തൃശൂർ: സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടികളുടെ ഭാഗമായി ജില്ലയിലെ 1024 വിദ്യാലയങ്ങളിലും 3030 അങ്കണവാടികളിലും തയാറാക്കിയ ആയിരക്കണക്കിന് വിത്തുപന്തുകള്‍, കുഞ്ഞുകൈകള്‍ ഭൂമിയിലേക്ക് എറിഞ്ഞു. ജില്ലാതല ഉദ്ഘാടനം പീച്ചി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മന്ത്രി കെ.രാജന്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.എസ് പ്രിന്‍സ് അധ്യക്ഷനായി.
പന്തുകളില്‍ അടക്കം ചെയ്ത വിത്തുകള്‍ മഴയത്ത് മുളച്ചു പൊന്തി ഭൂമിയെ ഹരിതാഭമാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. ലോകത്തെമ്പാടും പരിസ്ഥിതി ശാസ്ത്രജ്ഞര്‍ ആവിഷ്‌കരിച്ച് ബഹുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് സീഡ് ബോള്‍ നിര്‍മാണവും സീഡ് ബോംബിങ്ങും.
ഹരിത സമേതം വിത്തു പന്തേറ് പദ്ധതി ഉപജില്ലാതല ഉദ്ഘാടനം വേളൂക്കര സെന്‍റ് ജോർജസ് യുപി സ്കൂളിൽ പരിയാരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഡെസ്റ്റിൻ ഡേവിസ് താക്കോൽക്കാരൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.അഡ്വ.തോമസ് പുതുശേരി അധ്യക്ഷത വഹിച്ചു.
അവിട്ടത്തൂർ ലാൽ ബഹദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ വിത്തു പന്തേറ് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ മെജോപോൾ ഉദ്ഘാടനം ചെയ്തു. മാനേജ്മെന്‍റ് കമ്മറ്റിയംഗം എ.സി സുരേഷ് അധ്യക്ഷത വഹിച്ചു.