ജീവിതത്തിൽ സന്തോഷം തരുമെന്ന് ഉറപ്പുള്ള കാര്യങ്ങൾ ചെയ്യുക. ചിലപ്പോൾ പാചകമാകാം, യാത്രകളാകാം, വീട്ടിൽ വെറുതെയിരിക്കുന്നതാകാം.. എന്തു തന്നെയായാലും, മറ്റുള്ളവർ എന്തു കരുതും എന്നാലോചിച്ച് അതു ചെയ്യാതിരിക്കരുത്. ഹരിയാന സ്വദേശിനി പൂജ സിങ്ങിന്‍റെ ജീവിതമന്ത്രം അതായിരുന്നു. അതുകൊണ്ടു തന്നെ അഞ്ചു വർഷം മുമ്പു യാത്രകൾക്കായി കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് പൂജ ഇറങ്ങിത്തിരിച്ചു. ഇന്നു പൂജ എത്തിച്ചേർന്നിരിക്കുന്ന ദൂരങ്ങൾ അനവധി. വെറുതയൊരു ട്രാവൽ ബ്ലോഗർ എന്ന വിശേഷണം മാത്രമല്ല പൂജയുടെ പ്രൊഫൈലിനോടു ചേർന്നു നിൽക്കുന്നത്, അതിനുമപ്പുറമാണ്.
ലോകത്തിലെ എല്ലാ ഭാഗത്തേയും സൂര്യാസ്തമയം കാണണമെന്നാണ് ഈ ഏകാന്തയാത്രികയുടെ മോഹം. കന്യാകുമാരിയിൽ ഉൾപ്പെടെ പലയിടങ്ങളിലും എത്തി. ഇപ്പോൾ ഡിജിറ്റൽ കണ്ടന്‍റ് ക്രിയേറ്റർ കൂടിയാണ് പൂജ. ഇൻസ്റ്റയിൽ മാത്രം 447 കെ ഫോളോവേഴ്സുണ്ട്. ട്രാവൽ കമ്പനി സോളോ ട്രാവലറിന്‍റെ സാരഥി കൂടിയാണു പൂജ.
ടൂറിസവും ഹോസ്പിറ്റാലിറ്റിയും ഏറെ താത്പര്യമുള്ള വിഷയങ്ങളായതു കൊണ്ടു തന്നെ, ഓൾ ടെറയ്ൻ സ്റ്റേ എന്ന പേരിലൊരു ഹോസ്റ്റൽ ചെയിനും പൂജ ആരംഭിച്ചു. ഈ നേട്ടങ്ങളെല്ലാം യാത്രാമോഹത്തിന്‍റെ ഫലമാണ്. ഭ്രമൺ ഫൗണ്ടേഷൻ എന്ന പേരിലൊരു എൻജിഒയുടെ സാരഥ്യവും വഹിക്കുന്നുണ്ട്. ചുമതലകൾ വന്നു ചേർന്നപ്പോഴും യാത്രകൾ അവസാനിച്ചിട്ടില്ല. മോഹസാക്ഷാത്കാരത്തിന്‍റെ വഴിയിൽ ജീവിതമാർഗം കൂടി കണ്ടെത്തുന്നതിന്‍റെ ഉത്തമ ഉദാഹരണമാണു പൂജ സിങ്.