മലയാളികൾക്ക് അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് സവാള. ഇപ്പോഴിതാ വിപണിയിൽ സവാള വില കുതിച്ചുയരുകയാണ്. നിലവിൽ കിലോയ്ക്ക് 85 രൂപയിലെത്തി. ഈ സാഹചര്യത്തിലാണ് എന്തുകൊണ്ട് സവാള നമുക്ക് വീട്ടിൽ തന്നെ കൃഷി ചെയ്തുകൂടാ എന്ന ചോദ്യത്തിന് പ്രാധാന്യം ഏറുന്നത്. ക്യാരി ബാഗുകളിലോ ടെറസിലോ ആയി വളരെ ചെറിയ ചെലവിലും അധ്വാനത്തിലും കൃഷി ചെയ്യാനാവുന്ന പച്ചക്കറിയാണ് സവാള.
'സവാള കൃഷിക്ക് അനുയോജ്യമായ മാസം നവംബർ മുതൽ 4 മാസമാണ്'
സവാള കൃഷിയെക്കുറിച്ച് തീരെ പരിജ്ഞാനമില്ലാത്തവരാണ് നമ്മളിൽ പലരും. സവാള വിത്ത് നട്ട് വികസിപ്പിച്ചെടുക്കുന്ന പച്ചക്കറിയാണെന്ന് പോലും അറിയാത്തവരാണ് പലരും. അടുത്തകാലങ്ങളിലായി കേരളത്തിൽ സവാള കൃഷി ചെയ്യാനായി കൂടുതൽ ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.
സവാള കൃഷിക്ക് അനുയോജ്യമായ മാസം നവംബർ മുതൽ 4 മാസമാണ്. സവാളയ്ക്ക് നടുമ്പോൾ തണുപ്പും വിളവെടുക്കുമ്പോൾ ചൂടുമായ കാലാവസ്ഥയാണ് ആവശ്യം.
'സവാള പോലെ തന്നെ അവയുടെ ഇലകളും ഭക്ഷ്യയോഗ്യമാണ്'
സവാള വിത്ത് നമുക്ക് കൃഷി ഭവനിൽ നിന്നും ലഭ്യമാണ്. ഇതിന് പുറമേ ആമസോൺ ഫ്ലിപ്കാർട്ട് പോലുള്ള ഓൺലൈൻ മീഡിയകളിലും സവാള വിത്ത് സുലഭമാണ്. മാത്രമല്ല ചീത്തയായ സവാള ഉണ്ടെങ്കിൽ നമുക്ക് വീട്ടിൽ തന്നെ വിത്ത് വികസിപ്പിച്ചെടുക്കാനാവും. ചീഞ്ഞ സവാള നട്ട് ലീഫ് മുളച്ച് 35 ദിവസത്തിനകം പൂ വിരിഞ്ഞ് തുടങ്ങും. അതിൽ നിന്നും വിത്ത് ശേഖരിക്കാം. സവാള പോലെ തന്നെ അവയുടെ ഇലകളും ഭക്ഷ്യയോഗ്യമാണ്. സവാളയുടെ നീളമുള്ള പച്ച ഇലകൾ ചീര പോലെ നമുക്ക് കറിവച്ച് കഴിക്കാനാവും.
'തൈകൾ നട്ട് മൂന്നര നാലു മാസം പ്രായമാകുമ്പോൾ വിളവെടുക്കാം'
സവാള വിത്ത് ക്യാരി ബാഗുകളിലോ വളക്കൂറുള്ള മണ്ണിലോ നടാം. വിത്ത് പാകി തൈ 10 സെന്‍റീ മീറ്ററോളം വളരുമ്പോൾ പറിച്ച് നടാം. സൂര്യ പ്രകാശം നന്നായി ലഭിക്കുന്ന സ്ഥലത്താവണം സവാള തൈകൾ നടാൻ. ചാണകപ്പൊടി, കോഴിക്കാഷ്ഠം, മണ്ണിരക്കമ്പോസ്റ്റ് തുടങ്ങിയവ അടിവളമായി നൽകണം. വെള്ളം ഒഴിക്കുന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഉള്ളി ആയി കഴിഞ്ഞാൽ നനവ് അത്യാവശ്യമാണ്. നനവ് കുറഞ്ഞാൽ വിളവിനെ ബാധിക്കും. ജൈവവളങ്ങൾ ഇടയ്ക്കിടെ ഇട്ട് കൊടുക്കാം.
തൈകൾ നട്ട് മൂന്നര നാലു മാസം പ്രായമാകുമ്പോൾ വിളവെടുക്കാം. ഇലകൾ വാടി കരിയുമ്പോഴേക്കും പറിച്ചെടുത്ത് തണലിൽ ഉണക്കുക. അതിനുശേഷം തണ്ട് മുറിച്ചുമാറ്റി ഉണക്കി ഉപയോഗിക്കാം. ഒരു സെന്‍റിൽനിന്ന് ഏകദേശം 25-30 കിലോയോളം സവാള കൃഷിചെയ്യാനാവും.