ തെരുവിൽ ശരീരം വിൽക്കാനായി സ്ത്രീകൾ തയാറായി. 2023ൽ അറസ്റ്റിലായ സ്ത്രീകളിൽ 43 ശതമാനവും ലൈംഗികത്തൊഴിലാളികളായിരുന്നു. ഇതിൽ 80 ശതമാനം പേരും ഇരുപതുകളിൽ ഉള്ള യുവതികളായിരുന്നു. 19 വയസ് പോലും പൂർത്തിയാകാത്തവരും കൂട്ടത്തിലുണ്ടായിരുന്നു. ഹോസ്റ്റ് ക്ലബിൽ പണം നൽകാനാണ് ലൈംഗിക തൊഴിലിലേക്ക് ഇറങ്ങിയതെന്നാണ് ഇവർ പൊലീസിനോട് സമ്മതിച്ചത്.

രാജ്യത്തെ നിയമത്തിലുള്ള പഴുതുകളും ഉള്ള നിയമം തന്നെ നടപ്പിലാക്കാൻ ബുദ്ധിമുട്ടുന്നതുമെല്ലാം ടോക്കിയോയെ അനുദിനം നാശത്തിലേക്ക് നയിക്കുകയാണ്. ഇതിന്‍റെ ഇരകളാകുന്നതിൽ കൂടുതലും സ്ത്രീകളാണ്. പലപ്പോഴും ശാരീരികമായ ആക്രമണങ്ങൾക്ക് സ്ത്രീകൾ ഇരകളാകാറുണ്ട്. ലൈംഗികരോഗങ്ങളും ഇവരെ തേടിയെത്തുന്നു. നെതർലൻഡ്സ് പോലുള്ള രാജ്യങ്ങളിൽ ലൈംഗികവൃത്തിക്ക് നിയമപരമായി അനുമതിയുണ്ട്. എന്നാൽ ശക്തമായ നിയമങ്ങളിലൂടെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നുമുണ്ട്. ഇത്തരത്തിലുള്ള നിയമങ്ങളൊന്നും ജപ്പാനിൽ നടപ്പിലാക്കുന്നില്ല. ഒരു കാലത്ത് തെക്ക്- കിഴക്കൻ ഏഷ്യയിൽ സ്ത്രീകളെ തേടി പോകുന്നത് ജാപ്പനീസ് യുവാക്കളുടെ ശീലമായിരുന്നു. ഇപ്പോൾ സംഭവിക്കുന്നത് നേരെ തിരിച്ചാണെന്ന് മാത്രം.

Trending

No stories found.

Latest News

No stories found.