നവരാത്രി ആഘോഷ വേദിയിൽ നൃത്തച്ചുവടുകളുമായി വില്ലെജ് ഓഫിസർ
രാജീവ് മുല്ലപ്പിള്ളി
ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചു നടക്കുന്ന നൃത്ത സംഗീതോത്സവ വേദിയിൽ നൃത്തച്ചുവടുകളുമായെത്തിയ വില്ലെജ് ഓഫിസർ പ്രേക്ഷക ഹൃദയം കീഴടക്കി. മനവലശേരി വില്ലെജ് ഓഫിസർ വി. സുനിൽകുമാറാണ് കുടുംബസമേതം നവരാത്രി നൃത്ത സംഗീതോത്സവ വേദിയിൽ മോഹിനിയാട്ടം അവതരിപ്പിച്ചത്.
കഴിഞ്ഞ 25 വർഷമായി നൃത്ത രംഗത്തു സജീവമാണ് കോടന്നൂർ സ്വദേശി വട്ടപ്പറമ്പത്ത് സുനിൽകുമാർ. ഭാര്യ പ്രിയ നൃത്ത അധ്യാപികയാണ്. ജർമനിയിലേക്കു പോകാനുള്ള ഒരുക്കത്തിൽ ജർമൻ ഭാഷ പഠിക്കുന്ന മകൻ നന്ദ കിഷോർ മൃദംഗത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എട്ടാം ക്ലാസ് വിദ്യാർഥിനിയായ മകൾ ഗൗരി നന്ദയും നർത്തകിയാണ്.
ചെറുപ്പം മുതലേ നൃത്തം പരിശീലിച്ചിരുന്നെങ്കിലും കോളെജ് വിദ്യാഭ്യാസ കാലഘട്ടത്തിലാണ് സുനിൽകുമാർ നൃത്തത്തിൽ കൂടുതൽ സജീവമായത്.
ഭാര്യ പ്രിയയും ചെറുപ്പത്തിൽ തന്നെ നൃത്തം പഠിച്ചിരുന്നു. രണ്ടു പേരും ചേർന്ന് ചിട്ടപ്പെടുത്തിയ ഇനങ്ങളാണ് വേദിയിൽ മകൾക്കും ശിഷ്യർക്കും ഒപ്പം അവതരിപ്പിച്ചതെന്ന് സുനിൽകുമാർ പറഞ്ഞു.