Sundarapandiapuram Sunflower
Sundarapandiapuram Sunflower

പതിവ് തെറ്റിക്കാതെ സൂര്യകാന്തിപ്പാടങ്ങൾ: സുന്ദരപാണ്ഡ്യപുരത്തേക്ക് മലയാളികളുടെ ഒഴുക്ക്

ഇതോടെ കേരളത്തിന്‍റെ വിവിധ ഇടങ്ങളില്‍ നിന്നും സൂര്യകാന്തിപ്പാടം കാണാൻ മലയാളികള്‍ എത്തി തുടങ്ങി
Published on

പുനലൂർ: അതിരാവിലെയുള്ള നേരിയ മഞ്ഞ്. കിഴക്കൻ ശീതക്കാറ്റ്. ഇളം വെയിലില്‍ സൂര്യനെ നോക്കി നില്‍ക്കുന്ന സൂര്യകാന്തിപ്പൂക്കള്‍. ഗ്രാമീണ ഭംഗി ഇണചേര്‍ന്നുനില്‍ക്കുന്ന സുന്ദര കാര്‍ഷിക ഗ്രാമമായ തമിഴ്‌നാട്ടിലെ തെങ്കാശിക്കടുത്തുള്ള സുന്ദരപാണ്ഡ്യപുരത്തും പരിസര പ്രദേശങ്ങളിലും പതിവ് തെറ്റിക്കാതെ സൂര്യകാന്തിപ്പാടങ്ങള്‍ സജീവം.

ഇതോടെ കേരളത്തിന്‍റെ വിവിധ ഇടങ്ങളില്‍ നിന്നും സൂര്യകാന്തിപ്പാടം കാണാൻ മലയാളികള്‍ എത്തി തുടങ്ങി. അഗരകേട്ട്, സമ്ബുവര്‍ വടകര, കീഴപവൂര്‍ എന്നിവടങ്ങളില്‍ സൂര്യകാന്തി മുന്‍ വര്‍ഷങ്ങളില്‍ നിന്നും വിപരീതമായി അല്‍പ്പം മുൻപെ പൂത്തു.

സൂര്യകാന്തിയുടെ വരുമാനത്തോടൊപ്പം സഞ്ചാരികളില്‍ നിന്നും കിട്ടുന്ന ചെറു തുകകളും കര്‍ഷകര്‍ക്ക് ആശ്വാസമാണ്. ഓണകാലത്തു കേരളത്തില്‍ നിന്നും കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്ന കണക്കുകൂട്ടാലും ഇപ്പോള്‍ തമിഴ് കര്‍ഷകര്‍ക്ക് ഉണ്ട്. മഴ അല്പം കുറവാണെന്നതൊഴിച്ചാല്‍ പൊതുവെ നല്ലൊരു വിളവ് ഇക്കുറി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. ഇവിടെ എത്തുന്ന സഞ്ചാരികള്‍ പൂക്കള്‍ പറിക്കാതിരിക്കാനും പാടം നശിപ്പിക്കാതിരിക്കാനും പ്രത്യേക നിരീക്ഷണവും ഇക്കുറി കര്‍ഷകര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തെങ്കാശിയില്‍ നിന്ന് പതിമൂന്നു കിലോമീറ്ററാണ് സുന്ദരപാണ്ഡ്യപുരത്തേക്കുള്ള ദൂരം.

ഇവിടം സന്ദര്‍ശിക്കുന്നവര്‍ക്ക് കേവലം സൂര്യകാന്തിയുടെ ഭംഗി മാത്രമല്ല അനുഭവിക്കാന്‍ കഴിയുക. പാതയുടെ ഇരു വശങ്ങളിലും മികച്ച രീതിയിലുള്ള മറ്റുകൃഷികളും കാണാന്‍ കഴിയും എന്ന പ്രത്യേകതയുമുണ്ട്.