മട്ടാഞ്ചേരി: വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ ഫോര്‍ട്ട് കൊച്ചി കടപ്പുറത്തും പരിസര പ്രദേശങ്ങളിലും ആവശ്യത്തിന് ടോയ്‌ലറ്റുകൾ ഇല്ലാത്തത് സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. കടപ്പുറം ഭാഗത്ത് പരേഡ് മൈതാനത്തിനു സമീപമാണ് ടോയ്‌ലറ്റുള്ളത്. ഇതാകട്ടെ മാസങ്ങളായി അടഞ്ഞു കിടപ്പാണ്. കുട്ടികളുടെ പാർക്കിലെ ശുചിമുറിയും അടഞ്ഞു തന്നെ. പരേഡ് മൈതാനിയുടെ സമീപത്തെ ശുചിമുറി കൊച്ചി ഹെറിറ്റേജ് കൺസർവേഷൻ സൊസൈറ്റിയുടെ അധീനതയിലുള്ളതാണ്. കുട്ടികളുടെ പാർക്കിലേത് കൊച്ചി നഗരസഭയുടേതും. ഇരു കൂട്ടരും ശുചിമുറി തുറക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ല.
ഫോർട്ട് കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾ അന്വേഷിക്കുന്ന പ്രധാന കാര്യങ്ങളിൽ ഒന്നാണ് ശുചിമുറി. കടപ്പുറത്ത് നിന്ന് ഒന്നര കിലോമീറ്റർ നടന്നാൽ കമാലക്കടവ് ബസ് സ്റ്റാൻഡിൽ ശുചിമുറി ഉണ്ടെങ്കിലും വൃത്തി ഹീനമാണ്. സൗത്ത് കടപ്പുറത്തെ ശുചിമുറി വർഷങ്ങളായി പ്രവർത്തിക്കുന്നില്ല.
കടപ്പുറത്തും പരിസരത്തും മൂത്ര ശങ്ക അകറ്റുന്നതിനായി ആളുകള്‍ ഇപ്പോള്‍ വഴി വക്കാണ് ഉപയോഗിക്കുന്നത്. പ്രവേശന കവാടമായ ഫോര്‍ട്ട് കൊച്ചി വാസ്കോ ഡ ഗാമ സ്ക്വയറില്‍ ദുര്‍ഗന്ധം മൂലം നില്‍ക്കുവാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. പല പ്രധാനപ്പെട്ട പരിപാടികളും നടക്കുന്ന സ്ക്വയറിലെ സ്റ്റേജിന്‍റെ പിൻവശം ഇപ്പോള്‍ ശുചിമുറിയായി മാറിയിരിക്കുന്ന അവസ്ഥയാണ്.