ബ്രഡ്ഡിലും കേക്കിലും മത്തങ്ങ വെറൈറ്റി

എന്തുകൊണ്ടാണ് വിദേശികൾ ഇത്രയധികം മത്തങ്ങയെ ഇഷ്ടപ്പെടുന്നതിനു കാരണമെന്നും നമുക്കു മനസിലാകും ഇതു വായിക്കുമ്പോൾ
ബ്രഡ്ഡിലും കേക്കിലും മത്തങ്ങ വെറൈറ്റി
Updated on

റീന വർഗീസ് കണ്ണിമല

മത്തൻ കണ്ടാൽ മൂടോടെ വലിച്ചു പറിച്ചു കളയുന്നവർക്കാണ് ഇന്നത്തെ മത്തൻ വിഭവങ്ങൾ. തികഞ്ഞ മത്തൻ വിരോധികളെ പോലും പാട്ടിലാക്കുന്ന അതീവ രുചികരമായ വിഭവങ്ങളാണ് ഇനി പരിചയപ്പെടുത്താൻ പോകുന്നത്. എന്തുകൊണ്ടാണ് വിദേശികൾ ഇത്രയധികം മത്തങ്ങയെ ഇഷ്ടപ്പെടുന്നതിനു കാരണമെന്നും നമുക്കു മനസിലാകും ഇതു വായിക്കുമ്പോൾ.

ആദ്യം തന്നെ മത്തങ്ങ ബ്രഡ് ലോഫ് ആകാം:

ഗ്ലൂട്ടൻ ഫ്രീയാണെന്നതാണ് മത്തങ്ങയുടെ ഒരു വലിയ ഗുണം. തന്നെയല്ല ഇതു കൊണ്ടുണ്ടാക്കുന്ന ബ്രഡ് അതീവ രുചികരവുമാണ്. മത്തങ്ങ ഇതിൽ ചേർന്നിട്ടുണ്ടെന്ന് ആർക്കും മനസിലാകുകയുമില്ല. അത്രമേൽ രുചികരം!

മത്തങ്ങ ബ്രഡ് ലോഫ് പാചകക്കുറിപ്പ് ഇങ്ങനെ:

1

മൈദ 300g

കാസ്റ്റർ ഷുഗർ 30g

ഉപ്പ് 1/2tsp

2

മത്തങ്ങ വേവിച്ചുടച്ചത് 140g

ഫ്രഷ് മിൽക്ക് 100ml

ഇൻസ്റ്റന്‍റ് യീസ്റ്റ് 1tsp

3

ഉപ്പില്ലാത്ത ബട്ടർ 30g

4

മത്തങ്ങ കുരു ഉണങ്ങിയത് ആവശ്യത്തിന്

22cm x 6cm x 10cm വീതമുള്ള 2 പാൻ

ആദ്യം തന്നെ മത്തങ്ങ തൊലികളഞ്ഞ് ആവിയിൽ വേവിച്ച് നന്നായി ഉടച്ചു മാറ്റി വയ്ക്കുക. മൈദ നന്നായി അരിച്ചെടുക്കുക. ഇതിലേക്ക് പഞ്ചസാര, ഉപ്പ്, മത്തങ്ങ ഉടച്ചത്, ഇൻസ്റ്റന്‍റ് യീസ്റ്റ്, പാൽ എന്നിവ ചേർത്ത് നന്നായി കുഴയ്ക്കുക. കുഴച്ചു വരുമ്പോൾ വീണ്ടും ഉപ്പില്ലാത്ത ബട്ടർ ചേർത്ത് വീണ്ടും നന്നായി കുഴയ്ക്കുക. എന്നിട്ട് വളരെ ശ്രദ്ധാപൂർവം അത് ആറ് ഉരുളകളാക്കി റെസ്റ്റ് ചെയ്യാൻ 15 മിനിറ്റ് വയ്ക്കുക. പതിനഞ്ചു മിനിറ്റിനു ശേഷം അവ ഓരോന്നും ഒരിഞ്ചു കനത്തിൽ പരത്തുക. എന്നിട്ട് പതിയെ ബട്ടർ പുരട്ടിയ കൈ കൊണ്ട് ഒന്നു കൂടി പരത്തിക്കൊടുക്കുക. വീണ്ടും അത്ഒരു സൈഡിൽ നിന്ന് പതിയെ അകത്തേക്ക് ചുരുട്ടി ചുരുട്ടി ഒരു നീളൻ റോളായി മാറ്റുക. ഇങ്ങനെ തുല്യ നീളത്തിലും വണ്ണത്തിലുമുള്ള

മൂന്നു റോളുകളാകുമ്പോൾ അവ മുടി പിന്നുന്നതു പോലെ പിന്നി വയ്ക്കുക. ഇത്തരത്തിൽ രണ്ടു ബ്രഡ് ലോഫ് കിട്ടും. ഇവ മുമ്പ് ബട്ടർ പുരട്ടി തയാറാക്കി വച്ചിരിക്കുന്ന പാനുകളിലാക്കി

വീണ്ടും പൊങ്ങി വരുന്നതിനായി 60 മിനിറ്റ് മൂടി വയ്ക്കുക. 60 മിനിറ്റ് കഴിയുമ്പോൾ അത് ഇരട്ടിയായി പൊങ്ങി വരുന്നതു കാണാം. ഇനി ഇവയുടെ മുകൾ ഭാഗത്ത് ബട്ടർ പുരട്ടി മൃദുവാക്കുക. ശേഷം ഡ്രൈ റോസ്റ്റ് ചെയ്ത മത്തൻ കുരു വിതറി മുൻപേ പ്രീ ഹീറ്റ് ചെയ്തു വച്ചിരിക്കുന്ന ഓവനിൽ വച്ച് 180°C / 356°F ഹീറ്റിൽ 15-17 മിനിറ്റു വരെ ബേക്കു ചെയ്ത് എടുക്കുക. മൃദുലവും മനോഹരവുമായ, പ്രഭാത ഭക്ഷണമായോ ഉച്ച ഭക്ഷണമായോ നാലുമണിക്ക് കാപ്പിയായിട്ടോ ഒക്കെ കഴിക്കാൻ പാകത്തിനുള്ള പംപ്കിൻ ബ്രഡ് ലോഫ് തയാറായിക്കഴിഞ്ഞു.

മത്തങ്ങ കേക്ക്

ഇനിയൊരു മത്തങ്ങ കേക്ക് ആയാലോ?ഇതാ റെസിപ്പി. നമുക്കിത് എങ്ങനെയാണ് പാചകം ചെയ്യുന്നതെന്നു നോക്കാം.

ചേരുവകൾ

1

1 കപ്പ് + 2 ടേബിൾസ്പൂൺ മൈദ

2 ടേബിൾസ്പൂൺ ബേക്കിങ് പൗഡർ

1/2 ടീസ്പൂൺ ഉപ്പ്

1 ടേബിൾസ്പൂൺ സ്പൈസസ് (ശ്രീലങ്കൻ സിനമൺ, ജാതിക്ക, ചുക്ക് എന്നിവ സമം പൊടിച്ചത്)

1 ടീസ്പൂൺ ശ്രീലങ്കൻ സിനമൺ

2.1 കപ്പ് ബ്രൗൺ ഷുഗർ

1/3 കപ്പ് ഓയിൽ - കനോല ഓയിലോ വെർജിൻ കോക്കനട്ട് ഓയിലോ ഉപയോഗിക്കാം

2

3/4 കപ്പ് മത്തങ്ങ വേവിച്ചുടച്ചത്

2 ടേബിൾസ്പൂൺ മേപ്പിൾ സിറപ്പ്

1 ടീസ്പൂൺ വാനില എക്സ്ട്രാക്റ്റ്

1/4 കപ്പ് ഫ്രഷ് മിൽക്ക്

3

1 കപ്പ് ക്രീം ചീസ് ഫ്രോസ്റ്റിങ്

പാചകം ചെയ്യുന്ന വിധം

ഓവൻ180 C / 350 F ചൂടാക്കിയിടുക. ഒരു 9-inch കേക്ക് പാൻ ബട്ടർ പുരട്ടി വയ്ക്കുക. ഒരു ചെറിയ ബൗളിൽ ഒന്നാം ചേരുവകൾ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മറ്റൊരു ബൗളിൽ ബാക്കിയുള്ള ചേരുവകൾ ചേർത്ത് നന്നായി ഇളക്കുക. ശേഷം എല്ലാ ചേരുവകളും കൂടി നന്നായി ചേർത്തിളക്കി ബട്ടർ പുരട്ടിയ പാനിൽ ഒഴിച്ച് 30 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കുക. നിങ്ങൾക്ക് എത്ര ലെയർ ഉള്ള കേക്ക് വേണമോ അത്രയും എണ്ണം കേക്ക് ഇത്തരത്തിൽ ഉണ്ടാക്കി എടുക്കണം. എന്നിട്ട് തണുക്കാൻ വയ്ക്കുക. തണുത്തു കഴിയുമ്പോൾ തയാറാക്കി വച്ചിരിക്കുന്ന മൂന്നാം ചേരുവ ഓരോ ലെയറിലും ഭംഗിയായി അലങ്കരിച്ച് പിടിപ്പിച്ച ശേഷം ഒരു മണിക്കൂർ റെഫ്രിജേറ്റ് ചെയ്യുക. ശേഷം മുറിച്ച് ഉപയോഗിക്കുക. ആസ്വാദ്യകരമായ മത്തങ്ങ ക്രീം ചീസ് കേക്ക് റെഡി!

Trending

No stories found.

Latest News

No stories found.