നൂറ്റാണ്ട് പഴക്കമുള്ള അത്യപൂർവ ചുവർചിത്രത്തിന് പുനർജനി | Video
ഡോ. സഞ്ജീവൻ അഴീക്കോട്
നിറവിളക്ക് തെളിഞ്ഞു. പഞ്ചഭൂതാത്മക തത്ത്വം തെളിയും ജ്ഞാന പ്രകാശം. നാഗഭൂഷണങ്ങളും വലിയ തലയോട്ടി മാലയുമണിഞ്ഞ ചതുർബാഹുവായ രൗദ്രമൂർത്തിയുടെ കണ്ണുകൾ തുറന്നു. വളപട്ടണം ശ്രീകളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിൽ സപ്തമാതൃ ശ്രീകോവിൽ ഭിത്തിയിൽ നൂറ്റാണ്ടു മുമ്പു വരച്ചതും നശിച്ചുപോയതുമായ അത്യപൂർവ ചുവർചിത്രങ്ങൾക്ക് പുനർജനി.
ഗണപതിയുടെയും ദേവിയുടെയും ഭാവമാണ് ചുവർചിത്രത്തിൽ ആവിഷ്കരിച്ചിരുന്നത്. നാലു തൃക്കൈകളിൽ വലത്ത് മുകളിൽതോട്ടിയും താഴെ പഴവും ഇടത് മുകളിൽ കയറും താഴെ ദന്തവുമായാണ് സർവാഭരണഭൂഷിതനായി മൂഷിക വാഹനനായ ഗണപതിയെ ചിത്രീകരിച്ചിട്ടുള്ളത്. ദേവിയുടെ ഭാവചിത്രം അത്യപൂർവമാണ്. ഒരു രൂപത്തെ ചവിട്ടിയാണ് നിൽപ്പ്. അജ്ഞാനത്തിനു മുകളിൽ ജ്ഞാനപ്രകാശമേകും ഭാവം.
അഷ്ട മാതൃ ആരാധനയിലെ ചന്ദ്രികാ ദേവിയെന്ന സോമേശ്വരിയുടെ അത്യപൂർവ ചിത്രീകരണമാണിതെന്നും ഉത്തര കേരളത്തിൽ അഷ്ട മാതൃ ആരാധന നടന്നിരുന്നതിന്‍റെ ചരിത്ര രേഖ കൂടിയാണീ ചിത്രമെന്ന് ചുവർ ചിത്ര ഗവേഷകനും താന്ത്രിക പണ്ഡിതനുമായ സുധീഷ് നമ്പൂതിരി പറഞ്ഞു. ദേവിയുടെ തലയിൽ കിരീടം, ചന്ദ്രക്കല , മൂന്നു കണ്ണും രൗദ്ര ഭാവത്തിൽ 'നാഗഭൂഷണങ്ങൾ അണിഞ്ഞ കഴുത്തിൽ വലിയ തലയോട്ടിമാല മുകളിലെവലത്തെ തൃക്കൈയിൽ വാൾ താഴെ വളഞ്ഞ കത്തി, മുകളിലെ ഇടത്തെ തൃക്കൈയിൽ നീലത്താമര താഴെ പാനപാത്രം - എന്നിങ്ങനെ യാണ് ചിത്രീകരിച്ചത്
ചുവർചിത കലാകാരൻ ഗുരുവായൂർ ടി.എസ്. ശാസ്ത്ര ശർമ്മൻ പ്രസാദാണ് 63 ഇഞ്ച് ഉയരത്തിലും 53 ഇഞ്ച് വീതിയിലുമുള്ള ദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ 41 ദിവസമെടുത്ത് പുനർ ചിത്രീകരണം നടത്തിയത്.
ചുവർചിത്രമെഴുതിയത് തെയ്യമ്പാടി
കളരിവാതുക്കൽ ക്ഷേത്രത്തിൽ കളമെഴുത്തും പാട്ടും നടത്താൻ അവകാശമുണ്ടായിരുന്ന തെയ്യമ്പാടി നമ്പ്യാർ സ്ഥാനിക കാരണവരാണ് നൂറ്റാണ്ടു മുമ്പ് ഭിത്തീചിത്രമെഴുതിയത്. ഇരിട്ടിപുന്നാട്ടെ നടോറ, കോട്ടാത്ത് തറവാട്ടുകാരായിരുന്നു ഉത്തര കേരളത്തിലെ ക്ഷേത്രങ്ങളിൽ കളമെഴുത്തു അവകാശികളായ തെയ്യമ്പാടി നമ്പ്യാന്മാർ. അവരിൽ പലരും ധൂളീ ചിത്രകാരന്മാർ മാത്രമല്ല, പ്രഗത്ഭരായ ഭിത്തീചിത്രകാരന്മാരുമായിരുന്നുവത്രെ. പഴയകാലത്ത് ചിത്രം വരച്ചത് ആരാണെന്ന് രേഖപ്പെടുത്തിവയ്ക്കാത്തതിനാൽ വരച്ച കലാകാരന്‍റെ പേര് അജ്ഞാതമാണ്.
ക്ഷേത്രം പുനരുദ്ധാരണ ഘട്ടത്തിൽ സപ്തമാതൃ കോവിലിന്‍റെ ഭിത്തി തേച്ചു പുതുക്കിയപ്പോൾ പൂർണമായും നശിച്ചുപോയ ചുവർ ചിത്രത്തിന്‍റെ ഫോട്ടോ വളപട്ടണം വടക്കില്ലത്തെ സുജിത് പരമേശ്വരൻ എടുത്തു വച്ചിരുന്നു. അതു നോക്കിയാണ് ഇപ്പോൾ ചിത്രം പുനരാവിഷ്കരിച്ചിട്ടുള്ളത്. നാഗഭൂഷണ ആഭരണങ്ങളിൽ അവ്യക്തതയുണ്ടായതിനാൽ പാരമ്പര്യ യുക്തിയനുസരിച്ചാണ് അത് വരച്ചതെന്ന് ശാസ്ത്ര ശർമ്മൻ പ്രസാദ് പറഞ്ഞു.
കളരി വാതുക്കൽ ക്ഷേത്രം മൂത്ത പിടാരർ ആയിരുന്ന കളരിവാതുക്കൽവടക്കേ ഇല്ലത്ത് നമ്പ്യാത്തൻ മൂത്തപിടാരരുടെ മകൻ വടക്കേ ഇല്ലത്ത് കേശവ പിടാരരും മക്കളുമാണ് നഷ്ടപ്പെട്ട ചുവർ ചിത്രം പുനർ ചിത്രീകരണത്തിനു മുൻകൈ എടുത്തത്.
പ്രകൃതി വർണം; കല്ലുകൾ ശേഖരിച്ചത് കുടജാദ്രിയിൽ നിന്ന്
പൂർണമായും പ്രകൃതി വർണങ്ങൾ ഉപയോഗിച്ചാണ് ചുവർചിത്രങ്ങൾ പുനർ ചിത്രീകരിച്ചത്. കർണാടകയിലെ കൊല്ലൂർ കുടജാദ്രിയിലും സൗപർണികാ തീരത്തു നിന്നുംമഞ്ഞയ്ക്കും ചുവപ്പിനും വേണ്ട കല്ലുകൾ ശേഖരിച്ചെത്തിച്ചു. വെള്ളനിറത്തിന് ചുണ്ണാമ്പും പച്ചയ്ക്കു നീലാമരി ഇല അരച്ചും നീലയ്ക്ക് കട്ട നീലവും മഞ്ഞ നിറത്തിന്ന് തെളിച്ച മുണ്ടാക്കാൻ മനയോലയും ചുവപ്പിന്ന് ചായില്യവും ചേർത്തു. ഇരവി മരത്തിന്‍റെ കറയും ആര്യവേപ്പിന്‍റെ പശയും ഉപയോഗിച്ചാണ് വർണക്കൂട്ട് ഒരുക്കിയത്.
നീലയ്ക്ക് പ്രാധാന്യം നല്കിയാണ് പഴയ ചുവർ ചിത്രം. പുനരാവിഷ്കരണത്തിലും അതു പാലിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് ചുവർചിത കലാകാരൻ ശാസ്ത്ര ശർമ്മൻ പ്രസാദ് പറഞ്ഞു.
സപ്തമാതൃ ശ്രീകോവിലിന്‍റെ കൽഭിത്തിയിലായിരുന്നു ചുവർ ചിത്രങ്ങൾ വരച്ചിരുന്നത്. നവീകരണ ഘട്ടത്തിൽ കൽഭിത്തി തേച്ചു മോടി വരുത്തിയപ്പോൾ
പഴയ ചിത്രത്തിന്‍റെ അവശിഷ്ടങ്ങൾ പൂർണമായും നശിച്ചു പോയി. ഫോട്ടോ മാത്രമായിരുന്നു പുനർചിത്രീകരണത്തിന് ആശ്രയമായതെന്ന് ശാസ്ത്ര ശർമ്മൻ പ്രസാദ്.
ചിത്രഭാവം സോമേശ്വരിയുടേത്
ഉത്തര കേരളത്തിൽ സപ്തമാതൃക്കളോടൊപ്പം അഷ്ട മാതൃ ആരാധനയും ഉണ്ടായിരുന്നുവെന്നതിന്‍റെ അത്യപൂർവമായതെളിവാണ് കളരിവാതുക്കൽ ചുവർ ചിത്രമെന്നും മാതൃദേവതാ ആരാധനയിലെ ജീവിക്കുന്ന തെളിവുകൾ അത്യപൂർവമായി സംരക്ഷിക്കുന്നത് ചുവർചിത്രങ്ങളിലാണെന്നും താന്ത്രിക പണ്ഡിതനും ചുവർചിത്രഗവേഷകനുമായ സുധീഷ് നമ്പൂതിരി അഭിപ്രായപ്പെട്ടു.
സപ്തമാതൃഗണത്തിൽ ചന്ദ്രികാ ദേവി അഥവാ സോമേശ്വരിയും ഗണാധ്യക്ഷ സമഷ്ടിദേവതയായ ലക്ഷ്മീദേവിയും (ശ്രീഭഗവതി) കൂടിച്ചേരുന്നതാണ് അഷ്ടമാതൃഗണം. വൈദിക സരണി പിന്തുടരാത്തതിനാലാവാം കേരളത്തിൽ അഷ്ട മാതൃക്കളുടെ ഗണോപാസന അത്യപൂർവമായതെന്ന് അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ജില്ലയിൽ വടകര ഇടച്ചേരി കാളിയാംവള്ളി ശാക്തേയ ക്കാവിലും കണ്ണൂർ അഷ്ടമാതൃആരാധന നടന്നിരുന്നുവെന്നതിന്‍റെ തെളിവാണ്- സുധീഷ് നമ്പൂതിരി ചൂണ്ടിക്കാട്ടി.
ചന്ദ്രികദേവിയെന്ന സോമേശ്വരി
കളരിവാതുക്കൽ ചിത്രത്തിലെ ദേവീഭാവം ചന്ദ്രിക ദേവിയെന്ന സോമേശ്വരിയുടെതാണ്. വിഗ്രഹശാസ്ത്രത്തിന്‍റെ അളവുകോലിൽ ചുവർചിത്രം വായിച്ചെടുക്കരുതെന്നും കൗളസമ്പ്രദായത്തിന്‍റെയുംസമയാചാരത്തിന്‍റെയും സൂക്ഷ്മവശങ്ങളാണ് ഈചിത്രംധ്വനിപ്പിക്കുന്നതെന്നും സപ്തമാതൃക്കളെ ക്കുറിച്ചു വിശേഷ പഠന ഗവേഷണം നടത്തിയ സുധീഷ് നമ്പൂതിരി വിശദീകരിച്ചു.
ദേവിയുടെ കാലിന്നടിയിലുള്ളത് അസുരനോ പ്രേതമോ അല്ലെന്നും അജ്ഞാനത്തെ കീഴ്പ്പെടുത്തി നിൽക്കുന്നത് ധ്വനിപ്പിക്കുന്ന രൂപ ചിത്രമാണെന്നും താന്ത്രിക കലാ ഗവേഷകൻ കൂടിയായ സുധീഷ് നമ്പൂതിരി.
കഴുത്തിലണിഞ്ഞ തലയോട്ടിമാല 51 അക്ഷരങ്ങളുടെ പ്രതീകമായും കാലിനടിയിലെ രൂപം അജ്ഞാനത്തെയുമാണ് ധ്വനിപ്പിക്കുന്നത്. അജ്ഞാനത്തിനുമേൽ ജ്ഞാനപ്രകാശത്തിന്‍റെ ഉദയം - കൈയിലെ നീലത്താമര ആ ധ്വനിയെ കൃത്യമായി അടയാളപ്പെടുത്തുകയുമാണ്- അദ്ദേഹം കൂട്ടിച്ചേർത്തു.
നൂറ്റാണ്ടു മുമ്പ് വരച്ച കളരിവാതുക്കലിലെ ചുവർ ചിത്രത്തെക്കുറിച്ച് അനുഷ്ഠാനകലാ ഗവേഷകനായ സി.എം. എസ് ചന്തേരയുടെ പഠനത്തിലും സെൻസസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച കേരളക്ഷേത്രങ്ങളെക്കുറിച്ചുള്ള പ്രത്യേക പഠന ഗ്രന്ഥത്തിലും പരാമർശിച്ചിട്ടുണ്ടെങ്കിലും ചന്ദ്രികദേവിയെന്ന സോമേശ്വരിയാണെന്ന് വിശദമായി പറഞ്ഞിട്ടില്ല.
തേയ്മാനം വന്ന അപൂർണമായ ഒരു ചിത്രകാഴ്ചയെന്നാണ് സി.എം.എസ്. ചന്തേര തന്‍റെപഠനത്തിൽരേഖപ്പെടുത്തിയിരുന്നത്. ചിത്രത്തിന്‍റെ രചന അതിപ്രാചീനമാവാൻ സാധ്യതയില്ലെന്നും അദ്ദേഹം അന്ന് അഭിപ്രായപ്പെട്ടിരുന്നു. 150-200 വർഷത്തിനുള്ളിൽ രചിച്ചതാവും ഈ ചിത്രങ്ങൾ. കളരിവാതുക്കൽ
കലശ പെരുംകളിയാട്ടത്തിൽ മുഖ്യദേവതയായ കളരിയാൽ ഭഗവതിയെന്നതായ്പരദേവതയ്ക്കൊപ്പം സോമേശ്വരിയുടെ തെയ്യവുമുണ്ട്.
തെയ്യമ്പാടി സമ്പ്രദായത്തിലെ ഭൂതവടിവ് രീതി ഗണപതിയുടെ ചുവർ ചിത്രത്തിൽ ദർശിക്കാം എന്നാൽ പുനർചിത്രീകരണത്തിലത് ദേവവടിവായിട്ടാണ് ഗുരുവായൂർ ശൈലിയിൽ ചിത്രകാരൻ വരച്ചത്. ചന്തേര മാഷ് അപൂർണ ചിത്രം എന്ന് പറഞ്ഞത് ഗണപതിയുടെ ചിത്രമായിരിയ്ക്കുമെന്നും. ഇത് അപൂർണമാണെന്നും സുധീഷ് നമ്പൂതിരി അനുമാനിച്ചു. കാരണം ഇവിടെ താല പ്രമാണം ദീക്ഷിച്ചതായി കാണുന്നില്ല ഭൂതവടിവ് അനുസരിച്ചാണ് അത് എഴുതിയത്.. വടക്കൻ കേരളത്തിലെ കളമെഴുത്തിൽ തെയ്യമ്പാടി നമ്പ്യാന്മാരുടെ ശൈലിയാണ് ഭൂതവടിവ് ' - സുധീഷ് നമ്പൂതിരി ഓർമ്മിപ്പിച്ചു. ആയതിനാൽ
ചിത്രകാരൻ തെയ്യമ്പാടി തന്നെയാണെന്ന കാര്യത്തിൽ തർക്കമില്ലെ ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂർ ഇരിട്ടിക്കടുത്ത പുന്നാട് തെയ്യമ്പാടി ത്തറവാട്ടിലെ നടോറ അനന്തൻ നമ്പ്യാരും അദ്ദേഹത്തിന്‍റെ മരുമകൻ നടോറ കണ്ണൻ നമ്പ്യാരും
വിവിധ ക്ഷേത്രങ്ങളിൽ കളമെഴുത്തിനൊപ്പം ഭിത്തി ചിത്രങ്ങൾ വരച്ചതായി പഴമക്കാർ പറയുന്നുണ്ട്. ആ പാരമ്പര്യത്തിന്‍റെ അവസാനത്തെ കണ്ണിയായിരുന്നു തെയ്യമ്പാടി നടോറ കണ്ണൻ നമ്പ്യാർ മാഷ്. അദ്ദേഹം നിരവധിക്ഷേത്രങ്ങളിൽ ചുവർ ചിത്രങ്ങൾ വരച്ചിട്ടുണ്ടെന്ന് വിഖ്യാത കളമെഴുത്ത് കലാകാരനായിരുന്ന തെയ്യമ്പാടി കോട്ടാത്ത് കൃഷ്ണൻ നമ്പ്യാരുടെ മരുമകൻ തെയ്യമ്പാടി പ്രകാശൻ നമ്പ്യാർ വ്യക്തമാക്കി. കോട്ടാത്ത് കൃഷ്ണൻ നമ്പ്യാരുടെ മറ്റൊരു മരുമകൻ മരുതായി സതീശൻ നമ്പ്യാരാണ് കളരി വാത്തുക്കലിൽ ഇപ്പോൾ കളത്തിലരിയും പാട്ടും നടത്തുന്നത്.
യുവപ്രതിഭ ശാസ്ത്രശർമ്മൻ പ്രസാദ്
ചുവർചിത്രം പുനരാവിഷ്കരിച്ച ടി.എസ്. ശാസ്ത്ര ശർമ്മൻ പ്രസാദ് ഗുരുവായൂർ തോട്ടപ്പായ മനശങ്കരൻ നമ്പൂതിരിയുടെയും രാധാ അന്തർജനത്തിന്‍റെയും മകനാണ്. ഗുരുവായൂർ ചുവർ ചിത്ര പഠന കേന്ദ്രത്തിൽ ചുവർചിത്രകലാകാരൻ കൃഷ്ണകുമാറിന്‍റെ കീഴിൽ പഠിച്ച് കർണാടക ഓപ്പൺ വാഴ്സിറ്റിയിൽ നിന്ന് പിജി ബിരുദംനേടി.പ്രസിദ്ധചിത്രകലാനിരൂപകനും ഗവേഷകനുമായ ഡോ.വിജയകുമാർമേനോന്‍റെ കീഴിൽ കർണാടക ഓപ്പൺയൂണിവേഴ്സിറ്റിയിൽ ചുവർചിത്രങ്ങളുടെ പുനരുജീവനവും സംരക്ഷണവും എന്ന വിഷയത്തിൽ ഗവേഷണ പഠനവും നടത്തിയിട്ടുണ്ട്. 2020ൽ കേരള ക്ഷേത്രകലാ അക്കാദമിയുടെ യുവ പ്രതിഭ പുരസ്കാരം ലഭിച്ചു. 16 വർഷമായി ചുവർ ചിത്ര കലാരംഗത്ത് പ്രവർത്തിച്ചു വരുന്നു.
പാഞ്ഞാൾ ലക്ഷ്മീ നാരായണ ക്ഷേത്രത്തിലെ 300 വർഷം പഴക്കമുള്ള ചുവർചിത്രനവീകരണം നടത്തുന്നത് ശാസ്ത്ര ശർമ്മൻ പ്രസാദാണ്. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലും ചൊവ്വല്ലൂർ ശിവക്ഷേത്രത്തിലും ഗുരുവായൂരിലെ ചുവർചിത്രകലാകാരന്മാർക്കൊപ്പം 2008 ലാണ് ഭിത്തീചിത്രരംഗത്ത് ചുവടുറപ്പിച്ചത്. 2010 മുതൽ ഒറ്റയ്ക്ക് ചുവർചിത്രങ്ങൾ വരച്ചുതുടങ്ങി. ചൊവ്വല്ലൂർ, പാർക്കാടി, ബ്രഹ്മസ്വം മഠം തുടങ്ങി ഏഴോളം ക്ഷേത്രത്തിൽ പൂർണമായും പ്രകൃതി വർണത്തിൽ ചുവർ ചിത്രം വരച്ചിട്ടുണ്ട്.
സഹോദരിമാരായ സന്ധ്യ ജയന്തൻബാലുശ്ശേരിയേയും സിന്ധു ദിനേശൻ പെരിന്തൽ മണ്ണയേയും ചുവർചിത്രം വരക്കാൻ പഠിപ്പിച്ചു. ഇപ്പോൾ സഹധർമ്മിണി തിരുവില്വാമല ഞാർക്കോട്ട് ഭാഗ്യലക്ഷ്മിയും ശാസ്ത്ര ശർമ്മൻ പ്രസാദിനൊപ്പം ചുവർചിത്ര രംഗത്തുണ്ട്.
നേത്രോന്മീലനം
കളരിവാതുക്കൽ ക്ഷേത്രത്തിൽ നൂറ്റാണ്ടു മുമ്പ് തെയ്യമ്പാടി നമ്പ്യാർ വരച്ചതെന്നു പറയപ്പെടുന്നദേവിയുടെ യും ഗണപതിയുടെയും ചുവർ ചിത്രങ്ങൾ ഗുരുവായൂർ തോട്ടപ്പായ ശാസ്ത്ര ശർമ്മൻ നമ്പൂതിരി പുനർ ചിത്രീകരിച്ചതിന്‍റെ നേത്രോ നീലനം തിങ്കളാഴ്ച മുഹൂർത്ത രാശിയിൽ നടത്തി. രാജകീയ മുദ്രയായ ഉടവാളുമായി ചിറക്കൽ കോവിലകം ഉത്രട്ടാതി തിരുന്നാൾ സി.കെ രാമവർമ്മ രാജയുടെ സാന്നിധ്യത്തിലാണ് ക്ഷേത്രം തന്ത്രി കാട്ടുമാടം ഈശാനൻ നമ്പൂതിരിപ്പാട് നേത്രോന്മീലനം നടത്തിയത്. ക്ഷേത്രം മൂത്ത പിടാരർ താഴത്തില്ലത്ത് വടക്ക നിയിൽ കേശവൻ മൂസത്, വടക്കേ ഇല്ലത്ത് കേശവ പിടാരർ ,ചിറക്കൽ കോവിലകം ദേവസ്വം മാനേജർ സി.കെ. സുരേഷ് വർമ്മ, കളരി വാതുക്കൽമാനേജർ ചന്ദ്രശേഖരൻ, ആര്യം വള്ളി നടുവിലെ ഇല്ലത്ത് ഉഷ രഞ്ജിത്ത് കളരിവാതുക്കൽ, ക്ഷേത്ര പുനരുദ്ധാരണകമ്മിറ്റി മുൻ പ്രസിഡൻ് ടി.പി. നാരായണൻ സെക്രട്ടറി പി.വി. രഘുനാഥ്, സംഘ വഴക്ക ഗവേഷണ പീഠം ഡയറക്ടർ ഡോ. സഞ്ജീവൻ അഴീക്കോട് തുടങ്ങിയവരും വിവിധ ഭക്ത സംഘടനാ പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു. ചിത്രകാരൻ ശാസ്ത്ര ശർമ്മൻ പ്രസാദിനെ
ചിറക്കൽ കോവിലകം വലിയ രാജ സി.കെ. രാമവർമ്മയും പുനരുദ്ധാരണ കമ്മിറ്റിക്കു വേണ്ടി ടി.പി. നാരായണ നും പൊന്നാട ചാർത്തി ആദരിച്ചു.