സാഹിത്യത്തിന്റെ സൗന്ദര്യശാസ്ത്രത്തെപ്പറ്റിയും തത്ത്വചിന്താപരമായ തലങ്ങളെക്കുറിച്ചും രവീന്ദ്രനാഥ ടാഗോർ പറഞ്ഞത് കേൾക്കാൻ ആർക്കാണ് താല്പര്യമില്ലാത്തത്? അതിശയോക്തി കലർന്ന ഭാഷയും കാല്പനികമായ ചില പ്രയോഗരീതികളും ഉണ്ടെങ്കിലും ടാഗോർ എപ്പോഴും ഇന്ത്യയുടെ ആന്തരികമായ അനുരണനങ്ങളെ, ചലനങ്ങളെ, തത്ത്വങ്ങളെ ഉൾക്കൊണ്ടാണ് എഴുതിക്കൊണ്ടിരുന്നത്. "രവീന്ദ്രനാഥ് ടാഗോർ ഓൺ ലിറ്ററേച്ചർ' എന്ന പുസ്തകം ഈ കാലഘട്ടത്തിലും വായിക്കപ്പെടണം. അതിൽ ആശയങ്ങളും ആശയാനന്തരമായ തുടർചലനങ്ങളുമുണ്ട്.
മോഹിത് കെ. റേ, രമാ കുണ്ടു എന്നിവർ ചേർന്ന് പരിഭാഷപ്പെടുത്തിയ ഈ പുസ്തകം അറ്റ്ലാന്റിക്ക് പബ്ലിഷേഴ്സാണ് പ്രസിധപ്പെടുത്തിയിരിക്കുന്നത്. മോഹിത് റേ അവതാരികയിൽ പറയുന്ന ശ്രദ്ധേയമായ ഒരു നിരീക്ഷണം ഇതാണ്: "സൗന്ദര്യത്തെക്കുറിച്ചുള്ള പൊതുമണ്ഡലത്തിലെ സാധാരണ വീക്ഷണവും കലയിലെ സൗന്ദര്യദർശനവും രണ്ടാണെന്ന് ടാഗോർ അഭിപ്രായപ്പെടുന്നു. ദൈനംദിന ജീവിതത്തിൽ വൃത്തികെട്ടത് എന്നു നാം കരുതുന്നത് കലയിൽ ഒരു സുന്ദര വസ്തുവാകാവുന്നതാണ്. ഒരു എട്ടുകാലിയോ, ചത്ത പൂച്ചക്കുട്ടിയോ, പാറ്റയോ പെട്ടെന്നു മുന്നിൽ കാണാനിടയായാൽ അസുഖകരമായി തോന്നാം. എന്നാൽ കവിതയിൽ, വിശേഷിച്ച് ബോദ്ലേറിന്റെയോ ടാഗോറിന്റെയോ സോയിങ്കയുടെയോ കവിതയിൽ, അവ സുന്ദരമായി തീരുന്നു. എന്തെന്നാൽ അത് കവിയുടെ ഭാവനയുടെ രസവിദ്യയിലൂടെ രൂപാന്തരപ്പെടുകയാണ്'.
പൊതുവൃത്താന്തങ്ങളിൽ സൗന്ദര്യം എന്നു വിവക്ഷിക്കപ്പെടുന്നതല്ല കലയിൽ കാണുന്നത്. കവിതയിലോ കലയിലോ വസ്തുവിനെ എങ്ങനെ വൈകാരികക്ഷമതയിലേക്ക് കൊണ്ടുവരുന്നു എന്നതാണ് പ്രധാനം. വീണു കിടക്കുന്ന ഒരു പൂവ് ആരെയും ആകർഷിച്ചില്ലെങ്കിലും, കവിതയിലെ വീണപൂവ് ആകർഷകമായിത്തീരുന്നു. ആ പൂവിനെക്കുറിച്ച് ധാരാളം ചിന്തിക്കാനും പറയാനും ആളുകൾ ഉണ്ടാവുകയാണ്. ഡോ. എം. ലീലാവതിയും മറ്റും ലേഖനമെഴുതുകയാണ്. മനുഷ്യന്റെ അസ്തിത്വത്തെ ഗഹനതയിൽ അഭിദർശിക്കുന്ന ഒരു രസവിദ്യ അതിൽ നാം കാണുകയാണ്. വൈക്കം മുഹമ്മദ് ബഷീറിനു സിദ്ധിയുള്ളതു കൊണ്ടാണ് ഒരു പൂച്ചയെ തന്റെ കഥയിൽ "മാന്ത്രികപ്പൂച്ച'യാക്കി മാറ്റിയത്. കലാകാരൻ വസ്തുവിനെ സ്പർശിച്ച് നമ്മളോട് ബന്ധമുള്ളതാക്കുന്നു. അല്ലെങ്കിൽ മനുഷ്യത്വത്തിന്റെ ആഴത്തിലേക്ക് കടന്നു ചെല്ലുന്നു. നിത്യവും നാം കാണാൻ വിസമ്മതിക്കുന്നതിനെ, അല്ലെങ്കിൽ തിരക്കേറിയ ജീവിതത്തിൽ നമ്മെ ആകർഷിക്കാത്തതിനെ കൂടുതൽ അർഥപൂർണമാക്കി പരിവർത്തിപ്പിക്കുകയാണ് കലാകാരൻ.
ടാഗോർ പറഞ്ഞു: "മനുഷ്യനെ പൂർണതയിലല്ല സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് സ്വന്തം സൃഷ്ടികളിലൂടെ അവൻ പൂർണത തേടുകയാണ്. അങ്ങനെയാണ് അവൻ സന്തോഷം തേടുന്നത്. ഈ സാഹിത്യ, കലാനുഭവം അവൻ ഉള്ളിൽ കൊണ്ടുനടക്കുകയാണ്. അതാണ് അവനെ ചിതറിയ, തകർന്ന ജീവിതത്തിൽ തന്റെ സത്യാത്മകമായ സ്വരൂപത്തെ കണ്ടെത്താൻ സഹായിക്കുന്നത്. സ്വയം അതിജീവിക്കാനാണ് ഇതിഹാസങ്ങളിലൂടെയും പുരാതന നാടകങ്ങളിലൂടെയും മനുഷ്യൻ ശ്രമിച്ചത്. അവനെ ജീവിപ്പിക്കാൻ പ്രേരിപ്പിക്കുന്നത് അതാണ്'.
മാനുഷികമാക്കണം
ഓൺ ദ് റോഡ് ടു ലിറ്ററേച്ചർ എന്ന ആദ്യ അധ്യായത്തിൽ തന്നെ അമിയചന്ദ്ര ചക്രവർത്തിക്ക് എഴുതിയ ഒരു കുറിപ്പിൽ ടാഗോർ ഇങ്ങനെ അറിയിക്കുന്നു: "സാഹിത്യം മനുഷ്യനെ സ്വയം അറിയാനാണ് സഹായിക്കുന്നത്. അതിന്റെ ആധികാരികത മനുഷ്യന്റെ സ്വന്തം വീക്ഷണത്തിലാണ് നിലനിൽക്കുന്നത്, വസ്തുവിന്റെ യാഥാർഥത്തിലല്ല. അത് വിചിത്രമാണോ ശൂന്യതയാണോ തുടങ്ങിയ കാര്യങ്ങൾക്ക് പ്രസക്തിയില്ല. അങ്ങനെയാണെങ്കിൽ പോലും സാഹിത്യരചനയിൽ അത് സത്യമായിത്തന്നെ നിലനിൽക്കും. വസ്തു എങ്ങനെയാണുള്ളതെന്നു അതിനെ കാണുന്നവനെ ആശ്രയിച്ചാണിരിക്കുന്നത്. വസ്തുവിനെ മാനുഷികമാക്കാതെ കവിക്ക് സഞ്ചരിക്കാനാവില്ല. ഒരു കവി ലോകത്തെ നവീകരിക്കണമെങ്കിൽ അയാൾ തന്റെയുള്ളിലെ സങ്കുചിതവും അതിഭാവുകത്വപരവുമായ പഴയ ധാരണകളിൽ നിന്നു പുറത്തുവന്നേ മതിയാകൂ. വസ്തുവിനു ജീവൻ കൊടുക്കണം.
ഇന്ത്യൻ പാരമ്പര്യത്തിൽ ആരാണ് സൃഷ്ടികർത്താവ് എന്ന ആശയത്തെ ടാഗോർ ഇങ്ങനെ വിശദീകരിക്കുന്നു: "സ്രഷ്ടാവ് ഇവിടെ ലീലയിൽ ഏർപ്പെടുന്നവനാണ്. അതായത് അവൻ സ്വന്തം പ്രതിച്ഛായയിൽ തന്നെത്തന്നെ സൃഷ്ടിക്കുകയും പല രസങ്ങളിൽ അത് സാക്ഷാത്കരിക്കുകയും ചെയ്യുന്നു. മനുഷ്യനും അങ്ങനെയാണ്. സ്വയം സൃഷ്ടിക്കുന്ന പ്രക്രിയയിൽ അവൻ തന്നിൽ നിന്നു തന്നെ സൃഷ്ടിക്കുന്നു, പല രൂപങ്ങളിലും രസങ്ങളിലും. മനുഷ്യനും ലീലയിൽ കഴിയുന്നവനാണ്. മനുഷ്യന്റെ സാഹിത്യവും കലയും ലീലയുടെ നിരന്തര പ്രക്രിയയാണ് ഓർമിപ്പിക്കുന്നത്'.
ഒരു കഥാകൃത്ത് തന്റെയുള്ളിലെ എണ്ണമറ്റ കഥാപാത്രങ്ങളായി സുഷുപ്തിയിൽ കഴിയുകയാണ്. നമ്മുടെ ബോധം ഈ ലോകത്തിന്റേതാണ്. നമുക്ക് എങ്ങനെയാണ് ഈ ബോധം ലഭിച്ചത്? നൂറു കൂട്ടം മുൻഗണനാക്രമങ്ങളും ആശയങ്ങളും വാക്കുകളും അർഥങ്ങളും ലഭിച്ചത്?. ഒന്നുപോലും നമ്മുടേതല്ല. നമ്മൾ അചേതന വസ്തുക്കൾക്ക് ജീവൻ വയ്പിക്കുകയാണ്. കഥാകൃത്തിന്റെ മനസിലില്ലാത്ത ഒരു കഥാപാത്രത്തെ അയാൾക്ക് സൃഷ്ടിക്കാനാവുമോ? അയാളിൽ ഈ ലോകം എത്രമാത്രമുണ്ടെന്ന അന്വേഷണമോ പരീക്ഷണമോ ആണ് രചന.
രമണീയത പ്രധാനം
"ഞങ്ങൾ ഒരു പഴയകാലത്തിന്റെ കവികളാണ്. ഞങ്ങൾക്ക് മറ്റെല്ലാം രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്ത് രമണീയതയാണ്. ഞങ്ങൾ സൃഷ്ടികർത്താവിനോട് മത്സരിച്ചത് ഈ രമണീയത സൃഷ്ടിക്കാനാണ്, കലയുടെ മാജിക്, പദബോധം, ഭാഷ, ഭാവം എന്നിവയിലൂടെ' -ടാഗോർ എഴുതി. ഇപ്പോഴും എല്ലാത്തിനെയും രാഷ്ട്രീയമായി മാത്രം കാണുന്ന കവികളുണ്ട്. അവരിൽ പ്രതീക്ഷയർപ്പിച്ചിട്ട് കാര്യമില്ല. ഒരു വാസ്തുശില്പി തന്റെ കലാബോധത്തെ മാനുഷികമായ ജീവിതവുമായി സമന്വയിപ്പിക്കുകയാണ്. വാസ്തുശില്പിയുടെ രാഷ്ട്രീയത്തിനു അവിടെ പ്രാധാന്യമില്ല. സാഹിത്യത്തിലെ സൗന്ദര്യത്തെ, ചിത്രകലയിലെ സൗന്ദര്യത്തെ രണ്ടാം സ്ഥാനത്തേക്ക് തള്ളിമാറ്റിക്കൊണ്ട് മറ്റു രാഷ്ട്രീയ പരിഗണനകൾ കൊണ്ടു വന്നാൽ ആ കലാകാരൻ പരാജയപ്പെടും.
"പത്തൊൻപതാം നൂറ്റാണ്ടിലെ കവിതയിൽ, കവിയുടെ വ്യക്തിനിഷ്ഠതയായിരുന്നു പ്രധാനമെങ്കിൽ, ഇരുപതാം നൂറ്റാണ്ടിൽ അത് പ്രതിപാദ്യ വിഷയത്തിന്റെ ആത്മനിഷ്ഠതയായി മാറി. അതുകൊണ്ട് കവിതയുടെ പ്രമേയത്തിന്റെ യാഥാർഥ്യത്തിൽ ശ്രധിക്കേണ്ടത് കൂടുതൽ ആവശ്യമായി വന്നു, അമിതവർണനയിലൂടെയല്ല. അമിതമായ വിവരണം വ്യക്തിയുടെ അഭിരുചിയാണ് കാണിക്കുന്നത്. എന്നാൽ ശുധമായ യാഥാർഥ്യത്തെ ആശ്രയിക്കുകയാണെങ്കിൽ പ്രമേയത്തെ തന്നെ അത് കൂടുതൽ പ്രകാശിപ്പിക്കുന്നതായിരിക്കും'.
സൗന്ദര്യത്തിന്റെ സത്യം
ഒരു പ്രമേയത്തിന് ആത്മാവുണ്ട്. അതിന്റെയുള്ളിലെ മാനുഷികത ആരായപ്പെടണം. അതിൽ മനുഷ്യജീവിതത്തിന്റെ സ്പന്ദനങ്ങൾ അന്വേഷിക്കണം. അവിടെയാണ് അതിനു സാർവലൗകികത ലഭിക്കുന്നത്. പ്രമേയത്തെ ഈ ലോകത്തിൽ നിന്നു വേർപെടുത്തുകയല്ല, ബന്ധിപ്പിക്കുകയാണ് പ്രധാനം. ആ പ്രക്രിയയിൽ കലാനുഭവവും സൃഷ്ടിക്കപ്പെടണം. കവിതയിൽ സത്യം എന്നു പറയുന്നത് സൗന്ദര്യത്തിന്റെ സത്യമാണ്, വസ്തുതകളുടെ സത്യമല്ല. വസ്തുക്കൾക്ക് മാത്രമേ സൗന്ദര്യമുള്ളു എന്നു വിചാരിക്കുന്ന കവികൾ അതിഭാവുകത്വത്തിലോ കരച്ചിലിലോ പ്രചരണത്തിലോ ചെന്നു വീഴുന്നു. അവർ ചില ആശയങ്ങൾ അമിതമായ വൈകാരികതയിൽ വിളിച്ചു പറയുകയാണ്. ആ പ്രചരണം കഴിഞ്ഞാൽ കവിത താഴെ വീഴും.
കവിതയിലെ സൗന്ദര്യം സത്യമെന്ന നിലയിൽ അനുവാചകനെ ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെടുകയാണെങ്കിൽ, അത് കവിതയുടെ കോടതിയിൽ ചോദ്യം ചെയ്യപ്പെടും. കവിത നമ്മുടെ ആഭ്യന്തര ലോകത്തിന്റെ അപ്രാപ്യമായ ഉത്കൃഷ്ടതയെ ലക്ഷ്യം വയ്ക്കുന്നു. അത് നമ്മെ ദാർശനികമായി നവീകരിക്കുകയാണ്. ഇന്നത്തെ സാഹിത്യത്തിൽ ചോസറുടെ കാലഘട്ടത്തിലെ കഥാപാത്രങ്ങളെയല്ല ആവശ്യം. അത് തെറ്റിധരിക്കപ്പെടും. ഇന്നത്തെ സാഹചര്യത്തിൽ പുതിയ സമൂഹത്തെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കണം.
ഉത്തരരേഖകൾ
1) ഓണക്കാലത്ത് കവിതയുടെ ഒരു മഹാപ്രവാഹം സംഭവിക്കുന്നുണ്ടോ?
ഉത്തരം: സൃഷ്ടിയുടെ ഒരു കാലമായി ഓണം മാറിയിട്ടുണ്ട്. ഓണക്കാലത്ത് ധാരാളം സാഹിത്യസൃഷ്ടികളുണ്ടാവുന്നു. പ്രത്യുത്പാദനപരമായ ഒരു സാധ്യതയായി ഈ കാലത്തിന്റെ ഋതു രൂപപ്പെടുകയാണ്.
എന്നാൽ സൃഷ്ടിപരമായ ആധി, വേദന, ഭ്രാന്ത് അനുഭവിച്ചുകൊണ്ട് ഇന്ന് ആരും തന്നെ എഴുതുന്നില്ല. ഒരു ചെക്ക് മാറിയെടുക്കുന്ന "വേദന' മാത്രമേ ഇന്നത്തെ മിക്കവാറും കവിതകളിൽ കാണാനാവൂ. കൽപ്പറ്റ നാരായണൻ ഇപ്പോഴും ഏതോ പഴയ കാലത്തിരുന്നുകൊണ്ടാണ് എഴുതുന്നത്. അദ്ദേഹത്തിന്റെ "നീയും ഞാനും' (മാതൃഭൂമി ഓണപ്പതിപ്പ്) എന്ന കവിതയിൽ ഇങ്ങനെ വായിക്കാം:
"എനിക്ക് നിന്നെ തൊടുമ്പോഴുണ്ടാവുന്നത്
എന്നെ തൊടുമ്പോഴില്ല.
അപ്പോളെന്നിൽ പായുന്ന വൈദ്യുതി
തെരുവുവിളക്കുകൾ കത്തിക്കാനൊന്നും
തികയില്ലെങ്കിലും
വിളക്കുകൾക്ക് മുൻപില്ലാതിരുന്ന
വെളിച്ചം നൽകുന്നുണ്ട്.
നീ തൊടുമ്പോൾ
കലങ്ങിയ പുഴ തെളിയുന്നൊന്നുമില്ലെങ്കിലും
കലങ്ങിയ പുഴയ്ക്കുമഴകുണ്ടെന്ന് കാട്ടുന്നുണ്ട്'.
കാമുകിയെ തൊടുമ്പോൾ തന്നിൽ പായുന്ന വൈദ്യുതി തെരുവു വിളക്കുകൾ കത്തിക്കാൻ തികയില്ല എന്നൊക്കെ പറയുന്നത് കാലഹരണപ്പെട്ട ഭാഷയാണ്.
ഇതാണ് ക്ലീഷേ, അതിഭാവത്വം.
2) കവിതയുടെ വിഷയ ദാരിദ്ര്യം ഇന്നു സാർവത്രികമാണെന്ന അഭിപ്രായമുണ്ടോ?
ഉത്തരം: കവികൾ എഴുതുന്നത് അവരുടെ കവിതയല്ല; പൂർവകാലങ്ങളിലെ കവിതയെക്കുറിച്ചുള്ള അവരുടെ സങ്കല്പങ്ങളാണ്. കാവ്യാത്മകമെന്ന് പറയപ്പെടുന്നതിനെ അവർ പിന്തുടരുകയാണ്. പി.എൻ. ഗോപീകൃഷ്ണൻ "സുഗതകുമാരി കൃഷ്ണ നീയെന്നെ അറിയില്ല എഴുതുന്നു' (മാതൃഭൂമി ഓണപ്പതിപ്പ്, 2023) എന്ന കവിത എന്തിനാണ് എഴുതിയതെന്ന് മനസിലാകുന്നില്ല.
"പെട്ടെന്ന്
ഒരു കൂറ്റൻ ടവർ പോലെ
അവർ എഴുന്നേറ്റു നിന്ന്
തന്റെ എളിമയ്ക്ക് മേൽ
തേരോടിച്ച് കൃഷ്ണൻ
അങ്ങനെ പോകണ്ട
അവർ വിചാരിച്ചു.
ആ ടവറിൽ നിന്ന് കുത്തിയൊഴുകിയ
പതിനൊന്ന് കെ.വി. വൈദ്യുതി
മലയാളഭാഷയിലേക്ക് കുത്തിയൊഴുകി.
മഥുരയ്ക്ക് പോകുന്ന കൃഷ്ണനെ
അത് പിടിച്ചു നിർത്തി'.
ഗോപീകൃഷ്ണൻ എന്ന കവിയുടെ ഈ ഭാഷയും ഭാവനയും ദരിദ്രമാണെന്നു പറയട്ടെ. സുഗതകുമാരി ടവർ പോലെ എഴുന്നേറ്റ് നിന്നു വൈദ്യുതി പ്രവഹിപ്പിച്ച് കൃഷ്ണനെ തടഞ്ഞു നിർത്തിയെന്ന്! അതിവൈകാരികതയുടെ ദുർമേദസാണ് ഇന്ന് മലയാള കവിതയെ ബാധിച്ചിരിക്കുന്നത്.
3) ഒരു സാഹിത്യ അക്കാദമി പ്രസിഡന്റ് എന്ന നിലയിൽ കെ.എം. തരകൻ, വൈശാഖൻ, എം. മുകുന്ദൻ എന്നിവരെ എങ്ങനെയാണ് കാണുന്നത്?
ഉത്തരം: കെ.എം. തരകനായിരുന്നു മികച്ച പ്രസിഡന്റ്. തരകനു പാശ്ചാത്യ, പൗരസ്ത്യ സാഹിത്യത്തെക്കുറിച്ച് നല്ല ധാരണയുണ്ടായിരുന്നു. അദ്ദേഹത്തിനു മികച്ചത് കാണാൻ കഴിയുമായിരുന്നു; തിമിരം ഇല്ലായിരുന്നു. അസൂയ, കുശുമ്പ് എന്നീ രോഗങ്ങളില്ലായിരുന്നു. എന്നാൽ മറ്റു രാഷ്ട്രീയ നിയമനങ്ങളുടെ കാര്യത്തിൽ ഇപ്പോഴും ഒരു മതിപ്പുമില്ല എന്നറിയിക്കട്ടെ.
4) മണമ്പൂർ രാജൻബാബുവിന്റെ "ഇന്ന്' പോലെയുള്ള മാഗസിനുകൾക്ക് ഈ സോഷ്യൽ മീഡിയ കാലത്ത് എന്തെങ്കിലും സ്വാധീനം ചെലുത്താൻ കഴിയുന്നുണ്ടോ?
ഉത്തരം: സത്യസന്ധമായി പറഞ്ഞാൽ ഇന്നത്തെ ഇന്റർനെറ്റ് കാലത്ത് വായനയിലോ, സാഹിത്യവീക്ഷണത്തിലോ യാതൊരു സ്വാധീനവും ചെലുത്താൻ ഇത്തരം മാസികകൾക്ക് കഴിയില്ല. ഇന്റർനെറ്റ് വന്നതോടെ ഓരോ വ്യക്തിയും മാധ്യമമാണ്. എഡിറ്റർ ഇല്ലാതായി. അതുകൊണ്ട് എഴുത്തുകാരന്റെ ചെറു രചനകൾ ഇതുപോലെ പ്രദർശിപ്പിക്കുന്നത് നിഷ്പ്രയോജനമാണ്. ചില എഴുത്തുകാരുടെ ഓരോ വാക്യം എടുത്തു ചേർക്കുന്നത് കാണാം, ഫോട്ടോയോടൊപ്പം. ആ വാക്യത്തിന് എന്തെങ്കിലും കാതലായ മൂല്യമുണ്ടെങ്കിലേ രക്ഷയുള്ളു. അർഥമില്ലാത്ത കാര്യങ്ങൾ പെരുമ്പറ കൊട്ടി പറഞ്ഞാലും ഫലമില്ല.
5) പ്രശസ്തരായ സാഹിത്യകാരന്മാരെ വിമർശിക്കുന്നത് ശരിയാണോ?
ഉത്തരം: ബെർതോൾട് ബ്രഹ്ത്, വില്യം ഫോക്നർ, ആൽബേർ കമ്യു തുടങ്ങിയവരെക്കുറിച്ച് റഷ്യൻ, അമെരിക്കൻ എഴുത്തുകാരനായ വ്ലാഡിമിർ നബോക്കോവ് പറഞ്ഞത് ഓർക്കണം. വിമർശനം നിഷ്കളങ്കമായ മനസിൽ നിന്നേ വരൂ. ക്രൂര ബുദ്ധിയുള്ളവർ പലപ്പോഴും മൗനം പാലിക്കുകയാണ് പതിവ്. നബോക്കോവ് പറഞ്ഞു: "പ്രതിഷ്ഠ നേടിയ പല എഴുത്തുകാരും നിലനിൽക്കുന്നതായി പോലും ഞാൻ കരുതുന്നില്ല. എന്റെ വായനയും അഭിരുചിയും അടിസ്ഥാനമാക്കി പറഞ്ഞാൽ, അവരുടെ പേരുകൾ കൊത്തിവച്ചിരിക്കുന്നത് ശൂന്യമായ കല്ലറകൾക്കു മുകളിലാണ്. ബ്രഹ്ത്, ഫോക്നർ, കമ്യു തുടങ്ങിയവരെ ഞാൻ വിലവയ്ക്കുന്നില്ല'. ദസ്തയെവ്സ്കിയെക്കുറിച്ച് ടോൾസ്റ്റോയി പറഞ്ഞത് ഒരു പ്രതീക്ഷയും തരാത്ത എഴുത്തുകാരനെന്നാണ്.
6) മനുഷ്യജീവിതം എന്ന പ്രഹേളികയെക്കുറിച്ച് വ്യക്തമായി എന്തെങ്കിലും എഴുതാൻ ആർക്കും സാധിച്ചിട്ടില്ല. കണ്ടെത്താൻ കഴിയാത്ത ജീവിതത്തെക്കുറിച്ച് സങ്കല്പകോട്ടകൾ കെട്ടുകയല്ലേ സാഹിത്യകാരന്മാർ ചെയ്യുന്നത്?
ഉത്തരം: ആരെഴുതിയാലും ജീവിതത്തിന്റെ രഹസ്യം മായുകയില്ല. ആർക്കും തകർക്കാനാവാത്ത തടവറയാണത്. ദസ്തയെവ്സ്കി "കരമസോവ് സഹോദരന്മാരി'ൽ എഴുതി: "ജീവിതത്തിന്റെ നിഗൂഢത എന്നു പറയുന്നത് ജീവിച്ചിരിക്കുന്നതിലല്ല അന്തർലീനമായിരിക്കുന്നത്; ജീവിക്കാൻ പ്രചോദിപ്പിക്കുന്ന എന്തെങ്കിലും കണ്ടുപിടിക്കുന്നതിലാണ്'.
7) തൊണ്ണൂറ് പിന്നിട്ട ടി. പദ്മനാഭൻ ഇപ്പോഴും കഥകളെഴുതുന്നു. എങ്ങനെ വീക്ഷിക്കുന്നു?
ഉത്തരം: പദ്മനാഭനിലെ കഥാകൃത്തിനെ പ്രായത്തിനു തോൽപ്പിക്കാനാവുമെന്നു തോന്നുന്നില്ല. അതിനേക്കാൾ ശ്രദ്ധേയമായ കാര്യം, ഇപ്പോഴും പദ്മനാഭനിൽ തുറന്നു വിമർശിക്കാനുള്ള വാസന അസ്തമിച്ചിട്ടില്ല എന്നതാണ്. അദ്ദേഹം സ്വതന്ത്രനാവാൻ ചെയ്യുന്ന പ്രവർത്തനങ്ങളെ ആസ്വദിക്കുന്നതാണ് നല്ലത്.