അഞ്ചെട്ടെണ്ണമല്ല, അച്ചാറുകൾ പലവിധം

പലതരം അച്ചാറുകൾ പരിചയപ്പെടുത്തുന്ന പരമ്പരയിൽ ഇന്ന് കുടംപുളി-ഈന്തപ്പഴം അച്ചാർ
കുടംപുളി - ഈന്തപ്പഴം അച്ചാർ.
കുടംപുളി - ഈന്തപ്പഴം അച്ചാർ.
Updated on

റീന വർഗീസ് കണ്ണിമല

കുടംപുളിക്കാലമാണ്. പെരുമഴക്കാലവും.പഴുത്തു വീണു പോകുന്ന കുടംപുളി ഉണക്കാൻ പറ്റാതെ വിഷമിക്കുകയാണോ നിങ്ങൾ? ഒട്ടും വിഷമിക്കണ്ട-ഉണക്കാൻ പറ്റാത്ത പഴുത്ത കുടംപുളി നമുക്കു നല്ല അച്ചാറാക്കി മാറ്റാം, എന്താ!

കുടംപുളി-ഈന്തപ്പഴം അച്ചാർ

പഴുത്ത വലിയ കുടംപുളി – 10 എണ്ണം

ഈന്തപ്പഴം-നൂറു ഗ്രാം

വെളുത്തുള്ളി – 100 g

കാശ്മീരി മുളകു പൊടി-5 ടീസ്പൂൺ

വിനാഗിരി-ഉപ്പ് -പാകത്തിന്

കടുക് – 1ടിസ്പൂൺ

ഉലുവ – ഒരു ടീസ്പൂൺ

കായം ഒരു ചെറിയ കഷ്ണം

ആദ്യം തന്നെ കുടംപുളി കുരു കളഞ്ഞ് കഴുകി ചെറുതായി അടർത്തിയെടുക്കുക. ഇരുമ്പു കത്തി തൊടാതിരിക്കുന്നതാണ് നല്ലത്.ഇരുമ്പു പാത്രത്തിൽ ഈ അച്ചാർ വയ്ക്കാതിരിക്കാനും ശ്രദ്ധിക്കണം.അടർത്തിയെടുത്ത കുടമ്പുളി ചൂടു വെള്ളത്തിൽ കല്ലുപ്പു ചേർത്ത് അതിൽ ഇട്ടു വയ്ക്കുക. പത്തു മിനിറ്റിനു ശേഷം വെള്ളം വാർത്തു കളയുക.

ഒരു മൺചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ ഒരു ടേബിൾ സ്പൂൺ നല്ലെണ്ണയൊഴിച്ച് അതിൽ ആദ്യം കായം വറുത്തു കോരുക

ശേഷം കടുക്, ഉലുവ എന്നിവ പൊട്ടിച്ച് വറുത്തു കോരുക. ബാക്കി എണ്ണയിൽ കൂടി 4 ടേബിൾ സ്പൂൺ എണ്ണ കൂടി ഒഴിച്ച് ചൂടാക്കി വെളുത്തുള്ളി ചേർക്കുക. ശേഷം മുളക് പൊടി ചേർത്ത് നന്നായി ചൂടാക്കുക. അതിൽ കുടംപുളി ചേർക്കുക. നൂറു ഗ്രാം നന്നാക്കിയ ഈന്തപ്പഴവും ആവശ്യത്തിനു ഉപ്പും കുറച്ച് വിനാഗിരിയും ചേർത്ത് ചെറു തീയിൽ 5 മിനിറ്റ് മൂടിവെയ്ക്കുക. തീ അണച്ചതിനു ശേഷംവറുത്ത് കോരി വെച്ച കടുക്, ഉലുവ, കായം എന്നിവ പൊടിച്ച് അച്ചാറിൽ ചേർത്തിളക്കുക. രുചികരമായ കുടംപുളി-ഈന്തപ്പഴം അച്ചാർ റെഡി.

(കൂടുതൽ അച്ചാർ വെറൈറ്റികൾ വരും ദിവസങ്ങളിൽ പരിചയപ്പെടാം.)

< 1 | 2 | 3 | 4 | 5 | 6 | >

Trending

No stories found.

Latest News

No stories found.