വരും തലമുറയ്ക്കുള്ള മികച്ച നിക്ഷേപം: എൻപിഎസ് വാത്സല്യ

എൻപിഎസ് വാത്സല്യ പദ്ധതി: ജനനം മുതൽ കുട്ടികൾക്കായി കരുതൽ സമ്പാദ്യം ഒരുക്കുന്നതിനുള്ള സവിശേഷ അവസരം
എൻപിഎസ് വാത്സല്യ പദ്ധതി: ജനനം മുതൽ കുട്ടികൾക്കായി കരുതൽ സമ്പാദ്യം ഒരുക്കുന്നതിനുള്ള സവിശേഷ അവസരം | NPS Vatsalya investment for kids
വരും തലമുറയ്ക്കുള്ള മികച്ച നിക്ഷേപം: എൻപിഎസ് വാത്സല്യRepresentative image - AI - Freepik
Updated on

പ്രത്യേക ലേഖകൻ

ഇന്നത്തെ ലോകത്ത്, ഭാവിയെ സാമ്പത്തികമായി സുസ്ഥിരമാക്കി, സുരക്ഷിതമാക്കുന്നത് നിർണായകമാണ്. "എൻപിഎസ് വാത്സല്യ പദ്ധതി" ജനനം മുതൽ കുട്ടികൾക്കായി ഒരു കരുതൽ സമ്പാദ്യം ഒരുക്കുന്നതിനുള്ള ഒരു സവിശേഷ അവസരം നൽകുകയും അവരെ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള പാതയിലേക്ക് സജ്ജമാക്കുകയും ചെയ്യുന്നു. പ്രായപൂർത്തിയാകാത്തവരെ ലക്ഷ്യം വച്ചുള്ള ഈ പദ്ധതി, കുട്ടിയുടെ സാമ്പത്തിക ഭാവിയ്ക്ക് ശക്തമായ തുടക്കമാകുന്നു എന്ന് ഉറപ്പാക്കിക്കൊണ്ട്, നേരത്തെ തന്നെ നിക്ഷേപം നടത്താൻ മാതാപിതാക്കളെ പ്രാപ്തരാക്കുന്നു.

18 വയസ് തികയുമ്പോൾ, കുട്ടികൾക്ക് നിക്ഷേപം തുടരാം. ഇത് അവരുടെ സമ്പത്ത് പലിശ ഉൾപ്പെടെ വളരാൻ അനുവദിക്കുന്നു. മുതിരുന്ന കാലം വരെ ഈ സമ്പാദ്യം വിജയത്തിനായി അവരെ സജ്ജമാക്കുന്നു.

അടുത്ത തലമുറയെ ശാക്തരാക്കുന്നു

എൻപിഎസ് വാത്സല്യ ഒരു നിക്ഷേപം എന്നതിലുപരി സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ യുവാക്കളെ പ്രാപ്തരാക്കുന്ന പദ്ധതിയാണ്. മാതാപിതാക്കളെയും രക്ഷിതാക്കളെയും നേരത്തെ തന്നെ കുട്ടികൾക്കായി നിക്ഷേപം ആരംഭിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. അത് വഴി ഭാവി തലമുറയുടെ സാമ്പത്തിക ക്ഷേമം സംരക്ഷിക്കുന്നതിൽ ഈ പദ്ധതി നിർണായക പങ്ക് വഹിക്കുന്നു. സാമ്പത്തികമായി സുരക്ഷിതമായ ഒരു രാഷ്‌ട്രം സൃഷ്ടിക്കുക എന്ന ഗവൺമെന്‍റിന്‍റെ വിശാലമായ കാഴ്ചപ്പാടുമായി ഇത് തികച്ചും യോജിക്കുന്നു.

ഈ വർഷത്തെ ബജറ്റ് പ്രസംഗത്തിൽ പദ്ധതിയുടെ പ്രഖ്യാപന വേളയിൽ ധനമന്ത്രി നിർമല സീതാരാമൻ പദ്ധതിയെ കുറിച്ച് ഇപ്രകാരം പറഞ്ഞിരുന്നു: "പ്രായപൂർത്തി ആകാത്തവർക്കായി മാതാപിതാക്കളുടെയും രക്ഷിതാക്കളുടെയും നിക്ഷേപ പദ്ധതിയായ എൻപിഎസ് വാത്സല്യ ആരംഭിക്കും. കുട്ടികൾക്ക് 18 വയസ് തികയുമ്പോൾ, ഈ പ്ലാൻ തടസങ്ങളില്ലാതെ ഒരു സാധാരണ എൻപിഎസ് അക്കൗണ്ടിലേക്ക് മാറ്റാനാകും".

എന്താണ് എൻപിഎസ് വാത്സല്യ?

നാഷണൽ പെൻഷൻ സംവിധാനത്തിന്‍റെ (എൻപിഎസ്) പ്രായപൂർത്തിയാകാത്തവർക്കായി രൂപകൽപ്പന ചെയ്ത പ്രത്യേക പതിപ്പാണ് എൻപിഎസ് വാത്സല്യ. ഈ പദ്ധതി, മാതാപിതാക്കളെയോ രക്ഷിതാക്കളെയോ അവരുടെ കുട്ടികൾക്കായി പതിവായി വിഹിതം നിക്ഷേപിച്ചുകൊണ്ട് ഒരു നിക്ഷേപ അക്കൗണ്ട് തുറക്കാൻ അനുവദിക്കുന്നു. കുട്ടിക്ക് 18 വയസ് തികയുമ്പോൾ, അക്കൗണ്ട് ഒരു സ്റ്റാൻഡേർഡ് എൻപിഎസിലേക്ക് മാറുന്നു. ഇത് യുവാക്കൾക്ക് അവരുടെ നിക്ഷേപ തീരുമാനങ്ങളിൽ പൂർണ നിയന്ത്രണം നൽകുന്നു.

18 വയസിന് ശേഷമുള്ള ആനുകൂല്യങ്ങൾ

കുട്ടി പ്രായപൂർത്തിയാകുമ്പോൾ, എൻപിഎസ് വാത്സല്യ ഒരു സാധാരണ എൻപിഎസ് അക്കൗണ്ടിലേക്ക് മാറും. ഇത് തുടർച്ചയായ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുകയും സാമ്പത്തിക അച്ചടക്കം വളർത്തുകയും ദീർഘകാല സമ്പത്ത് കെട്ടിപ്പടുക്കുകയും ചെയ്യുന്നു. സാമ്പത്തിക ഭദ്രത സൃഷ്ടിക്കുന്നതിലെ നിർണായക ചുവടുവയ്പ്പായ സമ്പാദ്യശീലം ഈ പദ്ധതി വളർത്തിയെടുക്കുന്നു.

ഇത് എങ്ങനെ പ്രവർത്തിക്കുന്നു?

പരമ്പരാഗത എൻപിഎസിൻറെ അതേ ഘടനയാണ് എൻപിഎസ് വാത്സല്യയും പിന്തുടരുന്നത്. ഇത് ഓഹരികൾ, ഗവണ്മെന്‍റ് സെക്യൂരിറ്റികൾ, കോർപ്പറേറ്റ് ബോണ്ടുകൾ എന്നിവയുടെ സമതുലിതമായ പോർട്ട്‌ഫോളിയോ സങ്കരത്തിലൂടെ സ്ഥിരതയും വളർച്ചാ സാധ്യതയും ഉറപ്പാക്കുന്നു. ദീർഘകാലാടിസ്ഥാനത്തിൽ നേട്ടങ്ങൾ വർധിപ്പിക്കുന്നതിന്, തുടക്കം മുതലേ നിക്ഷേപം ആരംഭിക്കുക എന്നതാണ് പ്രധാന ആശയം.

ജീവിതത്തിലെ പ്രധാന നാഴികക്കല്ലുകളിൽ കുട്ടികളെ പിന്തുണയ്ക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ പദ്ധതി, മാതാപിതാക്കൾക്ക് സൗകര്യപ്രദമായി നിക്ഷേപങ്ങൾ നൽകാൻ അവസരം പ്രദാനം ചെയ്യുകയും വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോ സൃഷ്ടിക്കാൻ അവരെ സഹായിക്കുകയും ചെയ്യുന്നു. 18 വയസ് തികയുമ്പോൾ, മുതിർന്നവർക്കുള്ള എൻപിഎസ് പോലെ, എങ്ങനെ നിക്ഷേപിക്കാമെന്നും ഫണ്ട്‌ എങ്ങനെ വളർത്തിയെടുക്കാമെന്നും കുട്ടിക്ക് തീരുമാനിക്കാം.

നിക്ഷേപ വർധനയുടെ ശക്തി

എൻപിഎസ് വാത്സല്യയുടെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്ന് അതിന്‍റെ തുക വർധനയിലുള്ള ശക്തിയാണ്. നേരത്തെ ആരംഭിക്കുന്നതിലൂടെ, 18 അധിക വർഷത്തെ കോമ്പൗണ്ടിംഗിലൂടെ വരിക്കാർക്ക് പ്രയോജനം ലഭിക്കുന്നു. ഇത് ഗണ്യമായ സമ്പാദ്യത്തിന് കാരണമാകും.

ഉദാഹരണത്തിന്, ഒരു രക്ഷിതാവ് അവരുടെ കുട്ടിയുടെ ജനനം മുതൽ പ്രതിവർഷം ₹50,000 സംഭാവന ചെയ്യുന്നുവെങ്കിൽ, സാധാരണയുള്ള 10% വാർഷിക റിട്ടേണോടെ, കുട്ടിക്ക് 18 വയസ് തികയുമ്പോഴേക്കും തുക ഏകദേശം 25 ലക്ഷം രൂപയായി വളരും. ആ കുട്ടി പ്രായപൂർത്തിയായി സമ്പാദ്യം ആരംഭിക്കുകയും നിക്ഷേപം തുടരുകയുമാണെങ്കിൽ 25 വയസ് ആകുമ്പോഴേക്കും തുക ₹40 ലക്ഷത്തിലെത്താം. 60 വയസ് വരെ അവർ അവരുടെ വരുമാനത്തിൽ നിന്ന് പ്രതിവർഷം ₹50,000 രൂപ സംഭാവന ചെയ്താൽ, കോർപ്പസിന് ഏകദേശം 12.5 കോടി രൂപ ലഭിക്കും. എൻപിഎസ് വാത്സല്യയിലൂടെയുള്ള പ്രാരംഭ നിക്ഷേപം ഇല്ലെങ്കിൽ, ഈ കണക്ക് ഏകദേശം 1.5 കോടി രൂപ മാത്രമായിരിക്കും. അതായത്, 8 മടങ്ങ് വ്യത്യാസം. ഇത് സമ്പാദ്യം വർധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ സാധ്യത കാണിക്കുന്നു. എല്ലാ കണക്കുകൂട്ടലുകളും കാണിക്കുന്നത് പദ്ധതിയിലൂടെ പ്രതിവർഷം 10% ആജീവനാന്ത വരുമാനം ലഭിക്കുമെന്നാണ്.

നിക്ഷേപ സാധ്യതകൾ

സ്റ്റാൻഡേർഡ് എൻപിഎസ് പോലെ, എൻപിഎസ് വാത്സല്യ ഓഹരികൾ, ഗവണ്മെന്‍റ് സെക്യൂരിറ്റികൾ, കോർപ്പറേറ്റ് ബോണ്ടുകൾ എന്നിവയുടെ ഒരു സങ്കരം വാഗ്ദാനം ചെയ്യുന്നു. വരിക്കാർക്ക് അവരുടെ ലക്ഷ്യങ്ങളെയും അപകടസാധ്യതയെയും അടിസ്ഥാനമാക്കി, "ഓട്ടോ ചോയ്‌സ്' (LC25, LC50, LC75 പോലുള്ള ലൈഫ് സൈക്കിൾ ഫണ്ടുകൾ) അല്ലെങ്കിൽ 'ആക്റ്റീവ് ചോയ്സ്' എന്നിവയിൽ ഏതെങ്കിലും തെരഞ്ഞെടുക്കാം.

2024 ഓഗസ്റ്റ് വരെ എൻപിഎസിന് കീഴിലുള്ള ആസ്തി ₹13 ലക്ഷം കോടി രൂപയാണ്. ഇത് എൻപിഎസ് വാത്സല്യയുടെ ശക്തമായ വിജയത്തിന്‍റെ ഒരു മാതൃക സൃഷ്ടിക്കുന്നു.

എന്തുകൊണ്ട് എൻപിഎസ് വാത്സല്യ

കുട്ടികൾക്ക് സാമ്പത്തികവും വൈകാരികവുമായ സുരക്ഷിതത്വം നൽകാൻ മാതാപിതാക്കൾ നിരന്തരം പരിശ്രമിക്കുന്നു. കാലത്തിനനുസരിച്ച് വളരുന്ന ഒരു സമർപ്പിത നിക്ഷേപ അക്കൗണ്ട് വഴി എൻപിഎസ് വാത്സല്യ പദ്ധതി ഈ പ്രതിബദ്ധത ശക്തിപ്പെടുത്തുന്നു. ഇത് വിദ്യാഭ്യാസം പോലുള്ള പ്രധാന ജീവിത ലക്ഷ്യങ്ങളെ പിന്തുണയ്ക്കുക മാത്രമല്ല, പലിശ ഉൾപ്പെടെ തുക വർധനയിലൂടെ അടുത്ത തലമുറയ്ക്കായി മികച്ച സമ്പാദ്യം കെട്ടിപ്പടുക്കുന്നതിനായി പ്രയോജനകരമാവുകയും ചെയ്യുന്നു.

കൂടാതെ, ഇത് ചെറുപ്രായത്തിൽ തന്നെ കുട്ടികളിൽ സമ്പാദ്യ അച്ചടക്കം വളർത്തുന്നു. സമ്പാദ്യം കൈകാര്യം ചെയ്യാനും സമ്പത്ത് പരിപാലനത്തിലൂടെ ആരോഗ്യകരമായ മനോഭാവം വളർത്തിയെടുക്കാനും കുട്ടികളെ ഇത് പ്രോത്സാഹിപ്പിക്കുന്നു.

ഉപസംഹാരം

മാതാപിതാക്കൾക്ക് അവരുടെ കുട്ടികളുടെ ഭാവി ജീവിതം സുരക്ഷിതമാക്കാൻ സഹായിക്കുന്നതിന് രൂപകൽപ്പന ചെയ്ത ഒരു നൂതന സാമ്പത്തിക ഉപകരണമാണ് എൻ പി എസ് വാത്സല്യ. ദീർഘകാലത്തേക്ക് സമ്പാദ്യം സംരക്ഷിക്കുന്നതിനും അച്ചടക്കമുള്ള സാമ്പത്തിക സമീപനം വളർത്തിയെടുക്കുന്നതിനും വഴിയൊരുക്കുന്ന ഇത് അടുത്ത തലമുറയ്ക്കുള്ള മികച്ച നിക്ഷേപ പദ്ധതിയായി നിലകൊള്ളുന്നു.

അധിക വരുമാനത്തിനും നേരത്തെയുള്ള സാമ്പത്തിക ആസൂത്രണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച്, സാമ്പത്തിക ഭദ്രതയിലേക്കുള്ള യാത്ര, കുഞ്ഞിന്‍റെ ജനനത്തോടെ തന്നെ ആരംഭിക്കുന്നുവെന്ന് എൻപിഎസ് വാത്സല്യ ഉറപ്പാക്കുന്നു.

Trending

No stories found.

Latest News

No stories found.