#സര്‍ബാനന്ദ സോനോവാള്‍, കേന്ദ്ര ആയുഷ് മന്ത്രി
"വസുധൈവ കുടുംബകത്തിനായി യോഗ' എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗാ ദിന പ്രമേയം. ആരോഗ്യകരവും സന്തോഷകരവും സമാധാനപരവും ചലനാത്മകവുമായ ലോകം കെട്ടിപ്പടുക്കാൻ അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമാകുന്ന ഏവരുടെയും തുടര്‍ച്ചയായ, നിര്‍ഭയവും നിരന്തരവുമായ പരിശ്രമങ്ങളെ ഈ പ്രമേയം തുറന്നുകാട്ടുന്നു. യോഗ ശുഭകരമായ ഉണര്‍വേകുന്നു. "വസുധൈവ കുടുംബകം' ലോകത്തെ വലിയ ഒരു കുടുംബമായി കാണുകയും വിശ്വസിക്കുകയും ചെയ്യുന്നു. ഈ രീതിയില്‍ നോക്കുമ്പോള്‍, ഇന്ത്യയുടെ പ്രാചീന- പരമ്പരാഗത ആചാരമായ യോഗ, പുരാതനകാലത്തെ "സര്‍വേ ഭവന്തു സുഖിനാ, സര്‍വേ സന്തു നിരാമയാ' (ഏവരും സന്തുഷ്ടരാകട്ടെ, ഏവരും രോഗമുക്തരാകട്ടെ) എന്ന പ്രാര്‍ഥന സാക്ഷാത്കരിക്കാനുള്ള കരുത്തുറ്റ ചാലകശക്തിയായി മാറുന്നു.
കഴിഞ്ഞ 9 വര്‍ഷത്തിനിടെ ആയുഷിനു പൊതുവില്‍ വലിയ പുരോഗതി കൈവരിക്കാനായിട്ടുണ്ട്. 2014ലാണ്, എല്ലാ വര്‍ഷവും ജൂണ്‍ 21ന് അന്താരാഷ്ട്ര യോഗാ ദിനാചരണം എന്ന നിര്‍ദേശത്തിന്റെ രൂപത്തില്‍, ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളുടെ മുമ്പാകെ ഇന്ത്യ ആഗോള ക്ഷേമത്തിന്റെയും സമഗ്രമായ ആരോഗ്യത്തിന്റെയും "സന്ദേശം' നല്‍കിയത്. യുഎന്നിലെ അംഗരാജ്യങ്ങള്‍ അന്ന് ഏകകണ്ഠമായി ഈ നിര്‍ദേശം അംഗീകരിച്ചു. ഇപ്പോള്‍ ലോകം മുഴുവന്‍ അതു പൂര്‍ണമനസോടെ സ്വീകരിക്കുന്നു.
"വസുധൈവ കുടുംബകത്തിനായി യോഗ' എന്നത് നന്നായി ചിന്തിക്കുകയും ചര്‍ച്ച ചെയ്യുകയും പലരും പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന വിഷയമാണ്. ജി-20 രാജ്യങ്ങളുടെയും ഷാങ്ഹായ് കോ-ഓപ്പറേഷന് ഓര്ഗനൈസേഷന് (എസ്സിഒ) അംഗരാജ്യങ്ങളുടെയും പ്രതിനിധികളും എസ്സിഒ പങ്കാളികളും യോഗയ്ക്ക് ഉന്നതസ്ഥാനമാണു നല്‍കുന്നത്. ഈ വര്‍ഷം അന്താരാഷ്ട്ര യോഗാ ദിനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഇന്ത്യയില്‍ യോഗ പരിശീലിക്കും.
അന്താരാഷ്ട്ര യോഗാ ദിനം എന്നത്, നാം ഇപ്പോള്‍ നാം കാണുന്നതുപോലെ യോഗയ്ക്കുള്ള കൂട്ടായ സ്വീകാര്യത ഉറപ്പാക്കുക, കേന്ദ്ര ഗവണ്മെന്റിന്റെ ഓരോ മന്ത്രാലയത്തിന്റെയും സമന്വയത്തില്‍ പ്രവര്‍ത്തിക്കുന്ന, ബന്ധപ്പെട്ട ഏവരെയും ഉള്‍ക്കൊള്ളുന്ന ഗവണ്മെന്റിന്റെ സര്‍വതോമുഖ സമീപനം സ്വീകരിക്കുക എന്നിവയെ സൂചിപ്പിക്കുന്നു. അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് യോഗാ പരിപാടികള്‍ സംഘടിപ്പിക്കാന്‍ വിദേശകാര്യ മന്ത്രാലയം ഇന്ത്യന്‍ എംബസികളെയും വിദേശത്തുള്ള ഇന്ത്യന്‍ മിഷനുകളെയും ലോകമെമ്പാടുമുള്ള കോണ്‍സുലേറ്റുകളെയും പ്രോത്സാഹിപ്പിക്കുന്നു. ഇത് ആഗോള സമൂഹത്തില്‍ യോഗയ്ക്കു പ്രോത്സാഹനമേകുകയും ഇന്ത്യയുടെ സാംസ്കാരിക നയതന്ത്രത്തിനു കരുത്തേകുകയും ചെയ്യുന്നു. അതുപോലെ, മറ്റു മന്ത്രാലയങ്ങളും അവയ്ക്കു കഴിയുംവിധം പ്രവര്‍ത്തിക്കുന്നു.
2023ലെ അന്താരാഷ്ട്ര യോഗാ ദിന പ്രമേയത്തിന്റെ സാധ്യതകളാകെ പ്രയോജനപ്പെടുത്തുന്നതിന്, ആദ്യത്തേതും സുപ്രധാനവുമായ ദൗത്യം ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തിച്ചേരുക എന്നതാണ്. കഴിഞ്ഞ വര്‍ഷം ഈ ആവശ്യത്തിനായി നമുക്ക് "ഗാര്ഡിയന് റിങ് ഓഫ് യോഗ' ഉണ്ടായിരുന്നു. ഈ വര്‍ഷം നാം യോഗാ പ്രദര്‍ശനം "ഓഷന്‍ റിങ്' എന്ന പേരിലും "യോഗ ആര്‍ട്ടിക് മുതല്‍ അന്റാര്‍ട്ടിക്ക വരെ - പ്രൈം മെറിഡിയന് രേഖയ്ക്കോ സമീപത്തോ ഉള്ള രാജ്യങ്ങള്‍' എന്ന പേരിലും നടത്തുന്നു. ജൂണ്‍ 21-ലെ ഈ രണ്ട് ആചരണങ്ങളും ആഗോള സമൂഹങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക മാത്രമല്ല, ഏതു സാഹചര്യത്തിലും ഏതു സ്ഥലത്തും ജീവന് നിലനിര്‍ത്തുന്ന ശക്തിയാണു യോഗയെന്നു തെളിയിക്കുകയും ചെയ്യും. ആര്‍ട്ടിക്കിലെ സ്വാല്‍ബാര്‍ഡിലുള്ള ഇന്ത്യന്‍ ഗവേഷണ കേന്ദ്രമായ ഹിമാദ്രി, അന്റാര്‍ട്ടിക്കയിലെ മൂന്നാമത്തെ ഇന്ത്യന്‍ ഗവേഷണ കേന്ദ്രമായ ഭാരതി എന്നിങ്ങനെ ഉത്തര-ദക്ഷിണ ധ്രുവ മേഖലകളിലും യോഗാപ്രദര്‍ശനം നടക്കും.
യോഗാ ദിനാചരണത്തില്‍ എല്ലാ വിഭാഗങ്ങളെയും വര്‍ഗങ്ങളെയും ഉള്‍പ്പെടുത്തുന്നതിന്, നമ്മുടെ രാജ്യത്തും അന്താരാഷ്ട്ര യോഗാ ദിനത്തില്‍ വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിക്കും. ഇന്ത്യയുടെ കര- നാവിക- വ്യോമ സേനകള്‍, തീരദേശ സംരക്ഷണ സേന, അതിര്‍ത്തി റോഡ് ഓര്ഗനൈസേഷന് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് യോഗാ ഭാരത്മാല സൃഷ്ടിക്കുക. ഗ്രാമവികസന മന്ത്രാലയത്തിന്റെ അമൃതസരോവരങ്ങളും ഈ വര്‍ഷത്തെ ആഘോഷങ്ങളുടെ ഭാഗമാകും. വിദ്യാഭ്യാസ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം എന്നിവയ്ക്കൊപ്പം കേന്ദ്രഗവണ്മെന്റിന്റെ മറ്റു പ്രധാന മന്ത്രാലയങ്ങളും ഈ ആഘോഷത്തിന്റെ ഭാഗമാകും. ഇതു ഗവണ്മെന്റിന്റെ സര്‍വതോമുഖ സമീപനത്തെ പ്രതിഫലിപ്പിക്കുന്നു. അന്താരാഷ്ട്ര യോഗാ ദിനം ഓരോരുത്തരുടെയും കാര്യമാണെന്നും നമുക്കോരോരുത്തര്‍ക്കും ഒരു പങ്കു വഹിക്കാനുണ്ടെന്നും വ്യക്തമായി കാട്ടിക്കൊടുക്കുക എന്നതാണ് ഇതിനു പിന്നിലെ ആശയം.
ഗ്രാമതലത്തില്‍ പൊതുവായ യോഗാ രീതികളുടെ (Common Yoga Protocol- CYP) പ്രദര്‍ശനമുണ്ടാകും. ഇതിനായി പൊതു സേവന കേന്ദ്രങ്ങളെയും ഉള്‍പ്പെടുത്തും. ദേശീയ ആയുഷ് ദൗത്യത്തിനു കീഴിലുള്ള ആയുഷ് ആരോഗ്യ-സ്വാസ്ഥ്യ കേന്ദ്രങ്ങളും ഇതിനു സാക്ഷ്യം വഹിക്കും. രാജ്യത്തെ എല്ലാ ആരോഗ്യ-സ്വാസ്ഥ്യ കേന്ദ്രങ്ങളിലും പ്രദര്‍ശനമുണ്ടാകും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ മുതലായ എല്ലാ ആയുഷ് സൗകര്യങ്ങളിലും CYPപരിശീലിക്കും. ഓരോ സംസ്ഥാനത്തെയും ഒരു ആയുഷ് ഗ്രാമം CYPപരിശീലനത്തില്‍ പങ്കെടുക്കും. ഇതിനായി യോഗാ പരിശീലകരെ തിരഞ്ഞെടുത്ത ഗ്രാമത്തില്‍ നിയമിക്കും. അതുവഴി "സമ്പൂര്‍ണ യോഗാ ഗ്രാമം' എന്ന പദവി കൈവരിക്കാന്‍ കഴിയും. രാജ്യത്തെ രണ്ടു ലക്ഷത്തിലധികം ഗ്രാമങ്ങളിലെ ജനങ്ങളെ പൊതുവായ യോഗാ രീതികള്‍ പരിശീലിപ്പിക്കാന്‍ വ്യവസ്ഥ ചെയ്തിരിക്കുന്നതിനാല്‍, ഗ്രാമങ്ങളിലും വിദൂര പ്രദേശങ്ങളിലും "ഓരോ മുറ്റത്തും യോഗ' എത്തിക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യം.
ഈ വര്‍ഷം, ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗാ പ്രദര്‍ശനം നയിക്കും. ഇത് അന്താരാഷ്ട്ര തലത്തില്‍ യോഗയ്ക്ക് വലിയ പിന്തുണ നല്‍കുമെന്ന് എനിക്കുറപ്പുണ്ട്. കൂടാതെ, ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ പ്രധാന പരിപാടി നടക്കുന്നത് ജൂണ്‍ 21ന് മധ്യപ്രദേശിലെ ജബല്‍പുരിലാണ്. ജബല്‍പുരിലെ ഗാരിസണ്‍ മൈതാനത്ത് ബഹുജന യോഗാ പ്രദര്‍ശനത്തിന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ നേതൃത്വം നല്‍കും. മധ്യപ്രദേശ് ഗവര്‍ണര്‍ മംഗുഭായ് പട്ടേല്‍, മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്, ആയുഷ് സഹമന്ത്രി ഡോ. മുഞ്ജ്പര മഹേന്ദ്രഭായി തുടങ്ങിയവര്‍ പങ്കെടുക്കും.
2023ലെ അന്താരാഷ്ട്ര യോഗാ ദിനാഘോഷം വന്‍ വിജയമാക്കുന്നതില്‍ നമുക്കോരോരുത്തര്‍ക്കും പങ്കുണ്ട്. ഞാന്‍ ദിവസവും ചെയ്യുന്നതുപോലെ, കുറച്ചു സമയമെടുത്ത് യോഗയുടെ രോഗശാന്തി ശക്തിയില്‍ മുഴുകുക. "വസുധൈവ കുടുംബകം' എന്ന ശക്തിയുമായി "യോഗ'യെ സംയോജിപ്പിക്കുന്നതിനാല്‍ ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗാ ദിനാചരണം സവിശേഷമായ ഒന്നാണ്.