വൈഫൈ കണക്ഷനെ ആശ്രയിച്ച് ഇന്‍റർനെറ്റ് ഉപയോഗിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് വൈദ്യുതി തടസം. കറന്‍റ് പോകുമ്പോൾ ഇന്‍റർനെറ്റ് കട്ടാകുന്ന അവസ്ഥയിൽ, വേഗം കുറഞ്ഞ മൊബൈൽ ഫോൺ ഡേറ്റയെയും മറ്റും ആശ്രയിക്കുന്നത് പലരുടെയും ജോലിയിലെ കാര്യക്ഷമതയെ പോലും ബാധിക്കുന്നുണ്ട്.
വീടിന്, അല്ലെങ്കിൽ ഓഫീസിന് യുപിഎസ് ബാക്കപ്പ് ഉണ്ടെങ്കിൽ ഈ പ്രശ്നമുണ്ടാകില്ല. പക്ഷേ, അത്തരത്തിൽ യുപിഎസ് ഇല്ലാത്തവർക്കും കറന്‍റ് പോകുമ്പോൾ വൈഫൈ ഉപയോഗിക്കാൻ സാധിക്കും. വൈഫൈ റൂട്ടറിനു മാത്രമായുള്ള ചെറിയ യുപിഎസ് ബാക്കപ്പ് വാങ്ങിയാൽ ഈ പ്രശ്നം പരിഹരിക്കാം.
1000 രൂപ മുതൽ 1700 രൂപ വരെ മാത്രമാണ് ഈ മിനി യുപിഎസുകളുടെ വില. വിവിധ മോഡലുകൾ നാല് മുതൽ എട്ട് മണിക്കൂർ വരെ ബാക്കപ്പും ലഭിക്കും. റൂട്ടറുകൾ ഇതിൽ കണക്റ്റ് ചെയ്താണ് ഉപയോഗിക്കേണ്ടത്.
കറന്‍റുള്ള സമയത്ത് ഈ യുപിഎസിലെ ബാറ്ററി ചാർജായിരിക്കും. കറന്‍റ് ഇല്ലാത്തപ്പോഴും ഈ ബാറ്ററി ചാർജ് ഉപയോഗിച്ച് വൈഫൈ പ്രവർത്തിക്കുകയും ചെയ്യും. റൂട്ടറിനുള്ള പവർബാങ്ക് എന്നു വേണമെങ്കിൽ ഇതിനെ വിളിക്കാം. സമാനമാണ് പ്രവർത്തനം.