Traditional Onam flowers
ഓർമയിലെ ഓണപ്പൂക്കൾ

ഓർമയിലെ ഓണപ്പൂക്കൾ

ഓണക്കാലത്ത് വിരിയുന്ന ഓണപ്പൂക്കൾ‍ കണ്ടാലറിയുന്ന എത്ര പേരുണ്ട്. അവയെ ഒന്നുകൂടി നമുക്കോർ‍മിച്ചെടുക്കാം.

തയാറാക്കിയത്: എൻ. അജിത്‌കുമാർ

ഒരു കാലത്ത് നമ്മുടെ വസന്തകാലമായിരുന്നു ഓണക്കാലം. സുഖശീതള കാലാവസ്ഥ, വലിയ ചൂടില്ലാത്ത വെയിൽ, ഓണക്കാലത്തു മാത്രം തലനീട്ടുന്ന ധാരാളം പൂക്കളും അവയുടെ പരിമളവുമായി വരുന്ന ഇളങ്കാറ്റ്. എങ്ങും എല്ലാം കൊണ്ടും തെളിഞ്ഞ കാലാവസ്ഥ. ഇതെല്ലാമായിരുന്നു ഒരു കാലത്തെ ഓണക്കാലം.

ഓണക്കാലത്ത് വിരിയുന്ന ഓണപ്പൂക്കൾ‍ കണ്ടാലറിയുന്ന എത്ര പേരുണ്ട്. വിദേശി പൂക്കൾ‍ക്കിടയിൽ‍ അവയെ പലരും മറന്നു പോയി. അവയെ ഒന്നുകൂടി നമുക്കോർ‍മിച്ചെടുക്കാം. അതോടൊപ്പം പഴയ കാലത്തെ ചില ഓണപ്പാട്ടുകളും കളികളുമൊക്കെയായുള്ള പരിചയം പുതുക്കാം:

1. തുമ്പപ്പൂ

തുമ്പപ്പൂവിനെക്കുറിച്ച് രസകരമായ ഒരു കഥയുണ്ട്. മാവേലിയെ വരവേൽക്കാനായി വർണശബളമായ പൂക്കളെല്ലാം നിരന്നുനിന്നു. പാവം ശുഭ്രനിറത്തോടു കൂടിയ കുഞ്ഞു തുമ്പപ്പൂ മാത്രം ഒരു മൂലയ്ക്ക് ഒതുങ്ങിനിന്നു. പക്ഷേ, ആദ്യം തന്നെ മാവേലിയുടെ കണ്ണിൽ പതിഞ്ഞത് കൊച്ചു കാലടിയുടെ രൂപത്തിലുള്ള തുമ്പപ്പൂവാണ്. അദ്ദേഹം അതിനെ വാരിയെടുത്ത് നെഞ്ചോടു ചേർത്തു. ഓണപ്പൂക്കളിൽ തുമ്പപ്പൂവിനു പ്രാധാന്യം കൈവന്നത് അങ്ങനെയാണത്രെ.

അത്തം നാൾ തുമ്പയും തുളസിക്കതിരുമാണ് പൂക്കളത്തിൽ. പ്രധാനം തുമ്പക്കുടം കൊണ്ടാണ് ഓണത്തപ്പനെ അലങ്കരിക്കുന്നത്. തൃക്കാക്കരയപ്പനെ വരവേൽക്കാൻ തിരുവോണ നാളിൻ നിവേദിക്കുന്ന പൂവടയിലും തുമ്പപ്പൂ ചേർക്കാറുണ്ട്. കർക്കടക മാസത്തിൽ തുമ്പപ്പൂവും വെരുകിൻ പൂവും ചേർത്തുകെട്ടി ശ്രീപരമേശ്വരന് അർപ്പിക്കുന്ന തുമ്പയും വെരുകും ചാർത്തുക എന്നൊരു ചടങ്ങ് മുമ്പുണ്ടായിരുന്നു. കരിത്തുമ്പ, പെരുന്തുമ്പ എന്നീ രണ്ടുതരം തുമ്പച്ചെടികളുണ്ട്. തുമ്പച്ചെടിയുടെ ശാസ്ത്രനാമം ല്യൂക്കസ് അസ്‌പെര. കുടുംബം. ലാമിയേസി.

2. മുക്കുറ്റി

സ്വർണ മൂക്കുത്തി പോലെ പുല്ലിനിടയിൽ നിന്നും തലനീട്ടുന്ന മുക്കുറ്റിപ്പൂവ് ആരുടെ കണ്ണുകളെയും പെട്ടന്നാകർഷിക്കും. പൂക്കളത്തിനു സ്വർണത്തിളക്കമേകാൻ മുക്കുറ്റിപ്പൂ തന്നെ വേണം. പൂവട്ടിയെക്കാളും മുക്കറ്റിപ്പൂ ശേഖരിക്കാൻ സൗകര്യം പച്ചിലക്കുമ്പിളിലാണ്. തുമ്പയെപ്പോലെ തന്നെ മുക്കുറ്റിയും ഒരു ഔഷധ സസ്യമാണ്. ചെറിയ മുറിവിനും പനിക്കും മുക്കുറ്റിച്ചാറ് വിശേഷൗഷധം. മുക്കുറ്റിയുടെ ശാസ്ത്രനാമം ബയോഫൈറ്റം സനൈ്‌സിറ്റേവം. കുടുംബം ഓക്‌സാലിഡേസിയേ.

3. കാക്കപ്പൂ

ഓണക്കൊയ്ത്തു കഴിഞ്ഞ നെൽപ്പാടങ്ങളിൽ കടും നീലനിറത്തിൽ ചിതറിക്കിടക്കുന്ന മുത്തുകൾ‌ പോലെ വിരിഞ്ഞുനിൽക്കുന്ന കാക്കപ്പൂവ്. നെൽപ്പാടങ്ങൾ അപ്രത്യക്ഷമായതോടെ കാക്കപ്പൂക്കളും കാണാനില്ല. ലെന്‍റി ബുലാറിയേസിയേ കുടുംബത്തിൽ‌പ്പെട്ട കാക്കപ്പൂവിന്‍റെ ശാസ്ത്രനാമം യൂട്രിക്കുലേറിയ റെറ്റിക്കുലേറ്റ.

4. ചെമ്പരത്തി

ഓണപ്പൂക്കളിലെ നിത്യ സാന്നിധ്യമായിരുന്നു ചെമ്പരത്തി. ചോതി ദിവസം പൂക്കളത്തിൽ ചുവന്ന പൂക്കളിടണം. അതിനു വിശേഷം ചെമ്പരത്തി തന്നെ. ഓണപ്പൂക്കളത്തിനു കുട ചൂടിക്കാൻ പല നിറങ്ങളിലും രൂപത്തിലുമുള്ള ചെമ്പരത്തികൾ ഉപയോഗിക്കുന്നു. ചൈനയിൽ പിറന്ന ചെമ്പരത്തിയുടെ ശാസ്ത്രനാമം ഹിബിസ്‌കസ് റോസാ സനൈൻ‌സിസ്. കുടുംബം മാൽവേസിയേ.

5. കൃഷ്ണമുടി

കൃഷ്ണമുടി എന്നും ഹനുമാൻ കിരീടം എന്നും ഇതിനു പേരുണ്ട്. മുത്തും രത്‌നവും പതിപ്പിച്ച കൃഷ്ണ കിരീടം പോലെയാണീ പൂങ്കുലയുടെ ആകൃതി. പൊന്തക്കാടുകളില്ലായതോടെ കൃഷ്ണകിരീടവും വംശനാശത്തിന്‍റെ വക്കിലാണ്. ഓണക്കാലം വരെ ആരാലും ശ്രദ്ധേിക്കപ്പെടാതെ കിടക്കുന്ന ഈ പൂവ് പൂതേടി നടക്കുന്ന കുട്ടികളിൽ ആഹ്ലാദം നിറയ്ക്കുന്നു. ഒരു കുല പൂങ്കുലമതി ഒരു പൂക്കളം നിറയ്ക്കാൻ. ജപ്പാനിലെ പഗോഡയെ ഓർമിപ്പിക്കുന്ന രൂപമായതിനാൽ ഇംഗ്ലീഷിൽ ഇതിൻ പഗോഡ പ്ലാന്‍റ് എന്നും പേരുണ്ട്. ക്ലിറോഡെൻഡ്രം പാനിക്കുലേറ്റ എന്നാണിതിന്‍റെ ശാസ്ത്രനാമം. കുടുംബം വെർബനേസിയെ.

6. കൊങ്ങിണിപ്പൂ

കൊങ്ങിണിയെന്നൊരു

പാഴ്‌ച്ചെടിയുണ്ടതിൽ

കിങ്ങിണിച്ചെമ്മണിപ്പൂവല്ലോ

ഓണമായ് മുറ്റത്തു

പൂവിടാൻ നമ്മൾക്കു

വേണമതിൻ മലരാവോളം

എന്ന് വൈലോപ്പിള്ളി പാടിയിട്ടുണ്ട്. പൂച്ചെടി, ഒടിച്ചുകുത്തി, അരിപ്പൂച്ചെടി, ഈമടക്കി എന്നീ പേരുകളിലെല്ലാം ഇത് പല ദേശങ്ങളിൽ അറിയപ്പെടുന്നു. പൊന്തക്കാടുകളിലും വേലികളിലും പല നിറങ്ങളിൽ നിറയെ പൂത്തുലഞ്ഞുനിൽക്കുന്ന അരിപ്പൂച്ചെടിയുടെ ജൻമദേശം മധ്യ അമേരിക്കയാണ്. അരിപ്പൂച്ചെടിയുടെ ശാസ്ത്രനാമം ലന്‍റാന കാമറ. കുടുംബം വെർബിനേസിയേ.

7. വാടാമലർ

പേരിൽ‌ നിന്നു തന്നെ ഇതിന്‍റെ ഗുണം അറിയാം. അത്ര പെട്ടൊന്നൊന്നും വാടിപ്പോവില്ല വാടാമലരി. മലബാറിൽ ഉണ്ടപ്പൂവ് എന്നും പേരുണ്ട്. ഒരു കാലത്ത് കേരളീയരുടെ വീട്ടുമുറ്റങ്ങളെ അലങ്കരിച്ചിരുന്നു. വാടാമല്ലിയും ചെണ്ടുമല്ലിയും ഇന്നു തമിഴ്‌നാട്ടിലെ തോവാളയിൽ ‌നിന്നും കർണാടകയിൽ നിന്നുമാൺ വിരുന്നെത്തുന്നത്. അമരന്തേസിയേ കുടുംബത്തിൽ‌പ്പെട്ട വാടാമല്ലിയുടെ ശാസ്ത്രനാമം ഗോംഫ്രീന ഗ്ലോബോസ. ഇംഗ്ലീഷിൽ ബാച്ചിലേഴ്‌സ് ബട്ടൺ എന്നും പേരുണ്ട്.

8. അതിരാണി

വയൽ വരമ്പുകളിലും ചതുപ്പുകളിലും ഊതനിറമുള്ള പൂക്കളുമായി ഇളകിയാടുന്ന അതിരാണിപ്പൂ (കദളി) ഓണപ്പൂക്കളിൽ പ്രധാനമായിരുന്നു. വയലുകളും ചതുപ്പുകളും കുറയുന്നതിനനുസരിച്ച് ഈ ചെടിയും കുറഞ്ഞുവരികയാണ്. ലതാ മങ്കേഷ്‌കർ നെല്ല് എന്ന സിനിമയ്ക്കു വേണ്ടി പാടിയ കദളി ചെങ്കദളി ചെങ്കദളി പൂവേണോ എന്ന ഗാനം കേൾക്കുമ്പോൾ ഇന്നും നമ്മുടെ മനസിൽ ഒരു ഓണക്കാലം വിരിയും. അതിരാണിപ്പൂവിന്‍റെ ശാസ്ത്രനാമം മെലസ്റ്റോമാ മലബാത്രിക്കം എന്നാണ്. കുടുംബം മെസ്റ്റോമാസിയേ.

9. ഓണപ്പൂവ്

ഓണപ്പൂക്കളത്തിൽ‌നിന്ന് ഒഴിവാക്കാൻ പറ്റാത്ത പൂവായിരുന്നു ഓണപ്പൂവ്. ഓണപ്പൂവിനെ ഈർക്കിലിൽ കോർത്ത് പൂക്കളത്തിൽ കുത്തിനിർത്തുകയാണു പതിവ്. കേരളത്തിലങ്ങോളമിങ്ങോളും പൂത്തുലഞ്ഞിരുന്ന ഓണപ്പൂവും (വീണപ്പൂവ് എന്നും പറയും) ഇന്ന് വംശനാശത്തിന്‍റെ വക്കിലാണ്. പർപ്പിൾ നിറത്തിൽ കുലകളായി പൂക്കുന്ന ഓണപ്പൂക്കൾ കൈവെള്ളയിലിട്ട് തിരുമ്മി മയപ്പെടുത്തി ഊതി വീർപ്പിച്ച് കുട്ടികൾ കളിക്കാറുണ്ടായിരുന്നു. അർജീറിയ ഹിർസ്റ്റുറ എന്നാൺ ഓണപ്പൂവിന്‍റെ ശാസ്ത്രനാമം.

പല ഓണാഘോഷച്ചടങ്ങുകളും ഈ ഹൈടെക് യുഗത്തിൽ കാലത്തിന്‍റെ ഏടുകളിൽ മറഞ്ഞുപോവുകയാണ്. പൂപ്പൊലിപ്പാട്ടുകളും തുമ്പി തുള്ളൽപ്പാട്ടുകളും ചില ഓണച്ചടങ്ങുക ളുമെല്ലാം അതിൽ‌പ്പെടും.

Trending

No stories found.

Latest News

No stories found.