പ്ലാസ്റ്റിക് സര്‍ജറി എന്നാല്‍ കോസ്മറ്റിക് സര്‍ജറി എന്നും പ്ലാസ്റ്റിക്കുമായി ബന്ധപ്പെട്ട വസ്തുക്കള്‍ ഉപയോഗിച്ച് ചെയ്യുന്ന ശസ്ത്രക്രിയ എന്നുമൊക്കെക്കെയുള്ള ധാരണ പൊതുസമൂഹത്തില്‍ വ്യാപകമാണ്. യഥാർഥത്തില്‍ നമ്മള്‍ ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനും പ്ലാസ്റ്റിക് സര്‍ജറിക്കും തമ്മില്‍ യാതൊരു ബന്ധവുമില്ല. പ്ലാസ്റ്റിക്കോസ് എന്ന ഗ്രീക്ക് വാക്കില്‍ നിന്നുമാണ് പ്ലാസ്റ്റിക് സര്‍ജറി എന്ന പദം ഉരുത്തിരിഞ്ഞുവന്നത്. 'രൂപാന്തരപ്പെടുത്തുക' എന്നാണ് ഈ വാക്കിന്‍റെ അർഥം.
മറ്റു ചികിത്സാ ശാഖകളില്‍ നിന്ന് വ്യത്യസ്തമായി, വിഭിന്നങ്ങളായ രീതിയിലാണ് പ്ലാസ്റ്റിക് സര്‍ജറി ജനങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നത്. ഇതില്‍ സൗന്ദര്യാത്മകമായ ചികിത്സ മുതല്‍ അതീവ ഗൗരവതരമായ സാഹചര്യങ്ങളില്‍ നിന്ന് ജീവന്‍ തിരിച്ച് പിടിക്കുന്ന ചികിത്സ വരെ ഉള്‍പ്പെടുന്നു. അതായത് ജന്മനാലുള്ള വൈകല്യങ്ങളായ മുച്ചിറി, മുച്ചുണ്ട് പോലുള്ള വൈകല്യങ്ങള്‍, പ്രായാധിക്യം മൂലമുണ്ടാകുന്ന ചുളിവുകള്‍ ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍, മറ്റ് സൗന്ദര്യപരമായ പരിമിതികള്‍ മുതലായവയെ അതിജീവിക്കുന്നത് മുതല്‍ അപകടങ്ങളിലും മറ്റും സംഭവിക്കുന്ന അംഗഭംഗങ്ങള്‍, ചില കാന്‍സറുകള്‍, തീപ്പൊള്ളല്‍ തുടങ്ങിയവ ഭേദമാക്കുക എന്നിവ ഉള്‍പ്പെടെയുള്ള അതിവിശാലമായ ചികിത്സാ രീതികള്‍ ഉള്‍പ്പെടുന്നു.
സ്ത്രീകളുമായി ബന്ധപ്പെട്ടും സൗന്ദര്യ ചികിത്സ മുതല്‍ ജീവന്‍ രക്ഷാ ചികിത്സ വരെയുള്ള വിഭിന്നങ്ങളായ മേഖലകളില്‍ പ്ലാസ്റ്റിക് സര്‍ജറി പ്രയോജനപ്രദമാകുന്നുണ്ട്. അടുക്കളയില്‍ നിന്നും മറ്റും സംഭവിക്കുന്ന തീപ്പൊള്ളല്‍ ഉള്‍പ്പെടെയുള്ള അവസ്ഥകളെ കൂടുതലായും അഭിമുഖീകരിക്കേണ്ടി വരുന്നത് സ്ത്രീകളാണ്. സൗന്ദര്യ സംബന്ധമായ ചികിത്സാ പരിഗണനകളിലും പ്രധാന പരിഗണന ലഭിക്കേണ്ടി വരുന്നതും സ്ത്രീകള്‍ക്ക് തന്നെയാണ്. സ്ത്രീകളുടെ ആകാരഭംഗിയും ആത്മവിശ്വാസവും ഉയര്‍ത്തുന്നതില്‍ ഇത് നിർണായക പങ്ക് വഹിക്കുന്നു. ഇത്തരത്തില്‍ സ്ത്രീകളുമായി ബന്ധപ്പെട്ട പ്ലാസ്റ്റിക് സര്‍ജറിയുടെ പ്രധാന ചികിത്സാപരമായ ഇടപെടലുകള്‍ ഇനി പറയുന്നു.
സ്ത്രീകളെ ബാധിക്കുന്ന രോഗാവസ്ഥകളില്‍ പ്രധാനപ്പെട്ടതാണ് സ്തനാര്‍ബുദം. പലപ്പോഴും മാസ്റ്റക്ടമി എന്നറിയപ്പെടുന്ന അസുഖബാധിതമായ സ്തനം നീക്കം ചെയ്യുന്ന ചികിത്സയാണ് പ്രതിവിധിയായി നിശ്ചയിക്കപ്പെടാറുള്ളത്. ഇത്തരം സാഹചര്യങ്ങളില്‍ രോഗം ഫലപ്രദമായി ഭേദമാക്കാന്‍ സാധിക്കുമെങ്കിലും, സ്തനം നീക്കം ചെയ്യപ്പെടുന്നത് സ്ത്രീകള്‍ക്ക് മാനസികമായും ശാരീരികമായും വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ട്. ഈ സാഹചര്യത്തെ മികച്ച രീതിയില്‍ തരണം ചെയ്യാന്‍ സ്തന പുനര്‍നിര്‍മാണത്തിലൂടെ സാധിക്കും. അതുപോലെ തന്നെ സ്തനവളര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള ആശങ്കള്‍ പരിഹരിക്കാന്‍ ഓഗ്മെന്‍റേഷന്‍ എന്നറിയപ്പെടുന്ന ചികിത്സാ രീതിയും സഹായകരമാകുന്നു.
പ്രായം വർധിക്കുന്നതിനനുസരിച്ച് മുഖത്ത് സൃഷ്ടിക്കപ്പെടുന്ന ചുളിവുകള്‍ പലപ്പോഴും സ്ത്രീകളിലെ ആത്മവിശ്വാസത്തെ ബാധിക്കാറുണ്ട്. ഈ അവസ്ഥയ്ക്ക് പരിഹാരമാകാന്‍ ഫെയ്സ് ലിഫ്റ്റ്, ബോട്ടോക്‌സ് ഇഞ്ചക്ഷന്‍, ഡെര്‍മല്‍ ഫില്ലേഴ്‌സ് തുടങ്ങിയ രീതികള്‍ പ്രയോജനകരമാകുന്നു. ഇവയിലൂടെ മുഖത്തുണ്ടാകുന്ന ചുളിവുകളും വരകളും ചര്‍മം തൂങ്ങിപ്പോകുന്ന അവസ്ഥയും ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കും. ഇത് യുവത്വവും സൗന്ദര്യവും നിലനിര്‍ത്തുന്നതിന് സഹായകരമാകുകയും ചെയ്യുന്നു.
അമിതവണ്ണവും കൊഴുപ്പും ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടികള്‍ക്ക് ബോഡി കോണ്ട്യൂരിംഗ് ഫലപ്രദമായ പരിഹാരമായി മാറുന്നുണ്ട്. ടമ്മി ടക്ക്, ലൈപ്പോസക്ഷന്‍, ബോഡി ലിഫ്റ്റ് തുടങ്ങിയ രീതികള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിലൂടെ ഈ അവസ്ഥയെ തരണം ചെയ്യാന്‍ സാധിക്കും. ഇത് ആകാരവടിവിനും, ശരീരഭാരം കുറയ്ക്കുന്നതിനും സഹായകരമാകുകയും ചെയ്യുന്നു.
നെറ്റിയിലെ ചുളിവുകളും വരകളും ഇല്ലാതാക്കാന്‍ സഹായകരമാകുന്ന ബ്രോലിഫ്റ്റ്, മുഖത്തെ ചുളിവുകളും തൊലി അയഞ്ഞ് തൂക്കുന്നതും തടയാന്‍ സഹായകരമാകുന്ന ഫെയ്‌സ് ലിഫ്റ്റ്, അതി സൂക്ഷ്മമായ ചുളിവുകള്‍ നീക്കം ചെയ്യാന്‍ സഹായകരമാകുന്ന ലേസര്‍ പീല്‍, മുഖക്കുരുവിന്‍റെ പാടുകള്‍ നീക്കം ചെയ്യാന്‍ സഹായകരമാകുന്ന ഡെര്‍മാബ്രേഷന്‍, കണ്ണുകള്‍ക്ക് താഴെയും മുകളിലുമുള്ള പോളകളിലെ അഭംഗി നീക്കാന്‍ സഹായകരമാകുന്ന ബ്ലെറോപ്ലാസ്റ്റി തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടുന്നും.
മൂക്കിന്‍റെ ഭംഗം വർധിപ്പിക്കാൻ റൈനോപ്ലാസ്റ്റി സഹായകരമാകുന്നു. ഇതിലൂടെ മൂക്കിന്‍റെ വലുപ്പം കൂട്ടുവാനും കുറയ്ക്കുവാനും വൈകല്യങ്ങള്‍ ഇല്ലാതാക്കുവാന്‍ സാധിക്കും. ചെവികളുടെ വലുപ്പത്തിലെ ഏറ്റക്കുറച്ചിലുകളെ ക്രമീകരിക്കുവാനും, ചെവിയുടെ ദളങ്ങള്‍ ജന്മനാല്‍ ഇല്ലാത്ത അവസ്ഥയ്ക്ക് പരിഹാരമേകുവാനും ഓട്ടോപ്ലാസ്റ്റി സഹായകരമാകുന്നു.
പ്രസവത്തിന്‍റെയും മറ്റും ഭാഗമായി വയറിലെ ചര്‍മം അയഞ്ഞ് തൂങ്ങിപ്പോകുന്നത് സ്ത്രീകള്‍ അനുഭവിക്കുന്ന പൊതുവായ ബുദ്ധിമുട്ടാണ്. കുടവയറിനും മറ്റും കാരണമാകുന്ന ഈ അവസ്ഥമൂലം സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പ്രതിവിധിയാണ് അബ്‌ഡൊമിനോപ്ലാസ്റ്റി. വയറില്‍ അടിഞ്ഞ് കൂടിയ കൊഴുപ്പിനെയും അമിത ചര്‍മത്തെയും നീക്കം ചെയ്ത് വയറിലെ പേശികള്‍ ബലപ്പെടുത്തുന്ന രീതിയാണ് ഇതില്‍ അവലംബിക്കുന്നത്.
മുകളില്‍ പറഞ്ഞ ചികിത്സാ രീതികളെല്ലാം തന്നെ സങ്കീർണതകള്‍ നിറഞ്ഞതും ഗൗരവതരമായി സമീപിക്കേണ്ടതുമാണ്. അതിനാല്‍ തന്നെ ചികിത്സയ്ക്കായി സമീപിക്കുന്ന വ്യക്തി പരിചയ സമ്പന്നനായ പ്ലാസ്റ്റിക് സര്‍ജന്‍ തന്നെയാണ് എന്ന് ഉറപ്പ് വരുത്തേണ്ടത് പരമപ്രധാനമാണ്.