വിറ്റാമിനുകള്‍ ശരീരത്തിന് പ്രവര്‍ത്തനശക്തി തരുന്നില്ല; ശരീരത്തിന്റെ തേയ്മാനം പരിഹരിക്കാനും അവയ്ക്കു കഴിയില്ല. പക്ഷേ ആവശ്യമായ തോതില്‍ അടങ്ങിയിട്ടി ല്ലെങ്കിലോ പലതരം രോഗങ്ങള്‍ക്കും അത് കാരണമാകുന്നു. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന പ്രധാന ഘടകങ്ങളാണ് വിറ്റാമിനുകള്‍.വയറുനിറയെ ഭക്ഷണം കഴിച്ചിട്ടും അത് സമീകൃതമായതല്ലെങ്കില് പലതരം രോഗങ്ങള്‍ക്കും നാം വിധേയരാകുന്നു എന്നത് വളരെക്കാലങ്ങള്ക്കുമുമ്പുതന്നെ ശാസ്ത്രലോകത്തെ അലട്ടിയിരുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ മാത്രമാണ് അതിന്റെ കാരണങ്ങള്‍ വെളിച്ചത്തുവന്നത്.
അരിത്തവിടും ബെറിബെറിയും
ബെറിബെറി എന്നറിയപ്പെടുന്ന ഒരുതരം വാതരോഗം പൂര്‍വേഷ്യന്‍ ദ്വീപുകളിലെല്ലാം വ്യാപകമായി കണ്ടു വന്നിരുന്നു. അരിയുടെ തവിടില്‍ ഉള്ള എന്തോ ഒന്നിന്റെ അഭാവമാണ് ഇതിന് കാരണമെന്ന് ഡച്ച് ഡോക്ടറായ ക്രിസ്ത്യന്‍ ഐക്മാനാണ് തെളിയിച്ചത്.1912-ല്‍ ജാപ്പനീസ് ജൈവ രസതന്ത്രജ്ഞനായ സുസുക്കി, ഷിമാമുറ, ഒഹ്ദാക്കെ എന്നിവര്‍ അരിയുടെ തവിടില്‍ നിന്നും പോളണ്ടുകാരനായ കസ്മീര്‍ ഫങ്ക് യീസ്റ്റില്‍ നിന്നും ഈ ഘടകത്തെ വേര്‍തിരിച്ചെടുത്തു. രാസപരമായി നോക്കു മ്പോള്‍ അത് അമൈന്‍ (NH2) ഗ്രൂപ്പില്‍പ്പെട്ട ഒന്നാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. ജീവദായകമായ അമൈന്‍ (ജീവദായകം എന്ന വാക്കിന് ലത്തീനില്‍ വൈറ്റ് എന്നാണ് പറയുക) എന്ന അര്‍ത്ഥത്തില്‍ കസ്മീര്‍ ഫങ്ക് ആണ് അതിനെ വിറ്റാമിന്‍ എന്നു പേരുവിളിച്ചത്.പില്ക്കാലത്ത് ഇവയില്‍ ചിലവ അമൈനുകളല്ലെന്ന് തെളിഞ്ഞെങ്കിലും വിറ്റാമിന്‍ എന്ന വിളിപ്പേരിനു മാറ്റമൊന്നും സംഭവിച്ചില്ല.ഇവയില്‍ ചിലവ വെള്ളത്തില്‍ അലിയും, ചിലവ കൊഴുപ്പിലേ അലിയൂ.ഇവയുടെ രാസച്ചേരുവ എന്തെന്ന് അന്നൊന്നും അറിയില്ലായിരുന്നു. അവ കണ്ടുപിടിക്കുന്നതിനനുസരിച്ച് വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി എന്നിങ്ങനെ പേരു നല്കിപ്പോന്നു. വിറ്റാമിന്‍ ബി എന്നത് ഒട്ടേറെ ഘടകങ്ങളുടെ ഒരു സമ്മിശ്രമാണെന്ന് കണ്ടെത്തിയത് പിന്നെയാണ്. അപ്പോള്‍ അവയ്ക്ക് ബി1, ബി2 എന്നിങ്ങനെ പേരുകള്‍ നല്കി. ബി14 വരെ അതു നീണ്ടു. അതിനിടയില്‍ ഇതിനിടയ്ക്കുള്ളവ വിറ്റമിനുകള്‍ അല്ലെന്നു തിരിച്ചറിഞ്ഞു. അതിനാല്‍ അവയെ ഇവയ്ക്കിടയില്‍ നിന്നും ഒഴിവാക്കി. ബി3, ബി4. തുടങ്ങിയവ ഇപ്പോള്‍ പട്ടികയിലില്ലാത്തത് അതുകൊണ്ടാണ്.
ശരിയായി വളരാനും നല്ല കാഴ്ചയ്ക്കും വിറ്റാമിന്‍ എ
ശരീരത്തിന്റെ വളര്‍ച്ചയ്ക്കും നല്ല കാഴ്ചയ്ക്കും ആരോഗ്യമുള്ള ത്വക്കിനും സഹായകരമായ വിറ്റാമിനാണ് 'എ'. രോഗാണുബാധയില്‍നിന്ന് രക്ഷനേടാനും ഈ വിറ്റാമിന്‍ സഹായിക്കുന്നുണ്ട്. രാത്രിയിലെ കാഴ്ചക്കുറവ്, രോഗപ്രതിരോധശേഷിക്കുറവ്, വരണ്ട ചര്‍മ്മം എന്നിവ വിറ്റാമിന്‍ എ യുടെ അഭാവത്തിന്റെ ലക്ഷണങ്ങളാകാം. പാല്, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയില്‍ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്. പച്ച, മഞ്ഞ, ഓറഞ്ച് നിറമുള്ള പച്ചക്കറികളും പഴങ്ങളും വിറ്റാമിന്‍ എ യുടെ കലവറയാണ്. ഇറച്ചി, പാല്, മുട്ട തുടങ്ങിയ ഭക്ഷണങ്ങളിലും വിറ്റാമിന്‍ എ ധാരാളമുണ്ട്.
കൊഴുപ്പിനെ ഊര്ജമാക്കാന് വിറ്റാമിന്‍ ബി
ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമായ വിറ്റാമിനാണ് ബി. കൊഴുപ്പിനെ ഊര്‍ജമാക്കി മാറ്റാന്‍ ഇത് കൂടിയേ തീരൂ. വിറ്റാമിന്‍ ബി ഒറ്റ ഘടകമല്ലെന്ന് ശാസ്ത്രജ്ഞന്മാര് കണ്ടെത്തിയത് പിന്നീടാണെന്ന് മുകളില്‍ സൂചിപ്പിച്ചല്ലോ. ഈ പല ഘടകങ്ങളെ തയാമിന്‍, റിബോഫ്ളാവിന്, നിയാസിന് എന്നിങ്ങനെ അറിയപ്പെടുന്നു.
തയാമിന്‍
ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമായ വിറ്റമിനാണ് ബി, അഥവാ തയാമിന്‍. നാഡികളുടെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നതിനും തയാമിന്‍ സഹായിക്കുന്നു. മസിലുകളുടെ പ്രവര്‍ത്തനത്തിനു വിറ്റാമിന്‍ ബി അത്യാവശ്യമാണ്. ഇതിന്റെ കുറവുകൊണ്ടുണ്ടാകുന്ന രോഗമാണ് ബെറിബെറി. തവിടുകളയാത്ത അരി, ഗോതമ്പ് എന്നിവയിലും പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, ഉരുളക്കിഴങ്ങ്, അണ്ടിപ്പരിപ്പ് എന്നിവയിലും ഇത് ധാരാളമടങ്ങിയിട്ടുണ്ട്. .
വായില്‍ പുണ്ണുണ്ടോ റിബോഫ്ളാവിന്റെ കുറവുണ്ട്
വായില്‍ പുണ്ണ്, കടവായപൊട്ടല്, മൂക്കിനിരുവശത്തും വിണ്ടു കീറുക എന്നി രോഗങ്ങള്‍ നിങ്ങള്‍ക്കുണ്ടോ? റിബോഫ്ളാവിന്റെ കുറവ് നിങ്ങള്‍ക്കുണ്ടാകാം. ശരീരകലകളുടെ പുനര്‍നിര്‍മാണത്തിനും ഊര്‍ജോല്‍പ്പാദനത്തിനും റിബോഫ്ളാവിന് ആവശ്യമാണ്. വെണ്ണ, മുട്ട, പാല്, ബദാം എന്നിവയിലെല്ലാം ഇത് ധാരാളമുണ്ട്.
ദഹനത്തിന് നിയാസിന് വേണം
ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകളുടെ പ്രവര്‍ത്തനത്തിലും ലൈംഗിക ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തിലും മുഖ്യ പങ്കുവഹിക്കുന്ന വിറ്റാമിനാണ് നിയാസിന്. ഈ വിറ്റാമിന്റെ കുറവുണ്ടായാല്‍ വിഭ്രാന്തി, സംഭ്രമം തുടങ്ങിയ ലക്ഷണങ്ങളും കാണിക്കാം.പാല്, വെണ്ണ, മുട്ട, പച്ചനിറമുള്ള ഇലക്കറികള്‍, കൂണ്, ചെമ്മീന്‍, ഉരുളക്കിഴങ്ങ്, ഗോതമ്പ്, കപ്പലണ്ടി എന്നയിലെല്ലാം ധാരാളം നിയാസിന് അടങ്ങിയിരിക്കുന്നു.
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പെരിഡോക്സിന്
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെയും രോഗപ്രതിരോധത്തെയും സഹായിക്കുന്ന വിറ്റാമിനാണ് പെരിഡോക്സിന്. ഭക്ഷണത്തിലെ പ്രോട്ടീന്‍, കാര്‍ബോ ഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവയുടെ സംസ്കരണത്തിനും പെരിഡോക്സിന് അഥവാ ബി6 സഹായിക്കുന്നു. കാബേജ്, കോളിഫ്ളവര്‍, ബ്രോക്കോളി, പഴം, അണ്ടിപ്പരിപ്പ് എന്നിവയിലെല്ലാം ബി6 ധാരാളമായി അടങ്ങിയിട്ടുണ്ട്.
സയനോ കൊബാളമീന്‍
ചുവന്ന രക്താണുക്കളുടെ ഉല്പാദനത്തിന് ആത്യാവശ്യമുള്ള ഘടകമാണ് സയനോ കൊബാള്മിന്. ഇതിന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗമാണ് പെര്‍നീഷ്യസ് അനീമിയ. മുട്ട, പാല്, വെണ്ണ എന്നിവയില്‍ കൂടാതെ മിക്ക പച്ചക്കറികളിലും കൊബാളമീന്‍ അടങ്ങിയിട്ടുണ്ട്.
മുറിവുണങ്ങാന്‍ വിറ്റാമിന്‍ സി
മുറിവുണക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന വിറ്റാമിനാണ് സി. ഇതിന്റെ അഭാവം കൊണ്ടുണ്ടാകുന്ന രോഗമാണ് സ്കര്‍വി. വിറ്റാമിന്‍ സി യുടെ കുറവുമൂലം ഉറക്കമില്ലായ്മയും വിഷാദവും ഉണ്ടാകാം. പഴങ്ങള്‍, പച്ചക്കറികള്‍, നാരങ്ങ, നെല്ലിക്ക, ഓറഞ്ച്, പേരക്ക, മുളപ്പിച്ച പയര്‍വര്‍ഗങ്ങള്‍, ഇലക്കറികള്‍ എന്നിവയില്‍ ഇത് ധാരാളമുണ്ട്.
സൂര്യപ്രകാശത്തില്‍ നിന്നും വിറ്റാമിന്‍ ഡി
സൂര്യപ്രകാശത്തില്‍ നിന്നു ലഭിക്കുന്നതിനാല്‍ ഇതിനെ സണ്‍ഷൈന്‍ വിറ്റാമിന്‍ എന്നും വിളിക്കുന്നു. ശരീരത്തിലെ കാത്സ്യത്തിന്റെ അളവ് നിയന്ത്രിക്കുന്നത് വിറ്റാമിന്‍ ഡി യാണ്. ചെറിയ കുട്ടികളില്‍ ഉണ്ടാകുന്ന "റിക്കറ്റ്' എന്ന രോഗവും മുതിര്‍ന്നവരില്‍ കാണുന്ന "ഓസ്റ്റിയോ മലാസിയ' എന്ന രോഗവും ഇതിന്റെ കുറവുകൊണ്ടുണ്ടാ കുന്നവയാണ്.
ബ്യൂട്ടി വിറ്റാമിന്‍ ഇ
ആരോഗ്യകരമായ ത്വക്കിന്, വിറ്റാമിന്‍ - ഇ ആവശ്യമുണ്ട്. അതുകൊണ്ടാണിതിനെ ബ്യൂട്ടി വിറ്റാമിന്‍ എന്നറിയപ്പെടുന്നത്. സൂര്യകാന്തി എണ്ണ, പാംഓയില്‍, നല്ലെണ്ണ, ഓട്സ്, ധാന്യങ്ങള്‍ എന്നിവയിലെല്ലാം ഇതടങ്ങിയിരിക്കുന്നു.
രക്തം കട്ടപിടിക്കാന്‍ വിറ്റാമിന്‍ കെ
രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന വിറ്റാമിനാണ് കെ അഥവാ കൊയാഗുലേഷന്‍ വിറ്റാമിന്‍. ശരീരത്തിനുള്ളില്‍ വളരുന്ന ചില ബാക്റ്റീരിയങ്ങള്‍ വിറ്റാമിന്‍ കെ ഉല്പാദിപ്പിക്കുന്നുണ്ട്. ആന്റി ബയോട്ടിക്കുകള്‍ ദീര്ഘകാലമുപയോഗിക്കേണ്ടി വരുമ്പോള്‍ വിറ്റാമിന്‍ കെ കൂടി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത് ഇതുകൊണ്ടാണ്. മുട്ട, കരള്‍ എന്നി ഭക്ഷണ സാധനങ്ങളില്‍ ഇത് ധാരാളമടങ്ങിയിട്ടുണ്ട്.
വിറ്റാമിനുകള്‍ രണ്ടുതരം
വിറ്റാമിനുകളെ രണ്ടായി തിരിച്ചിരിക്കുന്നു. വെള്ളത്തില്‍ ലയിക്കുന്നവയും. കൊഴുപ്പില്‍ ലയിക്കുന്നവയും. വിറ്റാമിന്‍ ബിയും വിറ്റാമിന്‍ സിയും വെള്ളത്തില്‍ ലയിക്കുന്നവയാണ്. ഈ വിറ്റാമിനുകള്‍ ഭക്ഷണത്തില്‍നിന്ന് ശരീരത്തിലേക്ക് നേരിട്ട് ആഗിരണം ചെയ്യുന്നു. രക്തത്തിനൊപ്പം ശരീരം മുഴുവന്‍ എത്തുന്നു. അധികമുള്ളത് മൂത്രത്തിലൂടെ പുറത്തുപോകും. വിറ്റാമിന്‍ എ, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ഇ, വിറ്റാമിന്‍ കെ എന്നിവ കൊഴുപ്പില്‍ ലയിക്കുന്നവയാണ്. കൊഴുപ്പിനൊപ്പം ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന ഈ വിറ്റാമിനുകള്‍ ആവശ്യത്തിന് ഉപയോഗിക്കാനായി ശരീരകലകളില്‍ സൂക്ഷിക്കപ്പെടുന്നു. ഇവ കൂടുതല്‍ അകത്തെത്തിയാല്‍ ശരീരത്തില്‍ കെട്ടിക്കിടന്ന് രോഗങ്ങളുണ്ടാക്കാം
വിറ്റമിനുകളും അവയുടെ അപര നാമങ്ങളും
എ - റെറ്റിനോള്‍
ബി - തയാമിന്‍
ബി 2 - റൈബോഫ്ളാവിന്
ബി 3 -നിയാസിന്
ബി 6 - പെരിഡോക്സിന്
ബി 7 - പാന്റോതെനിക് അമ്ലം
ബി 12 - സയനോകൊബാളമീന്
സി - അസ്കോര്‍ബിക് അമ്ലം
ഡി - കോളികാല്‍സിഫെറോള്‍
ഇ - ടോകോഫെറോള്
കെ - മെനാഡയോണ്
(നാഫ്തോ ക്വിനോണ്)
പോഷകാ ഭാവ രോഗങ്ങള്‍
പോഷക ഘടകം - രോഗം - ലക്ഷണങ്ങള്‍
1. മാംസ്യം - ക്വാഷിയോര്‍ക്കര്‍ - കുട്ടികളില്‍ വളര്‍ച്ച മുരടിപ്പ് വിശപ്പില്ലായ്മ, വിളര്‍ച്ച, ഉന്തിയ കണ്ണും വയറും ത്വക്ക് ഇരുണ്ടതാകുന്നു . ആവര്‍ത്തിച്ചുള്ള വയറിളക്കം, നീര്‍വീക്കം
2. മാംസ്യവും, കലോറി ഭക്ഷണങ്ങളും - മരാസ്മസ് - വളര്‍ച്ച മുരടിപ്പ്, ത്വക്ക് വരണ്ടതും ചുളിവുള്ളതും, വാരിയെല്ലുകള്‍ മുഴച്ചുനില്ക്കുന്നു. കൈകാലുകള്‍ക്ക് മെലിച്ചില്‍, ആവര്‍ത്തിച്ചുള്ള വയറിളക്കം
3. ഇരുമ്പ് -വിളര്‍ച്ച (അനീമിയ ) - ചുവന്ന രക്താണുക്കളുടെ എണ്ണത്തിലും വലിപ്പത്തിലും കുറവ്, ഹീമോഗ്ലോബിന്റെ അളവ് കുറവ്, പഠന ശേഷിക്കുറവ്
4. അയഡിന്‍ - ഗോയിറ്റര്‍-തൈറോയ്ഡ് ഗ്രന്ഥിവീര്ക്കുന്നു , ചെറുപ്പത്തില്‍ ക്രട്ടിനി സം എന്ന രോഗം ബാധിച്ച് ശാരീരികവും മാനസീകവും ലൈംഗികവുമായ വളര്‍ച്ച മുരടിക്കുന്നു.
5. ഫ്ലൂറൈഡ് - പല്ലുകള്‍ക്ക് ജീര്‍ണ്ണതയും തേയ്മാനവും - വായിലുള്ള അവായു ബാക്റ്റീരിയയുടെ പ്രവര്‍ത്തനം മൂലമുണ്ടാകുന്ന ആസിഡുകള്‍ പല്ലിനെ ദ്രവിപ്പിച്ച് ദ്വാരങ്ങളുണ്ടാക്കുന്നു.
6. വിറ്റമിന്‍ സി - സ്കര്‍വി - പേശീവേദന, പല്ലിളകിപ്പൊഴിഞ്ഞു പോകല്‍, മോണയില്‍ നിന്ന് രക്തസ്രാവം
7. വിറ്റമിന്‍ എ ( റെറ്റിനോള്‍ )- സീറോഫ്താല്‍മിയ - കണ്ണുനീര് ഗ്രന്ഥികളുടെ പ്രവര്‍ത്തനമില്ലായ്മ, കണ് ജംഗ് റ്റൈവയിലും കോര്‍ണിയയിലും കെരാറ്റിന്‍ അടിഞ്ഞ് ഇവ വരണ്ടു പോകുന്നു- നിശാന്ധത, മങ്ങിയ വെളിച്ചത്തില്‍ കാഴ്ചക്കുറവ്
8. വിറ്റമിന്‍ ഡി ( കാല്‍സിഫെറോള്‍ )- കുട്ടികളില്‍ റിക്കറ്റ്സ്, മുതിര്‍ന്നവരില്‍ ഓസ്റ്റിയോ മലേഷ്യ - ബലക്കുറവുള്ള മൃദുവായ അസ്ഥികള്‍, വികലമായ ആകൃതിയോടു കൂടിയ അസ്ഥികൂടം, പേശികള്‍ക്ക് വളര്‍ച്ചക്കുറവ്
9. വിറ്റമിന്‍ ബി12 - അനീമിയ - ചുവന്ന രക്താണുക്കള്‍ക്ക് വലിപ്പക്കൂടുതലും എണ്ണം കുറവും
10. വിറ്റമിന്‍ കെ - മുറിവുകളില്‍ നിന്നും രക്തസ്രാവം നിലയ്ക്കാതിരിക്കുക - രക്തത്തില്‍ പ്രോത്രോംബിന്‍ കുറവ്, രക്തം കട്ടപിടിക്കാനാവശ്യമായ ഫാക്റ്റര്‍ എന്നിവയുടെ കുറവ്
11. വിറ്റമിന്‍ ബി -ബറിബറി, പേശികള്‍ ക്ഷയിക്കുക, ഹൃദയത്തിന്റെ വലിപ്പം കൂടുക, ദഹനക്കുറവ്, നാസീതകരാറുകള്, പോളി ന്യൂ റൈറ്റിസ്
12. ഫോളിക് ആസിഡ് - മാക്രോ സൈറ്റിക് അനീമിയ - വളര്‍ച്ച മുരടിപ്പ്, ആന്റി ബോഡി നിര്‍മാണത്തില്‍ തടസ്സം.
13. വിറ്റമിന്‍ ബി 5 (നിയാസിന് ) - പെലഗ്ര - ഡര്‍മറ്റൈറ്റിസ്, ഓര്‍മക്കുറവ്, വയറിളക്കം
14. വിറ്റമിന്‍ ബി 6- പലരോഗങ്ങള്‍ - വിറയല്‍, സെര് മറ്റൈറ്റിസ്, ആന്റിബോഡി നിര്‍മാണത്തില്‍ തടസം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
15. വിറ്റമിന്‍ ബി 2 - കൈലയ്റ്റിസ്-വായുടെ കോണുകള്‍ വീണ്ടുകീറുന്നു
16. വിറ്റമിന്‍ ഇ (ടൈക്കോ ഫെറോള്‍ )- വന്ധ്യത - പുരുഷന്മാരില് വൃഷ്ണങ്ങളിലെ സെമിനി ഫെറസ് കുഴലുകള്‍ ചെറുതാകുന്നു