"വിഷാദമുറയുന്ന പേറ്റുകാലം'
"വിഷാദമുറയുന്ന പേറ്റുകാലം'

പ്രസവാനന്തര വിഷാദത്തിനു കാരണങ്ങൾ പലത്

പ്രസവാനന്തര വിഷാദം എന്ന സങ്കീർണ മാനസികാവസ്ഥ മൂലം പൊലിയുന്ന കുരുന്നു ജീവനുകൾ നിരവധിയാണ്. മെട്രൊ വാർത്ത പ്രതിനിധി നീതു ചന്ദ്രൻ തയാറാക്കിയ ഗവേഷണാത്മക പരമ്പര 'വിഷാദമുറയുന്ന പേറ്റുകാലം' അവസാന ഭാഗം

നീതു ചന്ദ്രൻ

പ്രസവകാലത്തെക്കുറിച്ചുള്ള ഓർമകളിൽ ഏറ്റവും ഭയാനകം തിളച്ച വെള്ളം ദേഹത്തൊഴിച്ചുള്ള കുളിപ്പിക്കലായിരുന്നുവെന്ന് എറണാകുളം സ്വദേശിയായ സോഫ്റ്റ് വെയർ എൻജിനീയർ പറയുന്നു. അതിന്‍റെ ഫലമായി അവരുടെ ദേഹത്തെ തൊലിയെല്ലാം പൊള്ളിയടർന്നു പോയിരുന്നു. പ്രസവ ശുശ്രൂഷയ്ക്കായി വീട്ടിൽ നിർത്തിയിരുന്ന സ്ത്രീ അന്ന് ദേഹം മുഴുവൻ ഉഴിയുമായിരുന്നു. ആ ഉഴിയലിൽ കൈയിലെ ഞരമ്പിന് കാര്യമായൊരു തകരാറു പറ്റി. അതോടെ കുഞ്ഞിനെ എടുക്കുമ്പോൾ കൈ കുഴയുന്ന അവസ്ഥയായി. കുഞ്ഞിനെ കൈമാറാൻ ശ്രമിക്കുമ്പോൾ താൻ പെറ്റ കുഞ്ഞിനെ എടുക്കാൻ തനിക്ക് മടിയാണെന്ന കുത്തു വാക്കുകളാണ് അഭ്യസ്തവിദ്യരായ കുടുംബാംഗങ്ങളിൽ നിന്ന് അവൾക്ക് കേൾക്കേണ്ടി വന്നത്.

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമെല്ലാം കുഞ്ഞുങ്ങളെ താഴെ വയ്ക്കാതെ എടുത്ത് ലാളിച്ചിരുന്ന തനിക്ക് സ്വന്തം കുഞ്ഞിനെ എടുക്കാൻ മടിയാണെന്ന ആരോപണം കേൾക്കുമ്പോഴുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. ശരിക്കും സ്വയം നിയന്ത്രണം നഷ്ടപ്പെട്ട് പലരോടും പൊട്ടിത്തെറിച്ചു പോയിരുന്നു. കൈയിൽ കിട്ടിയതു വച്ച് ആക്രമിക്കാൻ തോന്നും വിധമുള്ള മാനസികാവസ്ഥ. ആ ഓർമകളിൽ പോലും അവൾ അസ്വസ്ഥയായി. രണ്ടാമതും ഗർഭിണിയായ ശേഷമാണ് ആദ്യ പ്രസവത്തിനു ശേഷം താൻ കടന്നു പോയത് പ്രവാനന്തര വിഷാദത്തിലൂടെയാണെന്നു മനസിലാക്കിയതു പോലും. അതുകൊണ്ടു തന്നെ രണ്ടാമത്തെ പ്രസവത്തിനു ശേഷം വീട്ടുകാരെയെല്ലാം വിളിച്ച് താൻ കടന്നു പോകുന്ന അവസ്ഥയെക്കുറിച്ച് വിശദമായി തന്നെ സംസാരിച്ചു. അതുകൊണ്ടു തന്നെ രണ്ടാമത്തെ പ്രസവ ശേഷം മാനസികാരോഗ്യത്തിന്‍റെ കാര്യത്തിൽ വലിയ സങ്കീർണതകൾ ഉണ്ടായില്ല.
കഴിഞ്ഞ ഒരു ദശകത്തോളമായി പോസ്റ്റ്പാർട്ടം ഡിപ്രഷനുമായി ബന്ധപ്പെട്ട നിരവധി പഠനങ്ങൾ നടക്കുന്നുണ്ട്. ഒന്നിലേറെ കാരണങ്ങളാണ് പോസ്റ്റ്പാർട്ടം ഡിപ്രനിലേക്കു നയിക്കുന്നതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. വിഷാദത്തിന്‍റെ ഭൂതകാലം, ഗർഭകാലത്തെ ഉത്കണ്ഠ, അഭിമുഖീകരിക്കേണ്ടി വന്ന പ്രശ്നങ്ങൾ, സാമൂഹികമായ ഒറ്റപ്പെടൽ, നിക്കോട്ടിൻ ഉപയോഗം, പ്രസവാനന്തരമുള്ള ഹോർമോൺ വ്യതിയാനം എന്നിവയെല്ലാം പോസ്റ്റ്പാർട്ടം ഡിപ്രഷന് കാരണമാകാറുണ്ട്.

ഹോർമോൺ വ്യതിയാനം

പ്രസവത്തിനു മുൻപ് ഈസ്ട്രജൻ, പ്രൊജസ്ട്രോൺ ഹോർമോണുകൾ ശരീരത്തിൽ വലിയ അളവിൽ തന്നെയുണ്ടായിരിക്കും. പ്രസവം കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ ഈ ഹോർമോണുകളുടെ അളവ് കുത്തനെ താഴും. കുഞ്ഞിന്‍റെ ജനനത്തിനു ശേഷം ശരീരത്തിലെ തൈറോയ്ഡ് ഹോർമോണുകളും കുറയും. അതു മൂലം വല്ലാത്ത ക്ഷീണവും ഉന്മേഷമില്ലായ്മയും അനുഭവപ്പെടും. തൈറോയ്ഡ് ഹോർമോണുകളുടെ പ്രവർത്തനം കുറയുന്നത് വിഷാദത്തിനിടയാക്കും.
ഹോർമോൺവ്യതിയാനവും സാമൂഹിക സാഹചര്യങ്ങളും എല്ലാം പ്രതികൂലമായതോടെ പോസ്റ്റ്പാർട്ടം സൈക്കോസിസ് എന്ന താരതമ്യേന അപൂർവമായ അവസ്ഥയിലൂടെ കടന്നുപോയ സ്ത്രീ കുഞ്ഞിന്‍റെ കൈ കടിച്ചു മുറിച്ചെടുത്ത സംഭവം പോലുമുണ്ടെന്ന് ഡോക്റ്റർ പീറ്റർ ജോസഫ് ഓർമിക്കുന്നു.

രണ്ടാമത്തെ പ്രസവത്തിനു ശേഷമായിരുന്നു അവളുടെ മാനസികാവസ്ഥയിൽ മാറ്റമുണ്ടായത്. കുഞ്ഞിനെ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്ത അവസ്ഥ. കുഞ്ഞിനെ കാണാനെത്തിയവരിൽ ആരോ കുഞ്ഞിന്‍റെ നിറത്തെച്ചൊല്ലി പറഞ്ഞ വാക്കുകളിൽ അവൾ കുടുങ്ങിക്കിടന്നു. മനസ്സിന്‍റെ നിയന്ത്രണം പൂർണമായും നഷ്ടപ്പെട്ട നേരത്ത് കുഞ്ഞിന് വിഷം കൊടുത്തു. ഒപ്പമുള്ളവർ കൃത്യസമയത്ത് ചികിത്സ നൽ‌കിയതോടെയാണ് ഇരുവരുടെയും ജീവൻ രക്ഷിക്കാനായത്. കുറേ നാളുകൾ അമ്മ സൈക്യാട്രി വാർഡിലും കുട്ടി ഐസിയുവിലും ചികിത്സയിൽ കഴിഞ്ഞു. കുഞ്ഞിന്‍റെ ട്രീറ്റ്മെന്‍റ് കഴിഞ്ഞിട്ടും അമ്മയ്ക്ക് കുഞ്ഞിനെ അംഗീകരിക്കാൻ സാധിച്ചിരുന്നില്ല. അവരെ സാധാരണ മാനസികാവസ്ഥയിലെത്തിക്കാൻ ഏറെ സമയമെടുത്തുവെന്ന് ഐകാസ് ലൈറയിലെ കൺസൾട്ടന്‍റ് സൈക്കോളജിസ്റ്റ് സൗമ്യ ജെ.  പറ‍യുന്നു. ഇപ്പോൾ സ്വന്തം പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് അതു പ്രകടമാക്കുന്നവരുടെ എണ്ണം കൂടിയതിനാലാകാം പോസ്റ്റ്പാർട്ടം ഡിപ്രഷൻ ചർച്ചകൾ സജീവമാകുന്നതെന്നും സൗമ്യ‌.

താരതമ്യേന ഇത്തരം അവസ്ഥകളിൽ ഡോക്റ്ററെ കാണാനുള്ള മടി കുറഞ്ഞിട്ടുണ്ട്. എങ്കിലും സൈക്യാട്രിസ്റ്റിനെ റഫർ ചെയ്യുന്നത് പലർക്കും അംഗീകരിക്കാൻ കഴിയാറില്ല.

സൗമ്യ ജെ. കൺസൾട്ടന്‍റ് സൈക്കോളജിസ്റ്റ് ഐകാസ് ലൈറ

സൗമ്യ ജെ.
കൺസൾട്ടന്‍റ് സൈക്കോളജിസ്റ്റ്
ഐകാസ് ലൈറ
സൗമ്യ ജെ. കൺസൾട്ടന്‍റ് സൈക്കോളജിസ്റ്റ് ഐകാസ് ലൈറ


ജീവിതശൈലിയിൽ വരുന്ന മാറ്റങ്ങളും ഇതിനു കാരണമായേക്കാം. മാനസികമായ ‍അസ്വസ്ഥകൾ നേരിടുമ്പോൾ തെറാപ്പിക്കു തയാറാകുന്നവരുടെ എണ്ണം വർധിച്ചു വരുന്നുണ്ട്. 10 വർഷം നീണ്ട ചികിത്സയ്ക്കു ശേഷം കുഞ്ഞുണ്ടായൊരു സ്ത്രീ പ്രസവാനന്തര മാനസിക പ്രശ്നങ്ങളെത്തുടർന്ന് കൗൺസിലിങ്ങിനു സമീപിച്ചിരുന്നു. ഗർഭധാരണത്തിനായി ധാരാളം മരുന്നു കഴിക്കുന്നതും സ്ത്രീകളുടെ മാനസികാവസ്ഥയെ ബാധിക്കാം. താരതമ്യേന ഇത്തരം അവസ്ഥകളിൽ ഡോക്റ്ററെ കാണാനുള്ള മടി കുറഞ്ഞിട്ടുണ്ട്. എങ്കിലും സൈക്യാട്രിസ്റ്റിനെ റഫർ ചെയ്യുന്നത് പലർക്കും അംഗീകരിക്കാൻ കഴിയാറില്ലെന്ന് സൗമ്യ. എത്ര അഭ്യസ്തവിദ്യരായാലും സൈക്യാട്രിസ്റ്റ് എന്നു കേൾക്കുമ്പോഴേ അവർ അസ്വസ്ഥരാകും. അപ്പർ ക്ലാസിൽ അങ്ങനെയാണെങ്കിൽ മറ്റുള്ളവരുടെ അവസ്ഥ പരിതാപകരമായിരിക്കും. മറ്റൊരു പ്രശ്നം അസുഖത്തെക്കുറിച്ച് ഗൂഗിളിൽ തിരഞ്ഞ് സ്വയം ധാരണകളിൽ എത്തുന്നതാണ്. ഡോക്റ്റർക്കു മുന്നിൽ മുൻധാരണകളുമായി ഇരിക്കുന്നവരെ പറഞ്ഞു തിരുത്താൻ ബുദ്ധിമുട്ടാണ്. കേരളത്തിലെ സാമൂഹിക സാഹചര്യം അത്തരത്തിലുള്ളതാണെന്നും സൗമ്യ കൂട്ടിച്ചേർക്കുന്നു.
കുഞ്ഞിനെ സ്വന്തം അമ്മ തന്നെ പരിപാലിക്കണമെന്ന വാശി വച്ചു പുലർത്തുന്ന കുടുംബങ്ങൾ ഇപ്പോഴുമുണ്ട്. നേരത്തിന് ഭക്ഷണം കഴിക്കാനോ, വേ‍ണ്ടത്ര സമയം ഉറങ്ങാനോ, സമാധാനത്തോടെ ടോയ്‌ലെറ്റിൽ പോകാനോ പോലും പലർക്കും സാധിക്കാറില്ല. മൂന്നു വർഷങ്ങൾക്കു മുൻപ് കൊല്ലം കുണ്ടറയിൽ പോസ്റ്റ്പാർട്ടം ഡിപ്രഷൻ പോസ്റ്റ്പാർട്ടം സൈക്കോസിസ് ആയി മാറി സ്വന്തം കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്ന ദിവ്യ ജോണിയുടെ വെളിപ്പെടുത്തൽ യുട്യൂബിൽ ഇപ്പോഴും കാണാം. തലനാരിഴയ്ക്ക് ദുരന്തങ്ങളിൽ നിന്ന് രക്ഷപെട്ട സ്ത്രീകളുടെ അനുഭവങ്ങളാണ് ആ വീഡിയോയ്ക്കു താഴെ കമന്‍റുകളായി കുമിഞ്ഞുകൂടുന്നത്. കേരളത്തിലെ സ്ത്രീകൾ പലപ്പോഴും ആരോടും പറയാതെ സ്വയം അതിജീവിക്കുകയാണ് എന്നതിന്‍റെ ഉദാഹരണമാണ് ആ കമന്‍റുകൾ എന്നു പറയാം. പ്രസവാനന്തര വിഷാദത്തെ ചെറുക്കാൻ കുറച്ചു കൂടി ഫലപ്രദമായ മാർഗങ്ങൾ തേടാത്ത പക്ഷം, ഉപദ്രവിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെയും കുറ്റവാളികളായി മാറുന്ന അമ്മമാരുടെയും എണ്ണം ഇനിയും വർധിക്കുമെന്നതിൽ സംശയമില്ല.
(അവസാനിച്ചു)

ഭാഗം1 : ബാലമരണങ്ങൾ തുടർക്കഥയാകുമ്പോൾ

ഭാഗം 2: പ്രസവാനന്തര വിഷാദം എന്ന നീരാളിക്കൈ

ഭാഗം 3: മനസിന്‍റെ തിരിച്ചറിയാത്ത മായകൾ

ഭാഗം 4: പ്രസവാനന്തര വിഷാദത്തിനു കാരണങ്ങൾ പലത്

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com