അരളിച്ചെടി
അരളിച്ചെടി

അരളിയെ മാത്രമല്ല എരുക്കിനെയും കുന്നിക്കുരുവിനെയും ഭയക്കണം!

ഇവയ്ക്കു പുറമേ ഒതളങ്ങ, ഉമ്മം എന്നിവയിലും ധാരാളമായി വിഷാംശം ഉണ്ട്.

അരളിപ്പൂവിൽ മാത്രമല്ല എരുക്കിലും, കുന്നിക്കുരുവിലും മേന്തോന്നിയിലുമെല്ലാം ചെറിയ അളവിൽ വിഷാംശമുണ്ടെന്ന് ഗവേഷകർ പറയുന്നു.

കുറച്ചു കാലം മുൻപു വരെ പൂജാപുഷ്പങ്ങളിൽ ഇടം പിടിച്ചിരുന്ന അരളിപ്പൂവ് ഇപ്പോൾ വിവാദപുഷ്പമായി മാറിയിരിക്കുകയാണ്. അരളിപ്പൂവും അതിന്‍റെ ഇലയും നുള്ളിക്കഴിച്ച പെൺകുട്ടി അൽപ്പ സമയത്തിനു ശേശം കുഴഞ്ഞു വീണു മരിച്ചതാണ് വിവാദങ്ങൾക്കു കാരണം. കഴിഞ്ഞ ദിവസം ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ കുഴഞ്ഞു വീണു മരിച്ചത് അരളിയുടെ പൂവോ, ഇലയോ നുള്ളി വായിലിട്ടതിനെ തുടർന്നാണെന്ന സംശയങ്ങളും ഉയർന്നു. ഇതോടെ അരളിപ്പൂവിനെ പൂജാപുഷ്പങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവും ശക്തമാണ്. അരളിപ്പൂവിൽ മാത്രമല്ല എരുക്കിലും, കുന്നിക്കുരുവിലും മേന്തോന്നിയിലുമെല്ലാം ചെറിയ അളവിൽ വിഷാംശമുണ്ടെന്ന് ഗവേഷകർ പറയുന്നു.

മഞ്ഞ അരളി
മഞ്ഞ അരളി

അരളി

വേര് മുതൽ പൂക്കൾ വരെ സസ്യത്തിന്‍റെ എല്ലാ ഭാഗത്തും വിഷമടങ്ങിയിരിക്കുന്ന ചെടിയാണ് അരളി. ഹൃദയത്തെ ബാധിക്കുന്ന ഗ്ലൈക്കോസൈഡുകളാണ് മരണത്തിന് കാരണമാകുന്നത്. അതു കൊണ്ട് തന്നെ രണ്ടു മൂന്നു ഇലകളോ പൂക്കളോ ശരീരത്തിനകത്തെത്തിയാൽ വിഷം പ്രവർത്തിച്ചേക്കാം. തലകറക്കം, ഛർദ്ദി എന്നിവയാണ് വിഷം ബാധിച്ചതിന്‍റെ ലക്ഷണങ്ങൾ. പിന്നീട് ഹൃദയമിടിപ്പ് കൂടുകയും തളർച്ച, ബോധക്ഷയം എന്നിവയുണ്ടാകുകയും ചെയ്തേക്കാം. അരളിയുടെ കമ്പിൽ കുത്തി മാംസം വേവിച്ച് കഴിച്ചവരിലും അരളിച്ചെടി കത്തിച്ച പുക ശ്വസിച്ചവരിലും വരെ വിഷബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നാട്ടിൻ‌പുറങ്ങളിൽ കാണപ്പെടുന്ന നീണ്ട ഇലകളുള്ള മഞ്ഞരളിച്ചെടിയും വിഷകാരിയാണ്. ഇവയുടെ കായിൽ ആണ് ഏറ്റവുമധികം വിഷപദാർഥം ഉള്ളത്.

എരുക്ക്

അരളി എന്ന പോലെ പൂജപുഷ്പങ്ങളിൽ ഇടം പിടിക്കുന്ന മറ്റൊരു പുഷ്പമാണ് എരുക്ക്. നാട്ടിൻപുറങ്ങളിൽ ഇവ ധാരാളമായി കാണാറുണ്ട്. അരളിയുടെ കുടുംബത്തിൽ പെട്ടവ തന്നെയാണ് എരുക്കും. എരുക്കിന്‍റെ പാലിലാണ് വിഷപദാർഥം ധാരാളമായുള്ളത്. എരുക്കിൽ നിന്നുള്ള വിഷം അകത്തെത്തിയാൽ 12 മണിക്കൂറിനകം മരണം സംഭവിച്ചേക്കാം. എരുക്കിൽ പാൽ കണ്ണിൽ വീണാൽ അന്ധതയുണ്ടാകാനും സാധ്യതയുണ്ട്.


കുന്നിക്കുരു
കുന്നിക്കുരു

കുന്നിക്കുരു

മലയാളികളുടെ പ്രിയപ്പെട്ട കുട്ടിക്കാല ഓർമകളിലെല്ലാം കുന്നിക്കുരു ഉണ്ടായിരിക്കും. എന്നാൽ ഗൃഹാതുരത്വത്തിനുമപ്പുറം അബ്രിൻ എന്ന വിഷപദാർഥവും കുന്നിക്കുരുലിൽ ഉണ്ട്. കുന്നിക്കുരുവിന്‍റെ കറുപ്പും ചുമപ്പുമുള്ള പുറന്തൊലിയോടെ കുന്നിക്കുരു അകത്തു ചെന്നാലും വലിയ പ്രശ്നങ്ങൾ ഉണ്ടായേക്കില്ല. എന്നാൽ ഈ പുറംപാളി പൊളിഞ്ഞ് അകത്തുള്ള പരിപ്പ് ശരീരത്തിനകത്തെത്തിയാൽ വിഷബാധയുണ്ടായേക്കാം.

മേന്തോന്നി
മേന്തോന്നി

മേന്തോന്നി

മുറ്റം മനോഹരമാക്കാൻ വച്ചു പിടിപ്പിക്കുന്ന ഭംഗിയുള്ള ചുവന്ന പൂക്കൾ വിരിയുന്ന മേന്തോന്നിയിലും വിഷമുണ്ട്. മേന്തോന്നിയുടെ കിഴങ്ങിൽ ആണ് വിഷമുള്ളത്. നേരിയ അളവിൽ അകന്നു ചെന്നാൽ തന്നെ മാരകമാകുന്ന ആൽക്കലിയാണ് ഇവയുടെ കിഴങ്ങിൽ ഉള്ളത്.

ആവണക്ക്
ആവണക്ക്

ആവണക്ക്

നാട്ടിൻപുറങ്ങളിൽ ധാരാളമായി കാണുന്ന ആവണക്ക് വിഷകാരിയാണ്. ഇവയുടെ കായിൽ അടങ്ങിയിരിക്കുന്ന വിശപദാർഥമാണ് പ്രശ്നക്കാരൻ. ധാരാളമായി ഈ കായ അകത്തു ചെന്നാൽ വിഷമായി മാറാറുണ്ട്.

ഇവയ്ക്കു പുറമേ ഒതളങ്ങ, ഉമ്മം എന്നിവയിലും ധാരാളമായി വിഷാംശം ഉണ്ട്.