മഴപ്പെയ്ത്തിൻ താളത്തിൽ വരച്ചിത്രക്കളിയാട്ടം
മുച്ചിലോട്ടമ്മMV

മഴപ്പെയ്ത്തിൻ താളത്തിൽ വരച്ചിത്രക്കളിയാട്ടം

അക്രിലിക്കിൽ നിറഞ്ഞാടി മുച്ചിലോട്ടമ്മയും പോതിയും, തെയ്യം മുഖത്തെഴുത്ത് ശിൽപ്പശാല

ഡോ. സഞ്ജീവൻ അഴീക്കോട്

ഉത്തരകേരളത്തിലെ ഉറഞ്ഞാട്ടാനുഷ്ഠാനത്തിന്‍റെ പകർന്നാട്ട ഭാവം കൂട്ടായ്മയുടെ ഏകാഗ്ര ധ്യാന മനസ്സിൽ നിന്ന് ക്യാൻവാസിലേക്ക്... പാരമ്പര്യ നിറക്കൂട്ടുകളായ മനയോലയ്ക്കും ചായില്യത്തിനും അരിച്ചാന്തിനും മഞ്ഞളിനും പകരം അക്രിലിക്കിന്‍റെ അഗ്നിനിറച്ചേരുവയിൽ മുഖമെഴുത്തും പൊയ്ക്കണ്ണും വെള്ളിത്തേറ്റയും പുനർജനിക്കുകയായി. മഴപ്പെയ്ത്തിന്‍റെ താളത്തിൽഅഴീക്കോട്ടെ ശിവോഹം ആർട്ട് ഗാലറിയിൽ മുഖത്തെഴുത്തിന്‍റെ വരച്ചിത്രക്കളിയാട്ടം... കാൻവാസിൽ പോതിയുടെയും മുച്ചിലോട്ടു ഭഗവതിയുടെയും ഭാവമുഖം തെളിഞ്ഞു.

ശിവോഹം ആർട്ട് ഗാലറി സാരഥിയും മുഖ്യശിക്ഷകയുമായ ആർട്ടിസ്റ്റ് ഷീജ പ്രമോദും ആർട്ടിസ്റ്റ് ദിനേശ് മാവൂരും നയിച്ച പത്തു ദിവസത്തെ തെയ്യം മുഖമെഴുത്ത് ശിൽപ്പശാല വേറിട്ട അനുഭവമായി.

കാൻവാസിൽ പകർത്തിയ പാരമ്പര്യം

മഴപ്പെയ്ത്തിൻ താളത്തിൽ വരച്ചിത്രക്കളിയാട്ടം
ശിൽപ്പശാലയിൽ പങ്കെടുത്ത കലാ പ്രവർത്തകർ.

തെയ്യക്കാവിലെ അണിയറയിൽ കോലക്കാരന്‍റെ തലയ്ക്കൽ ഇരുന്ന് തലതിരിച്ചാണ് തെയ്യത്തിലെ വിസ്മയമായ മുഖത്തെഴുത്ത് രീതി. എന്നാൽ, ചിത്രമെഴുത്തിൽ കലാകാരൻ നേർക്കുനേരെ ക്യാൻവാസിലേക്കത് പകർത്തുകയാണ്. തെയ്യം മുഖമെഴുത്തിൽ തെളിയും പൂർണത ഒരിക്കലും കാൻവാസിലെ ചിത്രമെഴുത്തിൽ സൂക്ഷ്മമായി ആവിഷ്കരിക്കാൻ സാധിക്കില്ല.

സങ്കീർണമായ തെയ്യം മുഖത്തെഴുത്തിന്‍റെ തലങ്ങൾ തെയ്യമുഖ ഫോട്ടോകളുടെ സഹായത്താലാണ് ശിവോഹം ചുമർ ചിത്രശിൽപ്പശാലയിൽ പങ്കെടുത്തവർക്ക് പരിചയപ്പെടുത്തിയത്.

ഓരോ വ്യക്തിയുടെയും മുഖത്തിനനുസൃതമായി കണ്ണിനെ ആധാരമാക്കിയുള്ള തെയ്യം മുഖത്തെഴുത്ത് ശൈലി അത്യന്തം ശ്രമകരമായ പാരമ്പര്യ വിദ്യയാണ്. അതിനെ അതേപടി ക്യാൻവാസിലേക്ക് പകർത്തുന്നത് അത്ര എളുപ്പമല്ല. തെയ്യാട്ടത്തിലെ സാത്വികമൂർത്തിയും ലാവണ്യവതിയും നവവധു ഭാവത്തിലുമുള്ള മുച്ചിലോട്ടു ഭഗവതിയുടെ മുഖത്തെഴുത്തായ കുറ്റി ശംഖും പ്രാക്കെഴുത്തും 28 x 20 ഇഞ്ചിലും കമലഹാസന്‍റെ സിനിമയിലൂടെ പ്രശസ്തമായ പോതിയുടെ (മണത്തണപോതി - നീല കരിങ്കാളി) മുഖത്തെഴുത്ത് 24 x 30 ഇഞ്ച് കാൻവാസിലുമാണ് ചുവർ ചിത്ര ശൈലിയിലുള്ള ചിത്രമെഴുത്തിന് ഉപയോഗിച്ചത്.

അഴീക്കോട് പൂതപ്പാറ മീൻകുന്ന് റോഡിലെ ശിവോഹംആർട്ട് ഗാലറിയിൽ നടന്ന ദശദിന ശിൽപ്പശാലയിൽ രൺവിദ പ്രമോദ് കുമാർ, അമയ ശശിധരൻ, സി. ശ്രീലാൽ, കെ. അനുശ്രീ, യു.കെ. വർഷ , ശ്രീനന്ദകിഷോർ, കെ. ആരതി, ഷിജില റനേഷ്, കെ. സുജിഷ, കെ. വന്ദന, പി.കെ. സുഷ, നിഖില പ്രേമനാഥൻ, കെ. ശ്രീലത, ഗ്രീഷ്മ, പ്രിയദർശൻ, കെ. സതീശൻ എന്നീ 16 പേരാണ് ചിത്രമെഴുത്ത് നടത്തിയത്.

രൺവിദയുടെ വര

മഴപ്പെയ്ത്തിൻ താളത്തിൽ വരച്ചിത്രക്കളിയാട്ടം
രൺവിദ പ്രമോദ് വരച്ച മുട്ടിലോട്ട് ഭഗവതിയുടെ തിരുമുഖം.

മുഖ്യശിക്ഷക ആർട്ടിസ്റ്റ് ഷീജ പ്രമോദിന്‍റെ മകൾ രൺവിദ പ്രമോദാണ് മുച്ചിലോട്ടു ഭഗവതിയുടെ തിരുമുഖം വരച്ചത്. പാരമ്പര്യ അനുഷ്ഠാനത്തിൻ ഊർജം വലിച്ചെടുത്ത് അമ്മയുടെ ചിത്രമെഴുത്ത് ശൈലി അതേപടി ഹൃദിസ്ഥമാക്കിയ മകളുടെ വര ഇതിനകം തന്നെ ഏറെ പ്രശംസിക്കപ്പെട്ടു. കോലത്തുനാട്ടിന്‍റെ മുഖത്തെഴുത്തിൽ നിന്നു സ്വൽപ്പം വ്യത്യാസത്തോടെയുള്ള പഴശ്ശി കോട്ടയം സ്വരൂപ ശൈലിയിലുള്ള മുച്ചിലോട്ട് ഭഗവതിഭാവത്തെയാണ് രൺവിദ പ്രമോദ് ആവിഷ്കരിച്ചത്.

രൺവിദയുടെ രചന വളരെ ശ്രദ്ധേയമായിട്ടുണ്ടെന്നു പ്രശസ്ത തെയ്യം കനലാടി, ഭാരതം പദ്മശ്രീ പുരസ്കാരം നൽകി ആദരിച്ച ഇ.പി. നാരായണ പെരുവണ്ണാൻ പറഞ്ഞു. തെയ്യംമുഖത്തെഴുത്ത് സൂക്ഷ്മമായി പഠിച്ച് അക്രിലിക്കിലൂടെചുവർ ചിത്ര ശൈലിയിലേക്ക് പകരാനുള്ള ഷീജ പ്രമോദിന്‍റെ ഉദ്യമത്തിന്‍റെ ഭാഗമായി നടത്തിയ ശിവോഹം ശിൽപ്പശാല കലാകേരളത്തിന് മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശിൽപ്പശാലയിൽ പങ്കെടുത്ത 16 കലാകാരന്മാരെയും ഇ.പി. നാരായണ പെരുവണ്ണാൻ സംഘവഴക്ക ഗവേഷണ പീഠം വഴിയാണ് അഭിനന്ദനമറിയിച്ചത്.

ശിൽപ്പശാലയിൽ വരച്ച പോതി മുഖം കമലഹാസന്‍റെ ഉത്തമ വീരനിലൂടെ ആംഗോള പ്രശസ്തമായ ഒരു തെയ്യഭാവമാണ്. പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആവിഷ്ക്കരിച്ച ഒരു പുതുശൈലിയിലുള്ള മുഖമെഴുത്ത് - പരമ്പരാഗത തെയ്യം മുഖത്തെഴുത്തിനൊപ്പം ഈ പുതുശൈലിയും ഇപ്പോൾ പുതിയ തലമുറയിൽപ്പെട്ട ചിലർ വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ടെന്നും ഇ.പി. നാരായണ പെരുവണ്ണാൻ കൂട്ടിച്ചേർത്തു.

ജന്മസിദ്ധമായ നിറക്കൂട്ടുകൾ

മഴപ്പെയ്ത്തിൻ താളത്തിൽ വരച്ചിത്രക്കളിയാട്ടം
ശിവോഹം ആർട്ട് ഗാലറി സാരഥി ആർട്ടിസ്റ്റ് ഷീജ പ്രമോദ്

തെയ്യം മുഖത്തെഴുത്തിൽ കോലത്തുനാട് ശൈലിയും പഴശ്ശി കോട്ടയം മലബാർ ശൈലിയും തുളുനാടൻ ശൈലിയും സൂക്ഷ്മ തലത്തിൽ പല വ്യത്യാസങ്ങളുണ്ട്. ഇക്കാര്യം ചിത്രകാരന്മാർ വിശദമായി പഠിക്കുന്നതും വളരെ നല്ല കാര്യമാണ്. ഷീജ പ്രമോദ് വരച്ച മുച്ചിലോട്ട് ഭഗവതി തെയ്യരൂപം യുഎസ്എയിൽ നടന്ന എക്സിബിഷനിൽ നേരത്തെ പ്രദർശിപ്പിച്ചിരുന്നു. അമ്മയുടെ അതേ വഴിയിൽ തന്നെ മുച്ചിലോട്ടമ്മയെ മകൾ രൺവിദ പ്രമോദും

വരയ്ക്കുകയായിരുന്നു. പോർച്ചുഗലിലെ കോസ്റ്റ ഡോ മലബാർ റിസോർട്ടിന്‍റെ അകത്തളത്തിലടക്കം നിരവധി വിദേശ രാജ്യങ്ങളിൽ ഷീജ പ്രമോദിന്‍റെ തെയ്യചുമർചിത്രങ്ങൾ ഇതിനകം സ്ഥാനം പിടിച്ചു കഴിഞ്ഞു. മുംബൈയിലെ ബ്രാന്ദ്രയിൽ ജൂലായിയിൽ നടത്തുന്ന എക്സിബിഷനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ഷീജ പ്രമോദ്.

ചുമർചിത്ര നിറക്കൂട്ടിന്‍റെ സൗന്ദര്യശാസ്ത്ര പാഠങ്ങൾ ഹൃദിസ്ഥമാക്കിയത് മാഹി കലാഗ്രാമം ചിത്രകലാ അധ്യാപകനായ നിവിൻ രാജിൽ നിന്നാണ്. ഇരിക്കൂർ ചൂളിയാട്ടെ പരേതനായ കെ.കെ. കരുണാകരന്‍റയും എളയാവൂരിലെ ഓമനയമ്മയുടെയും രണ്ടാമത്തെ മകളാണ് ഷീജ. ഭർത്താവ്: കണ്ണൂരിലെ പ്രശസ്തമായ കൃഷ്ണ ജുവലേഴ്സ് മാനേജിങ് പാർട്ണറും കൃഷ്ണ ബീച്ച് റിസോർട്ട് ഫിനാൻസ് ഡയറക്റ്ററുമായ എം. പ്രമോദ് കുമാർ. ചിത്രരചനയ്ക്കൊപ്പം പാചകകലയും പാട്ടും നൃത്തവുമാണ് ഷീജയുടെ ഇഷ്ടപ്പെട്ട മേഖലകൾ.

മഴപ്പെയ്ത്തിൻ താളത്തിൽ വരച്ചിത്രക്കളിയാട്ടം
പോതി

താൻ പഠിച്ചെടുത്ത അറിവുകൾ മറ്റുള്ളവർക്ക് പകർന്നു നല്കുന്നതിൽ അവർ ആനന്ദം കൊള്ളുകയാണ്. സ്വതസിദ്ധ രചനാശൈലിയും വൈഭവവും തന്നെ തേടിയെത്തുന്ന കലാവിദ്യാർത്ഥികൾക്ക് മുന്നിൽ മറയില്ലാതെ അവർ പകർന്നു നൽകുന്നു.

ജന്മസിദ്ധമായി ലഭിച്ച കഴിവിനെ സ്വയം ഉണർത്തിയെടുത്ത പ്രതിഭയാണവർ. ചിത്രകല പഠിപ്പിക്കുന്ന പ്രഫഷണൽ സ്ഥാപനങ്ങളിൽ ഒന്നും പോകാതെ വീട്ടിൽ വച്ചാണ് ചുമർചിത്ര ശൈലി ഷീജ പഠിച്ചെടുത്തത്. ഗുരുകുല സമ്പ്രദായത്തിൽ ചിത്രകലയുടെ പ്രാഥമിക പാഠങ്ങൾ ഹൃദിസ്ഥമാക്കിയെന്നു പറഞ്ഞാലും തെറ്റില്ല. വിവിധ കലാ ഗുരുനാഥന്മാരുടെ ആത്മാർത്ഥപിന്തുണയും ഷീജയ്ക്ക് സഹായകമായി.

ഷീജ പ്രമോദിന്‍റെ ശിക്ഷണത്തിൽ അഴീക്കോട് പൂതപ്പാറയിലെ ശിവോഹത്തിൽ ഇതിനകം150 ഓളം ചുവർചിത്രകലാ പഠിതാക്കളുണ്ട്. ഓൺലൈൻ ക്ലാസിലൂടെ 56 പേരെയും ചുവർ ചിത്രരചന പഠിപ്പിച്ചു വരുന്നു. ഇവരിൽ നിന്നാണ് ശിൽപ്പശാലയിലേക്ക് 16 പേരെ തെരഞ്ഞെടുത്തത്.

Trending

No stories found.

Latest News

No stories found.