ഓണത്തെ വരവേൽക്കാൻ തറികളിൽ നിന്ന് മഞ്ഞക്കോടികൾ

ഓണക്കോടിയെടുക്കുമ്പോൾ പലരും മഞ്ഞക്കോടിയും വാങ്ങാറുണ്ട്. അപൂർവം നെയ്ത്തുകാർ മാത്രമാണ് ഇപ്പോൾ ഇതു നെയ്യുന്നത്.
ഓണത്തെ വരവേൽക്കാൻ തറികളിൽ നിന്ന് മഞ്ഞക്കോടികൾ
താന്നിമൂട്ടിലെ സരിത ഭവനിൽ മഞ്ഞക്കോടി നെയ്യുന്ന ചന്ദ്രൻ.
Updated on

ബാലരാമപുരം: ഓണത്തെ വരവേൽക്കാൻ മഞ്ഞക്കോടികൾ വിപണികളിലെത്തി. മഞ്ഞ പൊന്നാടയെന്നും മഞ്ഞ മുണ്ടെന്നും മഞ്ഞപ്പട്ടെന്നും പല പേരുകളിൽ അറിയപ്പെടുന്ന മഞ്ഞക്കോടിക്ക് ഓണക്കാലത്താണ് ആവശ്യക്കാരേറുന്നത്. പഞ്ഞമാസമായ കർക്ക‌ടകത്തിലാണ് ഓണത്തെ വരവേൽക്കാൻ കൈത്തറിയുടെ പൊന്നാട എന്നറിയപ്പെടുന്ന മഞ്ഞപ്പുടവ നെയ്യുന്നത്.

മഞ്ഞപ്പുടവയ്ക്ക് മഞ്ഞക്കോടിയെന്നും മഞ്ഞ മുണ്ടെന്നും മഞ്ഞപ്പട്ടെന്നും മഞ്ഞതോർത്തെന്നും മഞ്ഞക്കുറിയെന്നുമൊക്കെ പേരുകളുണ്ട്. ഓണത്തിന് ഓണക്കോടിയെടുക്കുമ്പോൾ പലരും മഞ്ഞക്കോടിയും വാങ്ങാറുണ്ട്. വാഹനങ്ങളിൽ കെട്ടി വയ്ക്കുക, വ്യാപാര സ്ഥാപനങ്ങളിൽ നിലവിളക്കിനോടും ദൈവങ്ങളുടെ ചിത്രങ്ങളിലും മഞ്ഞക്കോടി ചാർത്തുക, വീടുകളിൽ വേർപെട്ടു പോയവരുടെ ഫോട്ടോകളിൽ ചാർത്തുക, കുഞ്ഞുമക്കളെ കുളിപ്പിച്ചൊരുക്കി മഞ്ഞക്കോടിയുടപ്പിക്കുക, ഊഞ്ഞാലുകളിൽ മഞ്ഞക്കോടി കെട്ടുക ഇതൊക്കെ ആഘോഷനാളുകളിലും പ്രത്യേകിച്ച് ഓണനാളുകളിൽ നാട്ടിൻ പുറങ്ങളിലെ പതിവു കഴ്ചയാണ്. കുഴിത്തറികളിലാണ് കൂടുതലും മഞ്ഞക്കോടി നെയ്യുന്നത്.

അതേസമയം, മഞ്ഞക്കോടി നെയ്ത്തിന്‍റെ കണക്കുകൾ നോക്കുമ്പോൾ നഷ്ടത്തിന്‍റെ ഊടും പാവും മാത്രമാണ് മിച്ചമുള്ളത്. തുച്ഛമായ കൂലി മാത്രമേ കിട്ടുകയുള്ളൂ. വളരെ അപൂർവം പേർ മാത്രമേ ഇന്ന് മഞ്ഞക്കോടി നെയ്യുന്നുള്ളൂ. കൈത്തറിയുടെ നാടായ ബാലരാമപുരത്തു പോലും വിരലിലെണ്ണാവുന്നവർ മാത്രമാണ് ഇതു നെയ്യുന്നത്.

ഒരു ദിവസം‌ ഒരു തിപ്പെട്ടി (4 മഞ്ഞക്കോടി) നെയ്താൽ കിട്ടുന്ന കൂലി 60 രൂപ മാത്രമാണെന്നു കഴിഞ്ഞ 50 വർഷമായി മഞ്ഞക്കോടി നെയ്യുന്ന ബാലരാമപുരം താന്നിമൂട് സരിത ഭവനിൽ ചന്ദ്രൻ എന്ന എഴുപതുകാരൻ പറയുന്നു.

മഞ്ഞൾപ്പൊടി കലക്കി കഞ്ഞി പശയും ചേർത്ത് നൂലിൽ മുക്കി മഞ്ഞ നൂലാക്കും. ഇതു താരാക്കി റാട്ടിൽ ചുറ്റി പാവാക്കിയെടുത്താണ് നെയ്യുന്നത്. ഇതിനും ഇത്തിരി ക്ഷമ വേണം. ഇതു നെയ്തെടുക്കുന്നതിന് തറിയിൽ പ്രത്യേകം അച്ചും വിഴുതുമാണ് ഉപയോഗിക്കുന്നത്. കർക്കിടകം കഴിഞ്ഞാൽ മഞ്ഞക്കോടികൾ നെയ്യുന്ന തറികൾ മടക്കിക്കെട്ടിവയ്ക്കുകയാണു പതിവ്.

Trending

No stories found.

Latest News

No stories found.