ശൂലം വെള്ളച്ചാട്ടം കാണാൻ തിരക്കേറുന്നു

രണ്ട് മലകൾക്കിടയിലൂടെ ചെങ്കുത്തായും പാറയിലൂടെ പല തട്ടുകളായും പരന്നൊഴുകിയും നൂറ് അടി താഴ്ച്ചയിലേയ്ക്ക് പതിക്കുന്ന വെള്ളച്ചാട്ടം
Soolam waterfalls
ശൂലം വെള്ളച്ചാട്ടം
Updated on

മൂവാറ്റുപുഴ: മാറാടി പഞ്ചായത്ത് 13 -ാം വാർഡിലെ കായനാട് ശൂലം വെള്ളച്ചാട്ടം കാണുവാൻ ദിവസവും നിരവധി പേർ എത്തുന്നു. രണ്ട് മലകൾക്കിടയിലൂടെ ചെങ്കുത്തായും പാറയിലൂടെ പല തട്ടുകളായും പരന്നൊഴുകിയും നൂറ് അടി താഴ്ച്ചയിലേയ്ക്ക് പതിക്കുന്ന ശൂലം വെള്ളച്ചാട്ടം മനോഹരമാണ്.

പിറമാടം കൊച്ചരുവിയ്ക്കൽ, വിരുപ്പുകണ്ടം പ്രദേശങ്ങളിലെ നീരുറവകളിൽ നിന്നുത്ഭവിച്ചൊഴുകുന്ന ശൂലം തോട്ടിലാണ് വെള്ളച്ചാട്ടം. പാറയിടുക്കുകൾ, വലിയ പാറക്കല്ലുകൾ, കാട്ടുമരങ്ങൾ, മറ്റ് സസ്യലതാദികളുമുണ്ട്. വിവിധ ഇനം പക്ഷികൾ മറ്റ് ജീവജാലങ്ങളുമുളള ജൈവവൈവിധ്യ പ്രദേശമാണ്. മരങ്ങളുടെ വേരുകളിലും കല്ലുകളിലും പിടിച്ചാണ് ആളുകൾ വെള്ളച്ചാട്ടം കാണുവാൻ കയറിയിറങ്ങുന്നത്. വെളളത്തിൽ ചാടി തിമിർത്തും കുളിച്ചുമാണ് മടക്കം.

പതിറ്റാണ്ടുകൾ മുമ്പ് കായനാട് പ്രദേശത്ത് കൃഷിയ്ക്ക് വെള്ളമുപയോഗിച്ചത് ഇവിടെ നിന്നാണ്. സമീപത്ത് വീടുകളും സ്ഥാപനങ്ങളുമില്ല. ഇരു വശ റബ്ബർ തോട്ടവും കൃഷിയിടങ്ങളുമാണ്.

വെള്ളച്ചാട്ടത്തിന് മുകളിലുള്ള ചെക്ക് ഡാം, സമീപത്ത് തടാകം പോലെ വെള്ളം നിറഞ്ഞ പാറമട, മലമുകളിൽ നിന്നുള്ള ദൂരക്കാഴ്ച്ച എന്നിവയും സഞ്ചാരികളെ ആകർഷിയ്ക്കുന്നു. ശൂലംതോട് കായനാട് പാടശേഖരത്തിലൂടെ ഒഴുകി മൂവാറ്റുപുഴയാറിലാണ് പതിക്കുന്നത്.

വെള്ളച്ചാട്ടത്തിന്‍റെ തനിമ സംരക്ഷിച്ച് വിനോദ സഞ്ചാര കേന്ദ്രമാക്കണമെന്ന വർഷങ്ങളായുള്ള പലനിർദ്ദേശവും നടപ്പായില്ല. വെള്ളച്ചാട്ടത്തിന് ചേർന്നുള്ള റവന്യൂ ഭൂമി അളന്ന് തിരിച്ച് ഗ്രാമീണ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്താവുന്ന താണ്. ചെറുകിട ജലവൈദ്യുത പദ്ധതിക്കും സാധ്യതയുണ്ട്. സർക്കാരിന്‍റെ കാവ് സംരക്ഷണ പദ്ധതിയിൽ പരിഗണിയ്ക്കാൻ മുമ്പ് ആലോചിച്ചിരുന്നു. മൂവാറ്റുപുഴയിൽ നിന്ന് എട്ടും പിറവത്ത് നിന്ന് 12 കിലോമീറ്റർ ദൂരമാണ് ഇവിടേയ്ക്ക്. ശൂലം മുകൾ ബസ് സ്റ്റോപ്പിൽ നിന്ന് 250 മീറ്റർ അകലെയാണ് വെള്ളച്ചാട്ടം.

Trending

No stories found.

Latest News

No stories found.