ന്യൂഡൽഹി: 26/11 ആക്രമണത്തിനു ശേഷം ഇന്ത്യ സംയമനം പാലിച്ചതു പാക്കിസ്ഥാന് തെറ്റായ സന്ദേശം നൽകിയെന്നു മുൻ നയതന്ത്രജ്ഞൻ അജയ് ബിസാരിയ. 2008ൽ ശക്തമായി തിരിച്ചടിച്ചിരുന്നെങ്കിൽ 2016ൽ സർജിക്കൽ ആക്രമണവും 2019ൽ ബാലാക്കോട്ട് വ്യോമാക്രമണവും നടത്തേണ്ടി വരില്ലായിരുന്നെന്നും ബിസാരിയ.
"ആംഗര്‍ മാനെജ്‌മെന്‍റ്: ദി ട്രബിള്‍ഡ് ഡിപ്ലോമാറ്റിക് റിലേഷന്‍സ് ബിറ്റ്‌വീന്‍ ഇന്ത്യ ആന്‍ഡ് പാക്കിസ്ഥാൻ'' എന്ന പുസ്തകം പുറത്തിറങ്ങാനിരിക്കെ ഒരു മാധ്യമത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുല്‍വാമ, ബാലകോട്ട് സംഭവങ്ങളുടെ സമയത്ത് പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറായിരുന്നു അദ്ദേഹം. മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
മുംബൈ ആക്രമണത്തിൽ ഇന്ത്യ സംയമനം പാലിച്ചത് ഭീകരർക്കും പാക്കിസ്ഥാനിൽ അവരെ പിന്തുണയ്ക്കുന്നവർക്കും തെറ്റായ സന്ദേശമാണു നൽകിയത്. 1980കളിൽ പാക് പിന്തുണയോടെ ഭീകരപ്രവർത്തനം ശക്തമായപ്പോൾ മുതൽ എന്താകും ഇതിനോടു സ്വീകരിക്കേണ്ട നയമെന്ന സന്ദിഗ്ധതയിലായിരുന്നു ഇന്ത്യൻ ഭരണകൂടം. പാക്കിസ്ഥാന്‍റെ ഈ ഒളിയുദ്ധത്തോട് നേരത്തേ തന്നെ കടുത്ത പ്രതികരണം നടത്തിയിരുന്നെങ്കിൽ നിരവധി ജീവനുകൾ രക്ഷിക്കാനാവുമായിരുന്നെന്നും ബിസാരിയ പറഞ്ഞു.
ബാലാക്കോട്ട് ആക്രമണത്തിനു പിന്നാലെ ഇന്ത്യൻ വ്യോമസേനയുടെ വിങ് കമാൻഡർ അഭിനന്ദന്‍ വര്‍ധമാനെ പാക്കിസ്ഥാൻ വിട്ടയച്ചത് ഇന്ത്യയുടെ തിരിച്ചടി ഭയന്നിട്ടെന്ന് ബിസാരിയ തന്‍റെ പുസ്തകത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. അഭിനന്ദനെ വിട്ടുകിട്ടിയില്ലെങ്കില്‍ തിരിച്ചടിക്കാന്‍ ഇന്ത്യ ഒൻപത് മിസൈലുകള്‍ സജ്ജമാക്കിയിരുന്നു. സമാധാനശ്രമമെന്ന നിലയ്ക്കാണ് അഭിനന്ദനെ വിട്ടയച്ചതെന്നാണ് പാക് വാദം. എന്നാൽ, അഭിനന്ദന് പരുക്കേറ്റാല്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് വിദേശരാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍ പാക്കിസ്ഥാനു മുന്നറിയിപ്പു നൽകിയിരുന്നെന്നും ഇതിൽ അവർ ഭയന്നെന്നും പുസ്തകത്തിൽ പറയുന്നു.
അഭിനന്ദന്‍ പിടിയിലായ ദിവസം ഇന്ത്യൻ പ്രധാനമന്ത്രി യോട് അന്നത്തെ പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ സംസാരിക്കാൻ ശ്രമിച്ചെങ്കിലും നരേന്ദ്ര മോദി അനുവദിച്ചില്ലെന്നും ബിസാരിയ വെളിപ്പെടുത്തി. പാക് ഹൈക്കമ്മിഷണറായിരുന്ന സൊഹെയ്ല്‍ മുഹമ്മദാണ് ഇമ്രാന്‍റെ സന്ദേശം തന്നെ അറിയിച്ചത്. തൊട്ടടുത്ത ദിവസം അഭിനന്ദനെ വിട്ടയക്കുന്ന കാര്യം ഇമ്രാന്‍ പാര്‍ലമെന്‍റില്‍ പ്രഖ്യാപിച്ചു.