#തയാറാക്കിയത്: എൻ. അജിത്കുമാർ
എല്ലാ വര്‍ഷവും ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്ര സംഘടന തീരുമാനിച്ചത് 2014 ഡിസംബര്‍ 14 നാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ച ഈ ആശയത്തെ 175 ഓളം രാജ്യങ്ങള്‍ പിന്തുണച്ചു. ഭാരതീയ ഋഷിവര്യന്മാര് മാനവരാശിക്കു നല്കിയ അമൂല്യ വരദാനമാണ് യോഗ. മനുഷ്യന്റെ ആത്മീയവും ശാരീരികവുമായ കഴിവുകളെ ഉണര്‍ത്തി സുഖവും ശാന്തിയും കൈവരിക്കാന്‍ യോഗയും ധ്യാനവും പരിശീലിച്ചാല്‍ മതിയെന്ന് ഇന്ന് ലോകം മുഴുവന്‍ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്.
ആരോഗ്യകരമായ ജീവിതത്തിന്
മനുഷ്യന്റെ ശാരീരികവും മാനസികവും സാന്മാര്ഗ്ഗികവും ആത്മീയവുമായ എല്ലാ പ്രശ്നങ്ങള്‍ക്കും ശാശ്വത പരിഹാരം തരുന്ന ഒരേ ഒരു ശാസ്ത്രശാഖയാണ് ഭാരതത്തിന്റെ സ്വന്തം യോഗ. മനുഷ്യനില്‍ ഉറങ്ങിക്കിടക്കുന്ന അനന്തവും അത്ഭുതകരവുമായ ശക്തിയും ചൈതന്യവും ഉണര്‍ത്തി വികസിപ്പിച്ച് അവനെ ഉത്കൃഷ്ടമായ വഴിയിലൂടെ പരിപൂര്‍ണ്ണതയിലേക്ക് നയിക്കുക എന്നതാണ് യോഗയുടെ ലക്ഷ്യം.
യോഗ
യോജിക്കുക എന്നര്‍ത്ഥമുള്ള "യുജ് ' എന്ന ധാതുവില്‍ നിന്നാണ് യോഗ എന്ന വാക്കുണ്ടായത്. ജീവാത്മ-പരമാത്മ ഐക്യം എന്നും പ്രവൃത്തിയില്‍ മനസ്സിന്റെ ഏകാഗ്രത എന്നും യോഗയെ വ്യാഖ്യാനിക്കാറുണ്ട്.
ആസനം
ശരീരത്തിനും മനസിനും യോജിച്ച സന്തോഷം നല്കുന്ന ഇരിപ്പാണ് ആസനം. അപ്പോള്‍ യോഗാസനം എന്നു പറഞ്ഞാല്‍ ജീവാത്മാവിനെയും പരമാത്മാവിനെയും ഐക്യത്തിലാക്കുന്ന, ശരീരത്തിനും മനസ്സിനും യോജിച്ച ഇരിപ്പാണ് യോഗാസനം.
ഭഗവത്ഗീതയിലെ യോഗ
ജ്ഞാനം, കര്‍മ്മം, ഭക്തി എന്നിങ്ങനെ മൂന്നുതരം യോഗങ്ങളെക്കുറിച്ച് ഭഗവത്ഗീതയില്‍ പറയുന്നുണ്ട്. രാജയോഗം (ജ്ഞാനയോഗം, ധ്യാനയോഗം), കര്‍മ്മയോഗം, ഉപാസനായോഗം, അനാസക്തി യോഗം, ഹഠയോഗം, എന്നീ പലതരം യോഗകള്‍ പിന്നീടുണ്ടായി. യോഗ ചെയ്യുന്നയാളുടെ മനോഭാവത്തെക്കുറിക്കുന്നവയാണ് ഈ പ്രയോഗങ്ങള്‍. കേവലമായ അറിവോ മന്ത്രജപമോ അല്ല യോഗ. ലക്ഷ്യം അഥവാ മോക്ഷം സാധിക്കാനായി ഫലേച്ഛ കൂടാതെ ഏതു കര്‍മ്മവും ചെയ്യുക എന്നതാണ് ഭഗവത്ഗീതയിലെ യോഗ മുന്നോട്ടു വയ്ക്കുന്ന സന്ദേശം.
പതഞ്ജലിയുടെ യോഗ
ബി.സി. 300ല്‍ ജീവിച്ചിരുന്ന മഹാപണ്ഡിതരും സംസ്കൃത വ്യാകരണത്തിന്റെയും ആയൂര്‍വ്വേദത്തിന്റെയും ആചാര്യനുമായിരുന്ന പതഞ്ജലി മഹര്‍ഷി. അന്ന് നിലവിലിരുന്ന യോഗാസന മുറകളെല്ലാം സമാഹരിച്ച് പഠിച്ച് ന്യൂനതകള്‍ പരിഹരിച്ച് ശാസ്ത്രത്തിന്റെയും മന:ശാസ്ത്രത്തിന്റെയും അടിസ്ഥാനത്തില്‍ യോഗയെക്കുറിച്ച് ഒരു ഗ്രന്ഥം തയ്യാറാക്കിയത് പതഞ്ജലിയാണ്. യോഗസൂത്രം അഥവാ അഷ്ടാംഗയോഗം എന്നാണീ ഗ്രന്ഥത്തിന്റെ പേര്. പുഷ്യാമിത്ര രാജാവിന്റെ രാജസദസിലെ അംഗമായിരുന്നുവത്രെ പതഞ്ജലി (ബി.സി.185-149). മെനാണ്ടര് സാകേതത്തെ ആക്രമിച്ച കാലത്ത് പതഞ്ജലി ജീവിച്ചിരിപ്പുണ്ടായിരുന്നു വെന്ന് ജര്‍മന്‍ സംസ്കൃത ഗവേഷകനായ പ്രൊഫ. ഗോള്‍ഡ് സ്റ്റക്കര്‍ (Thodor Gold sticker 1821-1872, അഭിപ്രായപ്പെട്ടിട്ടുണ്ട്.
അഷ്ടാംഗങ്ങള്‍
യമം, നയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണ് അഷ്ടാംഗങ്ങള്‍. ഇതില്‍ ആദ്യത്തെ നാലും ശാരീരികവും മാനസികവുമായ അനുഷ്ഠാനങ്ങളും അഭ്യാസങ്ങളും മറ്റുള്ളവ ആത്മീയ സാധനകളുമാണ്.
രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താം
തികച്ചും നിസ്സാരമായ കാര്യങ്ങള്‍ക്കുപോലും മുന്‍പിന്‍ നോക്കാതെ എടുത്തുചാടുന്നവരും തുടര്‍ന്ന് വലിയ മാനസികസംഘര്ഷമനുഭവിക്കുന്നവരുമാണ് നമ്മളില്‍ പലരും. ജീവിതസാഹചര്യങ്ങളിലും ജീവിത വീക്ഷണ ത്തിലും ആഹാരരീതിയിലുമൊക്കെ ഉണ്ടായിട്ടുള്ള മാറ്റങ്ങളാണ് ഇതിനുകാരണം. ഇത്തരം അവസ്ഥകള്‍ അനാവശ്യമായ ആകുലതകള്‍ക്കും ആശങ്കകള്‍ക്കും പലപ്പോഴും ശാരീരിക, മാനസിക രോഗങ്ങള്‍ക്കും കാരണമാകുന്നു.ഇത്തരം പ്രശ്നങ്ങളെല്ലാം കുറച്ച് ഏത് പ്രതിസന്ധിയിലും പോസിറ്റീവ് ആയ നിലപാട് സ്വീകരിക്കാനും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും യോഗയും ധ്യാനവും പ്രാണായാമവും സഹായിക്കുന്നു എന്ന് ഗവേഷണങ്ങള്‍ തെളിയിച്ചു കഴിഞ്ഞു.
ശരീരവും ആത്മാവും തമ്മില്‍ ഇണക്കുന്ന കണ്ണിയായി പ്രവര്‍ത്തിക്കുന്നത് ശ്വാസമാണെന്ന് ഭാരതീയ ഋഷീശ്വരന്മാര് പണ്ടേ കണ്ടെത്തിയിരുന്നു. ശ്വാസത്തെ നിയന്ത്രിക്കുന്നതിലൂടെ മനസ്സിനേയും നിയന്ത്രിക്കാമെന്ന് അവര്‍ തെളിയിച്ചു. ദീര്‍ഘമായി ശ്വാസമെടുക്കുമ്പോള്‍ തലച്ചോറിലേക്ക് കൂടുതല്‍ ഓക്സിജന്‍ എത്തുന്നു വെന്നും ഇത് മാനസികസമ്മര്‍ദ്ദം കുറയ്ക്കുന്നു വെന്നും അവര്‍ നിരീക്ഷിച്ചു. പ്രാണായാമങ്ങള്‍ ചിട്ടപ്പെടുത്തിയത് ഈ നിരീക്ഷണങ്ങളില്‍ നിന്നാണ്.
യോഗാസനങ്ങള്‍, പ്രാണായാമം എന്നിവയ്ക്കൊപ്പം ആഹാരനിഷ്ഠകൂടി പുലര്‍ത്തിയാല്‍ മാനസിക സമ്മര്‍ദ്ദങ്ങളെ വളരെ എളുപ്പത്തില്‍ അതിജീവിക്കാനും നിയന്ത്രിക്കാനും കഴിയും. അതോടൊപ്പം ശരീരത്തില്‍ അടിഞ്ഞുകൂടുന്ന ആന്തരികമാലിന്യങ്ങളെ നീക്കി ശുദ്ധിവരുത്താനും അങ്ങനെ ശരീരത്തെയും മനസ്സിനെയും വിമലീകരിക്കാനും നിത്യവുമുള്ള യോഗ സഹായകരമാകുന്നു. മനോനിയന്ത്രണത്തിനും ഏകാഗ്രതയ്ക്കും ബുദ്ധിയുടെ ഉണര്‍വിനും പ്രധാനമായും ധ്യാനവും പ്രാണായാമങ്ങളും സഹായിക്കുമ്പോള്‍ ശാരീരിക പ്രവര്‍ത്തനങ്ങളെ സുഖകരമാക്കാന്‍ നിത്യവുമുള്ള യോഗ സഹായിക്കുന്നു. പേശികളുടെയും സന്ധികളുടെയും ആരോഗ്യം, ഹൃദയാരോഗ്യം, പ്രമേഹനിയന്ത്രണം, ചീത്ത കൊളസ്ട്രോളിന്റെ നിയന്ത്രണം, ശരീരഭാരം കുറയ്ക്കല്‍ എന്നിവയെയെല്ലാം യോഗ സഹായിക്കുന്നതു കൊണ്ട് ആരോഗ്യത്തിന്റെ ശാസ്ത്രമായാണ് യോഗ അറിയപ്പെടുന്നത്.
യോഗ ഒരു ചികിത്സാരീതി
യോഗാസനത്തിന് മറ്റ് വ്യായാമങ്ങളെക്കാള്‍ എടുത്തു പറയാവുന്ന ഒരു പാട് മെച്ചങ്ങളുണ്ടെന്ന് ആധുനിക പഠനങ്ങള്‍ തെളിയിക്കുന്നുബാല്യം തൊട്ട് ജീവിതാവസാനം വരെ തുടരാന്‍ കഴിയുന്ന ഒരു വ്യായാമമാണ് യോഗാസനം. പ്രായത്തിനും വ്യക്തികളുടെ സൗകര്യത്തിനും അനുസരിച്ച് വിവിധ ആസനങ്ങള്‍ ഒരാള്‍ക്ക് തെരഞ്ഞെടുക്കാം. ആസനങ്ങള്‍ പേശികളെ ആയവുള്ളതാക്കുമ്പോള് മറ്റുകായികകലകള് പേശികളെ കാഠിന്യമുള്ളതാക്കുന്നു. ശരീര നിയന്ത്രണത്തോടൊപ്പം മനോനിയന്ത്രണത്തിനും യോഗ സഹായിക്കുന്നു. ആസനങ്ങളോടൊപ്പം തന്നെ പ്രാണായാമം കൂടി നടക്കുന്നതിനാല്ശ്വാസ നിയന്ത്രണത്തിനും അതുവഴിയുളള മറ്റുപ്രയോജനങളും ലഭിക്കുന്നു. യോഗാസനങ്ങള്‍ ഊര്ജ്ജത്ത ശേഖരിക്കുമ്പോള്‍ മറ്റു കായികകലകള്‍ ഊര്‍ജ്ജത്തെ പുറംതള്ളുകയാണ് ചെയ്യുന്നത്. അതുകൊണ്ട് യോഗ ചെയ്യുന്നവര്‍ക്ക് അമിതാഹാര പ്രതിപത്തി ഉണ്ടാകുന്നില്ല യോഗാസനം ഒരു ചികിത്സാ രീതി കൂടിയാണ്. യോഗാചാര്യന്മാരുടെ നിര്‍ദ്ദേശപ്രകാരം രോഗികള്‍ ആസനം അഭ്യസിച്ചാല്‍ പല രോഗങ്ങള്‍ക്കും ശമനമുണ്ടാകും. രോഗമില്ലാത്തവര്‍ക്ക് രോഗപ്രതിരോധ ചികിത്സയ്ക്കു സമമാണ് യോഗ.യോഗാസനങ്ങള്‍ വിശ്രമവേളകളിലെ ഒരു വിനോദംകൂടിയാണ്. "യുവാ വൃദ്ധോ തി വൃദ്ധോ വാ വ്യാധി തോ ദുര്ബലോപി വാ അഭ്യാസാല്‍ സിദ്ധി മാപ്നോതി' എന്നാണ് യോഗാ ശാസ്ത്രം പറയുന്നത്. യോഗ ഒരു ദിനചര്യയായി സ്വീകരിച്ച് നിഷ്ഠയായി അഭ്യസിക്കുന്നവര്‍ക്ക് ലഭിക്കുന്ന പ്രയോജനങ്ങളെക്കുറിച്ചാണ് ഇതില്‍ വിശദീകരിക്കുന്നത്.
1. സര്‍വ്വ വ്യാധി വിനാശനം ( എല്ലാ രോഗങ്ങളെയും നശിപ്പിക്കുന്നു)
2. കായസ്യ കൃശതാ കാന്തി (ശരീരത്തിന് ഒതുക്കവും കാന്തിയും നല്കുന്നു)
3. ജനയതി ജഠരാഗ്നിം ജീര്യതേ കാളകൂടം. ( ദഹനശക്തി വര്‍ധിപ്പിക്കുന്നു. കാളകൂടം പോലുള്ള ഉഗ്രവിഷത്തെ പോലും അമൃത് പോലെ ദഹിപ്പിക്കുന്നു.
4. സ്ഥൈര്യമാരോഗ്യ മംഗ ലാവണ്യം ( മന: സ്ഥൈര്യവും ആരോഗ്യവും അംഗലാവണ്യവും സിദ്ധിക്കുന്നു.
5. വപു :കൃശത്വം വദനേ പ്രസന്നത നാദസ്ഫുടത്വം നയനേഷ്ഠ നിര്‍മ്മലേ അരോഗതാ ബിന്ദു ജയോഗ്നി ദീപനം നാഡീ വിശുദ്ധത ഹഠയോഗ ലക്ഷണം ( ഒതുങ്ങിയ ശരീരം, പ്രസനമായ മുഖം , നിര്‍മ്മലമായ കണ്ണുകള്‍, രോഗവിമുക്തമായ ശരീരം, ശുക്ല സ്രവണ നിയന്ത്രണം, ഉജ്വലമായ ദഹനശക്തി, നാഡീ ഞരമ്പുകളുടെ പരിശുദ്ധി, ഇതെല്ലാമാണ് യോഗ ചെയ്യുന്നവരുടെ ലക്ഷണങ്ങള്‍ ).
പതഞ്ജലിയുടെ അഭിപ്രായത്തില്‍ മാനസിക വ്യാപാരങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണമാണ് യോഗ. ഇതിന് ദീര്‍ഘകാലത്തെ നിരന്തര അഭ്യസനം ആവശ്യമാണ്. അഭ്യാസത്തില്‍ കുറേഭാഗം കായികവും ഏറിയഭാഗവും മാനസികവുമാണ്. യോഗ അഭ്യസിക്കും തോറുമാണ് അത് നമുക്ക് മനസ്സിലാവുക.
യോഗയ്ക്ക് മുൻപ് ലഘുവ്യായാമങ്ങൾ
യോഗയ്ക്ക് മുൻപ് ശരീരത്തിന് വേണ്ട അയവ് വരുത്താന്‍ ചില ലഘു വ്യായാമങ്ങള്‍ ചെയ്തിരിക്കണം. ശരീരത്തിലെ ഓരോ ജോയിന്റിനേയും ചലിപ്പിച്ച് അയവു വരുത്താന്‍ ഈ ലഘു വ്യായാമങ്ങള്‍ സഹായിക്കും
യോഗയ്ക്ക് അരമണിക്കൂര്‍ മുമ്പായി ഒന്നോ രണ്ടോ ഗ്ലാസ് ശുദ്ധജലം കുടിക്കുന്നത് ശീലമാക്കുക.
പ്രഭാതഭക്ഷണത്തിന് പ്രാധാന്യം നല്‍കുക.
വറുത്തതും പൊരിച്ചതും മസാലകള്‍ അധികം ചേര്‍ത്തതുമായ ആഹാരപദാര്‍ത്ഥങ്ങള്‍ കുറയ്ക്കുക.
കൃത്രിമ ഭക്ഷണങ്ങള്‍ ഉപേക്ഷിക്കുക.
ധാരാളം പഴങ്ങളും പച്ചക്കറികളും നിത്യവും കഴിക്കുക.
രാത്രി എട്ടരയ്ക്കുശേഷം കട്ടിയാഹാരം ഒഴിവാക്കുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കാറ്റും വെളിച്ചവുമുള്ള ശുചിത്വമുള്ള മുറിയോ ടെറസിന്റെ മുകളിലോ യോഗ ചെയ്യുന്നതാണ് നല്ലത്.
നല്ല വീതിയും നീളവും കട്ടിയുള്ളതുമായ കോട്ടണ്‍ ബെഡ്ഷീറ്റോ പുല്‍പ്പായയോ നിവര്‍ത്തി അതിലിരുന്ന് വെണം യോഗ ചെയ്യാന്‍.
കിഴക്കോ വടക്കോ അഭിമുഖമായി ചെയ്യുന്നതാണ് നല്ലത്.
നേരത്തെ ഉണര്‍ന്ന് മലശോധനാദി പ്രഭാതകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ച് ദന്തശുദ്ധി വരുത്തി ഒരുഗ്ലാസ്സ് ശുദ്ധജലം കുടിച്ച് കുളികഴിഞ്ഞ് യോഗ അഭ്യസിക്കുന്നതാണ് ഗുണകരം.
കണ്ണടയോ വാച്ചോ ധരിച്ച് യോഗ ചെയ്യരുത്.
യോഗ ചെയ്യുമ്പോള്‍ ഫാന്‍ അത്ര നല്ലതല്ല.
യോഗയ്ക്കു മുമ്പ് അവരവര്‍ക്ക് ഇഷ്ടമുള്ള ഏതെങ്കിലും പ്രാര്‍ത്ഥന ചൊല്ലുന്നത് നല്ലതാണ്.
തുടര്‍ന്ന് രണ്ട് മിനിട്ട് ധ്യാനനിരതനായി ഇരിക്കുക.
യോഗ കഴിഞ്ഞും കുറച്ചുനേരം ധ്യാനനിരതനായി ഇരിക്കുക.
ബലം പ്രയോഗിച്ചും മത്സരിച്ചും യോഗ ചെയ്യരുത്.
അവയവങ്ങളുടെ വഴക്കം അനുസരിച്ച് അവരവര്‍ക്കാവും വിധം മാത്രമേ ഓരോ ആസനവും പ്രയോഗിക്കുവാന്‍ പാടുള്ളൂ.
ഒഴിച്ചു കൂടാന്‍ വയ്യാത്ത കാരണങ്ങളാലല്ലാതെ യോഗ ഒരു ദിവസംപോലും മുടക്കരുത്.
ഉത്ഭവം പ്രകൃതിനിരീക്ഷണത്തിൽ നിന്ന്
നിബിഡവനങ്ങളില്‍ പര്‍ണ്ണശാലകള്‍കെട്ടി തപസനുഷ്ഠിച്ചിരുന്ന ഋഷിവര്യന്മാരുടെ പ്രകൃതി നിരീക്ഷണത്തില്‍ നിന്നാണ് യോഗയുടെ ഉത്ഭവം. പ്രകൃതിയെ സസൂക്ഷ്മം നിരീക്ഷിക്കുകയും ജീവജാലങ്ങളുടെ ചേഷ്ഠകള്‍ കണ്ടു പഠിക്കുകയും ചെയ്തതില്‍ നിന്ന് അവര്‍ പലതും മനസിലാക്കി. അവയെക്കുറിച്ച് പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തി. ഒരു പൂച്ചപോലും ഉണര്‍ന്നെണീക്കുമ്പോള്‍ മൂരി നിവര്‍ന്ന് രണ്ടോ മൂന്നോ യോഗകള്‍ ചെയ്താണ് മറ്റു പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുന്നത്. കുഞ്ഞുങ്ങളുടെ കാര്യവും അങ്ങനെ തന്നെ. അവരുടെ മനസ്സില്‍ ഒരു കലുഷ്യവുമില്ല. അവര്‍ എപ്പോഴും സന്തോഷവാന്മാരും ഊര്‍ജ്ജസ്വലരുമാണ്. കൊച്ചുകുഞ്ഞുങ്ങളും പലപല യോഗാസനങ്ങളും ചെയ്യുന്നുണ്ടെന്ന് അവരെ നിരീക്ഷിച്ചാല്‍ മനസ്സിലാകും. ഇതെല്ലാം മനസ്സിലാക്കി ശരീരഘടനയെക്കുറിച്ചും ആരോഗ്യത്തിന്റെ ഉപാധികളെക്കുറിച്ചും സമഗ്രമായ അറിവ് അവരുണ്ടാക്കിയെടുത്തു. ശിഷ്യരെ പഠിപ്പിച്ചു.
യോഗയുടെ സവിശേഷതകൾ
യോഗ ചെയ്യാന്‍ മറ്റുപകരണങ്ങളുടെ ആവശ്യമില്ല.
ഒരാള്‍ക്ക് തന്നെ ചെയ്യാം.
ശരീരോര്‍ജ്ജം ഒട്ടും നഷ്ടമാകുന്നില്ല. അതുകൊണ്ടുതന്നെ യോഗ ചെയ്തു കഴിഞ്ഞാല്‍ ക്ഷീണമനുഭവപ്പെടുന്നില്ല. ഊര്‍ജ്ജസ്വലരായിരിക്കാന്‍ കഴിയുന്നു.
ശരീരത്തിനുമാത്രമല്ല മനസ്സിനും ഉൻമേഷം ലഭിക്കുന്നു.
ബാല്യം, കൗമാരം, യൗവ്വനം, വാര്‍ദ്ധക്യം എന്നി ഏത് പ്രായക്കാര്‍ക്കും അഭ്യസിക്കാം.
എല്ലായിപ്പോഴും ഗുരുസാന്നിധ്യം ആവശ്യമില്ല. അതുകൊണ്ട് വീട്ടില്‍ വെച്ചും അഭ്യസിക്കാം.
ആന്തരികാവയവങ്ങളെയും ഗ്രന്ഥികളെയും ശക്തിപ്പെടുത്തുന്നു.
ആത്മീയമായ ഉണര്‍വ്വും ലഭിക്കുന്നു.
ശരീര സൗന്ദര്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ അഭ്യസിക്കാം.
പണച്ചെലവില്ല
കുട്ടികളുടെ പഠനത്തെ സഹായിക്കുന്നു.
അഷ്ടാംഗങ്ങള്‍
A.യമനിയമങ്ങള്‍-5
1. അഹിംസ: മനസാ, വാചാ, കര്‍മ്മണാ ഒന്നിനെയും ഉപദ്രവിക്കാതിരിക്കുക.
2. സത്യം: വാക്കുകളും വിചാരങ്ങളും സത്യത്തില്‍ അധിഷ്ഠിതമായിരിക്കുക.
3. അസ്തേയം: അര്‍ഹതയില്ലാത്തതൊന്നും ആഗ്രഹിക്കാതിരിക്കുക.
4. അപരിഗ്രഹം: ദുര്‍മോഹങ്ങള്‍ വച്ചു പുലര്‍ത്താതിരിക്കുക.
5. ബ്രഹ്മചര്യം: മനസാ, വാചാ, കര്‍മ്മണാ യാതൊന്നും ദുരുപയോഗപ്പെടുത്താതിരിക്കുക.
B.നിയമത്തിലും 5 കാര്യങ്ങള്‍
1. ശൗചം: ശരീരം, വിചാരം, വാക്ക്, പ്രവൃത്തി എന്നിവയെല്ലാം ശുചിയായിരിക്കണം. മനസ്സിനെ നിഷ്കളങ്കമാക്കി വയ്ക്കുക.
2. സന്തോഷം: എല്ലായ്പ്പോഴും സന്തോഷത്തിലായിരിക്കുക. ചുണ്ടില്‍ എല്ലായിപ്പോഴും മന്ദഹാസം നിലനിര്‍ത്തുക.
3. തപസ്സ്: കൃത്യനിഷ്ഠ, പരിശ്രമശീലം, ആത്മവിശ്വാസം, കടമകളും കര്‍ത്തവ്യങ്ങളും യഥാസമയം അനുഷ്ഠിക്കല്‍ തുടങ്ങിയവയെല്ലാം തപസ്സാണ്.
4. സാദ്ധ്യായം: നാം നമ്മെത്തന്നെ പഠിക്കുക, വിലയിരുത്തുക, തെറ്റ് ചെയ്താല്‍ തക്കതായ പ്രായശ്ചിത്തം ചെയ്യുക, തെറ്റ് മേലാലാവര്ത്തിക്കാതിരിക്കല്.
5. ഈശ്യര പ്രധിനിധാനം: എല്ലാ കര്‍മ്മങ്ങളും ഈശ്വരാത്മബോധത്തില് അനുഷ്ഠിക്കുക.
C. ആസനങ്ങള്‍: പതഞ്ജലി യോഗയിലെ മൂന്നാമത്തെ പടിയാണ് ആസനങ്ങള്‍. ധ്യാനം ചെയ്യുന്നവനനുഷ്ഠിക്കേണ്ട ഇരുപ്പ് അഥവാ ശരീരനിലയാണ് ആസനം. സ്ഥിരമായും സുഖമായും ഉള്ള ഇരിപ്പാണ് ആസനം.
D. പ്രാണായാമം
ക്രമീകരിക്കപ്പെട്ട ശ്വാസോച്ഛ്വാസമാണ് പ്രാണായാമം. ശരീരത്തിലെ ദുഷിച്ച വായുവിനെ പരമാവധി പുറത്തേക്കു തള്ളുന്നതിനും ഓക്സിജനെ പരമാവധി സ്വീകരിക്കുന്നതിനും ഉതകുന്ന തരത്തിലാണ് പ്രാണായാമങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
E.പ്രത്യാഹാരം
കണ്ണിന് ഇഷ്ടപ്പെട്ടതെല്ലാം കാണുവാനും ചെവിക്ക് മധുരശബ്ദങ്ങള്‍ ആസ്വദിക്കാനും മൂക്കിന് സുഗന്ധങ്ങള്‍ ആസ്വദിക്കാനുമുള്ള നാവിന് രുചികരമായത് തിന്നാനുമുള്ള ആഗ്രഹമുണ്ട്. ഈ താല്പര്യമാണ് ആഹാരം. ഇന്ദ്രിയങ്ങളുടെ ഇത്തരം ആഗ്രഹങ്ങളെയും അതുവഴി മനസ്സിനേയും നിയന്ത്രിക്കുന്നതാണ് പ്രത്യാഹാരം.
F.ധാരണ: ഒരു വിഷയത്തില്‍ തന്നെ മനസിന്റെയും ശരീരത്തിന്റെയും ശ്രദ്ധ കേന്ദ്രീകരിക്കലാണ് ധാരണ. ഇത് മനശക്തി വര്‍ദ്ധിപ്പിക്കും.
G.ധ്യാനം: മനസിനേയും ശരീരത്തെയും ദൃഡമാക്കി ജീവാത്മ പരമാത്മബന്ധം സ്ഥാപിക്കലാണ് ധ്യാനം
H.സമാധി: ജീവാത്മാവും പരമാത്മാവും ഏകീകൃതമാകുന്ന അവസ്ഥയാണ് സമാധി.
മനസിനെ ഏകാഗ്രമാക്കാൻ
കുട്ടികള്‍ക്കിടയിലുള്ള ക്ഷീണം, മടി, മാനസികപിരിമുറുക്കം, അകാരണഭയം, പ്രതിസന്ധികളെ നേരിടാനുള്ള ആത്മവിശ്വാസക്കുറവ്, അക്രമവാസന എന്നിവ ഇല്ലാതാക്കി ശുഷ്കാന്തിയുലളളവരാക്കി മാറ്റാന്‍ യോഗാ പരിശീലനം കൊണ്ട് കഴിയും. പഠിക്കാനിരിക്കുമ്പോള്‍ മനസിനെ ഏകാഗ്രമാക്കാനും എളുപ്പം മനസ്സിലുറപ്പിക്കാനുംയോഗ സഹായിക്കും.പ്രാണായാമത്തിലൂടെ നിയന്ത്രിത ശ്വസനം വഴി പ്രാണന് സഞ്ചരിച്ച് ശാരീരികവും മാനസികവുമായ ചൈതന്യത്തെ നൂറിരട്ടിയായി വര്‍ദ്ധിപ്പിക്കുന്നു.
പരിശീലനം എപ്പോള്‍? എവിടെ?
എട്ടൊന്‍പതു വയസ്സാകുമ്പോള്‍ മുതല്‍ യോഗാ പരിശീലനം തുടങ്ങാം.
കൃത്യമായ ഒരു സമയം കണ്ടെത്തി ദിവസവും അതേ സമയംതന്നെ യോഗാസനമുറകള്‍ പരിശീലിക്കുന്നതാണ് നല്ലത്.
നല്ല വായുസഞ്ചാരവും വെളിച്ചവുമുള്ള സ്ഥലമായിരിക്കണം യോഗയ്ക്കായി തെരഞ്ഞെടുക്കേണ്ടത്.
യോഗാപരിശീലനത്തിന് ഏറ്റവും അനുയോജ്യസമയം പ്രഭാതമാണ്. (5 മണിക്കും 7 മണിക്കും ഇടയില്‍.) രാവിലെ സമയം കിട്ടാത്തവര്‍ക്ക് സായാഹ്നത്തില്‍ 5 മണിക്കും ഏഴരമണിക്കും ഇടയില്‍ പരിശീലിക്കാം.
അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. കണ്ണട ധരിക്കരുത്.
യോഗാസനങ്ങള്‍ ഒഴിഞ്ഞ വയറോടെ ചെയ്യണം. പ്രധാന ഭക്ഷണം കഴിച്ചശേഷം മൂന്നുനാലു മണിക്കൂര്‍ കഴിഞ്ഞേ പരിശീലിക്കാവൂ.
ലഘുഭക്ഷണം കഴിഞ്ഞ് ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും കഴിയണം.
പൊതുവെ ഉന്മേഷം കുറഞ്ഞിരിക്കുമ്പോഴും ദേഷ്യം, ഭയം, ചൂട് തുടങ്ങിയവ ഉള്ളപ്പോഴും യോഗ ചെയ്യരുത്.
യോഗാസനവേളയില് തിടുക്കം ഒട്ടും പാടില്ല. വളരെ അവധാനപൂര്‍വം ഒരു ആസനത്തില്‍ പ്രവേശിക്കുകയും പതുക്കെ പതുക്കെ ആ ആസനത്തില്‍ നിന്ന് വിരമിക്കുകയും ചെയ്യണം. ഒരു ആസനം കഴിഞ്ഞാല്‍ കഴിയുന്നത്ര നിശ്ചലനായി നിലകൊള്ളാന്‍ ശ്രമിക്കുക.
യോഗാസനങ്ങള്‍ പരിശീലിക്കുന്നതിന് ആചാര്യന്മാര് കൃത്യമായ ഒരു ക്രമം വിധിച്ചിട്ടില്ല.
പ്രായം, ശരീരശക്തി, ആവശ്യം, സൗകര്യം തുടങ്ങിയവ പരിഗണിച്ച് ഓരോ വ്യക്തിക്കും തനതായ ആസനങ്ങള്‍ തിരഞ്ഞെടുത്ത് അനുയോജ്യമായ ക്രമം സംവിധാനം ചെയ്യാവുന്നതാണ്.
യോഗാധ്യാപകന്റെ ഉപദേശാനുസരണവും മേല്‍ നോട്ടത്തിലും മാത്രമേ യോഗാപരിശീലനം തുടങ്ങാവൂ.
ഒരേസമയത്ത് യോഗാസനവും മറ്റു വ്യായാമങ്ങളും ഇടകലര്‍ത്തി അഭ്യസിക്കരുത്.
പോഷകമൂല്യവും ശുചിത്വവുമുള്ള ആഹാരം മിതമായി കഴിക്കുന്നത് യോഗയുടെ ഗുണഫലം വര്‍ദ്ധിപ്പിക്കും.