ഏബിള്‍ സി. അലക്സ്
കോതമംഗലം: ദൈവത്തിന്‍റെ വരദാനമാണല്ലോ കല. അത് വേണ്ടുവോളമുള്ള ഒരു കലാകാരിയുണ്ട് കോതമംഗലത്ത്. ചിത്രകലയില്‍ കാല്‍വിരലുകള്‍കൊണ്ട് വിസ്മയം തീര്‍ക്കുകയാണ് കോതമംഗലം പൈങ്ങോട്ടൂര്‍ സ്വദേശിനി സ്വപ്ന അഗസ്റ്റിന്‍. ജന്മനാ ഇരു കൈകളും ഇല്ലാത്ത സ്വപ്ന ആത്മ വിശ്വാസത്തിന്‍റെ ഒരായിരം നിറങ്ങള്‍ ചാലിച്ച് ജീവിതം വരക്കുകയാണ്. വരകളില്‍ വര്‍ണ്ണം ചാലിച്ച് ക്യാന്‍വാസുകളിലൂടെ നടന്നു കയറുകയാണ് ഈ പെണ്‍കുട്ടി.
കൈകളില്ലെങ്കിലും എനിക്ക് കാലുകള്‍ തന്നെ ധാരാളം എന്ന് തെളിയിച്ച് , മിഴിവാര്‍ന്ന നിരവധി ചിത്രങ്ങളാണ് തന്‍റെ കാല്‍ വിരലുകള്‍ കൊണ്ട് ചായം ചാലിച്ച് സ്വപ്ന മനോഹരമാക്കിയിരിക്കുന്നത്. പൈങ്ങോട്ടൂര്‍ കൊച്ചുമുട്ടം പരേതനായ അഗസ്റ്റിന്‍റേയും, സോഫിയുടെയും നാല് മക്കളില്‍ മൂത്തയാളാണ് സ്വപ്ന. ചെങ്ങനാശേരിയിലും, ആലപ്പുഴയിലും ആയിട്ടാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
ഡെന്നി മാത്യു എന്ന ചിത്രകല അധ്യാപകനാണ് തന്നെ കലയുടെ ലോകത്തേക്ക് കൈപിടിച്ച് കൊണ്ടു വന്നതെന്ന് സ്വപ്ന പറയുന്നു. ലോകത്തില്‍ വായകൊണ്ടും, കാല്‍ വിരലുകള്‍ കൊണ്ടും ചിത്രങ്ങള്‍ വരയ്ക്കുന്ന വരുടെ കൂട്ടായ്മയായ അസോസിയേഷന്‍ ഓഫ് മൌത്ത് ആന്‍ഡ് ഫുട് പെയിന്‍റിങ് ആര്‍ട്ടിസ്റ്റ് ഓഫ് ദി വേള്‍ഡ് (എ എം എഫ് പി എ )എന്ന സംഘടനയില്‍ അംഗമാണ് സ്വപ്ന. കേരളത്തില്‍ നിന്നു 13 ഓളം പേരാണ് ഇതില്‍ അംഗമായിട്ടുള്ളത്.
ലോകത്തിലെ 70 രാജ്യങ്ങളില്‍ നിന്ന് ഏകദേശം 750 ല്‍ പരം കലാകാരമാരാണ് ഇതില്‍ അംഗങ്ങളായിട്ടുള്ളതെന്ന് സ്വപ്ന പറഞ്ഞു.മദര്‍ തെരേസ, മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാം,മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നി വരുള്‍പ്പെടെ നിരവധി പ്രമുഖ വ്യക്തിത്വങ്ങളുടെ ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ തന്‍റെ ക്യാന്‍വാസില്‍ സ്വപ്ന പകര്‍ത്തിയിട്ടുണ്ട്.