ഭൂതകാലത്തിന്‍റെ നിധിശേഖരം ചുരുളഴിയുന്നു

മലയാളം കൃതികളിൽ രേഖപ്പെടുത്തിയിട്ടുള്ള കാലാതീതമായ ബുദ്ധിവൈഭവവും കലാചാതുരിയും സാംസ്കാരിക ശാസ്ത്രീയ പാരമ്പര്യവുമെല്ലാം പരിരക്ഷിക്കപ്പെടണം.
A revival journey through old school text books
മനോജ് കരിങ്ങാമഠത്തിൽ
Updated on

അജയൻ

ബൃഹത്തായ ഡിജിറ്റൈസേഷൻ പദ്ധതിയിലൂടെ മലയാളത്തിലെ അതുല്യവും അത്യപൂർവം കോപ്പികൾ മാത്രം അവശേഷിക്കുന്നതുമായ പുസ്തകങ്ങളും ജേണലുകളും ഇനി ഒരു ക്ലിക്കിൽ ലഭ്യമാകും. അച്ചടിച്ച കോപ്പികൾ കിട്ടാനില്ലാതെ ദുർലഭമായി തുടരുന്നവ അടക്കം ക്ലാസിക് പുസ്തകങ്ങൾ പരമാവധി വായനക്കാരിലേക്ക് എത്തിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

2022ൽ ആരംഭിച്ച ലാഭേതര സ്ഥാപനമായ സഹ്യ ഡിജിറ്റൽ കൺസർവേഷൻ ഫൗണ്ടേഷൻ വഴിയാണ് മനോജ് കരിങ്ങാമഠത്തിലിന്‍റെ പുതിയ ശ്രമം. കുറച്ചു കാലം മുൻപ് മലയാളം പുസ്തകങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഡിജിറ്റൽ ശേഖരം ഉണ്ടാക്കാൻ വിക്കി മലയാളം വിക്കി സോഴ്സ് പദ്ധതിയൊരുക്കിയിരുന്നു. കഴിഞ്ഞ കാലത്തെ അമൂല്യഗ്രന്ഥങ്ങളുടെ ശേഖരമാണ് വിക്കിഗ്രന്ഥശാല. പകർപ്പവകാശ കാലാവധി കഴിഞ്ഞതോ രചയിതാവ് സ്വതന്ത്രാനുമതിയിൽ പ്രസിദ്ധീകരിച്ചതോ ആയ കൃതികളാണ് ഇതിലൂടെ ലഭ്യമാകുന്നത്. ശ്രീനാരായണ ഗുരു അടക്കമുള്ള നവോത്ഥാന നായകരുടെ കൃതികൾ ഡിജിറ്റൈസ് ചെയ്യുന്നതിലൂടെ‍യാണ് മനോജ് കരിങ്ങാമഠത്തിൽ ഈ പദ്ധതിയിൽ സജീവമായത്. വിക്കിഗ്രന്ഥശാലയെ പരിപോഷിപ്പിക്കുന്നതിൽ അദ്ദേഹത്തിന്‍റെ പ്രയത്നം വലിയ പങ്കു വഹിച്ചിട്ടുണ്ട്.

ഇപ്പോഴിതാ പകർപ്പവകാശത്തിനുമപ്പുറം പുസ്തകങ്ങൾ ശേഖരിച്ചാൽ മാത്രം പോരെന്നാണ് മനോജിന്. മലയാളം കൃതികളിൽ രേഖപ്പെടുത്തിയിട്ടുള്ള കാലാതീതമായ ബുദ്ധിവൈഭവവും കലാചാതുരിയും സാംസ്കാരിക ശാസ്ത്രീയ പാരമ്പര്യവുമെല്ലാം പരിരക്ഷിക്കപ്പെടണം. മറവിയിൽ പൂണ്ടു പോയ പല ആശ‍യങ്ങളെയും ശബ്ദത്തെയും ഈ പ്രോജക്റ്റിലൂടെ പുനർജീവിപ്പിക്കാമെന്നാണ് മനോജിന്‍റെ പ്രതീക്ഷ. അന്തരിച്ച ആയുർവേദ വൈദ്യൻ രാഘവൻ തിരുമുൽപ്പാടിന്‍റെ കൃതികളെയാണ് പദ്ധതിയിൽ ആദ്യം ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ കൃതി ലഭ്യമാക്കുന്നതിലൂടെ വരും തലമുറക്ക് ആധികാരികവും അമൂല്യവുമായ അറിവുകൾ പകർന്നു നൽകാൻ സാധിക്കും.

അതിനൊപ്പം ന്യൂക്ലിയർ എൻജിനീയറും വിദ്യാഭ്യാസ വിചക്ഷണനും മാർക്സിയൻ തത്വചിന്തകനുമായ എം.പി. പരമേശ്വരന്‍റെ മുഴുവൻ കൃതികളും ഡിജിറ്റൈസ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. പദ്ധതി നടപ്പായാൽ അദ്ദേഹത്തിന്‍റെ ചിന്താധാരകളും നിരീക്ഷണങ്ങളും ഉൾപ്പെടെയുള്ള അമൂല്യശേഖരമാണ് വായനക്കാരിലേക്ക് സൗജന്യമായി എത്തുക. ഇതിനുള്ള മുന്നൊരുക്കമെന്ന നിലയിൽ, തൃശൂരിൽ പിജി സെന്‍റർ നടത്തുന്ന പി. രഞ്ജിത്തിന്‍റെ ശേഖരത്തിൽ നിന്ന്, ഓണത്തെക്കുറിച്ച് 150 വർഷങ്ങൾക്കിടെ ലഭ്യമായരേഖകകൾ ഡിജിറ്റൈസ് ചെയ്തിരുന്നു.

ആഗോളതലത്തിൽ മലയാളികൾ പങ്കാളികളായ വിക്കി ഫൗണ്ടേഷന്‍റെ വിക്കി ലവ്സ് ഓണം എന്ന കമ്യൂണിറ്റി പ്രോജക്റ്റിന്‍റെ ചുവടു പറ്റിയാണ് മനോജ് ഈ പദ്ധതി തയാറാക്കിയത്. വിക്കി ഫൗണ്ടേഷൻ കമ്യൂണിറ്റി പരിപാടികളെ പുനരുജ്ജീവിപ്പിക്കുന്നതിനായി നൽകിയ ചെറിയൊരു ഗ്രാന്‍റും സഹായകരമായെന്ന് മനോജ്.

ഹെർമൻ ഗുണ്ടർട്ടിന്‍റെ മുഴുവൻ കുറിപ്പുകളും ഡിജിറ്റൈസ് ചെയ്യുന്നതിനായി നടപ്പാക്കുന്ന ഗുണ്ടർട്ട് ലെഗസി പ്രോജക്റ്റിലും മനോജ് പങ്കാളിയാണ്. ഇതിന്‍റെ ഒരു ഡിജിറ്റൽ കോപ്പി വിക്കി ഗ്രന്ഥശാലയിൽ പങ്കു വച്ചിട്ടുണ്ട്. ഗുണ്ടർട്ടിന്‍റെ കുറിപ്പുകൾ എല്ലാവർക്കും ലഭ്യമാക്കുന്നതിനായാണ് പദ്ധതി.

ഒറിജിനൽ കോപ്പി സ്കാൻ ചെയ്യുന്നതിനുമപ്പുറം ഓപ്റ്റിക്കൽ കാരക്റ്റർ റെക്കഗ്നൈസേഷൻ (ഒസിആർ) എന്ന സാങ്കേതിക വിദ്യയും ഡിജിറ്റൈസ് ചെയ്യാൻ ഉപയോഗിക്കുന്നുണ്ടെന്ന് മനോജ്. ഇമേജിൽ നിന്ന് അക്ഷരങ്ങൾ എക്സ്ട്രാക്റ്റ് ചെയ്താണ് ഒസിആറിലൂടെ ഡിജിറ്റൈസ് ചെയ്യുന്നത്. മലയാളം പോലുള്ള ഭാഷകളിലെ അക്ഷരങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞ് എക്സ്ട്രാക്റ്റ് ചെയ്യുന്നതിനായി പ്രത്യേകം പരിശീലനം നൽകേണ്ടതുണ്ട്. ഇത്തരത്തിൽ സെർച്ച് എൻഡജിനു വേണ്ടി തയാറാക്കിയ ഡേറ്റയുടെ വലിയൊരു ശേഖരവും മനോജിനു സ്വന്തമാണ്.

മലയാളത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള കൃതികൾ ഡിജിറ്റൈസ് ചെയ്യുന്നത് അത്ര എളുപ്പമായിരുന്നില്ലെന്ന് മനോജ്. നിറം മങ്ങിയതും വ്യക്തതയില്ലാത്തതും ക്രമരഹിതവുമായ അക്ഷരങ്ങൾ തിരിച്ചറിഞ്ഞ് സോഫ്റ്റ്‌വെയറിലൂടെ എക്സ്ട്രാക്റ്റ് ചെയ്യുന്നതിൽ നിരവധി പ്രതിസന്ധികളുണ്ടായിരുന്നു. തെറ്റുകൾ വരാൻ വളരെ എളുപ്പമാണ്. അതു കൊണ്ട് തന്നെ പല വട്ടം സൂക്ഷ്മമായി വായിച്ചും തിരുത്തിയുമാണ് പോയിരുന്നത്. മുൻപ് കേരള സാഹിത്യ അക്കാഡമിയുടെ നേതൃത്വത്തിൽ നടപ്പാക്കിയ സമാനമായ പദ്ധതികൾക്ക് പൊതുജനങ്ങളുടെ വലിയ പങ്കാളിത്തം ലഭിച്ചിരുന്നു. പക്ഷേ, കാലക്രമേണ സാമ്പത്തികം അടക്കമുള്ള പ്രശ്നങ്ങൾ മൂലം പലരും അതിൽ നിന്ന് പിൻവലിഞ്ഞു.

ഗൂഗിൾ മാപ്പിനു ബദലായി ഒരു സൗജന്യ മാപ്പ് എന്ന ലക്ഷ്യത്തോടെയുള്ള ഓപ്പൺ സ്ട്രീറ്റ് മാപ്പ് മാപ്പിങ് പ്രോജക്റ്റിലും മനോജ് സജീവമാണ്.

സംസ്കാരിക സംരക്ഷണം എന്ന വിശാലമായ കാഴ്ച്ചപ്പാടാണ് സഹ്യയിലൂടെ ഉദ്ദേശിക്കുന്നതെന്ന് മനോജ്. ഇവിടെ നിരവധി പേരുടെ കൈയിൽ അപൂർവമായ അറിവുകളുടെ ശേഖരമുണ്ട്. അവരുടെ കാലഘട്ടം കഴിയുന്നതോടെ ആ അറിവുകളെല്ലാം പൂർണമായും അന്ധകാരത്തിൽ മറഞ്ഞു പോകാതിരിക്കാനാണ് തന്‍റെ ശ്രമം. ഇത്തരം അറിവുകളുടെ ശേഖരത്തെ സംരക്ഷിക്കാനും ഭാവി തലമുറയ്ക്ക് ലഭ്യമാക്കാനുമാണ് സഹ്യ ശ്രമിക്കുന്നത്.

കൂടുതൽ മികച്ച മെഷീനുകളിലൂടെ വ്യക്തമായ രീതിയിൽ ഇത്തരം അറിവുകൾ സൂക്ഷിക്കാൻ കഴിയും. പക്ഷേ, അതിനു പണച്ചെലവുണ്ട്. നിലവിൽ ഈ അറിവുകളെല്ലാം എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സസൂക്ഷ്മമായി ഡിജിറ്റൈസ് ചെയ്യുകയാണ് മനോജ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ വിജ്ഞാന ശേഖരങ്ങൾ കൃത്യമായി തരംതിരിച്ച് സൂക്ഷിക്കുന്നത് ബുദ്ധിമുട്ടേറിയ ജോലിയാണ്.

വിജ്ഞാന വിമോചനം എന്നത് ഇന്നത്തെ കാലത്ത് അടിയന്തരമായി നടപ്പിലാക്കേണ്ടതാണെന്ന് മനോജ് പറയുന്നു. ‌ഡിജിറ്റലായി അറിവുകൾ ലഭിക്കാനും കൈമാറാനും എല്ലാവർക്കും കഴിയണം. ഭാഷകൾ, പ്രത്യേകിച്ച് പ്രാദേശിക ഭാഷകൾ അഭിവൃദ്ധി പ്രാപിക്കുന്നതിനും മാറ്റങ്ങളിലൂടെ കടന്നു പോകുന്നതിനും സാങ്കേതിക വിദ്യ നിർണായകമാണ്.

Trending

No stories found.

Latest News

No stories found.