രാജീവ് മുല്ലപ്പിള്ളി
ഇരിങ്ങാലക്കുട: ദശരഥ പുത്രന്മാരായ ശ്രീരാമ, ഭരത, ലക്ഷ്മണ, ശത്രുഘ്ന ക്ഷേത്രങ്ങളിൽ കർക്കടക മാസത്തിൽ ഒരേ ദിവസം ദർശനം നടത്തുന്നത് പുണ്യമായാണ് ഭക്തർ വിശ്വസിക്കുന്നത്. ഓരോ വർഷവും നാലമ്പല ദർശനം നടത്തുന്ന ഭക്തരുടെ എണ്ണം വർധിക്കുകയാണ്. ഈ വർഷത്തെ നാലമ്പല തീർഥാടനത്തിന് 16ന് തുടക്കമാവും.
തൃശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന നാലമ്പലങ്ങളിൽ ആദ്യം തൃപ്രയാർ ക്ഷേത്രത്തിലും തുടർന്ന് ഇരിങ്ങാലക്കുട കൂടൽമാണിക്യം, മൂഴിക്കുളം ലക്ഷ്മണ പെരുമാൾ, പായമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തി വീണ്ടും തൃപ്രയാറിൽ തന്നെ ദർശനം നടത്തി അവസാനിക്കുന്നതാണ് തീർഥാടന രീതി.
തീർഥാടനത്തിന്‍റെ ഭാഗമായി ഭക്തർക്കായി വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്രങ്ങളിൽ ഒരുക്കിയിരിക്കുന്നത്.
തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ പുലർച്ചെ 3.30നാണ് നട തുറക്കുക. അവിൽ, മീനൂട്ട്, വെടി, തട്ടം നിവേദ്യം, അമ്പും വില്ലും, ശ്രീലകത്ത് സമ്പൂർണ നെയ് വിളക്ക്, നെയ് കിണ്ടി, നിറമാല, ചുറ്റുവിളക്ക്, സ്പെഷ്യൽ പായസം എന്നിവയാണ് പ്രധാന വഴിപാടുകൾ. അന്നദാനവും വഴിപാടായി ചെയ്യാം.
ഭരതനാണ് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ പ്രതിഷ്ഠ. തൃപ്രയാറിൽ നിന്ന് 20 കി.മീ. ആണ് ഇവിടേക്കുള്ള ദൂരം. ഇവിടെയും പുലർച്ചെ 3.30ന് നട തുറക്കും. നെയ്പായസം, താമരമാല, താമരപ്പൂ, നെയ് വിളക്ക്, വഴുതനങ്ങ നിവേദ്യം, അട, അവിൽ എന്നിവയാണ് പ്രധാന വഴിപാടുകൾ. ക്ഷേത്രത്തിൽ എല്ലാ ദിവസവും പ്രസാദ ഊട്ടും പാസ് എടുക്കുന്നവർക്ക് ഔഷധക്കഞ്ഞിയും നൽകും.
മൂഴിക്കുളത്താണ് ലക്ഷ്മണ പെരുമാൾ ക്ഷേത്രം. ഇരിങ്ങാലക്കുടയിൽ നിന്ന് 25 കി.മീ. ദൂരമുണ്ട് മൂഴിക്കുളത്തേയ്ക്ക്. സാധാരണ ദിവസങ്ങളിൽ പുലർച്ചെ 5 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും വൈകീട്ട് 5 മുതൽ രാത്രി 8 വരെയുമാണ് ദർശന സമയം. ഒറ്റയപ്പം, ഉണ്ണിയപ്പം, അരവണ, അവിൽ നിവേദ്യം, എള്ള് തിരി, തട്ടം നിവേദ്യം, ചരടുജപം, പാൽപായസം എന്നിവയാണ് പ്രധാന വഴിപാടുകൾ.
മൂഴിക്കുളം ക്ഷേത്രത്തിൽ നിന്ന് 30 കി.മീ. ആണ് പായമ്മൽ ശത്രുഘ്ന ക്ഷേത്രത്തിലേക്കുള്ള ദൂരം. പുലർച്ചെ അഞ്ചു മുതലാണിവിടെ ദർശന സമയം. ശത്രുസംഹാര മന്ത്രാർച്ചന, സുദർശന പുഷ്പാഞ്ജലി, സുദർശനചക്രം, സിദ്ധി ചെയ്ത സുദർശനചക്രം നടയിൽ സമർപ്പിക്കൽ, ഏലസ്, അരവണ, അവിൽ എന്നിവയാണ് പ്രധാന വഴിപാടുകൾ.