ദുബായ്: മധുരവും നെയ്യും പാലും ഒക്കെ ചേർത്തിളക്കി പാകം ചെയ്ത പായസം കഴിച്ചാൽ ആരോഗ്യം വർധിക്കുമോ? വർധിക്കുമെന്നാണ് അക്കാഫ് പൊന്നോണക്കാഴ്ചയുടെ ഭാഗമായി നടത്തിയ പായസമത്സരത്തിലെ മത്സരാർഥി കൊല്ലം എസ്എൻ കോളേജിലെ നബീസത്തു പറയുന്നത്.
സംശയമുണ്ടെങ്കിൽ പായസത്തിന്‍റെ പേര് കേട്ടോളൂ- ഔഷധ അഗസ്ത്യ ആരോഗ്യ പായസം. സംശയം മാറിയില്ലെങ്കിൽ ഇത് കൂടി കേൾക്കൂ, ആരോഗ്യദായകമായ ഔഷധ കിഴങ്ങുകളും പച്ചിലകളും ഇടിച്ച് പിഴിഞ്ഞ് തയ്യാറാക്കിയതാണ് ഈ മധുരക്കൂട്ട്. ഒന്നാം സ്ഥാനം വഴിമാറിയെങ്കിലും രണ്ടാം സമ്മാനം നേടി 'ആരോഗ്യത്തോടെ' തന്നെയാണ് നബീസത്തു മടങ്ങിയത്.
ഇങ്ങനെ പഴമയുടെ കൂട്ടുകൾ കൊണ്ട് ന്യൂജെൻ ശൈലിയിൽ തയാറാക്കിയ വിവിധ തരം പായസങ്ങളുടെ കലവറയായിരുന്നു അക്കാഫ് പൊന്നോണക്കാഴ്ച പായസ മത്സരവേദി. പേരിൽ തന്നെ പുതുതലമുറ ടച്ചുള്ള വേറെയും പായസങ്ങൾ മത്സര വേദിയിൽ നിറഞ്ഞു- പോപ്‌കോൺ, ക്വിൻവ, കോഡോ മില്ലറ്റ് മത്തങ്ങ പ്രഥമൻ, ബ്രഡ് ഫ്രൂട്ട് മഷ്‌റൂം ഗ്രീൻ ചില്ലി മിക്സഡ് പായസം... അങ്ങനെ നീളുന്നു പട്ടിക.
പാരമ്പര്യത്തെ പൂർണമായി കൈവിടാതെ ചുരക്ക ചൗവ്വരി, ചക്ക, കരിക്ക്-കാരറ്റ്, മധുരക്കിഴങ്ങ്, ഈത്തപ്പഴം-ബദാം, പഞ്ചഗദായി, ഹരിതാമൃതം, മാമ്പഴം, കരിമ്പ്, മുത്താറി എന്നിവ കൊണ്ടും രുചിക്കൂട്ടുകൾ തയാറാക്കിയ മത്സരാർഥികൾ പായസമത്സരത്തെ മധുരോദാരമാക്കി.
കൊടുങ്ങല്ലൂർ കെകെടിഎം കോളെജിലെ തനൂജ ഷാജി ഒന്നാം സ്ഥാനവും കൊല്ലം എസ്എൻ കോളേജിലെ നബീസത്തു രണ്ടാം സ്ഥാനവും ഇടുക്കി ഗവ. എൻജിനീയറിങ് കോളേജിലെ അമ്മാറ സിദ്ദിക്ക് മൂന്നാം സ്ഥാനവും നേടി.